ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/അക്ഷരവൃക്ഷം/ജീവിതം കോവിഡിനപ്പുറം

ജീവിതം കോവിഡിനപ്പുറം


കോവിഡ് -19എന്ന സാർസ് Cov-2 വിഭാഗത്തിൽപെട്ട വൈറസ് ലോകമെമ്പാടു നിന്നും കവർന്നെടുത്ത മനുഷ്യജീവനുകൾ രണ്ടരലക്ഷത്തോട് അടുക്കുകയാണ്. രോഗ വ്യാപനം തുടങ്ങിയിട്ട് അഞ്ചു മാസത്തോളം അടുക്കുന്ന വേളയിൽ ഭൂമിയിലെ മനുഷ്യന്റെ ജീവിതം വീണ്ടും ഒരു വഴിത്തിരിവിനൊരുങ്ങുക ആണ് . ലോകമഹായുദ്ധങ്ങളും , പകർച്ചവ്യാധികളും, പ്രകൃതിദുരന്തങ്ങളും പലതു നേരിട്ടിട്ടുണ്ടെങ്കിലും, ആധുനികരിൽ ആധുനികരായ ഇന്നത്തെ മനുഷ്യർ നേരിടുന്നതിൽ വച്ച് വലിയൊരു അനിശ്ചിതത്വത്തിന്റെ കാലമാണ് കോവിഡ് 19 സൃഷ്ടിക്കുന്നത്. കോവിഡിന്റെ അനന്തരഫലം എന്ന നിലയിൽ ദീർഘകാലത്തെ ലോക്ഡൗൺ ശീലങ്ങൾ ചെറുതും വലുതുമായ മാറ്റങ്ങൾ മനുഷ്യജീവിതത്തിൽ വരുത്തുമെന്ന് പഠനങ്ങൾ പറയുന്നുണ്ട് .മന:ശാസ്ത്രത്തിൽ 21 ദിവസം ചെയ്യുന്ന കാര്യങ്ങൾ പിന്നീടുള്ള ജീവിതത്തിന്റെ ഭാഗമാകും എന്നൊരു സിദ്ധാന്തം ഉണ്ട് .അങ്ങനെയെങ്കിൽ ലോക്ഡൗൺ കാലം മനുഷ്യമനസ്സിന് പുതിയ ദിശാബോധം നൽകുന്ന പരിണാമകാലം കൂടി ആകും . കോവിഡ് പ്രതിരോധം നൽകിയ ശുചിത്വ പാഠങ്ങൾ തുടർന്നും ശീലിക്കുന്നത് എല്ലാത്തരം രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.പൊതു സ്ഥലങ്ങളിൽ തുപ്പുക, മലമൂത്രവിസർജനം ചെയ്യുക , ശരിയായ രീതിയിൽ കൈ കഴുകാതിരിക്കുക,തൂവാല ഉപയോഗിക്കാതിരിക്കുക തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ജീവിതത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള അവസരമാണിത്. പകർച്ചവ്യാധികൾക്ക് മുന്നിൽ പകച്ചു നിൽക്കാതെ രോഗപ്രതിരോധ മാർഗ്ഗങ്ങൾ സ്വയം അവലംബിക്കാൻ ഉള്ള ഒരു പരിശീലനം കൂടിയാണ് കോവിഡ്കാലം നൽകുന്നത് . ലോക്ഡൗൺ നൽകിയ അനുഭവങ്ങൾ , ചീറിപ്പായുന്ന മെട്രോ മനുഷ്യന്റെ ജീവിതങ്ങൾക്കു സമ്മാനിച്ച മാറ്റവും ചെറുതല്ല. ജോലിഭാരം സൃഷ്ടിക്കുന്ന പിരിമുറുക്കവും ,ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകൾ സൃഷ്ടിക്കുന്ന സമയ നഷ്ടവും 'വർക്ക് ഫ്രം ഹോ'മിന്റെ ഗൃഹാന്തരീക്ഷത്തിലൂടെ മറികടക്കാൻ ഒരുപരിധിവരെ സാധിക്കുന്നുണ്ടെന്ന ചിന്ത തൊഴിലിടങ്ങളെ പോലും മാറ്റിമറിക്കും. കുടുംബ ബന്ധങ്ങൾ ദൃഢപെടുത്താനും, അതിലൂടെ കോവിഡ് സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ മറികടക്കാനുമുള്ള അവസരമാണിത്. പരിസ്ഥിതിക്കും നല്ല കാലമാണ് ലോക്ഡൗൺ സമ്മാനിച്ചത് . അതിനുശേഷവും പ്രകൃതിയുടെ സന്തുലനാവസ്ഥ തകർക്കാതിരിക്കാൻ ആണ് മനുഷ്യൻ ശ്രമിക്കേണ്ടത് , കാരണം പ്രവചനാതീതമായ കാലാവസ്ഥാ മാറ്റങ്ങളാണ് വരാൻ പോകുന്നത്.വായുമലിനീകരണവും പരിസ്ഥിതി നശീകരണവും ചെറിയ കാലത്തേക്ക് നിന്നുപോയത് പ്രകൃതിയുടെ മുറിവുണങ്ങാനുള്ള സമയമാണ് നൽകിയത്. കൊറോണ കാലം കാർഷിക ലോകം പുനഃസൃഷ്ടിക്കാൻ ഉള്ള അപൂർവ്വാവസരമാണ്.അതിന്റെ കേരള മാതൃക ഏറ്റെടുത്ത് എല്ലാവരും സ്വയംപര്യാപ്തരാകുകയാണ് വേണ്ടത്. അത് ജീവിതശൈലീരോഗങ്ങൾ ഇല്ലാത്ത, സ്വാശ്രയ കുടുംബങ്ങളെ പടുത്തുയർത്തും എന്നതിൽ സംശയിക്കേണ്ടതില്ല. ലോകത്തെ മുഴുവൻ മറ്റൊരു വിധത്തിലും കോവിഡ് ബാധിക്കുമെന്നത് വസ്തുതയാണ്. കോവിഡിന്റെ പകർച്ചയ്ക്ക് പൂർണമായി തടയിടാൻ വാക്സിൻ കണ്ടുപിടുത്തത്തോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം. അതുവരെയും പ്രതിരോധനടപടികളായ സാമൂഹിക അകലവും , മാസ്കിന്റെ ഉപയോഗവും , ടെസ്റ്റുകളും ശുചിത്വ ശീലങ്ങളും , വിലക്കുകളും തുടരേണ്ടിവരും എന്നതാണ് വാസ്തവം. എന്നാൽ ഇതിനോടകംതന്നെ ലോക്ഡൗൺ പിൻവലിക്കാനുള്ള ജനകീയപ്രക്ഷോഭങ്ങൾ യു.എസ് .എ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആരംഭിച്ചിട്ടുണ്ട് അങ്ങനെ ചെയ്താൽ 2,33,000 ത്തിലധികം ജനങ്ങൾ മരിച്ചു വീഴും എന്നാണ് കണക്കുകളും മറ്റ് അനുഭവങ്ങളും കാണിച്ചുതരുന്നത് .നിയന്ത്രണങ്ങളോടെ നിത്യജീവിതം തുടരുക എന്നതാണ് സമൂഹത്തിനുമുന്നിൽ ഉള്ള ഏക വഴി. ആഗോള സാമ്പത്തിക പ്രതിസന്ധി എന്ന പ്രഹേളികയാണ് ലോകം നേരിടുന്ന മറ്റൊന്ന്.2007 -2008 ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ ഭീകരമായിരിക്കും വരാൻ പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഓഹരിവിപണിയിലെ തകർച്ച തൊഴിൽ നഷ്ടവും , വിലയിടിവും, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും അടക്കമുള്ള ദുരിതങ്ങളാണ് സമ്മാനിക്കുക .തൊഴിൽ നഷ്ടപ്പെടുന്നവരുടെ തൊഴിലില്ലായ്മയ്ക്ക് തടയിടേണ്ടത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. ദാരിദ്ര്യവും ,ഭക്ഷ്യ ദൗർലഭ്യവും, പട്ടിണിയും സൃഷ്ടിക്കുന്ന മരണങ്ങളും ,ആത്മഹത്യകളും ഇനിയും മനുഷ്യജീവൻ അപഹരിക്കും എന്നതാണ് കോവിഡ് എന്ന അപൂർണ ചിത്രത്തിന്റെ മറുപുറം . ആരോഗ്യമേഖലയിൽ, പി.പി.ഇ കിറ്റുകൾ, വെൻറിലേറ്ററുകൾ, ടെസ്റ്റ് കിറ്റുകൾ തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യത ഇതിനു മുമ്പ് തന്നെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് പടയാളികൾ ആയ ആരോഗ്യ പ്രവർത്തകരുടെ ജീവന്റെ സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒപ്പം മറ്റു രോഗങ്ങളുടെ ചികിത്സ വൈകി ദുരിതമനുഭവിക്കുന്ന രോഗികളെയും പരിഗണിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് കലണ്ടറും ,പരീക്ഷകളും, മേളകളും, അധ്യയന ദിനങ്ങളും താളം തെറ്റും . ഇതു തടയാൻ വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായപ്രവർത്തനം ആവശ്യമായിവരും. പൊതുഗതാഗത സംവിധാനങ്ങൾ നിബന്ധനകളോടെ മാത്രമേ പുനസ്ഥാപിക്കാനാകൂ ,അതും വളരെ വൈകി മാത്രം .അതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് ആഗോളതലത്തിൽ ഉണ്ടാവുക. കോവിഡ്19 സൃഷ്ടിച്ച പുതിയ ലോകം ഇതുവരെയില്ലാത്ത പ്രതിസന്ധിയുടെ കടലുകൾ ആണ് താണ്ടേണ്ടി വരുന്നത്. അതിനെ അതിജീവിച്ചാൽ മാത്രമേ മനുഷ്യവംശത്തിന് തുടർന്ന് ഒരു ജീവിതം സാധ്യമാവുകയുള്ളൂ ....

ശ്രേയ പി. എസ്
9 ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം