കുട്ടികൾ വിഷണ്ണരായ് ദൈവത്തിൻ പടിവാതിൽ
തട്ടി പോൽ! പലവട്ടമുത്തരം കിട്ടീടുവാൻ
എന്താണ് ഞങ്ങൾ മേലേ ചാർത്തിയ കുറ്റം ചൊല്ലൂ
എന്തതന്നറിഞീടാൻ വിങ്ങുന്നുണ്ടുള്ളിൽ മോഹം !
മനുജർ മണ്ണിൽത്തീർത്ത കൈതവ ച്ചട്ടങ്ങളേ
മനസ്സിൽ പോറ്റീടുവാൻ കൂട്ടാക്കാത്തതോ കുറ്റം?
സ്വാർത്ഥത പെരുത്തവർ തലങ്ങും വിലങ്ങുമായ്
തീർത്തൊരു വേലിക്കെട്ടിൽ കുടുങ്ങിപ്പിടയാതെ
അന്യോന്യം സ്നേഹിക്കുവാൻ കണ്ണീരു തുടയ്ക്കുവാൻ
ഹൃദയം പകുക്കുവാൻ പഠിച്ചെന്നതോ കുറ്റം?
മഴവിൽച്ചന്തം പേറും മാരിയിലാഹ്ലാദിക്കും
ഋതുക്കൾ കുടമാറ്റം മുറയ്ക്കു നടത്തീടും
വ്യാധിയാൽ വലയാത്ത ആധികൊണ്ടുഴലാത്ത
ഭൂമിയെ നിനക്കെന്നു തരുവാനാകും പ്രഭോ ?