എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഓണം ആഘോഷം
ഓണം ആഘോഷം 2017 -18
ലോക്കഡൗണിലും ഞങ്ങളുടെ ഓണാഘോഷം
വഞ്ചിപ്പാട്ടിന്റെ വായ്ത്താരികളും കൊയ്ത്തുപാട്ടിന്റെ ശീലുകളും മുഴങ്ങിയിരുന്ന ഇടയാറന്മുളക്ക് കോവിഡ് 19 കരുതിവെച്ചത് ആഘോഷങ്ങളില്ലാത്ത ഒരു ഓണക്കാലം ആയിരുന്നു. വള്ളംകളിയും ഓണക്കളികളും സജീവമാകുന്ന പമ്പാനദിയും തീരങ്ങളും ഇത്തവണ നിശബ്ദമായി. മുൻകാലങ്ങളിൽ ഗംഭീരമായ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഓണാഘോഷത്തെ ഓരോ ഭവനങ്ങളിലും എത്തിച്ചു. കൂടിച്ചേരലുകളുടെയും കൂട്ടായ്മയുടെയും ഉത്സവമായ ഓണത്തെ ഓരോ ഭവനങ്ങളിൽനിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഒന്നിപ്പിക്കുന്നതിനും ഒരുമയുടെ സന്തോഷവും സന്ദേശവും ഏവരിലേക്കും എത്തിക്കുന്നതിനും ഈ വെർച്ച്വൽ ഓണാഘോഷങ്ങൾക്ക് സാധിച്ചു. പൂക്കളം, ഓണപ്പാട്ടുകൾ, പ്രച്ഛന്നവേഷം, വഞ്ചിപ്പാട്ട് തുടങ്ങിയവയും കോൽകളി, തിരുവാതിരകളി എന്നിവയുടെ ലഘു അവതരണങ്ങളും വെർച്വൽ ഓണാഘോഷത്തിന് മാറ്റുകൂട്ടി. അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾക്കനുസരിച് ക്ലാസ്സ് ലീഡർമാർ നേതൃത്വം വഹിക്കുകയും മാതാപിതാക്കൾ പിന്തുണ നൽകുകയും ചെയ്തു.