എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/എന്റെ ഗ്രാമം

ചൂരക്കോട്

ശ്യാമസുന്ദരകേരകേദാരമായ കേരളം എന്നും വൃക്ഷലതാദികളേ ആദരിച്ചിരുന്നു.എത്രയോ സ്ഥലനാമങ്ങളും
വീട്ടുപേരുകളും വൃക്ഷനാമങ്ങളില്‍ ആരംഭിക്കുന്നു. പാലക്കാടും തേക്കടിയും കൈതമുക്കും കാഞ്ഞിരപ്പള്ളിയും നമുക്കപരിചിതമല്ല.

അടൂര്‍ താലൂക്കില്‍പ്പെട്ട ചൂരക്കോട് ഗ്രാമത്തിന് ആപേരുകിട്ടാന്‍ കാരണവും മറ്റൊന്നല്ല.പണ്ടവിടെ ചൂരല്‍വള്ളികള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന
കുറ്റിക്കാടായിരുന്നുവത്രേ.ചൂരല്‍ക്കാട് പറഞ്ഞു പറഞ്ഞ് ചൂരക്കോടായി മാറിയപ്പോള്‍ കുറ്റിക്കാടുകള്‍ക്കിടയിലെ ക്ഷേത്രമാകട്ടെ കുറ്റിയില്‍ ദേവിക്ഷേത്രമായും
പിന്നീട് അവിടെയുയര്‍ന്നു വന്ന വിദ്യാലയം കുറ്റിയില്‍ സ്കൂളായും മാറി.

കല്ലടയാറിന് സമീപസ്ഥമായ ഈപ്രദേശത്തിനു പറയാന്‍ മഹാഭാരതകഥകളുമുണ്ട്.

സ്കൂളിന് സമീപത്തായി ഒരു മലയുണ്ട്. ഇപ്പോള്‍ നെടുംകുന്ന് എന്നറിയപ്പെടുന്ന ഈ പ്രദേശം പണ്ട് പാണ്ഡവന്‍ കുന്ന് എന്നാ​​ണത്രേ
അറിയപ്പെട്ടിരുന്നത്. കാരണം പാണ്ഡവര്‍ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നുവത്രേ.അന്ന് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന
ഒരുകിണര്‍ഇപ്പോഴും അവിടെയുണ്ട്.ആകിണറ്റില്‍ ഒരുവലിയമീനുണ്ടെന്നും അത് വാലനക്കുമ്പോള്‍ ശാസ്താംകോട്ട കായലില്‍ ഓളങ്ങളുണരുമെന്നും
ആള്‍ക്കാര്‍ വിശ്വസിക്കുന്നു. റബര്‍ മരങ്ങള്‍ വളര്‍ന്ന് ഇടതൂര്‍ന്ന വനങ്ങള്‍ ചുറ്റുപാടും രൂപപ്പെടുന്നതിനുമുന്‍പുവരെ നെടുംകുന്നില്‍ നിന്നാല്‍
ശാസ്താംകോട്ടക്കായല്‍ കാണാമായിരുന്നു.

നെടുംകുന്നിന്‍റെ താഴ്വരയില്‍ ഒരുവില്ലാശാന്‍ കുടുംബം താമസിച്ചിരുന്നുവെന്നും വെളുത്തടത്തില്‍ എന്നാണ് വീട്ടുപേര്‍
അറിയപ്പെട്ടിരുന്നതെന്നും പറയുന്നു.അവര്‍ ദിവസവും പാണ്ഡവന്‍മാര്‍ക്കു് വില്ലും ശരങ്ങളും മലമുകളിലെത്തിച്ചിരുന്നു.അതിനുപകരമായി
അവര്‍ക്ക് പാണ്ഡവര്‍ 10 പൊന്‍പണം കൊടുക്കുമായിരുന്നു.അതിമോഹിയായ ഒരുവില്ലാശാന്‍ രജസ്വലയായിരുന്ന പത്നിയെ പാണ്ഡവ-
സവിധത്തിലേക്കയച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അവിടം വിട്ടുപോയിയത്രേ.ദു:ഖിതരായ വില്ലാശാന്‍മാരും അവിടം വിട്ടു.

പാണ്ഡവരും കൗരവരുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ സമീപപ്രദേശങ്ങള്‍ക്കും പറയാനുണ്ട്.
കേരളത്തിലെ ഏക ദുര്യോധനക്ഷേത്രം സ്ഥിതിചെയ്യുന്ന മലനട ,ശകുനിയെ ആരാധിക്കുന്ന മറ്റൊരു
മലനട>എന്നിവയും (കൂടുതല്‍ അറിയാന്‍ സമീപപ്രദേശങ്ങളാണ്.


ഈപ്രദേശങ്ങള്‍ ആദികാലവിവരങ്ങളുടെ അക്ഷയഖനികളായിരിക്കാം,ഉള്‍ഖനനം,
പൊട്ടിപ്പോയ ഭൂതകാലചങ്ങലകളെ കൂട്ടിവിളക്കിയേക്കാം എന്നൊക്കെയാണ് ചരിത്രകുതുകികളുടെ അഭിപ്രായം