ഉണർവ്

സോനു പതുക്കെ കണ്ണുതുറന്നു. നേരം ഒരുപാടായോ? ഞാനിന്ന് എണീക്കാൻ താമസിച്ചോ? അവൻ ക്ലോക്കിലേക്ക് നോക്കി. സമയം രാവിലെ ആറുമണി ആകുന്നതേ ഉളളൂ. ഇന്നെന്തു പറ്റി താൻ നേരത്തെ ഉണർന്നു പോയത്? അവൻ പതുക്കെ കട്ടിലിൽ നിന്ന് താഴെയിറങ്ങി. ജനാല തുറന്നു. ഒരു തണുത്ത കാറ്റ് അവനെ തലോടി. ഹായ്, എന്തു രസമാണ് കാണാൻ !നേർത്ത പ്രകാശം മഞ്ഞിൻ കണങ്ങളിൽ തട്ടി മഴവില്ല് വിരിയിക്കുന്നു. ഒപ്പം കിളികളുടെ ശബ്ദവും. അവൻ പതുക്കെ വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി. പല തരം കിളികളുടെ കലമ്പൽ. ആകെ കലപില ശബ്ദം. എത്ര തരം കിളികളാണ് !കരിയിലക്കിളി, മൈന, ഓലേഞ്ഞാലി, കുരുവി, പിന്നെ ചിലതിന്റെ ഒന്നും പേരറിയില്ല. എല്ലാരുംകൂടി എന്തൊരു ബഹളമാണ്. ഈ കാഴ്ചയൊന്നും താൻ ഇതിനുമുൻപ് തന്റെ തൊടിയിൽ കണ്ടിട്ടില്ലല്ലോ. അവനു അത്ഭുതം തോന്നി. അവൻ അടുക്കളയിലേക്കോടി. അമ്മയുടെ അടുത്തെത്തി. അമ്മയോട് ചോദിച്ചു, "അമ്മേ എത്ര തരം കിളികളാണ് ഇപ്പോൾ നമ്മുടെ തൊടിയിലുള്ളത്? ഇത്ര നാളും ഇവ എവിടെയായിരുന്നു? " അമ്മ അവന്റെ കവിളിൽ വാത്സല്യത്തോടെ തലോടി. എന്നിട്ട് പറഞ്ഞു. "മോനെ അവയെല്ലാം മറ്റെവിടെയോ ആയിരുന്നു. പക്ഷേ അവയ്ക്ക് ഇവിടേക്കിറങ്ങി വരാനുള്ള സാഹചര്യം ഇല്ലായിരുന്നു . ഇപ്പോൾ, ഈ കൊറോണക്കാലം നമ്മുടെ വായുവിനെ, ജലത്തെ, മണ്ണിനെ എല്ലാം ശുദ്ധമാക്കി മാറ്റി. ശുദ്ധമായ അന്തരീക്ഷത്തിൽ മാത്രമേ അവയ്ക്ക് സന്തോഷിക്കാനാകൂ. നമ്മൾ മനുഷ്യർ അവയുടെ സന്തോഷം കെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അവയ്ക്ക് അവയുടെ സന്തോഷം തിരിച്ചു കിട്ടി."സോനു ഒന്നും മനസ്സിലാകാതെ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി.

Sadhika R
4 A ഗവ.എൽ പി സ്കൂൾ കളരിയ്ക്കൽ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ