എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/നല്ല നാളേക്കായി

നല്ലനാളേയ്ക്കായി

നമ്മുടെ ഭൂമിയേയും പരിസ്ഥിതിയേയും നമ്മൾ തന്നെ പല രീതിയിൽ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്. ഇത് മാനവരാശിയ്ക്ക് വൻവിപത്തായി മാറുകയും ചെയ്യുന്നു. നമുക്കറിയാം എട്ട് ഗ്രഹങ്ങളിൽ ഭൂമിയിൽ മാത്രമാണ് ജീവൻ നിലനിൽക്കുന്നത്. അപ്പോൾ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ? പണ്ടൊക്കെ എല്ലാവരും പ്രകൃതിയോട് ഇണങ്ങിയായിരുന്നു ജീവിച്ചിരുന്നത്. ഈ പുതു തലമുറകൾ അതെല്ലാം തെറ്റിച്ച് പ്രകൃതിയ്ക്ക് അനുയോജ്യമല്ലാത്ത രീതിയിൽ ജീവിക്കുന്നത് കൊണ്ട് മനുഷ്യന് തന്നെ വിപത്തായി മാറുന്നു. 44 നദികളാൽ സമ്പുഷ്ടമായ നമ്മുടെ കേരളം ഇന്ന് വരൾച്ചയെ അതിജീവിക്കാൻ പാടുപെടുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇതെല്ലാം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും.

കാലാവസ്ഥാ വ്യതിയാനം മൂലം പ്രളയം, ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങളും അതേ പോലെ മാരകമായ പല വൈറസുകളും രൂപം കൊള്ളുകയും നിപ, കൊറോണ പോലുള്ള മാരക രോഗങ്ങളും മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറുന്നു. ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും വേണ്ടി പല പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഹരിത കേരള മിഷന്റെ ഭാഗമായി വിദ്യാലയങ്ങളിൽ വൃക്ഷത്തൈ വിതരണം ചെയ്യുകയും കേന്ദ്ര ഗവർമെന്റിന്റെ തൊഴിലുറപ്പ് പദ്ധതിയിലൂടെ വൃക്ഷത്തൈ നടുകയും ചെയ്യുന്നു. അതേ പോലെ തന്നെ ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി അചരിക്കുകയും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പല പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുകയും വേണം.

പ്രകൃതിയ്ക്കും മനുഷ്യനും ഒരേ പോലെ ദോഷം വരുത്തുകയും മനുഷ്യന് വളരെ ഉപകാര പ്രദവുമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും പ്രകൃതിയ്ക്ക് ഇണങ്ങിയ വസ്തുക്കളുടെ ഉപയോഗം വർദ്ധിപ്പിയ്ക്കാനും വേണ്ടി ഇന്ന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. നമ്മളോരോരുത്തരും ഇത്തരം പദ്ധതികൾ നിത്യ ജീവിതത്തിൽ പ്രാവർത്തികമാക്കണം.

പണ്ടു കാലത്ത് പുറത്തൊക്കെ പോയി വന്നാൽ കൈകളും കാലുകളും കഴുകുകയോ അല്ലെങ്കിൽ കുളിക്കുകയോ ചെയ്തിട്ടായിരുന്നു അകത്തേക്ക് കയറിയിരുന്നത്. ഇത് പല രോഗങ്ങളെയും പ്രതിരോധിച്ചിരുന്നു. ഇന്ന് അത്തരം ശീലങ്ങൾ ഒന്നുമില്ല. ലോകത്ത് പൊട്ടിപ്പുറപ്പെട്ട ബാധയിൽ നിന്നും രക്ഷനേടാൻ ഇത്തരം ശുചിത്വ ശീലങ്ങളും സാമൂഹിക അകലം പാലിക്കലും വളരെ നിർണ്ണായകമായ ഘട്ടങ്ങളിലാണ് നാം ചെയ്യുന്നത്. പണ്ടു കാലത്തെ നാടൻ ഭക്ഷണ രീതികൾ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചിരുന്നു. ഇന്നത്തെ ഫാസ്റ്റ് ഫുഡ് രീതിയെല്ലാം ഇതിന് വിപരീത ഫലങ്ങൾ നൽകുന്നു. ആരോഗ്യ മേഖലയിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ കേരളത്തിൽ ജീവിത ശൈലീ രോഗങ്ങൾ ഇന്ന് വളരെയധികം കാണപ്പെടുന്നു. ആധുനിക രീതികളെ ആശ്രയിക്കുന്നതോടൊപ്പം നമ്മൾ പണ്ടത്തെ ശീലങ്ങളെയെല്ലാം പിന്തുടരുകയാണെങ്കിൽ നമുക്ക് പല അസുഖങ്ങളിൽ നിന്നും രക്ഷ നേടാനും കഴിയും.

രോഗപ്രതിരോധത്തിനായി കാലാവസ്ഥയ്ക്കനുസരിച്ച് നമ്മൾ ജീവിയ്ക്കണം. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണ രീതികൾ നമ്മൾ ശീലിക്കണം. വ്യായാമവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. പുരാതന കാലം മുതൽക്കേ മനുഷ്യൻ പ്രകൃതിയോട് ഇണങ്ങിയായിരുന്നു ജീവിച്ചിരുന്നത്. മനുഷ്യൻ പ്രകൃതിയ്ക്ക് നൽകുന്ന സ്നേഹം പ്രകൃതി പതിൻ മടങ്ങായി തിരിച്ചു തരും.

ബിൻസി.പി
7 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം