എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/എന്റെ കൊറോണ കാഴ്ചപ്പാടുകൾ
എന്റെ കൊറോണ കാഴ്ചപ്പാടുകൾ
ചൈനയിലെ വുഹാൻ പട്ടണത്തിൽ പ്രത്യക്ഷപ്പെട്ട് ലോകം മുഴുവൻ വ്യാപിച്ചു നമ്മുടെ കൊച്ചു കേരളത്തെ വരെ പിടിച്ചു കുലുക്കിയ ഇത്തിരി കുഞ്ഞൻ വൈറസാണ് കോവിഡ് 19. ഈ കൊറോണ കാലത്ത് നമുക്ക് ഒത്തിരി നഷ്ടങ്ങൾ ഉണ്ടായി. നമ്മുടെ സ്കൂളിലെ വാർഷിക പരീക്ഷകൾ നഷ്ടപ്പെട്ടു. അധ്യാപകരോടും കൂട്ടുകാരോടും യാത്ര പോലും പറയാതെ വീട്ടിൽ ഒതുങ്ങേണ്ടതായി വന്നു. നമ്മുടെ ബന്ധു വീടുകളിൽ പോകാനും, വിനോദ യാത്രകളും മറ്റും നടത്താനും , കൂട്ടുകാരുമായി കളിക്കാനുമുള്ള ഏറ്റവും നല്ല അവസരങ്ങൾ നഷ്ടമായി. പെസഹാ, ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷങ്ങളും നമ്മുടെ നാട്ടിൻ പുറങ്ങളിലെ ക്ഷേത്ര ഉത്സവങ്ങളും നടക്കാതെയായി. നഷ്ടങ്ങൾ മാത്രമല്ല നമുക്ക് കൊറോണ സമ്മാനിച്ചത്. ഒത്തിരി ഗുണങ്ങളും ഉണ്ട്. പ്രധാനമായും സോപ്പും സാനിറ്റൈസറും ഉപയോഗിക്കുന്നതിന്റെയും മാസ്ക് ധരിക്കുന്നതിന്റെയും ഗുണങ്ങൾ നാം കൂടുതലായി അറിഞ്ഞതും ഈ കൊറോണ കാലത്താണ്. എന്റെ വീട്ടിൽ ഈ കൊറോണ കാലത്ത് പൂന്തോട്ടം ഉണ്ടാക്കി. ചെറിയ രീതിയിൽ കൃഷിയും തുടങ്ങി. പയർ, കോവൽ, ചീര, മുളക്, തക്കാളി, മുതലായവ. മാത്രമല്ല ചെറിയ പത്രങ്ങളിൽ കടുക് , ഉലുവ, പയർ മുതലായവ പാകി മൈക്രോഗ്രീൻ കൃഷി രീതിയും പരീക്ഷിച്ചു. മായമില്ലാത്ത പച്ചക്കറി നമുക്ക് വീടുകളിൽ ഉണ്ടാക്കിയെടുക്കാമെന്നും മനസ്സിലായി.പാഴ് വസ്തുക്കളിൽ നിന്നും ചെടികളും പൂക്കളും ഒരുപാട് കര കൗശല വസ്തുക്കളും ഉണ്ടാക്കുവാൻ പഠിച്ചു. കൊറോണ മൂലം ഉണ്ടായ മറ്റൊരു പ്രധാന നേട്ടം വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും ഫാക്ടറികൾ പ്രവർത്തിക്കാത്തതും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്തതും മൂലം അന്തരീക്ഷ മലിനീകരണവും പ്രകൃതി ചൂഷണവും വളരെയധികം കുറഞ്ഞു. അത് മൂലം ഇപ്പോഴത്തെ നമ്മുടെ പ്രധാന നഗരങ്ങളിലേതുൾപ്പടെ മലിനീകരണ തോത് വളരെയധികം കുറഞ്ഞു. എന്റെ കാഴ്ചപ്പാടിൽ ഇത് പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാവുന്നത് മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ചൂഷണങ്ങളുടെ ഫലമാണ്. ഇനിയെങ്കിലും പ്രകൃതി ചൂഷണം ഒഴിവാക്കിയാൽ മാത്രമേ ഇത് പോലെയുള്ള പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും ഇല്ലാത്ത ഒരു നല്ല നാളെ ഉണ്ടാകുകയുള്ളൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |