എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ സാമ്പത്തികമായും ആരോഗ്യപരവുമായ പ്രശ്നങ്ങൾ ഏറെയാണ്. കൂടാതെ നമ്മുടെ രാജ്യത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വളരെയാണ് .കോവിഡ് -19 എന്താണെന്നും അതിനെക്കുറിച്ചുള്ള കണ്ടെത്തലുകളും അത് എത്രത്തോളം മാരകമാണെന്നും അതിനെതിരെ എന്തെല്ലാം മുൻകരുതലുകൾ എടുക്കാൻ പറ്റുമെന്നും ഈ ലേഖനത്തിലൂടെ പ്രതിപാദിക്കുന്നു . എന്താണ് കോവിഡ് - 19? മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കോവിഡ് - 19. സാധാരണഗതിയിൽ ചെറുതായി വന്നു പോകുമെങ്കിലും തീവ്രമായാൽ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും സാധ്യതയുണ്ട് . മനുഷ്യർ, മൃഗങ്ങൾ , പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരി ആകുന്ന ഒരു കൂട്ടം ആർ .എൻ.എ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നതിന്റെ കാരണം അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനതകരാറു വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു . സ്ഥിരമായി ഒരു നിലനിൽപ്പില്ല എന്നതാണ് ഈ വൈറസിന്റെ പൊതു സ്വഭാവം.മറ്റൊരു ജീവിയുടെ കോശത്തിൽകയറിയതിനു ശേഷം ജനിതക സംവിധാനത്തെ പൂർണമായും കീഴ്പ്പെടുത്തി അതിനൊപ്പം പുതിയ വൈറസുകൾ നിർമ്മിക്കാനുള്ള കഴിവും ഇതിനുണ്ട് .കൊറോണകുടുംബത്തിൽ മറ്റ്അ മ്പതോളം വൈറസുകൾ കണ്ടെത്തിയിട്ടുണ്ട് . സാർസ്, മേർസ്എന്നീ രോഗങ്ങൾ കൊറോണ കുടുംബത്തിൽ നിന്നും പുറത്തു വന്ന വൈറസുകൾ ഉണ്ടാക്കിയ രോഗങ്ങളാണ് .കൊറോണ വൈറസിന്റെ ഏറ്റവും തീവ്രമായ രണ്ട് രോഗാവസ്ഥകൾ ആണ് ഇവ. 2002 - 2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നുപിടിച്ച സാർസ് 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. 2012 -ൽ സൗദി അറേബ്യയിൽ മേർസ് കൊന്നൊടുക്കിയത് 858 പേരെയാണ് .ഇവയും കൊറോണാ വൈറസ് മൂലം ഉണ്ടായ സാംക്രമിക രോഗബാധകളാണ്. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻസിറ്റിയിൽ ആണ് ഇത് ആദ്യമായി കണ്ടെത്തിയത്. അതിനാൽ ഇതിനെ വുഹാൻവൈറസ് എന്നും വിളിക്കുന്നു . കോവിഡ് -19 ലക്ഷണങ്ങൾ രോഗം ബാധിച്ചവർക്ക് പനി ,വരണ്ട തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ . ചിലപ്പോൾ വയറിളക്കവും വരാം. സാധാരണഗതിയിൽ ചെറുതായി വന്നുപോകുമെങ്കിലും തീവ്രമായാൽആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകാനും മരണംവരെ സംഭവിക്കാനുംസാധ്യതയുണ്ട്. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ് . ജലദോഷപ്പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത് .ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ഇതുവഴി ഇവരിൽ ന്യൂമോണിയ ,ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽരണ്ടു നാല് ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രണ്ടു മുതൽ 14 ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടും .രോഗം മാറി കഴിഞ്ഞാലും 28 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതാണ് .ഒരാൾ ആരോഗ്യവാനാണെങ്കിലും അദ്ദേഹം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരും. ചിലർക്ക് രോഗലക്ഷണങ്ങൾ കാണിക്കുകയില്ല എന്നാൽ ചിലരിൽ പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇതിൻ്റെ രോഗലക്ഷണങ്ങളിൽ ശ്വാസംമുട്ടൽ ആണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഗുരുതരമായ ലക്ഷണം .കൂടുതൽ കഠിനമായ സന്ദർഭങ്ങളിൽ അണുബാധ നിമോണിയ, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, വൃക്കത്തകരാറുകൾ , മരണം വരെ സംഭവിക്കും. കോവിഡ് 19 ബാധിച്ച രോഗിയുടെ ശ്വാസകോശത്തിൽ നിമോണിയ മൂർച്ഛിച്ച് ARDS എന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് വൈറസ് ബാധ ജീവന് ഭീഷണിയാകുന്നത്. മറ്റു രോഗങ്ങൾ ഉള്ളവരാണ് ഈ വൈറസിനെ കൂടുതൽ ഗൗരവമായി കാണേണ്ടത്. രക്തസമ്മർദ്ദം ഗുരുതരമായി താഴ്‍ന്ന് വിവിധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നതും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്നശ്വാസ നിരക്കും അബോധാവസ്ഥയും ഉണ്ടാകാം . എങ്ങനെയാണ് ഈ രോഗം പടരുന്നത് ? ഈ രോഗം ബാധിച്ചവർ സംസാരിക്കുമ്പോഴോ, തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ സൂക്ഷ്മ കണങ്ങൾ പ്ലാസ്റ്റിക് ,stainless steel ,ചെമ്പ് , കാർഡ്ബോർഡ് തുടങ്ങിയ പ്രതലങ്ങളിൽ മണിക്കൂറുകളോളം പറ്റിപ്പിടിച്ചിരിക്കുന്നു . അശ്രദ്ധയോടെ ആളുകൾ ആ പ്രതലത്തിൽ സ്പർശിക്കുമ്പോൾ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു. കോവിഡ് 19 കണ്ണിലൂടെയും മൂക്കിലൂടെയും വായിലൂടെയും പകരാനുള്ള സാധ്യതയും ഏറെയാണ്. ഹസ്തദാനം, ആലിംഗനം തുടങ്ങിയവയിലൂടെയും രോഗം ബാധിച്ച വ്യക്തിയുടെ പ്രവങ്ങളിലൂടെയും ഇതു പകരാം .വൈറസ് ബാധിച്ച ഒരാൾ തൊട്ടവസ്തുക്കളിൽ വൈറസ് സാന്നിധ്യമുണ്ടാകും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചശേഷം ആ കൈകൾകൊണ്ട് കണ്ണിലോ | മുക്കിലോ, വായിലോ തൊട്ടാലും രോഗം പടരും . ഇടയ്ക്കിടെയുള്ള മുഖത്തെ സ്പർശനവും രോഗം വരുന്നതിന് കാരണമാകുന്നു. മാസ്ക് ധരിക്കുന്നവരും കൂടെ കൂടെ മുഖത്ത് സ്പർശിക്കുന്നതും രോഗമുളവാകുന്നതിന് കാരണമാകും. ഈ രോഗത്തിനുള്ള ചികിത്സ ? പ്രതിരോധ വാക്സിനും പ്രതിരോധ ചികിത്സയും ഇല്ലായെന്നതാണ് ഈ രോഗത്തിൻറെ കാഠിന്യം വർദ്ധിപ്പിക്കുന്നത് .പുതിയ വൈറസ് ആയതിനാൽ കൃത്യമായ ചികിത്സ നിലവിലില്ല .അനുബന്ധ ചികിത്സയാണ് നൽകുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഇവരെ പ്രത്യേകം പാർപ്പിച്ച് ചികിത്സ നൽകുകയാണ് ചെയ്യുന്നത്. ചികിത്സിക്കുന്നവർ വ്യക്തിഗത സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണം .പകർച്ചപ്പനിക്ക് നൽകുന്നതുപോലെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. പനിക്കും വേദനയ്ക്കു മുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ് .ശരീരത്തിൽ ജലാംശം നിലനിർത്താനായിധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ് .രോഗം കുറഞ്ഞാലും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടത് അനിവാര്യമാണ്. ഇങ്ങനെ രോഗബാധിതരെ രക്ഷിക്കാനാവും. ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം? ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴേ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി ശരിയായ ചികിത്സ തേടുക. രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് വ്യക്തി സമ്പർക്കം ഒഴിവാക്കണം. കൈയും മുഖവും ഇടക്കിടെ വൃത്തിയായി കഴുകുന്നതും സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകൾ കഴുകുന്നതും രോഗത്തെ അകറ്റി നിർത്താൻ സഹായകരമാണ് .പൊതുപരിപാടികൾ, ആൾക്കൂട്ട ചടങ്ങുകൾ തുടങ്ങിയ കഴിവതും ഒഴിവാക്കി സാമൂഹിക അകലം പാലിക്കണം. കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറച്ചു വക്കാതെ ആരോഗ്യ പ്രവർത്തകരോട് തുറന്നു പറയണം.പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണം. സോപ്പ് ഉപയോഗിച്ച് 20 സെക്കൻ്റ് ദൈർഘ്യത്തിൽ കൈ കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല ഉപയോഗിച്ച് മുഖം മറയ്ക്കണം. രോഗി സന്ദർശനം ഒഴിവാക്കുക .അങ്ങേയറ്റം ശുചിത്വം പാലിക്കുക .ഇവ വഴി ഈ രോഗം ഒരു പരിധിവരെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് തടയാനാകും . രോഗത്തെ നേരിടുന്നതിന് എന്തെല്ലാം ചെയ്യാനാവും? ' വിവര ശുചിത്വം 'നമ്മൾ പാലിക്കേണ്ടതായിട്ടുണ്ട്. വിദേശ യാത്രകളെക്കുറിച്ചോ, രോഗലക്ഷണങ്ങളെ കുറിച്ചോ തെറ്റായ വിവരങ്ങൾ നൽകരുത് .രോഗ ലക്ഷണങ്ങൾ ഉള്ളവർ പൊതുപരിപാടിയിലും ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലുംപോകരുത്. വീടുകളിൽ ഐസൊലേഷനിൽ ഉള്ളവരെ അനാവശ്യമായി സന്ദർശിക്കരുത്. അശാസ്ത്രീയമായ ചികിത്സകൾ ഒഴിവാക്കുക. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക . കൊറോണ മൂലം രാജ്യത്തുണ്ടായ പ്രതിസന്ധികൾ ? സാമ്പത്തികപ്രതിസന്ധി കോവിഡ്മൂലം രാജ്യ|ത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ ക്രയവിക്രയങ്ങൾ നടക്കാതെയായി. അതു മൂലം ഗവൺമെൻ്റിന് ലഭിക്കേണ്ട നികുതി ലഭിക്കാതെയായി. അതോടൊപ്പം ഫാക്ടറികളും വ്യവസായശാലകളും പ്രവർത്തിക്കാത്തതു കൊണ്ട് ജനങ്ങളിൽ നിന്ന് ലഭിക്കേണ്ട നികുതി ലഭിക്കുന്നില്ല. എന്നാൽ ,ജനങ്ങളുടെ ആരോഗ്യത്തിനും ആഹാരത്തിനും വേണ്ടി ഗവൺമെന്റെിന്പണം മുടക്കേണ്ടി വരുന്നു. ഈ സന്ദർഭത്തിൽ രാജ്യം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും രാജ്യാന്തര ബാങ്കുകളിൽനിന്നും പണം കടം എടുക്കേണ്ടി വരുന്നു. തൊഴിൽ നഷ്ടപ്പെട്ടവരെ പുനരുദ്ധരിക്കുന്നതിനു വേണ്ടി തൊഴിൽശാലകൾ, സ്വയംതൊഴിൽ പദ്ധതി, വ്യവസായശാലകൾ ,പുതിയ സംരഭങ്ങൾ എന്നിവ ഉത്തേജിപ്പിക്കുന്നതിന് ഗവൺമെന്റിന് ഭാരിച്ച ചെലവുണ്ട്. കൊറോണയെ നേരിടാൻ നമ്മുടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ ആവശ്യംതന്നെ. പക്ഷേ 28 ദിവസമോ,അതിലധികമോ ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ കൂലിപ്പണിക്കാർക്കും , കർഷകർക്കും, തൊഴിലാളികൾക്കും ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ വിലയിരുത്തണം . അവ പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം. എല്ലാവർക്കും തൊഴിൽ നൽകി സാമ്പത്തിക പ്രശ്നം പരിഹരിക്കുക സാധ്യമല്ല. അതുകൊണ്ട് സ്വന്തമായ രീതിയിൽ തൊഴിൽ കണ്ടെത്തുന്നതിനുള്ള പരിശീലനം യുവജനങ്ങൾക്ക് നൽകണം. പുതിയസംരംഭങ്ങൾ ആരംഭിക്കുവാനുള്ള സാമ്പത്തിക സഹായവും മറ്റും നൽകണം .യുവജനങ്ങളെ കൃഷിയിലേക്കു ആകർഷിക്കണം .ഓരോ വീടും ഒരു "തൊഴിൽശാല ആക്കി "മാറ്റാനുള്ള പദ്ധതി രൂപീകരിക്കണം. പ്രവാസികളുടെ പ്രതിസന്ധികൾ പുതിയ ഒരു സാഹചര്യം കൂടി രൂപപ്പെടുന്നു. പ്രവാസികളുടെ പ്രശ്നമാണിത് .കോവിഡ്- 19 കേരളത്തിൽ കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിൽ പ്രവാസികളെ കൊണ്ടുവരേണ്ടത് പ്രഥമ പരിഗണന അർഹിക്കുന്നതാണ് . അവരും നമ്മുടെ രാജ്യത്തിൻ്റെ മക്കൾ ആണല്ലോ .മറ്റു രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർ കൂട്ടത്തോടെ മടക്കി കൊണ്ടുവരേണ്ട സാഹചര്യങ്ങൾ ഇപ്പോഴുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് വിമാനസർവീസുകൾ ആരംഭിച്ചാൽ എത്തിച്ചേരുന്ന പ്രവാസികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. കാരണം അവർ രാജ്യത്തിനു വേണ്ടി പുറം രാജ്യങ്ങളിൽ പോയി പണിയെടുത്തവരാണ്. അവരെ ഒരിക്കലും വിസ്മരിക്കാൻ സാധ്യമല്ല. ഇവർക്ക് വേണ്ടിയുള്ള താമസസൗകര്യവും ആശുപത്രി സൗകര്യങ്ങളും ചികിത്സയും ഒരുക്കേണ്ടതുണ്ട്. വിദേശത്തുനിന്ന് വരുന്നവരുടെ വിശദാംശങ്ങൾ പരിശോധിച്ച് നിരീക്ഷണത്തിലാക്കണം. ഗതാഗതവകുപ്പ് യാത്രാസൗകര്യം ഏർപ്പെടുത്തണം. വിമാനത്താവളങ്ങൾക്ക് സമീപം quarantine സൗകര്യം ഒരുക്കണം. പുറത്ത് കുടുങ്ങിപ്പോയആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം. വയോജനങ്ങൾ ,വിസിറ്റിംഗ് വിസയിൽ പോയി മടങ്ങുന്നവർ, ഗർഭിണികൾ, കുട്ടികൾ ,കോവിഡ്അല്ലാത്ത ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രഥമ പരിഗണന നൽകണം .വിദേശത്തുനിന്ന് തിരിച്ചുവരുന്നവർക്കായി ക്വാറന്റയിൻ സംവിധാനങ്ങൾ ഒരുക്കണം .ആശുപത്രി സംവിധാനങ്ങൾ ഏറെയുള്ള സ്ഥലങ്ങളിലെ സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ അതിനുവേണ്ടി മുൻകൂട്ടി ക്രമീകരിക്കണം. വിദേശത്തു നിന്നും വരുന്ന പലർക്കും അവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ സാധ്യമല്ലാതെ വന്നേക്കാം. അങ്ങനെയുള്ളവർ അവരുടെ അഭിരുചിക്കനുസരിച്ച് വ്യവസായശാലകൾ തൊഴിൽ പദ്ധതികൾ എന്നിവ ആരംഭിക്കുന്നതിനുള്ള ഒരു പദ്ധതി രൂപീകരിക്കണം. കൊറോണ വൈറസ് മറ്റു മേഖലകളെ എങ്ങനെ ബാധിക്കുന്നു ? വിദ്യാഭ്യാസമേഖല ലോകത്തെ സകല മേഖലയിലും എന്നപോലെ വിദ്യാഭ്യാസ മണ്ഡലത്തിലും കോവിഡ് -19 വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. സാമൂഹ്യ അകലം പാലിക്കേണ്ടതുകൊണ്ട് വിദ്യാലയങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ സാധിക്കന്നില്ല പരസ്പരം കൈകോർത്ത് പ്രവർത്തിക്കാനുള്ള ക്രിയാത്മകമായ മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് ഇവിടെ പ്രധാനം. കൂടാതെ മറ്റുള്ളവർക്ക് വേണ്ടി എന്തെല്ലാം ചെയ്യാൻ സാധിക്കുംഎന്ന് ചിന്തിക്കണം. മറ്റുള്ളവർക്കുകൂടി മാതൃകയാകുന്ന വിധത്തിലുള്ള പുതിയ ചുവടുവയ്പ്പുകൾ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കണം. സമൂഹത്തിൽ ഈ രോഗം നീണ്ടുനിൽക്കുകയാണെങ്കിൽ വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾക്ക് അധ്യായന വർഷം തുടർന്നുകൊണ്ടുപോകാൻ ഓൺലൈൻ ക്ലാസുകളും രാജ്യത്തിന്റെ വാർത്താവിനിമയ സംവിധാനങ്ങളും ലൈബ്രറികളും ബന്ധിപ്പിച്ചുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. അങ്ങനെ വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവുകൾ പകർന്നു നൽകാൻ സാധിക്കുമോ എന്ന് ചിന്തിച്ച് വിദഗ്ധരായ ശാസ്ത്രജ്ഞന്മാരുടെ കഴിവുകൾ ഇതിനായി പ്രയോജനപ്പെടുത്തണം. അപ്പോഴും സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുറഞ്ഞ ചെലവിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ അവരിലേക്ക് എത്തിക്കേണ്ടത് ആയിട്ടുണ്ട്. അതിനായി സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സമ്പത്തായ നമ്മുടെ കുട്ടികൾ പിന്നോക്കം പോകാൻ ഇടവരും .അങ്ങനെ നമ്മുടെ രാജ്യം മറ്റ് രാജ്യങ്ങൾക്കിടയിൽപിന്നോട്ടു പോകാൻ ഇട വന്നേക്കാം .ഈ മേഖലയിൽ സർക്കാരിൻ്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധ പതിയേണ്ടത് അനിവാര്യമാണ്. ടൂറിസം ടൂറിസവുമായി ബന്ധപ്പെട്ടുള്ള എല്ലാ വ്യാപാരകേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട ജനവിഭാഗങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടതുമൂലം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ലോകത്ത് അവസാനത്തെ കൊറോണ രോഗിയും സുഖപ്പെട്ടാൽ മാത്രമേ ലോക ടൂറിസവും ലോകമെമ്പാടുമുള്ളഗതാഗതവും നടപ്പാക്കാൻ സാധ്യതയുള്ളു. സിംഗപ്പൂരിലും ജപ്പാനിലും ചൈനയിലും നിയന്ത്രണ വിധേയമായ രോഗം പിന്നീട് രണ്ടു മാസത്തിനു ശേഷം വീണ്ടും നിയന്ത്രണാതീതമായി തുടരുന്നത് നാം കണ്ടതല്ലേ? കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളാണ് എത്തിയത്. ഇവർ വഴി കോടിക്കണക്കിനു വിദേശ നാണയം ലഭിച്ചു. സീസൺ അതിന്റെ പാരമ്യത്തിൽ എത്തി നിന്നസമയത്തുതന്നെ കോവിഡ് ഭീതി അലയടിച്ചതോടെ ടൂറിസം മേഖല സ്തംഭിച്ചു. പല ഹോട്ടലുകളിലും റിസോർട്ടുകളിലും ഇപ്പോഴും പോകാനാതെ വിദേശികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ടൂറിസം മേഖലയിലെ തൊഴിലാളികളൊക്കെ ആശങ്കയിലാണ് .ടൂറിസം പ്രധാന ഉപജീവന മാർഗ്ഗമാക്കിയവരുടെ പ്രശ്നങ്ങൾ ഇതുവരെ സർക്കാരിനു മുന്നിലും എത്തിയിട്ടില്ല. കാർഷിക മേഖല തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും കൊറോണ പോലുള്ള അപ്രതീക്ഷിത മഹാമാരികളും കേരളത്തിലെ കാർഷിക മേഖലയിൽ ഏല്പിക്കുന്ന ആഘാതം കനത്തതാണ്. ഭക്ഷ്യ ആവശ്യങ്ങൾക്കു വേണ്ടി പൂർണ്ണമായും തന്നെ അന്യസംസ്ഥാന കമ്പോളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കേരളം ഇന്ന്.ഇന്ത്യയിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ പോലെ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിന്റെ ഭവിഷ്യത്തുകൾ ഏറ്റവുമധികം നേരിടേണ്ടി വരിക കേരളത്തിൽ ഉള്ളവർ ആയിരിക്കും.സംസ്ഥാനാന്തര അതിർത്തികൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടാൽ കേരളത്തിന് അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല. കോവിഡ്നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചരക്കു വാഹനങ്ങളുടെയും കയറ്റിറക്ക് തൊഴിലാളികളുടെയും അഭാവം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ സർക്കാരിന്റെ ശക്തമായ ഇടപെടൽ അനിവാര്യമാണ്. വാർഷിക ബജററുകളിൽ കാർഷിക മേഖലയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്ന തുക അപര്യാപ്തമാണ്. കാർഷികമേഖലയെ കൈപിടിച്ചുയർത്താൻ കിസാൻ ക്രെഡിറ്റ് കാർഡ് പോലുള്ള പദ്ധതികൾ കൂടുതൽ വ്യാപകമാക്കണം. പുതിയ കർഷകസംസ്കാരം ഉദ്യോഗസ്ഥർക്കിടയിലും കൃഷിക്കാർക്കിടയിലും ചെറുകിട തൊഴിലാളികൾക്കിടയിലും നിയമം മൂലം നടപ്പാക്കേണ്ടതാണ്. വിള ഇൻഷുറൻസ് പദ്ധതികൾ പോലുള്ള കൃത്യമായി ടാർജറ്റ്ചെയ്യുന്ന പദ്ധതികൾ വേണം .അതു വഴി കൈപിടിച്ചുയർത്താം. വ്യവസായമേഖല അപ്രതീക്ഷിത പ്രതിസന്ധി രാജ്യത്തെ വ്യാവസായിക ഉത്പാദനത്തെ തകിടം മറിചേക്കും. അതിന്റെ പ്രത്യാഘാതങ്ങൾ തൊഴിൽ വിപണിയിലുമുണ്ടാകാം. ഒട്ടുമിക്ക വ്യാവസായിക ഉൽപന്നങ്ങൾക്കുംവേണ്ട അസംസ്കൃതവസ്തുക്കൾ ഉൽപാദിപ്പിക്കുന്നത് ചൈനയാണെന്നിരിക്കെ കൊറോണ ബാധിതമായ ചൈനയിൽ നിന്ന് കുറേ നാളുകളായി അവ പുറംലോകത്ത് എത്താത്തതിനാൽ അവ ഉപയോഗിച്ചുള്ള വ്യവസായങ്ങൾ നിശ്ചലമായി കൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന വിസ്തൃതമായ വിപണിയെ ലക്ഷ്യം വച്ച് മറ്റു രാജ്യങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു. " വലിയവനാണെന്ന് കരുതി അഹങ്കരിച്ചിരുന്ന മനുഷ്യൻ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത വൈറസിന്റെ മുന്നിൽ പകച്ചുപോയ നിമിഷം. സ്നേഹവും ദയയും കാരുണ്യവുമാണ്ഏറ്റവും വലിയതെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നു .രണ്ടു പ്രളയത്തെയും ഈ മഹാമാരിയെയും നേരിട്ട കേരള ജനതയ്ക്ക് ഇതല്ല ഇതിനപ്പുറമുള്ള പ്രതിസന്ധിയെയും നേരിടാൻ ഈശ്വരകൃപയിൽ ആശ്രയിച്ചു കൊണ്ട് സാധിക്കും .ഇതിനു മുന്നിൽ നിന്ന് നയിക്കുന്ന ഭരണ നേതൃത്വങ്ങൾക്കും രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നന്ദി പറയാതെ വയ്യ. ഒന്ന് അറിയാം. കേരളീയ ജനതയായ നമ്മൾ ഇതിനെ അതിജീവിക്കും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |