ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷംഇനിയും മരിക്കാത്ത ഭൂമി

ഇനിയും മരിക്കാത്ത ഭൂമി

അനേകമനേകം ഗ്രഹങ്ങളുള്ള ഈ മഹാ പ്രപഞ്ചത്തിൽ ജീവന്റെ തുടിപ്പുള്ള ഏക ഗ്രഹം ഭൂമി ആണെന്നാണ് നമ്മുടെ അറിവ്. എത്ര സുന്ദരമാണ് നമ്മുടെ ഭൂമി! പക്ഷികളും മൃഗങ്ങളും പൂക്കളും പൂമ്പാറ്റകളുമെല്ലാമുള്ള ഭൂമി. കാടും കാട്ടാറുകളും മലനിരകളും താഴ് വാരങ്ങളുമെല്ലാമുള്ള മനോഹരതീരം. ഈ സൗഭാഗ്യങ്ങൾ നശിക്കാതിരിക്കണമെങ്കിൽ ജീവൻ പുലരാനാവശ്യമായ പരിസര സന്തുലനം അത്യാവശ്യമാണ്.
ചുറ്റുമൊന്ന് കണ്ണോടിച്ചാൽ അറിയാം, വൈവിധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ അമ്മയായ ഭൂമി. സ്ഥലമുണ്ട്, ജലമുണ്ട്, വായുവുണ്ട്, അനേകമായിരം ജീവജാലങ്ങളുമുണ്ട്. അവയെല്ലാം ഓരോരോ ധർമങ്ങൾ നിറവേറ്റുന്നു. എന്നാൽ മനുഷ്യനോ? അവൻ ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണി ഉയർത്തുന്നു. മനുഷ്യകുലത്തിന്റെ ജീവിതത്തിന് ആവശ്യമായ സകലതും നൽകുന്നത് ഭൂമിയാണ്. വിഭവങ്ങളുടെ അമിത ചൂക്ഷണവും ദുരുപയോഗവും പ്രകൃതിയുടെയും അതു വഴി മനുഷ്യന്റെയും സർവ്വനാശത്തിന് കാരണമാകുന്നു. പ്രകൃതിയുടെ മേൽ സർവ്വാധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യന്റെ അത്യാർത്തിയുടെ ഫലങ്ങളാണ് ഈ പ്രശ്നങ്ങൾ.
എല്ലാ ജീവജാലങ്ങളും പ്രകൃതിക്ക് കീഴ്പ്പെട്ട് ഇണങ്ങി ജീവിക്കുമ്പോൾ മനുഷ്യൻ സ്വന്തം താൽപര്യങ്ങൾക്കായി പ്രകൃതിയെ കടന്നാക്രമിച്ച് ജീവിക്കുന്നു. കുടിക്കുന്ന ജലവും കഴിക്കുന്ന ഭക്ഷണവും പോലും നാം വിഷയമയമാക്കിക്കഴിഞ്ഞു. അതിന്റെ ഫലമായി പേരറിയാത്ത പല രോഗങ്ങളും പടർന്നുപിടിക്കുന്നു. മരുന്നുകളെ വൈറസുകൾ അനുസരിക്കാതെയാ യിരിക്കുന്നു. ഇതിന്റെ അനന്തരഫലങ്ങൾ അവൻ മാത്രമല്ല, അവനെപ്പോലെ ഭൂമുഖത്ത് ജീവിക്കാൻ അർഹതയുള്ള അനവധി ജീവജാലങ്ങൾ അനുഭവിച്ചു വരുന്നു.
"ലോകമേ തറവാട് തനിക്കീ ചെടികളും പുൽകളും പുഴുക്കളും തൻ കുടുംബക്കാർ..." വള്ളത്തോളിന്റെ പ്രസിദ്ധമായ ഈ വരികൾ കേൾക്കാത്തവരായി ആരും തന്നെ കാണില്ല. ലോകത്തെ തറവാടായും അവിടെ ജീവിക്കുന്ന സകല ചരാചരങ്ങളെയും കുടുംബക്കാരായും കണ്ട ഒരു മഹാത്മാവിന്റെ പിന്തുടർച്ചക്കാർ തന്നെ ഭൂമി എന്ന അമ്മയെ മ്ലേച്ഛമായി ആക്രമിക്കുന്നുവെന്ന സത്യം വളരെ ദയനീയമാണ്.
മനുഷ്യൻ പ്രകൃതിയിലിടപ്പെട്ടുക്കൊണ്ട് മാത്രമേ വികസനം സാധ്യമാവുകയുള്ളൂ. എങ്കിലും അതൊരിക്കലും നമ്മുടെ പ്രകൃതിയെ തകർത്തു കൊണ്ടാവരുത്.പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം മാത്രമേ സ്ഥായിയായി നിലനിൽക്കുകയുള്ളൂ. ജില്ലകൾ തോറും വിമാനത്താവാളങ്ങളും എല്ലാ പുഴകളോടും വനങ്ങളോടും ചേർന്ന് റിസോർട്ടുകളും എക്സ്പ്രസ് ഹൈവേകളും വൻകിട കെട്ടിട സമുച്ചയങ്ങളും വികസനത്തെയല്ല, മറിച്ച് അഹങ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.
"എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്, എന്നാൽ ആരുടെയും ആർത്തിക്കുള്ളത് ഇല്ലതാനും"എന്ന ഗാന്ധിവചനവും "മനുഷ്യൻ മാത്രമല്ല എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ് "എന്ന ബഷീർ വചനവും ഭരണകർത്താക്കൾ ഉൾപ്പെടെ എല്ലാവരുടെയും മനസ്സിൽ എപ്പോഴും ഉണ്ടാകേണ്ടതാണ്. ഏത് പദ്ധതി ആവിഷ്കരിക്കുമ്പോഴും ഏറ്റവും ദരിദ്രനായ മനുഷ്യന് എന്ത് പ്രയോജനം ലഭിക്കും എന്ന മഹാത്മാവിന്റെ വാക്കുകൾ പദ്ധതി ആസൂത്രകർ തീർച്ചയായും പരിഗണിക്കണം.
മനുഷ്യർക്ക് മാത്രമായി ഭൂമിയിൽ നിലനിൽപ്പില്ല എന്നത് പകൽ പോലെ സത്യമാണ്. എന്നാൽ നമ്മുടെ ആർത്തിപിടിച്ച ഇടപെടലുകൾ നിരവധി ജീവജാലങ്ങളെ ഭൂമിയിൽനിന്ന് അപ്രത്യക്ഷരാക്കി. ചുറ്റുപാടുകളിൽ കുഴപ്പങ്ങൾ സംഭവിക്കാൻ തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തിന് ലോകജനത ഒന്നിച്ചു നിന്നില്ലെങ്കിൽ ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായി. ഇക്കാര്യങ്ങൾ ആലോചിക്കാൻ 1972ൽ സ്വിറ്റസർലണ്ടിൽ യുഎൻ രാജ്യങ്ങൾ സമ്മേളിച്ച് ചർച്ച നടത്തി. ഇതിന്റെ ഫലമായി എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാനമായി.
എന്നാൽ പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകൾ പരിസ്ഥിതി ദിനത്തിൽ മാത്രം ഒതുങ്ങി നിന്നാൽ മതിയോ? കാര്യമായ ഇടപെടൽ ആവശ്യമാണ്. ഏത് ദിവസവും ഒഴിവുസമയം കണ്ടെത്തി ഭൂമിയുമായി കൈകോർക്കാം. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യണം. വരുംതലമുറയ്ക്കായി കൈമാറേണ്ടതാണ് ഭൂമിയിലെ സമ്പത്ത്.അത് നമുക്ക് മാത്രം ധൂർത്തടിക്കാനുള്ളതല്ല.
ഒന്നോർക്കുക, മനുഷ്യന് ഒരേസമയം ഭൂമിക്കൊരു അനുഗ്രഹവും ശാപവും ആയിത്തീരാൻ കഴിയും.ഈ വൈരുധ്യം നമ്മളെയും ഭൂമിയെയും വിനാശത്തിന്റെ പടുകുഴിയുടെ വക്കിലെത്തിച്ചിരിക്കുന്നു. വിനാശത്തിലേക്ക് കൂപ്പുകുത്തുമോ അല്ല നാമടങ്ങുന്ന ജീവജാലങ്ങളുടെ അനന്യമായ തൊട്ടിലിനെ രക്ഷിച്ച് വീണ്ടെടുക്കുമോ എന്ന തീരുമാനം മനുഷ്യൻ മാത്രം എടുക്കേണ്ടതാണ്. അവന് രണ്ടിനും കഴിയും. ഇനിയും നമ്മുടെ ഭൂമി മരിച്ചിട്ടില്ല. അതിനെ മരിക്കാൻ വിടുകയുമരുത്.

ഗോപിക. എം. നായർ
Plus one A ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം