ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ് (ജെ ആർ സി' )
ജി എം എച്ച് എസ് എസ് വെള്ളമുണ്ടയിൽ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് 2001 ൽ ആണ്. വിദ്യാർഥികളിൽ ആതുര സേവന സന്നദ്ധത മനോഭാവം വളർത്തുക എന്നതാണ് ജെ ആർ സി യുടെ ലക്ഷ്യം.നിലവിൽ 30 കുട്ടികൾ വീതമുള്ള ഒരു യൂണിറ്റ് ആണ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.സേവന വഴികളിലൂടെ വിദ്യാർത്ഥികളിൽ ശുചിത്വബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ.ആർ.സി. രൂപീകരിച്ചിരിക്കുന്നത്.സമൂഹത്തിൽ ഇന്ന് അന്യം നിന്ന് കൊണ്ടിരിക്കുന്ന ഈ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ നമ്മുടെ വിദ്യാലയത്തിലെ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.
സ്കൂളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. പരിസ്ഥിതി ദിനം,പുകവലി വിരുദ്ധ ദിനം,മുതലായ ദിനങ്ങളുമായി ബന്ധപ്പെട്ട് റാലികൾ നടത്തുകയും കുട്ടികളുടെയും സമൂഹത്തിന്റെയും ശ്രദ്ധ ഈ മേഖലയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. പൊതുവേ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സംഘടന സജീവമായി പങ്കെടുക്കുകയും സ്കൂൾ അധികൃതരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.
സേവനത്തിന്റെ വഴിയിലേക്ക്
വിദ്യാർത്ഥികളിൽ സേവന തൽപരത വളർത്തുന്നതിന് വേണ്ടി രൂപീകരിച്ച ജെ.ആർ.സി. എന്ന് മൂന്നക്ഷരങ്ങളിൽ അറിയപ്പെടുന്ന ഈ സംഘടന അന്തർ ദേശീയ സംഘടനയായ റെഡ് ക്രോസിന്റെ വിദ്യാർത്ഥി വിഭാഗമാണ്.
മാതൃസംഘടനയായ റെഡ്ക്രോസ് സംഘടനയെക്കുറിച്ച് പ്രതിപാദിക്കാതെ ജെ.ആർ.സി.പൂർണ്ണമാവില്ല. കഷ്ടപ്പെടുന്നവരെയും ദൂരിതമനുഭവിക്കുന്നവരുടെയും പ്രശ്ന പരിഹാരത്തിന് വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുകയും ചെയ്ത ജീൻ ഹെന്റി ഡൂനാറ്റ് ആണ് അന്തർദേശീയ സംഘടനയുടെ സ്ഥാപകൻ.
1863ൽ രൂപംകൊണ്ട അന്തർദേശീയ റെഡ് ക്രോസ് സംഘടന ഇന്ന് ലാകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രവർത്തിക്കുന്നു.നമ്മുടെ രാഷ്ടപിതാവ് ഗാന്ധിജി,പാവങ്ങളുടെ അമ്മയായ മദർ തെരേസ എന്നിവർ റെഡ്ക്രോസ് വളണ്ടിയർമാരായി പ്രവർത്തിച്ചിട്ടുണ്ട്.
ജെ ആർ സി യുടെ പ്രവർത്തനങ്ങൾ
ക്ലീനിങ്
എല്ലാദിവസവും കേഡറ്റുകളെ ഗ്രൂപ്പുകളായി തിരിച്ച് വിദ്യാലയത്തിന്റെ വിവിധഭാഗങ്ങളിൽ ക്ലീനിങ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാ വെള്ളിയാഴ്ചയും കേഡറ്റുകളുടെ മീറ്റിംഗ് വിളിക്കുകയും പ്രവർത്തനങ്ങളുടെ ഫോളോ അപ്പ് നടത്താറുമുണ്ട്.
സഹായ ഹസ്തം
2016 ൽ ചെന്നൈയിലെ പ്രളയ ബാധിതർക്ക് വേണ്ടി ജെ ആർ സി യുടെ നേതൃത്വത്തിൽ അവശ്യവസ്തുക്കളുടെ സമാഹരണം നടത്തിയിരുന്നു.
തണൽ എന്ന വൃദ്ധസദനത്തിലേക്ക് ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുകയും നിശ്ചിത തുക സമാഹരിച്ച് അവിടേക്ക് കൈമാറുകയും ചെയ്തു. കൂടാതെ അവിടുത്തെ അന്തേവാസികളുമായി സമയം ചെലവഴിക്കുകയും ചെയ്തു.
2018 ലെ പ്രളയം മൂലം വീട് നഷ്ടപ്പെട്ട നമ്മുടെ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും അവിടേക്ക് ആവശ്യമായ സഹായങ്ങൾ ജെ ആർ സി യുടെ നേതൃത്വത്തിൽ ചെയ്തുകൊടുക്കുകയും ചെയ്തു.
നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ കിടപ്പ് രോഗിയായ അച്ഛനെ കാണുകയും അവർക്ക് വേണ്ട ധനസഹായം നൽകുകയും ചെയ്തു.
കോളനി ശുചീകരണം
ജെ ആർ സി കേഡറ്റുകളുടെ ആതുരസേവനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് തൊട്ടടുത്തുള്ള മുണ്ടക്കൽ കോളനിയിൽ കേഡറ്റുകൾ സന്ദർശനം നടത്തുകയും കോളനിയുടെ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.
പ്രകൃതി പഠന യാത്ര (2019-20)
വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും ജെ ആർ സി യൂണിറ്റും സംയുക്തമായിഒരു പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ചിറപുൽ മലയിലേക്ക് ആണ് യാത്ര സംഘടിപ്പിച്ചത്. കുട്ടികളിൽ പ്രകൃതി സ്നേഹവും സാഹസികതയും വളർത്തുവാൻ ഈ യാത്ര ഉപകരിച്ചു.
ഈ കോവിഡ കാലഘട്ടത്തിലും വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റ് പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമായ എല്ലാ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടത്തിയിട്ടുണ്ട്.
മാസ്ക് നിർമ്മാണം
ജെ ആർ സി കേഡറ്റുകൾക്ക് സ്വന്തമായി മാസ്ക് നിർമ്മിക്കുവാൻ ഉപകരിക്കുന്ന വീഡിയോകൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കൊടുക്കുകയും അതുപ്രകാരം കേഡറ്റുകൾ സ്വന്തമായി മാസ്ക് നിർമ്മിച്ച് വിദ്യാലയത്തിൽ നൽകുകയും ചെയ്തു. ഇങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ അവരാൽ കഴിയുംവിധം സർജിക്കൽ മാസ്ക്കുകൾ വാങ്ങുകയും അത് വിദ്യാലയത്തിൽ ഏൽപ്പിക്കുകയും ചെയ്തു. 2021-22 കാലഘട്ടത്തിലും ജെ ആർ സി കേഡറ്റുകൾ ഇതേ മാസ്ക് നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി.
രാഷ്ട്രീയ ഏകതാ ദിനം
രാഷ്ട്രീയ ഏകതാ ദിനത്തിന്റെ ഭാഗമായി ജെ ആർ സി കേഡറ്റുകൾ പ്രതിജ്ഞ ചൊല്ലുകയും അതിന്റെ ഭാഗമായി ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു.
പറവകൾക്കൊരു നീർകുടം
2021 മാർച്ച് മാസത്തിൽ പറവകൾക്കൊരു നീർക്കുടം പദ്ധതിയുടെ ഭാഗമാകുവാൻ ജെ ആർ സി കേഡറ്റുകൾക്ക് കഴിഞ്ഞു. കുട്ടികൾ അവരവരുടെ വീടുകളിൽ പറവകൾക്ക് ദാഹം ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്തു. ചിലർ നീർ കുടങ്ങൾ മരക്കൊമ്പുകളിൽ കെട്ടി തൂക്കുകയും ചിലർ പക്ഷികൾ കൂടുതൽ വരുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ചു കൊടുക്കുകയും ചെയ്തു.
മഴക്കാലപൂർവ്വ ശുചീകരണം
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെയ് 31 ന് ഡ്രൈഡേ ആചരിക്കുകയും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
വൃക്ഷത്തൈ നടൽ
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വീടിന്റെ പരിസരത്ത് വൃക്ഷത്തൈ നടുകയും അതിനെ യഥാസമയം പരിപാലിക്കുകയും ചെയ്തു. എല്ലാ മാസവും കേഡറ്റുകൾ അവർ നട്ട ചെടിയുടെ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.
യോഗ ദിനാചരണം
യോഗ പരിശീലനത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് വാട്സാപ്പിൽ അയച്ചു കൊടുക്കുകയും ഓൺലൈനായി യോഗ പരിശീലനം നൽകുകയും ചെയ്തു. കേഡറ്റുകൾ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം 7 ദിവസം നീണ്ടുനിന്ന യോഗ പരിശീലനത്തിൽ പങ്കെടുത്തു.
വെബിനാർ
2021 ഒക്ടോബർ മൂന്നാം തീയതി ജെ എച്ച് ഐ ശ്രീ അരവിന്ദൻ ഓ സി യുടെ നേതൃത്വത്തിൽ " സന്നദ്ധ പ്രവർത്തനവും ഭാവി തലമുറയും" എന്ന വിഷയത്തിൽ ജെ ആർ സി കേഡറ്റുകൾക്കായി വെബിനാർ സംഘടിപ്പിച്ചു.
1-12-18 ഡിസംബർ 1 - ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി. സി, സ്കൗട്ട് ആന്റ് ഗൈഡ്സ് ,JRC ഇവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ റാലി
" പ്രഥമ ശുശ്രൂഷ എപ്പോൾ എങ്ങനെ "- ഏകദിന സെമിനാർ
ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 14/2/22 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഏകദിന സെമിനാർ സംഘടിപ്പിക്കുകയുണ്ടായി." പ്രഥമ ശുശ്രൂഷ എപ്പോൾ എങ്ങനെ "എന്ന വിഷയത്തെ ആസ്പദമാക്കി എഫ് എച്ച് സി വെള്ളമുണ്ടയിലെ ഹെൽത്ത് ഇൻസ്പെക്ടർ ( ഇൻ ചാർജ് ) ശ്രീ സന്തോഷ് കാരയാട് സെമിനാർ അവതരിപ്പിച്ചു. ചടങ്ങിൽ ജെ ആർ സി കൗൺസിലർ ശ്രീമതി വിജിഷ ബി സ്വാഗതം പറയുകയും, സ്റ്റാഫ് സെക്രട്ടറി ശ്രീ നാസർ സി അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചെയ്തു.8,9,10 ക്ലാസ്സുകളിലെ ജെ ആർ സി ജൂനിയർസ് ആണ് സെമിനാറിൽ പങ്കെടുത്തത്. ഭാവിയിൽ പ്രഥമശുശ്രൂഷ എപ്പോൾ ചെയ്യണം എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുവാൻ ജൂനിയേഴ്സിന് കഴിഞ്ഞു. വിദ്യാലയത്തിലെ മറ്റ് അധ്യാപക അനദ്ധ്യാപകരും സെമിനാറിന്റെ ഭാഗമായി. തുടർന്നുള്ള സെമിനാറിന്റെ ക്രോഡീകരണത്തിന് ശേഷം ജെ ആർ സി ഈ കൗൺസിലർ ശ്രീമതി അഞ്ജലി മോഹൻ നന്ദി പ്രകാശിപ്പിച്ചു.
ചിത്രശാല