ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/അക്ഷരവൃക്ഷം/തോന്ന്യാസിച്ചെടികൾ

തോന്ന്യാസിച്ചെടികൾ


വളരെ നാളായി മനസ്സിൽ കൊണ്ടു നടന്ന, പൊറുക്കാനാകാത്ത തെറ്റെന്ന് സ്വയം തിരിച്ചറിഞ്ഞ് ,പലവട്ടം മനസ്സിനെ പഴിച്ച ഒന്ന് എനിക്ക് വീണ്ടും ഓർമ്മ വന്നു.ഞാൻ മനുഷ്യനാണ്; ഹൃദയശൂന്യനും സ്വാർഥനുമാണ്. എല്ലാം മനുഷ്യന്റെ പര്യായങ്ങൾ തന്നെ... വിശാലവും ദ്രുതവേഗിയുമായ ഈ നഗരം എന്നെ അതിൽ നിന്ന് എന്നും പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. ഒരിക്കൽ നഗരം നിശ്ചലമായി എന്റെ ജീവിതം ശൂന്യവും ... അത്യാവശ്യമായിരുന്ന സമയം അനാവശ്യമായപ്പോൾ മനസ്സിൽ കുഴിവെട്ടി മൂടിയ തെറ്റിന്റെ വിത്തുകൾ മുളച്ചുപൊന്തിയതിന് ഈ നഗരത്തയെന്തിന് പഴിക്കണം ? തെറ്റ് എന്റേതുതന്നെ .. സത്യത്തിൽ ചെയ്തത് തെറ്റല്ല തെറ്റുകളാണ് , മോഷണം മുതൽ കൊലപാതകം വരെ . എന്തിനായിരുന്നു ഇതെല്ലാം ? ദിനപത്രങ്ങളെ സംശയിച്ചും ,സാമൂഹികമാധ്യമങ്ങളിൽ ട്രോളിയും, ടെലിവിഷൻ പരിപാടികൾ കണ്ടുംസമയം കളഞ്ഞ് ഇരിക്കാതെ ഞാൻ എന്തിനാണ് ഈ സാഹസത്തിന് മുതിർന്നത്? ജീവപ്രവാഹങ്ങൾ നിർത്തലാക്കിയ , ആത്മാവ് നഷ്ടപ്പെട്ട ഈ നഗരത്തിൽ എല്ലാവരും മഹാമാരിയെ ചെറുത്തു തോൽപ്പിച്ചു കൊണ്ടിരിക്കെ ഞാൻ ഒരു ഭ്രാന്തു കാണിച്ചു :കുറച്ചു കളച്ചെടികൾ നട്ടു .. ഫ്ലാറ്റിന്റെ മതിലിനു ചേർന്ന ഇത്തിരിയിടത്ത് വളർന്നു നിന്ന കൊച്ചു ചെടികളെ കണ്ടുമടുത്ത പ്പോഴാണ് ആണ് ,എന്തെങ്കിലും വ്യത്യസ്തതയുള്ള ചെടികൾ നടണമെന്ന് മോഹിച്ചതും, എന്തും വരട്ടെ എന്ന് തീരുമാനിച്ച് അവരുടെ ഇടയിൽ നിന്ന് മണ്ണ് മോഷ്ടിച്ചതും. നാട്ടിൽ മാത്രംകുറച്ചു മണ്ണ് സ്വന്തമായുള്ള , ആകാശത്തിലും ഭൂമിയിലും അല്ലാതെ ജീവിക്കുന്ന എനിക്ക് മണ്ണ് കവർന്നെടുക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. അതും മറ്റു ചെടികളുടെ അൽപ സമ്പാദ്യത്തിൽ നിന്നും .. പിന്നീട് കളകളെ അന്വേഷിച്ച് എന്റെ കണ്ണുകൾ നാടുചുറ്റി. ആരെങ്കിലും കണ്ടാൽ .. ഭയമുണ്ടായിരുന്നു. ഒടുവിൽ അഴുക്കുചാലിനെ മൂടുന്ന പൊട്ടിയ സ്ലാബുകളുടെ ഇടയിലൂടെ വളർന്നു നിന്ന കുറെ ചെടികളുടെ കായ്കൾ ഞാൻ വീട്ടിലെത്തിച്ചു. അവയുടെ ഇലകൾക്കും കായ്കൾക്കും അഴുക്കുചാലിന്റെ ദുർഗന്ധമായിരുന്നു , എന്നാൽ എനിക്കത് വയലിലെ ചേറിന്റെയും ചെളിയുടെയും , പുതു നെല്ലിന്റെയും മണമായിരുന്നു.പണ്ടു മുതൽ മൃഗങ്ങൾ പോലും ഗൗനിക്കാത്ത അവയോട് എനിക്ക് അനുകമ്പയായിരുന്നു. എന്നിരുന്നാലും ഈ നഗരത്തിൽ ഞാൻ മറ്റൊരാളാണ്. എനിക്കെന്റെ സ്റ്റാറ്റസ് നോക്കാതിരിക്കാൻ ആകുമോ? അടുത്ത പ്രശ്നം എന്റേതായി ചെടി വളർത്താൻ ഉള്ള സ്ഥലം ആയിരുന്നു. ടെറസ്സ് അന്തരീക്ഷ നിവാസികൾക്ക് എല്ലാവർക്കും സ്വന്തമാണ് .എനിക്ക് സ്വന്തമായുള്ളത് സൂര്യപ്രകാശം കടക്കാത്ത കുറച്ചിടം മാത്രം. ഒടുവിൽ ബോൺസായി മരങ്ങളെ പോലെ ഒരു പാത്രത്തിൽ മണ്ണ് നിറച്ച് ജനാലയുടെ ഓരത്തു വച്ച് കൃഷി തുടങ്ങി.കുട്ടിക്കാലത്ത് വയൽ വക്കത്ത് കണ്ട കാട്ടുചെടികളെ ധ്യാനിച്ചു കൊണ്ട് ഞാൻ കൈയിലൊതുങ്ങുന്ന കൃഷിയിടത്തിൽ ആദ്യത്തെ വിത്തുകൾ ഇട്ടു . ആദ്യം കാത്തിരിപ്പായിരുന്നു .വിത്തുകൾ മുളപൊട്ടി, ആദ്യ ഇലകൾ കാണാൻ എന്റെ മനസ്സ് വെമ്പി. നീണ്ടും , വളഞ്ഞും വളരുന്ന ചെടിയിൽ നിന്നും ഇലകൾ മുളയ്ക്കുന്നതും, ചെറിയ പൂക്കളിൽ നിന്ന് കായ്കൾ ഉണ്ടാകുന്ന തും, അതു കഴിക്കാൻ വിദൂരങ്ങളിൽ നിന്ന് പക്ഷികൾ വരുന്നതുമെല്ലാം ഞാൻ സ്വപ്നം കണ്ടു തുടങ്ങി. പിന്നീട് അവയ്ക്ക് വെള്ളം ഒഴിച്ചും , ചെറിയ കീടങ്ങളിൽ നിന്ന് രക്ഷിച്ചും , വളത്തിനുപകരം പഴം-പച്ചക്കറി തുടങ്ങിയവയുടെ തൊലി കൊടുത്തും , ഞാൻ അവയെ വിളകളെ പോലെ പോറ്റി. അച്ഛനമ്മമാർ മക്കളുടെ കൈകാൽ വളരുന്നത് നോക്കിയിരിക്കും പോലെ ഞാനും കൊതിച്ചിരുന്നു. വളരുംതോറും പരിമിതമായ കൃഷിയിടം തോന്ന്യാസിച്ചെടികൾക്ക് അപര്യാപ്തം ആകുമല്ലോ എന്നതായിരുന്നു എന്റെ ആശങ്ക .കുഞ്ഞു ചെടികൾക്ക് ഇലകൾ മുളയ്ക്കുന്ന വേഗത്തിൽ ദിവസങ്ങൾ പലതു കടന്നുപോയി .വേരുകൾ പടരുന്ന വേഗത്തിൽ പകർന്ന രോഗത്തിനെ പിടിച്ചുകെട്ടി,എല്ലാവരും ജീവിതത്തെ തിരിച്ചുപിടിക്കാൻ പുറപ്പെട്ടു . നഗരത്തിന്റെ നിലച്ചുപോയ സ്പന്ദനങ്ങൾ തിരികെവന്നു . ഞാൻ തിരക്കിന്റെ ലോകത്തേക്ക് മടങ്ങി .ജോലിഭാരത്തിന്റെയും തിരക്കുകളുടെയും ഇടയിൽ സ്വയം മറന്നപ്പോൾ എന്റെ വീട്ടിൽ അവർ തന്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങി ഭക്ഷണമില്ലാതെ മരിച്ചുപോയി. അവയുടെ പുതുമ നശിച്ചപ്പോൾ വലിച്ചെറിയാനുള്ള മനസ്സെങ്കിലും ഞാൻ കാണിച്ചിരുന്നെങ്കിൽ അവ വീണ്ടും അവിടെ വേരുകൾ വീശുമായിരുന്നു. വിശക്കുമ്പോൾ കവർന്നെടുക്കാൻ അറിയാത്തതുകൊണ്ട് അവ വിശന്നു മരിച്ചു , കവർന്നെടുത്തിരുന്നെങ്കിൽ നടുറോഡിലിട്ട് നാം അതിനെ തല്ലി കൊന്നേനെ ...അതാണല്ലോ ചരിത്രം . എത്രയായാലും പറിച്ചെറിയുന്ന കളകളും , പണക്കാരന്റെ മട്ടുപാവിലെ ഓർണമെന്റൽ പ്ലാന്റ്സും വേറെയാണല്ലോ.. ഭാഷാപണ്ഡിതർ തലകുത്തി നിന്നാലും അന്യരും അതിഥികളും സമാനപദങ്ങൾ ആകില്ല എന്ന പോലെ..

ശ്രേയ പി. എസ്
9 ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ