തെന്നലിൻ കൈകളാൽ താലോലമാടുന്നു
പൂന്തേനരുവിയിൽ കുഞ്ഞോളങ്ങൾ
അവയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നു
ബാല സൂര്യാംശുവിൻ പൊൻ കരങ്ങൾ
മാമലക്കൂട്ടങ്ങൾക്കിടയിലൂടെങ്ങുമായ്
മരതക ശോഭയിൽ മിന്നി മിന്നി
പുത്തനുണർവുമായെത്തുന്നു സൂര്യനാ
ഹൃത്തടം മുറ്റുന്ന സ്‍നേഹമോടെ
മാമരക്കൂട്ടവും വള്ളിച്ചെടികളും
പൂവിട്ടു നിൽക്കുന്ന പൂമരവും
കുറ്റിച്ചെടികളും പേടമാൻ കൂട്ടവും
ഓതുന്നു മാനസേ സുസ്വാഗതം
നാമിന്നു കാട്ടുന്ന സ്വാർത്ഥമാം ചെയ്‍തികൾ
തീർക്കുന്നു ഭൂമിയെ തീക്കട്ടയായ്.
എന്നിട്ടുമോതുന്നു നമ്മളീ ഭൂമിയെ
കാണപ്പെടാത്തൊരാ സ്വർഗമാക്കും.