എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/അക്ഷരവൃക്ഷം/അടുപ്പം
അടുപ്പം
ആ ഇരുണ്ട രാത്രിയിൽ ശരാവതി എക്സ്പ്രസിനെ യും കാത്തു റെയിൽവേ സ്റ്റേഷൻ റെ ഒരു മൂലയ്ക്ക് അക്ഷമനായി മാധവൻ ഇരുന്നു ഇത്തരമൊരു റെയിൽവേ സ്റ്റേഷൻ ഇന്ത്യയിൽ ഉണ്ടെന്ന് അറിയുന്നവർ വിരളമായിരിക്കും കാരണംവളരെ കുറച്ചു ട്രെയിനുകൾ മാത്രം നിർത്തുന്ന ചെറിയൊരു സ്റ്റേഷൻ ആയിരുന്നു അത്.യാത്രക്കാർ വെറും നാലഞ്ച് ആളുകൾമാത്രം. കമ്പനി തന്നെ ഏൽപ്പിച്ച ഒരു പ്രൊജക്റ്റ് ഭാഗമായാണ് മാധവൻ ബൊണ്ണാവേയിൽ എത്തുന്നത്. ' ദരിദ്രരും ഇന്ത്യയും' എന്ന വിഷയത്തിൽ പഠനം നടത്താൻ ഇതിലും നല്ല മറ്റൊരു സ്ഥലം ഇല്ലെന്ന് മാധവന്പറഞ്ഞു കൊടുത്തത് സന്ധ്യയാണ്. അവൻ സന്ധ്യയെ കുറിച്ചോർത്തു. ദില്ലി എന്ന മഹാ നഗരത്തിൻറെ വീർപ്പുമുട്ടലിലും ഓഫീസിലെ നൂലാമാലകൾക്കും ഇടയിൽ തനിക്ക് ഏക ആശ്രയം അവളായിരുന്നു. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അധികം ബോറല്ലാത്തഫിലോസഫി പറച്ചിലും ആകാം തന്നെ അവളിലേക്ക് ആകർഷിച്ചത് ഇന്നവൾ തൻറെ ആരെന്ന ചോദ്യത്തിന് ശരിക്കും ഉത്തരമില്ല.പൊട്ടിയ ആസ്ബറ്റോസ് ഷീറ്റിന്ഇടയിലൂടെ ഊർന്നിറങ്ങിയ ഒരു മഴത്തുള്ളി അയാളെ ഓർമ്മകളിൽ നിന്നുണർത്തി. നല്ല വിശപ്പുണ്ട് ബാഗിൽ രണ്ട് ബിസ്ക്കറ്റ് പാക്കറ്റുകളേ ഉള്ളൂ .അത് എടുക്കാൻ വേണ്ടി കൈ നീട്ടിയപ്പോൾ ആണ് ഓർത്തത് ഇന്ന് രാത്രി കഴിക്കാൻ ഇതേ ഉള്ളൂ ട്രെയിനിൽനിന്ന് കഴിക്കാമെന്ന് കരുതി നീട്ടിയ കൈ തിരിച്ചെടുത്ത് അയാൾ ഫോൺ എടുത്തു. വിവരസാങ്കേതികവിദ്യ കടന്നുചെല്ലാത്ത ബൊണ്ണാ വേയിൽ ഏക ആശ്രയം ഈ റെയിൽവേ സ്റ്റേഷൻ ആണ്. അത്യാവശ്യഘട്ടങ്ങളിൽ താൻ ഇവിടെ വന്നിരിക്കും കുറച്ചെങ്കിലും റേഞ്ച് ഇവിടെ മാത്രമേ ഉള്ളൂ. ഫോൺ ഓൺ ചെയ്തതും പെട്ടെന്നത് നിലച്ചു. രണ്ടുദിവസമായി കറണ്ട് ഇല്ലാത്തതിനാൽ ചാർജ് ചെയ്തില്ലല്ലോ എന്ന് അപ്പോഴാണയാൾ ഓർത്തത. 15 മിനിറ്റ് കഴിഞ്ഞല്ലോ ഇനിയും അനൗൺസ്മെൻറ് വന്നിട്ടില്ല. കുറച്ചുനേരം കൂടി കാക്കാം.. എന്തായാലും അച്ഛനെ നാളെ തന്നെ ഡോക്ടറെ കാണിച്ചു തീരു. മിനിഞ്ഞാനിൻറെ തലേന്ന് വിളിച്ചപ്പോൾ ശ്വാസം മുട്ടൽ കാരണം അച്ഛന് സംസാരിക്കാൻ തീരെ വയ്യ. വേഗമൊന്ന് നാട്ടിൽ എത്തിയിരുന്നെങ്കിൽ... അച്ഛനെ കാണാൻ അയാളുടെ മനസ്സ് വെമ്പി. സമയം സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. ഇനിയും ഒരു അനൗൺസ് മെന്റൊ ട്രെയിൻ വരുന്നതോ കാണുന്നില്ല. അയാൾക്ക് എന്തോ പന്തികേട് തോന്നി ആകെ ഒരു മൂകത. കാര്യങ്ങൾ സ്റ്റേഷൻ മാസ്റ്ററോട് തന്നെ ചോദിക്കാം എന്ന് കരുതി അയാൾ ഓഫീസിലേക്ക് നടന്നു ."അപ്പൊ ട്രെയിൻ റദ്ദാക്കിയ കാര്യമൊന്നും നിങ്ങൾ അറിഞ്ഞില്ലേ" എന്തുപറ്റി എന്നറിയാതെ അന്ധാളിച്ച് നിൽക്കേ അയാൾ തുടർന്നു ."നിങ്ങൾ ഏതു ലോകത്താ .കോവിഡ് 19 വൈറസ് കാരണം പ്രധാനമന്ത്രി രാജ്യത്തുടനീളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാ നാട്ടിലേക്ക് പോകുന്നതിനെപ്പറ്റി ഇനി ചിന്തിക്കുകയേ വേണ്ട..വേഗം താമസസ്ഥലത്തേക്ക് പൊയ്ക്കോളൂ ഇവിടെ അധികനേരം ചുറ്റി പറ്റി നിൽക്കണ്ട കർഫ്യൂവാ.." ഹിന്ദി ചുവയുള്ള ഏതോ ഒരു ഭാഷയിൽ അയാൾ പറഞ്ഞു നിർത്തി. എന്തുചെയ്യണമെന്നറിയാതെ നിശ്ചലമായി നിൽക്കെ ആ നിർവികാരതയിൽ ചോദിച്ചു പോയി "ഞാനീ ഫോൺ ഒന്ന് ചാർജ്ജ് ചെയ്തോട്ടെ "അൽപ്പം നീരസത്തോടെയാണെങ്കിലും അയാളത് സമ്മതിച്ചു. ഫോൺ ചാർജ് ചെയ്തു കൊണ്ടിരിക്കെ ഓർമകളിലൂടെ വീണ്ടും അയാൾ അച്ഛന്റെ അടുത്തെത്തി .തന്റെ എല്ലാ കുസൃതിത്തരങ്ങൾക്കും ചെറുപ്പം മുതലേ കൂട്ട് അച്ഛനായിരുന്നു. ഒരിക്കൽ ഹോളി കാലത്തായിരുന്നല്ലോ തനിക്ക് ചിക്കൻപോക്സ് വന്നിരുന്നത്. അന്ന് അച്ഛനെ കാണണമെന്ന് പറഞ്ഞ് വാശി പിടിച്ചപ്പോൾ തുച്ഛ വരുമാനക്കാരനായ അച്ഛൻ ഡൽഹിയിൽ നിന്ന് പാഞ്ഞെത്തിയതും അതിനമ്മ ശകാരിച്ചപ്പോൾ" വയസ്സാംകാലത്ത് ഒരസുഖം വന്ന് കിടന്നാൽ ഓടിപ്പാഞ്ഞെത്താൻ ഇവനല്ലേ ഉള്ളൂ എന്ന അച്ഛന്റെ വാക്കുകളും ഇന്നലെ കേട്ടതു പോലെ ചെവിയിൽ മുഴങ്ങുന്നു. ജോലി കിട്ടി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നല്ലോ താനാദ്യമായി സന്ധ്യയെകാണുന്നത്. സൗഹൃദം പ്രണയമായി വളരാൻ അധികം നാളെടുത്തില്ല.തന്റെ പ്രണയം ഒരു ഹൃദ്‌രോഗിയായ പെൺകുട്ടിയോടായിരുന്നിട്ടു കൂടി അച്ഛൻ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്.വിവാഹത്തിന് കാത്തു നിൽക്കാതെ വിധി അവളെ കൊണ്ടു പോയിട്ട് 10 വർഷം തികയുന്നു. " ഫോൺ ചാർജായിട്ടുണ്ട്. എടുത്തോളൂ" എന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ വിളി അയാളെ ഓർമകളിൽ നിന്നുണർത്തി. വേഗം ഫോണെടുത്ത് അമ്മയെ വിളിച്ചു. "നിനക്ക് വണ്ടി കിട്ടിയോ മോനേ " എന്നായിരുന്നു അമ്മയുടെ ആദ്യത്തെ ചോദ്യം .എന്ത് പറയണമെന്ന് ആലോചിക്കുമ്പോഴേയ്ക്കും " അച്ഛന് തീരെ വയ്യ. രണ്ടു ദിവസത്തേക്കുകൂടിയുള്ള മരുന്നേ ഉള്ളൂ. അതും കഴിഞ്ഞാ.... " അമ്മയുടെ ശബ്ദത്തിൽ എന്തെന്നല്ലാത്ത പതർച്ച." ഞാൻ നാളെ തന്നെ എത്തും അമ്മേ " അപ്പോൾ അതു പറയാനാണ് തോന്നിയത്. ഫോൺ കട്ട് ചെയത് താമസ സ്ഥലത്തേക്ക് നടന്നു.'ഉറക്കത്തെ പിണക്കിയയച്ച രാത്രിയ്ക്ക് വിട നൽകി അസ്വസ്ഥമായ മന സ്സോടുകൂടി ഒരു ചായ കുടിക്കാമെന്ന് കരുതി പുറത്തറങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. താൻ ഇന്നലെ കണ്ട തെരുവേ അല്ല ഇത്.ആകെ മാറിയിരിക്കുന്നു. എവിടേയും കടകളൊന്നും തുറന്നിട്ടില്ല. നിരത്ത് തീർത്തും ശൂന്യമാണ്. ഒന്നു രണ്ടാളുകളെ മാത്രം അവിടെയും ഇവിടെയും കാണുന്നുണ്ട്. അതിനിടയിൽ ആരോ വിളിച്ചു പറയുന്നതു കേട്ടു .. " വേഗം വാതിലടച്ചോ - പോലീസ് ". പറഞ്ഞു തീരുംമുമ്പേ ഒരു വണ്ടി നിറയെ പോലീസെത്തി.പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി.പോലീസ് തെരുവിലുണ്ടായിരുന്നവരെ നിർദാക്ഷിണ്യം അടിച്ചോടിക്കാൻ തുടങ്ങിയപ്പോൾ ജീവനുംകൊണ്ടോടി. അമ്മയോട് രണ്ടു ദിവസം കൊണ്ടെത്തും എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇവിടെ നിന്നും പുറത്ത് കടക്കുക അസാദ്ധ്യം. അച്ഛന്റെ മുഖം മിന്നൽപ്പിണർ പോലെ മനസ്സിൽ മിന്നിമറയുന്നു.ഫോണെടുത്ത് അമ്മയെ വിളിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ശരത്തിന്റെ ഫോണാണെങ്കൽ ബി സി യുമാണ്. കുറച്ച് കഴിഞ്ഞാൽ തിരിച്ചുവിളിക്കുമെന്ന പ്രതീക്ഷയിൽ അൽപ്പസമയം കാത്തു. ഫോണൊന്നും വരാത്തതു കണ്ടപ്പോൾ വീണ്ടും വിളിച്ചു നോക്കി." അവൻ വീട്ടിൽ അടച്ചിരിപ്പാണ്. ഇവിടുത്തെ അതേ അവസ്ഥ. ആ അവസ്ഥയിൽ അച്ഛനെ ഒന്നാശുപത്രിയിൽ കൊണ്ടു പോകുമോ എന്ന് ചോദിക്കുന്നത് ശരിയല്ല എന്നറിഞ്ഞിട്ടും നിവൃത്തികേടുകൊണ്ട് ചോദിച്ചു. "എടാ... അത് .... ആശുപത്രിയിൽ പോവുകന്നൊക്കെ പറഞ്ഞാൽ.... നിന്റെ സ്ഥിതി എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. എന്നാലും..... "അവന്റെ സംസാരത്തിന്റെ ദിശമനസ്സിലായതോടെ ആ കോൾ കട്ട് ചെയ്തു. എല്ലാവരുടേയും പ്രതികരണം ഏതാണ്ടൊരു പോലെ തന്നെയായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല.തന്റെ ശബ്ദം പതറിയിരിക്കുന്നതുകൊണ്ടാവാം അവസാനം സുധീഷിന് ഒരലിവ് തോന്നിയത്.ആ ആശ്വാസം നീണ്ടു നിൽക്കാനനുവദിക്കാതെ അതാ വരുന്നൂ അമ്മയുടെ ഫോൺ: "മോനേ... " നീണ്ട വിളിയിൽ നിസ്സഹായതയുടെ തേങ്ങൽ " സുധീഷ് വന്നില്ലേ അവിടെ ".. ആദ്യം അതാണ് ചോദിച്ചത്. " വന്നു മോനേ.. ആശുപത്രിയിലും പോയി ... പക്ഷേ.... "ആ പക്ഷേയിൽ തന്റെ ഹൃദയമിടിപ്പ് കൂടി വരുന്നതായി തോന്നി. "ആശുപത്രിക്കാർ അച്ഛനെ തിരിച്ചയച്ചൂ മോനേ, അവിടെ ഇപ്പോൾ കിടത്തി ചികിത്സ പറ്റില്ലാത്രെ." ഒന്നും പറയാൻ തോന്നിയില്ല. ഫോൺ ഓഫ് ചെയ്ത് കിടക്കയിലേക്കു ചാഞ്ഞു. പിന്നീടെപ്പോഴോ ഉറങ്ങിപ്പോയി. ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഉണർന്നത്. രണ്ടും കൽപ്പിച്ച് കോളെടുത്തു. അപ്പുറത്ത് സുധീഷാണ്."എന്താടാ നിന്റെ ശബ്ദം വല്ലാതെ എന്ന് ചോദിക്കാൻ ആഞ്ഞപ്പോഴേയ്ക്കും അവൻ പറഞ്ഞ് തുടങ്ങിയിരുന്നു. " അച്ഛൻ നമ്മളെ വിട്ടു പോയെടാ.. ഇനിയൊന്നും ചെയ്യാനില്ല. പിന്നെ...ഈ അവസ്ഥയിൽ ഇപ്പോൾ നീ ഇങ്ങോട്ടു വരണ്ട എന്നാണ് പറയാനുള്ളത്. ആരേയും അറിയിക്കാതെ നടത്താനാ തീരുമാനിച്ചിരിക്കുന്നത്. നീയൊന്നും കേൾക്കുന്നില്ലേ? ഹലോ.ഹലോ .." ഫോൺ താനെ കൈകളിൽ നിന്നും താഴെ വീണു. ഒരിറ്റു കണ്ണീർ പോലും വരുന്നില്ല. അലറി വിളിക്കണമെന്ന് തോന്നി.ശബ്ദം പുറത്ത് വരുന്നില്ല. അച്ഛനെപ്പോഴും പറയാറുള്ളതുപോലെ അവസാന കാലത്ത് തനിക്ക് അച്ഛന്റെ അടുത്ത് നിൽക്കുക പോയിട്ട് ഒന്നു കാണാൻ പോലും കഴിയുന്നില്ലല്ലോ? ആരുമറിയാതെ ചരമ കോളത്തിന്റെ ഒരു മൂലയ്ക്ക് ഒതുങ്ങേണ്ടവനായിരുന്നില്ലല്ലോ അച്ഛൻ? മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരുപാട് അച്ഛൻമാരുടെ ജീവനുവേണ്ടിയാണല്ലോ താനും ഇവിടെ ഇരിക്കുന്നത്? അതറിയുമ്പോൾ അച്ഛൻ തീർച്ചയായും തനിക്ക് മാപ്പ് തരും' അതുറപ്പാ.. തീർച്ചയായും മാപ്പ് തരും പുറത്ത് മഴ കരയുന്നുണ്ട്. മഴക്കിടയിലെവിടെയോ അച്ഛനും. ആ കരച്ചിൽ സംതൃപ്തിയുടേതായിരുന്നില്ലേ......!
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |