ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക്‌ ഒരു എത്തിനോട്ടം

12:39, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയിലേക്ക്‌ ഒരു എത്തിനോട്ടം

ചില സന്ദർഭങ്ങളിൽ മനുഷ്യർ തികച്ചും നിസ്സഹായരായി നിൽക്കാറുണ്ട്., ഏറെക്കുറെ അത്തരം ഒരവസ്ഥയാണ് ലോകമെമ്പാടും ഇപ്പോൾ സംജാതമായിട്ടുള്ളത്. ശാസ്ത്രങ്ങളും, സാങ്കേതികതയും ഇത്രത്തോളം പുരോഗമിച്ചിട്ടും അതിനൊക്കെ മുകളിൽ പ്രകൃതിയുടെ വിളയാട്ടം നാം അനുഭവിക്കുന്നുവെങ്കിൽ തീർച്ചയായും നാം ഓരോരുത്തരും നമ്മുടെ ചിന്തകളും, പ്രവർത്തികളും പുന:പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. പരമ്പരാഗതമായി കൈ മാറിയിരുന്ന നാട്ടറിവുകൾക്കും പഴമൊഴികൾക്കുമെല്ലാം വ്യക്തമായ അർത്ഥങ്ങളും, ഉദ്ദേശങ്ങളും ഉണ്ടായിരുന്നുവെങ്കിലും അഹന്തയുടെയും, അഭിജാത്യങ്ങളുടെയും അജ്ഞതയിൽ അവയെല്ലാം വിസ്മരിക്കപ്പെടുന്നു. വ്യാവസായിക വിപ്ലവത്തെതുടർന്ന് വർദ്ധിച്ചുവന്ന ഉപഭോഗ സംസ്കാരം നമ്മുടെ ചിന്തകളും പ്രവർത്തികളും തന്നെ മാറ്റി മറിച്ചു. മാലിന്യക്കൂമ്പാരങ്ങൾ നമ്മുടെ ജലാശയങ്ങളെയും, ഭൂമിയെത്തന്നെയും നാശോന്മുഖമാക്കിക്കൊണ്ടിരിക്കുന്നു. വസൂരി,പ്ളേ ഗ്, കോളറ, എബോള, മലമ്പനി, മന്ത്, ചിക്കൻഗുനിയ, ഡെങ്കിപ്പനി, നിപ്പ തുടങ്ങി ഇപ്പോൾ കൊറോണയിൽ എത്തി നിൽക്കുന്ന അറി ഞ്ഞതും, അറിയപ്പെടാത്തതുമായ പല പല സാംക്രമിക രോഗങ്ങളും അതിന്റെയൊക്കെ ഫലംതന്നെ. നാളെ, ഒരുപക്ഷെ ഇതിനേക്കാൾ മാരകവും ഭയാനകമായതുമായവ നാം പ്രതീക്ഷിക്കേണ്ടി വരും. വ്യക്തി ശുചിത്വത്തിലൂടെ -കുടുംബാശുചിത്വവും, അതിലൂടെ സാമൂഹിക ശുചിത്വവും കൃത്യമായി പാലിച്ചുകൊണ്ട്‌, പ്രകൃതിയെ പരിപോഷിപ്പിച്ചു നിലനിർത്താൻ വേണ്ട നടപടികൾ സ്വീകരിച്ചുകൊണ്ടും, തലമുറകൾക്കു വേണ്ടി കാത്തു വയ്ക്കാൻ സർവ്വാത്മനാ പ്രയത്‌നിച്ചുകൊണ്ടും നമുക്ക് മുന്നേറാം, നല്ലൊരു നാളേക്കായി. ഇനിയും ഇത്തരം കാര്യങ്ങളിൽ അലംഭാവം കൈ കൊണ്ടാൽ കുടിനീരിനും, ജീവവായുവിനും വേണ്ടിയുള്ള യുദ്ധങ്ങൾ വിദൂരമല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ടും, പ്രകൃതിക്കും, പ്രതിരോധത്തിനും, അതിജീവനത്തിനും വേണ്ടി അശ്രാന്ത പരിശ്രമം നടത്തുന്നവർക്കെല്ലാം നന്മകൾ നേർന്നുകൊണ്ടും ഈ കുറിപ്പ് ചുരുക്കുന്നു.


നന്ദബാല.ടി
3 എ ജി.എൽ.പി.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം