എ.യു.പി.എസ് മാറാക്കര/അക്ഷരവൃക്ഷം/പ്രതീക്ഷകൾ അവസാനിക്കുമ്പോൾ

16:10, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷകൾ അവസാനിക്കുമ്പോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷകൾ അവസാനിക്കുമ്പോൾ

എന്തോ ഒരു പേടി സ്വപ്നം കണ്ട് നിലവിളിച്ചുകൊണ്ട് മാളു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. അമ്മ അവളെ മാറോടു ചേർത്തു കൊണ്ട് ചോദിച്ചു. " എന്തിനാ മോളെ കരയുന്നെ" " അമ്മേ എനിക്ക് പേടിയാകുന്നു നമുക്കെന്തോ അപകടം പറ്റിയതായി ഞാനൊരു ദുഃസ്വപ്നം കണ്ടു" " അങ്ങനെയൊന്നുമില്ല മാളൂട്ടി പ്രാർത്ഥിച്ചിട്ട് കിടന്നോളൂ അമ്മല്ല്യേ കൂടെ". അവൾ അമ്മയെ മുറുകെപ്പിടിച്ചുകൊണ്ട് നിദ്രയിലേക്കാണ്ടു പോയി രാവിലെ പതിവിലും വൈകിയാണ് അവൾ ഉണർന്നത്. അവളെ കണ്ട പാടെ അമ്മ ചോദിച്ചു "എന്തോറക്കാ മാളൂട്ട്യേ സ്കൂളിൽ പോകാൻ നേരമായില്ലേ, പോരാത്തേന് ഇന്നലെ രാത്രി മോള് തേങ്ങി കരയുകയായിരുന്നു. അതുപോട്ടെ മോള് പോയി കുളിച്ചോ വണ്ടി ഇപ്പോ വരും". അവൾ തിരിച്ചൊന്നും പറയാതെ കുളിക്കാൻ പോയി. അപ്പോഴേക്കും അച്ഛൻ വാർത്ത വെക്കാൻ തുടങ്ങി വാർത്തയോടൊപ്പം അമ്മയോട് വർത്തമാനവും പറയും അതാ അച്ഛന്റെ ശീലം. "സുമേ ചൈനയിൽനിന്നും കൊറോണ എന്ന വൈറസ് ലോകം മുഴുവൻ വ്യാപിക്കുകയാണത്രേ ഇറ്റലീന്നു വന്ന റാന്നി സ്വദേശികൾക്കും കോവിഡ് 19 ഉണ്ട്. പോരാത്തേന് രണ്ടര വയസുള്ള കുഞ്ഞ് ഐസൊലേഷനിൽ ആണത്രേ. അല്ല മ്മടെ സുമേഷ് ഇറ്റലീലല്ലേ". "അതെ സുമേഷും ഇറ്റലീ ലാണല്ലോ അവനും മറ്റുള്ള എല്ലാർക്കും ഈ അസുഖം ഒക്കെ വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം അല്ലാതെ ഇപ്പൊ എന്താ ചെയ്യാ". അമ്മ മറുപടി പറഞ്ഞു. മാളൂട്ടി പതിവുപോലെ ചായകുടിച്ച് വണ്ടി കാത്തുനിൽക്കാൻ പോയി. ചായ കുടിക്കാൻ വന്നപ്പോൾ അനിയൻ കിച്ചു അവളെ കളിയാക്കിയമാതിരി ചിരിച്ചു. അമ്മ കിച്ചുവിന്റെ അടുത്ത് ഇന്നലെ രാത്രിയിലത്തെ സംഭവം പറഞ്ഞൂന്ന് അവൾക്ക് മനസ്സിലായി. അവൾ അവനെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു. സ്കൂളിലെത്തി കൂട്ടുകാരോടൊത്ത് കഥകൾ പറഞ്ഞും വിശേഷം പറഞ്ഞും അവൾ ഉല്ലസിച്ചു. അതിനിടയിലും അവരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു ഇനി സ്കൂളിൽ ഒരുമിച്ച് പഠിക്കാൻ കഷ്ടി 20 ദിവസം അല്ലേ ഉള്ളൂ എന്നത്. അങ്ങനെ കളിതമാശകൾ പറഞ്ഞവർ ഇരിക്കുമ്പോഴാണ് ടീച്ചർ വന്നത്. " ഇനി നിങ്ങൾ സ്കൂളിലേക്ക് വരേണ്ട ഇന്ന് തൊട്ട് സ്കൂൾ അടയ്ക്കുകയാണ്. കോവിഡ് 19 എന്ന രോഗം ലോകത്ത് ആകെ വ്യാപിക്കുകയാണ്. അതോണ്ട് ആള് കൂടുന്ന പരിപാടികൾ ഒന്നും നടത്തരുതെന്നും മാസ്ക് ധരിച്ചേ പുറത്തിറങ്ങാൻ പാടൂ എന്നൊക്കെയുള്ള സർക്കാർ നിർദ്ദേശം ഉണ്ട്"ടീച്ചർ പറഞ്ഞു. പൊടുന്നനെയുള്ള ആ വേർപിരിയൽ അവരെ വേദനിപ്പിച്ചു. ചിലരുടെ കണ്ണുനിറഞ്ഞു. എങ്കിലും അവധി എല്ലാവർക്കും ഇഷ്ടമാണ്. രോഗത്തിന്റെ ഭീതിയെക്കുറിച്ചവർക്ക് അത്ര ധാരണ ഒന്നൂല്ല്യ. സ്കൂൾ വിട്ടു വന്ന മാളൂട്ടി സ്കൂൾ അടച്ച കാര്യമെല്ലാം അമ്മയുടെ അടുത്ത് പറഞ്ഞു. ചായ കുടിക്കുമ്പോൾ അവൾ പറഞ്ഞു" അമ്മേ മാമൻ ഇറ്റലീലല്ലേ അവിടെയൊക്കെ കൊറോണ ഉണ്ടെന്നാണല്ലോ കേട്ടോ നമുക്ക് മാമനെ വീഡിയോ കാൾ ചെയ്താലോ". മാമൻ ഒരു പാവമാണ് മാമന്റെ കല്യാണം കഴിഞ്ഞിട്ടില്ല കുടുംബത്തിലെ കഷ്ടപ്പാടുകൾക്കിടയിൽ മുത്തശ്ശന് വയ്യാതായപ്പോൾ പണം സമ്പാദിച്ചു ദാരിദ്രത്തിൽ നിന്നും കരകയറ്റാൻ വേണ്ടി എവിടെന്നൊക്കയോ പണം ഉണ്ടാക്കി ഒരു സുഹൃത്തിന്റെ കൂടെ മാമനെ ഇറ്റലിയിലേക്കയച്ചത്. മാമൻ ഞങ്ങളുടെ ഏക പ്രതീക്ഷയാണ്. അമ്മ ഫോൺ എടുത്ത് വീഡിയോ കോൾ ചെയ്തു. മാമനെ കണ്ടപാടെ മാളൂട്ടി ചോദിച്ചു " മാമാ സുഖല്ലേ" മാമൻ ആദ്യം ഒന്ന് ചുമച്ചു എന്നിട്ട് പറഞ്ഞു " മോളെ കൊറോണ കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ല വീടിനകത്ത് ഇരിക്കുകയാണ്. പിന്നെ നല്ല ചുമയും തുമ്മലും ഉണ്ട് ഡോക്ടറെ കണ്ടു ഇത് കൊറോണ യുടെ ലക്ഷണങ്ങൾ ആണെ. 14 ദിവസം നിരീക്ഷണത്തിൽ ഇരിക്കാണ്" "മാമനൊന്നൂല്യ മാമന് വേണ്ടി മാളൂട്ടി പ്രാർത്ഥിക്കാം " ആ കുഞ്ഞിന്റെ നിഷ്കളങ്കമായ സംസാരം മാമന്റെ കണ്ണു നിറച്ചു. പിറ്റേദിവസം മാമന് തുമ്മലും ചുമയും കൂടി മാമനെ വിളിച്ചപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ചു എന്നു പറഞ്ഞു. അമ്മ അത് കേട്ട് കരഞ്ഞ് നിലത്തുവീണു എന്നിട്ട് നിറകണ്ണുകളോടെ പറഞ്ഞു. " മോനെ ഒന്നും പറ്റില്ല. മോനു വിഷമിക്കേണ്ട". പിന്നീട് രണ്ടു ദിവസത്തേക്ക് വിളിയൊന്നും കണ്ടില്ല അങ്ങോട്ട് വിളിച്ചപ്പോൾ മാമന്റെ അവിടെയുള്ള സുഹൃത്ത് പറഞ്ഞു "അവൻ പോയീന്നു ഡോക്ടർമാർ ആവുന്നത്ര ശ്രമിച്ചു പക്ഷേ..... " ആ ദുഃഖകരമായ വാർത്ത കേട്ടതും അമ്മയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണു. ആ വാർത്ത അറിഞ്ഞപ്പോൾ മാളു പൊട്ടിക്കരഞ്ഞു. അവസാനമായി ഒരു നോക്ക് കാണാനാകാതെ മാമൻ യാത്രയായി. ഇനി ആരുടെ വീഡിയോകോളിങിനായി ആണ് കാത്തിരിക്കുക. ഇനി മാമനെ കാണാൻ എന്താണ് ചെയ്യുക " മാമാ...... " എന്ന് ഉറക്കെ വിളിച്ചുകൊണ്ട് തേങ്ങിക്കരഞ്ഞു. സന്ധ്യ മയങ്ങി. കടൽ ആർത്തിരമ്പി. എന്തോ നഷ്ടപ്പെട്ട ദുഃഖത്താൽ കിളികൾ കരഞ്ഞുകൊണ്ട് കൂട്ടിലേക്ക് മടങ്ങുന്നു. രാത്രിയുടെ ഏകാന്തതയിലേക്ക് ആവുന്നുരാത്രിയുടെ ഏകാന്തതയിലേക്ക് രാവ് നീങ്ങുന്നു...... എങ്ങും ശൂന്യത.......


     ------------------------------

(കൊറോണ എന്ന കുഞ്ഞ് ഭീകരന്റെ കലി നമ്മെവിഴുങ്ങുമോ )

ശ്രീനന്ദ
7 c എ.യു.പി,എസ് മാറാക്കര
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ