ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/അഗ്നിശുദ്ധി

13:10, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymatk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അഗ്നിശുദ്ധി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഗ്നിശുദ്ധി

മണി എട്ട് അടിച്ചപ്പോൾ പ്രകാശൻ മാഷിന്റെ ഫോൺ ചിലമ്പിച്ചു . ഉറക്കം തടസ്സപ്പെട്ടതിന്റെ വിരസതയോടെ അയാൾ ഫോൺ അമർത്തി ചെവിയിൽ തിരുകി. "ഹലോ " ഉറക്കച്ചടവിൽ അയാൾ പറഞ്ഞു. "ആ മാഷേ ഞാൻ സുഗുവാ”. "എന്താ സുഗു മാഷേ കാര്യം?” "എന്റെ മാഷേ നിങ്ങൾ പത്രം വായിച്ചില്ലേ?” "ഓ ഇല്ല . ഞാൻ ഇപ്പം എണീറ്റതേ ഉള്ളൂ . നിങ്ങൾ ആളെ വേവലാതിപ്പെടുത്താതെ കാര്യം പറ" . "മാഷേ നമ്മടെ ശമ്പളത്തിന്റ വിഹിതം ഗഡുക്കളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണം പോലും . കേട്ട പാടെ എന്റെ ഫ്യൂസ് പോയി" . "നിങ്ങൾ ഇത് ആരോടും പറഞ്ഞില്ലേ ?" "ഓ ആരോടു പറയാൻ, എല്ലാവരും അറിഞ്ഞിട്ടുണ്ടാകും . റഫീഖ് സാറും മീനടീച്ചറുമൊക്കെ ചിരിച്ചോണ്ടിതിനെ സ്വീകരിച്ചു . പക്ഷെ നമുക്കിതിനെ അങ്ങ് വിടാൻ പറ്റോ . ഉം നമ്മുടെ യൂണിയൻ സെക്രട്ടറിയെ ഞാൻ വിളിക്കട്ടെ , അയാൾ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടാകും . ഞാൻ വിളിക്കാം . ശരി" . "ശരി" . പ്രകാശൻ ഫോൺ കട്ടാക്കി . തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി . "സ്മിതേ പത്രം എവിടെ ?” "കുട്ടൻ വായിക്കാ" . "കുട്ടാ, പത്രം ഇങ്ങു തന്നെ" . "ഞാൻ വായിക്കുവല്ലേ അച്ഛാ" . "പോയേ പിന്നെ വായിക്കാം . മനുഷ്യനിവിടെ തലയ്ക്ക് പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ , പോ പോ…" കുട്ടൻ പത്രം അച്ഛന് കൊടുത്തു. അടുക്കളയിലേക്കോടി.പ്രകാശൻ പത്രം വിസ്തരിച്ചുവായിച്ചു. സാധാരണ ഈ സമയമാകുമ്പോഴേക്കും ഒരു 'ചായ' പതിവുള്ളതാണ്.ഇന്ന് 'ചായ' എന്ന വിളി ഉണ്ടായില്ല. സ്മിത ചായയുമായി അങ്ങോട്ട് ചെന്നു. "എന്താണ്ടയെ ,കൊറേ നേരായല്ലോ?” "ഒന്നുമില്ല. നീ അടുക്കളക്കാര്യം നോക്കിയാ മതി.” "എന്നോടിങ്ങനെ , വെറുതെല്ല സ്കൂളിലെ പിള്ളേർക്കൊന്നും ഇങ്ങേരെ കണ്ടുടാത്തത് .” സ്മിത പിറുപിറുത്തുകൊണ്ട് അകത്തേക്കു ചെന്നു . പ്രഭാത ഭക്ഷണം പ്രകാശൻ വെറും രണ്ട് ദോശയിൽ ഒതുക്കി . ഫോൺ വിളിയും മെസ്സേജ് വായിക്കലും . സ്മിതയ്ക്ക് കാര്യം മനസ്സിലായില്ല . അവൾ പതിവ് ജോലി തുടർന്നു . ഏകദേശം മണി പന്ത്രണ്ടായി കാണും . "സ്മിതേ , കുട്ടനെവിടെ ?” “അവൻ ആ പറങ്കിയാവിന്റെ ചോട്ടിലുണ്ടാവും . ന്താ?” “ നീ ഫോൺ പിടിച്ചേ ഞാൻ ചെയ്യുന്നത് വീഡിയോ എടുക്കണം . ആ തീപ്പെട്ടി എടുത്തേ .” “ എന്താ കാര്യം . വല്ല പരീക്ഷണവുമാണോ പിള്ളേർക്കു പഠിക്കാൻ .” “പിന്നെ പരീക്ഷണം . പരീക്ഷിച്ചതിന്റെ ശമ്പളം തന്നെ അവര് പിടിച്ചെടുക്കാൻ നോക്കുമ്പോഴാ , ഗഡുക്കളായി ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കണം എത്രേ . ഞങ്ങളോട് ചോദിച്ചിട്ട് ആണെങ്കിൽ പിന്നേം .” സ്മിതയ്ക്ക് കാര്യം മനസ്സിലായി . അവൾ ഫോൺ അവിടെ വച്ചു . “ നീ വീഡിയോ എടുക്കുന്നില്ലേ .” “ എന്നെക്കൊണ്ട് വയ്യ " “അഹങ്കാരം പറയുന്നോ?” “ അഹങ്കാരം പ്രവർത്തിക്കുന്നതിന് കുഴപ്പമില്ലേ . നിങ്ങളൊരു അധ്യാപകൻ അല്ലേ . പിള്ളേരെ തല്ലി പഠിപ്പിച്ചതുകൊണ്ട് ആയില്ല . നാടിന് ഒരു ദുരിതം വരുമ്പോൾ കൂടെ നിൽക്കണം. എനിക്ക് നിങ്ങളുടെ അത്രയും പഠിപ്പില്ല . എന്നാലും ഒരു കാര്യം പറയട്ടെ . സ്വന്തം സമൂഹത്തിന്റെ കണ്ണീർ തന്റേതല്ലെന്ന് തോന്നിയ ആ നിമിഷം ആ വിദ്യാലയത്തിൽ ചവിട്ടാനുള്ള നിങ്ങളുടെ അവകാശം നിങ്ങൾക്ക് നഷ്ട്ടപ്പെട്ടു. മാഷാണത്രേ മാഷ് പാവപ്പെട്ട മുത്തശ്ശന്മാരും മുത്തശ്ശിമാരും പെൻഷൻ തുകവരെ കൊടുത്തു. എന്തിനേറെ , നിങ്ങളുടെ വിദ്യാർത്ഥികൾ കൈനീട്ടവും സക്കാത്തുമൊക്കെ കൊടുത്തു , എന്നിട്ടും കഷ്ടം.’’ സ്മിത ദേഷ്യം അടക്കി അൽപ്പനേരം നിശബ്ദയായി. പെട്ടെന്നാണ് കുട്ടൻ ഒാടിവന്നത്. “ അമ്മേ ഇത് കണ്ടോ , ഞാൻ പെറുക്കിയ കശുവണ്ടിയാ. ലോക്ഡൗൺ മാറിട്ട് ഇത് വിറ്റ പൈസേം കൈനീട്ടവുമൊക്കെ കൂടി ഞാൻ മുഖ്യമന്ത്രിക്ക് കൊടുക്കും. ഞങ്ങളെ പറ്റി മുഖ്യമന്ത്രി എപ്പോഴും പറയും വാർത്താസമ്മേളനത്തിൽ. നല്ലതല്ലേ അമ്മേ.” സ്മിത അവന്റെ മൂ‍ർദ്ധാവിൽ തലോടി. പ്രകാശൻ മാഷിന്റെ കയ്യിൽ നിന്നും തീപ്പെട്ടിക്കൊള്ളി‍ താഴെ വീണു . അയാൾ കുട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു . ദൂരെ നിന്ന കൊറോണയും തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു .

അക്ഷയ പി
10 B ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ