സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം ആകുലതകളില്ലാതെ

12:11, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം ആകുലതകളില്ലാതെ

ചെറിയൊരു രോഗം വന്നാൽ അപ്പോൾതന്നെ ആശുപത്രിയിൽ പോകുന്നവരാണ് നമ്മളിൽ പലരും. അത് നിസ്സംശയം പറയാൻ കഴിയും അതിന് ആരെയും കുറ്റം പറയാനും പറ്റില്ല. വലിയ വലിയ പകർച്ചവ്യാധികൾ പകരുന്ന ഇക്കാലത്ത് ഒരു ചെറിയ പനി വന്നാൽ പോലും എല്ലാവർക്കും വേവലാതിയാണ്. പക്ഷേ നമുക്ക് കഴിയും വിധം പ്രഥമശുശ്രൂഷകൾ ചെയ്യാൻ നാം ബാധ്യസ്ഥരാണ്. അതുപോലെത്തന്നെ രോഗപ്രതിരോധത്തിനുവേണ്ട മുൻകരുതലുകൾ എടുക്കാനും നാം ബാധ്യസ്ഥരാണ് എന്ന കാര്യം നാം വിസ്മരിക്കരുത്.

2018 – 19കാലയളവിൽ നമ്മെ തകർത്ത, പ്രകൃതിക്ക് നാം കൊടുത്തതിന് തിരിച്ചടിയായി പ്രകൃതി നമുക്കായൊരുക്കിയ പ്രളയത്തെ, കേരളജനതയ്ക്ക് മറക്കാനാവില്ല. ഭയപ്പെടുത്തിയ ഒരു മഹാവിപത്തുതന്നെയായിരുന്നു പ്രളയം. അനേകം ജീവനുകൾ പൊലിഞ്ഞു. മാതാപിതാക്കളെയും മക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടവർ അനവധിയായി. ഭരണനേതാക്കൻമാരും ജനങ്ങളും രക്ഷാപ്രവർത്തകരും എല്ലാവുരും ഒരുമിച്ച് കൈകോർത്ത് നിന്നതിനാലാണ് മരണസംഖ്യ കുറച്ചെങ്കിലും കുറയ്ക്കാൻ നമുക്കായത്. വെള്ളപ്പൊക്കത്തിൽ തോണിയിൽ കയറാൻ തന്റെ മേനികാണിച്ചുകൊടുത്ത മത്സ്യത്തൊഴിലാളിയും തന്റെ സ്വപ്നത്തിനുവേണ്ടി മാറ്റിവച്ച തുക ദുരിതാശ്വാസഫണ്ടിലേക്ക് ദാനം ചെയ്ത് വിദ്യാർത്ഥിസുഹൃത്തുക്കളും ദുരിതാശ്വാസക്യാമ്പിനുള്ളിൽ സജീവമായി നിന്ന നമ്മുടെ പൗരന്മാരുമെല്ലാം പ്രളയഘട്ടത്തിൽ മാതൃകയായി.

ഇതുപോലെതന്നെയാണ് നിപ്പയെ നാം തുരത്തിയതും കോറോണയെ നാം തുരത്തുന്നതും. ഇങ്ങനെത്തന്നെയാണ് തുരത്തേണ്ടതും. ഒത്തൊരുമിച്ച് ആരോഗ്യപ്രവർത്തകരെ അനസരിച്ചും നമുക്ക് നമ്മുടെ ജീവനും സഹോദരങ്ങളുടെ ജീവനും രക്ഷയ്ക്കായി വർത്തിക്കാം.

വവ്വാലിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഒരു വൈറസാണ് നിപ്പ. കാലിക്കറ്റിനെ ആശങ്കയിലാഴ്ത്തിയ നിപ്പ എന്ന വിപത്ത് അനേകം പേരുടെ ജീവനെടുത്തു. എന്നാൽ അതിവേഗത്തിൽത്തന്നെ നിപ്പയെ തുരത്താൻ നമുക്ക് സാധിച്ചു. നമ്മുടെ സംസ്ഥാനസർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ജനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഇതിനുകാരണം. നമുക്ക്, കേരളജനതയ്ക്ക് കിട്ടിയ അഭിമാന മണിരത്നങ്ങളാണ് നമ്മുടെ ഭരണനേതാക്കന്മാരും ആരോഗ്യവകുപ്പും. രോഗപ്രതിരോധത്തിനായുള്ള പലനിർദേശങ്ങളും കെ.കെ ശൈലജടീച്ചറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് നമുക്ക് നൽകിയപ്പോൾ, നമ്മുടെ ഭരണനേതാക്കന്മാരും മറ്റു ചിലരും ആ നിർദേശങ്ങൾ നമ്മോട് ആവർത്തിച്ചപ്പോൾ, നാം അതനുസരിച്ചതിന്റെ ഫലം കൂടിയാണ് നിപ്പയെ നമുക്ക് തുരത്താനായത്.

ഇപ്പോൾ ലോകമെമ്പാടും കാർന്നുതിന്നുകൊണ്ടിരിക്കുന്ന മഹാവിപത്താണ് കോറോണവൈറസ്. ചുമ, പനി, ശ്വാസതടസ്സം, തൊണ്ടവേദന, ശ്വാസംമുട്ടൽ, എന്നിവയാണ് കോവിഡിന്റെ ലക്ഷണങ്ങൾ. ചൈന എന്ന ഒരു രാജ്യത്തിൽനിന്ന് തുടങ്ങി ഇന്ന് അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, ഇന്ത്യ തുടങ്ങിയ ലോകരാഷ്ട്രങ്ങളിൽ വരെ ഭയാനകതരംഗമായിരിക്കുകയാണ് കോറോണ വൈറസ്. പതിനായിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞു. ഇറ്റലി, അമേരിക്ക തുടങ്ങിയ ലോകരാഷ്ട്രങ്ങളിൽ മരണസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും കർഫ്യുവും ലോക്ക്ഡൗണും നർബന്ധമാക്കി.

LOCKDOWN നിയമങ്ങൾ ലംഘിക്കുന്നവരെ പോലീസ് അറസ്റ്റുചെയ്യുന്നുണ്ട്. ഇന്ത്യയിൽ ;എന്തിന് കേരളത്തിൽത്തന്നെ പതിനായിരക്കണക്കിന് പോലിസ് കേസുകൾ നിലവിലുണ്ട്. അത്യാവശ്യഘട്ടങ്ങളിൽമാത്രം പുറത്തിറങ്ങാൻ അനുമതിതന്നു. അത്യാവശ്യസാധനങ്ങൾ വില്ക്കുന്ന കടകൾക്ക്മാത്രം രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ തുറക്കാൻ അനുമതി നൽകി. എന്നിട്ടും അതനുസരിക്കാതെ കറങ്ങിനടക്കുകയാണ് നമ്മളിൽപലരും. ഇതുമൂലം ഉണ്ടാകുന്ന വിപത്ത് മറ്റുള്ളവർക്കുമാത്രമല്ല തനിക്കുകൂടിയാണെന്ന ചിന്ത നാം മറക്കരുത്.

നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവിതത്തിനും സുരക്ഷയേകാൻ കോറോണ എന്ന കോവിഡ് 19 നെ തുരത്തേണ്ടത് അനിവാര്യമായ ഒന്നാണ്. ലോക്ക്ഡൗൺ കൊണ്ടുമാത്രം ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്കാകില്ല. ആരോഗ്യവകുപ്പും ലോകാരോഗ്യസംഘടനയും പറയുന്ന നിർദേശങ്ങൾ പാലിച്ചേ മതിയാകൂ.

കൈ കഴുകിയും മാസ്കുകൾ ധരിച്ചും മറ്റു നിർദേശങ്ങൾ പാലിച്ചും നമുക്ക് കോറോണയെ അകറ്റാൻ പരിശ്രമിക്കാം. ഈ വിഷമഘട്ടത്തിലും എടുത്തുപറയേണ്ട ചില വ്യക്തിത്വങ്ങളുണ്ട്. നമ്മുടെയെല്ലാം ജീവന് താങ്ങായി തണലായി വർത്തിക്കുന്ന ചില വ്യക്തിത്വങ്ങൾ. എല്ലാ ജില്ലാകളക്ടർമാരും എം.എൽ.എമാരും എം.പി മാരും മറ്റ് ഭരണനേതാക്കന്മാരും നമ്മുടെ കേരളസർക്കാർ, കെ.കെ ശൈലജടീച്ചറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ്, ആശാവർക്കർമാർ, നമ്മുടെ മുഖ്യനേതാവ് ശ്രീ പിണറായി വിജയൻ, നമുക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകുന്ന ലോകാരോഗ്യസംഘടന (WHO) , പിന്നെ നാമോരോരുത്തരും അഭിനന്ദനമർഹിക്കുന്നവരാണ്.

21 ദിവസമെന്നല്ല ഇനിയും കുറേ കാലം വീട്ടിലിരുന്നായാലും ശുചിത്വമാർഗങ്ങൾ സ്വീകരിച്ച് കോവിഡിനെ തുരത്തുമെന്ന് ദൃഢപ്രതിജ്ഞയെടുക്കാം. രോഗത്തെ നാം പ്രതിരോധിക്കും എന്ന് സ്വയംവിശ്വസിച്ചാൽ രോഗത്തെ നമുക്ക് പൂർണ്ണമായി അകറ്റാൻ സാധിക്കുമെന്ന് നാം തിരിച്ചറിയണം.

പേടിയെ അകറ്റി ആത്മവിശ്വാസത്തെ നെഞ്ചിലേറ്റിയാൽ കോറോണയെ എന്നല്ല ഏത് രോഗത്തിനെയും തുരത്താൻ നമുക്ക് കഴിയും. ചിരികൊണ്ട് കാൻസറിനെ തുരത്തിയ ശ്രീ ഇന്നസെന്റിനെ നമുക്ക് മാതൃകയാക്കാം. കൂടാതെ ആരോഗ്യവകുപ്പ് നമുക്ക് തരുന്ന നിർദ്ദേശങ്ങൾ കൂടി പാലിച്ചാൽ ഏതുരോഗത്തിനെയും പ്രതിരോധിക്കാൻ നമുക്ക് കഴിയും. രോഗപ്രതിരോധത്തിനുള്ള മരുന്ന് മെഡിസിൻ മാത്രമല്ല, ആത്മവിശ്വാസം കൂടിയാണെന്ന് തിരിച്ചറിയുക.

വൈഗ ടി എസ്
8 E സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം