പച്ചക്കറി ഇനി മട്ടുപ്പാവിൽ
നിപ്പായോ വെള്ളപ്പൊക്കമോ കോറോണയോ എന്തുമാകട്ടെ ചിലവുചുരുക്കി ലോക്ക് ഡൌൺ ഉപകാരപ്രദമാക്കാം.... വലിയ വിലകൊടുത്തു വിഷംവാങ്ങേണ്ട. ... "സമ്പത്തുകാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം”.
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തിൽ ടെറസ്സിൽ കൃഷി ചെയ്യാം. തുടർച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ് മേൽക്കൂര അപകടങ്ങൾക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയിൽ മണ്ണിലെ ലവണാംശങ്ങൾ നഷ്ടപ്പെട്ടു വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു കൃഷി തുടങ്ങാൻ ഏറ്റവും നല്ലത്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബർ മദ്ധ്യത്തിൽ) കൃഷി തുടങ്ങിയാൽ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടർന്നു വരുന്ന തുലാവർഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവർഷം ആരംഭിക്കുന്നതിന് അല്പദിവസം മുൻപ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീൻ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാൽ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോൺക്രീറ്റ് മേൽക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാൻ ടെറസ്സിന്റെ വശങ്ങളിൽ ഉയർത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റർ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികൾ പടരാനുള്ള കമ്പുകൾ തുടങ്ങിയവ മേൽത്തട്ടിൽ എത്തിക്കാൻ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോൾ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തിൽനിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ സ്ഥാപിക്കാൻ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.
നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതിൽ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കിൽ തുള്ളിനന തുടങ്ങിയ രീതികൾ ഏർപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും, ആണ്ടു മുഴുവൻ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനൽ മൂക്കുമ്പോൾ കുടിക്കാൻ പോലും വെള്ളം തികയാത്ത പ്രദേശങ്ങളിൽ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണ്.
കോൺക്രീറ്റ് മട്ടുപ്പാവിൽ നേരിട്ട് മണ്ണ് നിരത്തി വളം ചേർത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോൾ കാഴ്ചയിൽ വൃത്തി കുറയും. മേൽക്കൂരയിൽ വളരുന്ന ചെടിയുടെ വേരുകളും മണ്ണിൽനിന്നു ഊർന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോൺക്രീറ്റിനു ബലക്ഷയം ഉണ്ടാക്കി സ്ലാബിൽ ചോർച്ചവരുത്താൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലത്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയിൽ വിടവില്ലാതെ വിരിച്ച് അതിനു മുകളിൽ ഇഷ്ടിക ഉയരത്തിൽമാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണൽ, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകൾ എന്നിവയും ചേർത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാൽ മൂന്ന് വശങ്ങളിൽ ഇഷ്ടിക അതിരിട്ട്, പോളിത്തീൻ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പർക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
പോളിത്തീൻ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തിൽ മണ്ണ് നിറച്ചാൽ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങൾ ആവശ്യമാണ്. സുതാര്യമായ പോളിത്തീൻ കവറിൽ കൃഷി ചെയ്യരുത്. വേരുകൾക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളർച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളർച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേർക്കേണ്ടി വരുന്നതിനാൽ ആദ്യമേ കൂടുതൽ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സിൽ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ വളർച്ചക്കനുസരിച്ച് ചെടികൾ തമ്മിലുള്ള അകലം ക്രമീകരിക്കാം.
ടെറസ്സിൽ മൂന്ന് തരത്തിൽ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,
• നിലത്ത് പോളിത്തീൻ ഷീറ്റ് വിരിച്ച് വശങ്ങളിൽ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതിൽ ഏതാണ്ട് മുക്കാൽ ഇഷ്ടിക ഉയരത്തിൽ മണ്ണും വളവും ചേർന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയിൽ ഉണങ്ങിയ ഇലകൾ നിരത്തുന്നത് നന്നായിരിക്കും.
• വലിപ്പം കൂടിയ ചെടിച്ചട്ടിയിൽ മുക്കാൽഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകൾഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈൻ ഉള്ളത് ആയാൽ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാൻ പ്രയാസമായിരിക്കും. ചിലപ്പോൾ ചട്ടി പൊട്ടിയെന്നും വരാം. അതിനാൽ ഡിസൈൻ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളിൽ കൃഷി ചെയ്യുന്നതാവും നല്ലത്.
• പോളിത്തീൻ കവറുകളിൽ നടുമ്പോൾ ഒരു സീസണിൽ മാത്രമേ ഒരു കവർ ഉപയോഗിക്കാനാവുകയുള്ളു. ചെടികൾ നടാനായി കടയിൽനിന്നും വാങ്ങുന്ന കവർ ചെറുതായതിനാൽ കൂടുതൽ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താൽ കാലിയായ സഞ്ചികൾ പലചരക്ക് കടയിൽ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാൻ. പത്ത് കിലോഗ്രാം അരിയുടെ ബാഗിൽ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകൾ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാൽ ഭാഗം ഉയരത്തിൽ മണ്ണ് നിറക്കാം.
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോൾ അടിയിൽ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണൽ(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങൾ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതിൽ ഉണങ്ങിയ ചാണകം കൂടുതൽ ചേർക്കുന്നത് പച്ചക്കറിയുടെ വളർച്ചക്ക് നല്ലതാണ്. ടെറസ്സിൽ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകൾ നടേണ്ടത്.
നടാനുള്ള പച്ചക്കറി വിത്തുകൾ മുൻവർഷങ്ങളിലുള്ള ചെടികളിൽ നിന്ന് നമ്മൾ ശേഖരിച്ചതോ മറ്റുള്ളവരിൽ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയിൽ ചിലയിനങ്ങൾ ഈർപ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാൻ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളിൽ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയർ, കയ്പ, മത്തൻ, വെള്ളരി എന്നിവ കടയിൽ നിന്ന് കറിവെക്കാൻ വാങ്ങിയ പച്ചക്കറികളിൽ മൂപ്പെത്തിയ നല്ല ഇനങ്ങൾ ഉണ്ടെങ്കിൽ വിത്ത് ശേഖരിക്കാം പച്ചക്കറി വിത്തുകൾ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണിൽ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചശേഷം മണ്ണിൽ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവൽ, പടവലം, താലോരി, മത്തൻ, കുമ്പളം. നേരിട്ട് മണ്ണിൽ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തിൽ വിതറിയാൽ മതിയാവും. ചീരവിത്തുകൾ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലർത്തിയിട്ട് മണ്ണിൽ വിതറിയാൽ മുളച്ചുവരുന്ന തൈകൾ തമ്മിൽ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകൾ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാൽ ഏതാനും ദിവസംകൊണ്ട് തൈകൾ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തിൽ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകൾ ഓരോന്നും പ്രത്യേകമായി 12മണിക്കൂർ സമയം വെള്ളത്തിൽ കുതിർത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയിൽ കോട്ടൺതുണി നാലായി മടക്കിയതിനു മുകളിൽ വിത്തുകൾ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളിൽ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളിൽ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാൽ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകൾ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതിൽ പാവൽ, പടവലം, താലോരി, മത്തൻ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകൾ ദിവസേന നനച്ചാലും, മുളക്കാൻ ഒരാഴ്ചയിലധികം ദിവസങ്ങൾ വേണ്ടി വരും. അവക്ക് വേഗത്തിൽ മുള വരാൻ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂർത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടർത്തിമാറ്റിയാൽ മതിയാവും. അങ്ങനെ ചെയ്താൽ എളുപ്പത്തിൽ വേര് വരും. ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകൾ നനഞ്ഞ മണ്ണിൽ നടണം. അധികം ആഴത്തിൽ നട്ടാൽ അവ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണിൽ നിശ്ചിത അകലത്തിലും വിത്തുകൾ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തിൽ മാത്രം മണ്ണ് വിത്തിനു മുകളിൽ ഇട്ടാൽ മതി. രാവിലെയും വൈകുന്നേരവും നനക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകൾ പറിച്ചുമാറ്റി നടുമ്പോൾ മൂന്ന് ദിവസം അവ വെയിലേൽക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
ടെറസ്സ്‌കൃഷിയിൽ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിർത്തിയാൽ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവർ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂർ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോൾ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും കർഷകൻ ടെറസ്സിൽ കയറണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേർത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികൾ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികൾ നടാനായി മണ്ണ് തയ്യാറാക്കുമ്പോൾതന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിൻപിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ ഇടയ്ക്കിടെ ചേർത്താൽ സസ്യങ്ങൾ നന്നായി വളരും. ഒടുവിൽ പറഞ്ഞവ ചെടിയുടെ ചുവട്ടിൽനിന്നും അഞ്ച് സെന്റീമീറ്റർ അകലെയായി മാത്രം ചേർക്കുകയും പൂർണ്ണമായി മണ്ണിനടിയിൽ ആയിരിക്കുകയും വേണം. വേപ്പിൻപിണ്ണാക്ക് ചെടി നടുമ്പോൾ മണ്ണിനടിയിൽ വളരെകുറച്ച് മാത്രം ചേർത്താൽ മതി. രണ്ട് ആഴ്ചയിൽ ഒരു തവണയെങ്കിലും വളം ചേർക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോൾ പുതിയ മണ്ണ് ചെടിയുടെ ചുവട്ടിൽ ഇടുന്നതാണ് നല്ലത്.
NB: ഗ്ലാസ് ഹൗസ് പോളി ഹൗസ് ഇവ ഉപയോഗിച്ചാൽ കാലാവസ്ഥ (മഴയും വെള്ളപ്പൊക്കവും )യെ പേടിക്കാതെ കൃഷി ചെയ്യാം
Ref: Wikipedia
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|