എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ശുചിത്വ കേരളം

ശുചിത്വ കേരളം

കേരളീയർ ഇന്ന് മാലിന്യ കൂമ്പാരങ്ങളുടെ നടുവിലാണ് ജീവിക്കുന്നത് പ്രകൃതിയെയും മണ്ണിനേയും മറന്നു ജീവിക്കുന്നത് കൊണ്ടാണിത്. ജൈവ വ്യവസ്ഥയുടെ തകർച്ച, ശുദ്ധജലക്ഷാമം, കുന്നുകൂടുന്ന മാലിന്യവും പകർച്ചവ്യാധികളും...... സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന ദുരന്തങ്ങൾ ആണിവ. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാട് ആയി മാറിയിരിക്കുന്നു. വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായശാലകൾ, അറവ് ശാലകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറം തള്ളുന്നത്. വീടുകൾ വൻ മാലിന്യ ഉൽപാദന കേന്ദ്രങ്ങളായി മാറുന്നു. വൃത്തിഹീനമായ ഇടത്ത് കൊതുകുകൾ പെരുകുന്നു. കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം എത്തുന്നു. പ്രകൃതിക്ക് ഉൾക്കൊള്ളാനാവാത്ത തരം മാലിന്യങ്ങൾ കൂടി വന്നിരിക്കുന്നു. വഴിയോരങ്ങൾ പ്ലാസ്റ്റിക് കൂടുകളുടെയും ചപ്പുചവറുകളുടെയും കൂമ്പാരമായി മാറിയിരിക്കുന്നു. മഴക്കാലമാകുമ്പോൾ മലമ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ ഉടലെടുക്കുന്നു. പ്ലാസ്റ്റിക് എന്ന ഭീകരൻ ഒരിക്കലും മണ്ണിൽ ലയിച്ചു ചേരാത്ത മാലിന്യമാണ് എന്ന് നമ്മൾ ഓർക്കണം.

മാലിന്യ നിർമാർജനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം. ശാസ്ത്രീയമായ മാലിന്യ സംസ്കരണ മാർഗങ്ങൾ കണ്ടെത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ഒക്കെ ഒന്നിച്ചു നടപടികൾ സ്വീകരിക്കണം. പൊതുസ്ഥലത്ത് ശുചിത്വ പാലനത്തിന് ശ്രദ്ധ നൽകണം.ജൈവമാലിന്യങ്ങൾ വളമാക്കുന്ന പ്ലാനുകൾ സ്ഥാപിക്കണം. ജൈവമാലിന്യം വളമാക്കുന്ന പ്ലാന്റ്കൾ സ്ഥാപിക്കണം. മാലിന്യം നിക്ഷേപിക്കാൻ ആവശ്യമായ ബക്കറ്റ് വെക്കുകയും അവ കൃത്യമായി എടുത്തു സംസ്കരിക്കുകയും വേണം. ജൈവ മാലിന്യങ്ങളെ ശാസ്ത്രീയമായി കൈകാര്യം ചെയ്താൽ ഊർജ്ജസ്രോതസ്സ് ആയും വളമായും ഉപയോഗപെടുത്താം. ഇന്ന് ലോകത്തെമ്പാടും അവലംബിച്ച് പോരുന്ന സാങ്കേതിക വിദ്യയാണ് കമ്പോസ്റ്റിംഗ്. വീട്ടിലുണ്ടാക്കുന്ന ജൈവ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ചുരുങ്ങിയ ചെലവിൽ ബയോഗ്യാസ് നിർമ്മിക്കാം.

സർക്കാർ ഇന്ന് പലയിടത്തും ഖരമാലിന്യങ്ങൾ സംസ്കരിക്കാൻ ആയി ഉള്ള കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ കർശനമായി നിരോധിക്കുന്നതിനു ഒപ്പം തന്നെ പ്ലാസ്റ്റിക് മാലിന്യം പുനഃചംക്രമണം ചെയ്യുന്നതിനുള്ള പ്ലാന്റ്കൾ സ്ഥാപിക്കണം. മാലിന്യങ്ങൾ റോഡിലോ, ഫുട്പാത്തിലോ ഉപേക്ഷിക്കുന്നത് തടയണം. പ്രകൃതി സൗഹൃദ വസ്തുക്കളെ ഉപയോഗിക്കാവൂ.

Reduce, Reuse, Recycle, Refuse, Repair- അതായത് കുറയ്ക്കൽ, പുനരുപയോഗം, പുനചംക്രമണം, തിരസ്ക്കാരം, നന്നാക്കൽ- ഇതാണ് പരിസര മലിനീകരണം കുറയ്ക്കാനുള്ള പറ്റിയ സൂത്രവാക്യം.

ശുചിത്വ കേരളം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഓരോ വ്യക്തിയും മുൻകൈയെടുക്കണം. വ്യക്തിശുചിത്വവും, ഗൃഹ ശുചിത്വവും മാത്രം പോരാ, പരിസരശുചിത്വവും, പൊതുസ്ഥല ശുചിത്വവും കൂടി ലക്ഷ്യമാക്കണം. അങ്ങനെ കേരളത്തിന്റെ മലിനീകരണ പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം കാണാൻ നമുക്ക് കഴിയണം.

നമുക്കൊരുമിച്ചു കൈകോർക്കാം. കേരളത്തിനെ വീണ്ടും ദൈവത്തിന്റെ സ്വന്തം നാട് ആക്കി മാറ്റാം.........

ദേവികൃഷ്ണ എച്ച്
8 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം