ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മലിനീകരണം
മലിനീകരണം
" ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ .....? " - _ ........................................ ഓസോൺ പാളിയിൽ സുഷിരങ്ങൾ വീഴുന്നു........" , ഹിമാലയത്തിലെ മഞ്ഞ് അമിതമായുരുകി കടലിലേക്ക് കയറും...... " ഇങ്ങനെ പ്രകൃതിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ ഭീഷണിപ്പെടുത്തുന്ന അനേകം വാർത്തകൾ നിത്യവും നാം ശ്രവിക്കുന്നു . ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്ത്? പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതു കൊണ്ട് തന്നെ. ആരാണ് നഷ്ടപ്പെടുത്തുന്നത് ? നാം തന്നെയല്ലേ? വിവേചനരഹിതമായി മഴക്കാടുകൾ നശിപ്പിച്ചും ജീവജാലങ്ങൾക്ക് നാശം വിതയ്ക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളിയും പരിസ്ഥിതി അട്ടിമറിക്കപ്പെടുന്നു . പ്രകൃതിയുടെ നിലനിൽപ്പും മലിനീകരണവുമായി ബന്ധമുണ്ട്. എന്താണ് മലിനീകരണം ? മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്ന് പറയുന്നത്. മലിനീകരണത്തെ ഏഴായി തരം തിരിക്കാം. 1. പ്ലാസ്റ്റിക് മലിനീകരണം. 2. പ്രകാശമലിനീകരണം. 3. ശബ്ദമലിനീകരണം. 4. ജലമലിനീകരണം. 5. മണ്ണ് മലിനീകരണം. 6. താപമലിനീകരണം. 7. റേഡിയോ ആക്ടീവ് മലിനീകരണം ഇവയെല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. മനുഷ്യവംശങ്ങളെല്ലാം ഭൂമിയെ അറിഞ്ഞ്, ആദരിച്ച്, ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. അതിസങ്കീർണ്ണമായ ജീവ നിയമങ്ങളെ ലംഘിക്കാതെ , എളിമയോടെ ലളിത ജീവിതം നയിക്കാനുള്ള വിവേകവും പരിസ്ഥിതിയിൽ ഊന്നിയ ജീവിത ശൈലികളും ദർശനവും മനുഷ്യന് ഉണ്ടാകേണ്ടതായുണ്ട്. കാരണം ജീവ വംശത്തിനെതിരെ , ഭൂമിക്കെതിരെയുള്ള ചിന്താശൂന്യമായ ചൂഷണവും യുദ്ധവുമാണ് എങ്ങും കാണുന്നത്. ജീവപരിണാമത്തിന്റെ കളിത്തൊട്ടിലുകളായ മഴക്കാടുകൾ ലോകമെമ്പാടും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ജീവനാധാരമായ മണ്ണ് പൊടിഞ്ഞുണങ്ങി പറന്നും പ്രളയത്തിലൊലിച്ചും ഫലപുഷ്ടി കുറഞ്ഞു വരുന്നു. ഒപ്പം വിഷലിപ്തമായിത്തീരുകയും ചെയ്യുന്നു. ശുദ്ധജലസ്രോതസ്സുകളും , പുഴകളും, ജീവന്റെ ഗർഭഗൃഹമായ കടലും ശുദ്ധീകരിക്കാൻ പറ്റാത്ത വിധം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശുദ്ധമെന്നു കരുതുന്ന മഴവെള്ളം പോലും ഇന്ന് അമ്ലമയമാണ്. ലോക വൻശക്തികൾ ഒരുക്കി വച്ചിരിക്കുന്ന അണുവായുധങ്ങളുടെയും രാസായുധങ്ങളുടെയും ഒരു ശതമാനം മതി ഇന്നുള്ള ജൈവലോകത്തെ മുഴുവൻ ഉന്മൂലനം ചെയ്യാൻ . ആസൂത്രണമില്ലാത്ത, അനിയന്ത്രിതമായ പ്രകൃതി ചൂഷണം ലോകത്തെ ദുരന്തത്തിലേക്ക് നയിക്കുകയാണ്. കാടു വെട്ടിയും , നാട്ടിൻപുറങ്ങളിൽ നിന്ന് മരങ്ങൾ പിഴുതു മാറ്റിയും കേരളവും ഇന ദുരന്തത്തിന് ആക്കം കൂട്ടുകയാണ്. കേരളത്തിന്റെ ഹരിതാഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു . ആഗോള താപനവും അനുബന്ധ പ്രശ്നങ്ങളും നമ്മുടെ പരിസ്ഥിതിയെയും താളം തെറ്റിച്ചു തുടങ്ങിയിരിക്കുന്നു . വിത്ത് മുളയ്ക്കാതിരിക്കലും സസ്യങ്ങളുടെ അകാലത്തിലുള്ള തളിർക്കലും കൃഷി നാശവും ഒക്കെ ഇതിന്റെ ഭാഗങ്ങളാണ്. ജീവന്റെ അടിസ്ഥാനം ജലമാണ് . ഭൂമിയുടെ ഉപരിതലത്തിന്റെ ഖര - ദ്രാവക - വാതക അനുപാതം ജീവലോകത്തിന് വൻ ഭീഷണിയുയർത്തും വിധം മാറിയിട്ടുണ്ട്. ഭൂമധ്യരേഖയുടെ അടുത്ത പ്രദേശമായതുകൊണ്ട് നമ്മുടെ നാട്ടിൽ സൗരോർജ്ജത്തിന്റെ ലഭ്യത വളരെ കൂടുതലാണ്. അതു മുഴുവൻ ഏറ്റുവാങ്ങി ജീവൽ പ്രവർത്തനത്തിന് ഉപയോഗിക്കാൻ സസ്യജാലങ്ങൾക്കു മാത്രമേ കഴിയൂ. ജീവൻ നിലനിൽക്കാനാവശ്യമായ ജലവും മണ്ണും ലഭ്യമാക്കാൻ ദീർഘവീക്ഷണത്തോടെ തദ്ദേശീയ വൃക്ഷങ്ങളെ ആശ്രയിച്ചു കൊണ്ടുള്ള ഹരിതവൽക്കരണമാണ് നടപ്പാക്കേണ്ടത്. ഒരു പിടി മണ്ണിൽ ഒരു പുൽനാമ്പെങ്കിലും നിലനിർത്തുക , ഒരു തുണ്ട് ഭൂമി പോലും തരിശാകാതെ സംരക്ഷിക്കുക എന്നീ ആശയങ്ങൾ നമ്മുടെ കൈകളിലൂടെ പ്രാവർത്തികമാവണം. ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു നമ്മുടെ നാട്. അവ സംരക്ഷിക്കാനുള്ള അറിവും നമുക്കുണ്ടായിരുന്നു. ഇവ രണ്ടും നഷ്ടപ്പെടുത്തുക വഴി നാളത്തെ തലമുറയ്ക്ക് നേരിടേണ്ടി വരുന്നത് ഗുരുതരമായ പാരിസ്ഥിതികത്തകർച്ചയെയാണ്. മുൻഗാമികളിൽ നിന്ന് നമുക്ക് പൈതൃകമായി കിട്ടിയ ഈ ഭൂമി നമ്മുടെ മക്കൾക്ക് കൈമാറേണ്ടത് പ്രകൃതിയുടെ സകലവിധ പച്ചപ്പോടും നനവോടും കൂടിയാണ്. നമ്മുടെ ജീവന്റേയും ഈ പ്രകൃതിയുടെയും നിലനിൽപ്പിനാധാരമായ സസ്യസമ്പത്തിനെ സംരക്ഷിക്കേണ്ടത് നാം തന്നെയല്ലേ. ? തണലും കാറ്റും കനിയും ജീവവായുവും തന്ന് മരങ്ങൾ നമ്മെ സംരക്ഷിക്കുന്നു. പക്ഷേ നാമോ? അവയെ നശിപ്പിക്കുന്നു. നമുക്ക് ഉപകാരം ചെയ്യുന്ന സസ്യങ്ങളെ നശിപ്പിക്കാമോ? ഒരിക്കലും പാടില്ല. മാത്രമല്ല , കൂടുതൽ കൂടുതൽ വെച്ചു പിടിപ്പക്കുകയും സംരക്ഷിച്ചു വളർത്തുകയും വേണം.
ആകാശവും ഭൂമിയും വായുവും വെള്ളവും നമ്മുടെ ജീവിത ചുറ്റുപാടുകളൊക്കെയും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വിദ്യാർത്ഥികളായ നാം ഇതിനെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടവരാണ്. കാരണം ഭാവിയുടെ ഉടമസ്ഥർ നാമാണ്. തങ്ങളുടെ ജീവനും പ്രകൃതിയും വിഭിന്നമല്ലെന്ന് കണ്ട പഴയതലമുറകളുടെ നന്മകളെയെല്ലാം എറിഞ്ഞുടച്ച് ലാഭത്തിന്റെ കണ്ണിലൂടെ മാത്രം പ്രകൃതിയെ നോക്കിക്കണ്ടവർ വിതച്ചത് വിനാശത്തിന്റെ വിത്തുക്കളായിരുന്നു. ഒരു നടുക്കത്തോടെ അതിന്റെ ഭവിഷ്യത്തുക്കൾ ഇന്ന് നാം തിരിച്ചറിയുകയാണ്. ദുര മൂത്ത മനുഷ്യന്റെ കാൽക്കീഴിൽ പിടയുന്ന പ്രകൃതി സമ്മാനിക്കുന്നത് ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും പെരുമഴക്കാലത്തെയാണെന്നും നാം മനസ്സിലാക്കുന്നു.
നമ്മുടെ ഭാവിക്കു വേണ്ടി മാത്രമല്ല വരും തലമുറകൾക്കു വേണ്ടിയും ഈ ഭൂമിയെ, പ്രകൃതിയെ കാത്തു സംരക്ഷിക്കാനുള്ള കടമയാണ് വിദ്യാർത്ഥി സമൂഹം ഏറ്റെടുക്കേണ്ടത്.
മാനവരാശിയുടെ പിതൃത്വത്തിന്റെ അവകാശികൾ കുട്ടികളാണെന്ന ചൊല്ല് ഓർക്കുക .
ഒരു കുഞ്ഞിന്റെ രണ്ടു കൈകളും ഒരു മരത്തെ നടുമ്പോൾ സുസ്ഥിര വികസന സങ്കൽപത്തിന്റെ ജീവ നീതിയായി പുതിയ ഒരു ലോകക്രമത്തിന്റെ ശുഭപ്രതീക്ഷയാണ് വളരുന്നത്, ഭൂമിക്കൊരു കുട തീർത്തു നൽകുകയാണ്. മരണാസന്നയായ ഭൂമിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ജീവിതം ഇവിടെ വാടിപ്പോവുകയുമില്ലെന്ന് പ്രഖ്യാപിക്കുകയുമാണ്. സമാനതകളില്ലാത്ത മഹത്തായ ഈ യജ്ഞത്തിന്റെ ചാമ്പ്യൻമാരായ നിങ്ങളെയോർത്ത് നാട് അഭിമാനം കൊള്ളും; തീർച്ച.
അഥർവ്വവേദത്തിൽ നിന്ന് അടർത്തിയെടുത്ത ഏതാനും വരികൾ ഉദ്ധരിച്ചു കൊണ്ട് ഉപസംഹരിക്കട്ടെ ......
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം |