ആധുനികതയിലെ വെല്ലുവിളി
ലോക ചരിത്രത്തിലെ തന്നെ അസാധാരണമായ പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ ദിനരാത്രങ്ങൾ കഴിയുന്തോറും നമ്മുടെ അമ്മയായ ഭൂമി മലിനപ്പെടുത്തുകയും അമിത ചൂഷണത്തിന് ഇരയാവുകയും ചെയ്യുന്നു. മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ പ്രവർത്തികൾ ഭൂമിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനെതിരെ ഭൂമിക്കും പ്രതികരിക്കാൻ ആകുമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങളും ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ കെൽപ്പുള്ള കൊറോണ പോലെയുള്ള മഹാമാരികളും .
ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാം പല ദിനങ്ങളും ആചരിക്കാറുണ്ട് . എന്നാൽ മനുഷ്യന്റെ പരിസ്ഥിതി സ്നേഹം ആ ദിനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അന്നു മാത്രം പ്രകൃതിയെ സ്നേഹിച്ചിട്ട് കാര്യമില്ല. എല്ലാ ദിവസവും പരിസ്ഥിതിയെ സ്നേഹിക്കുക, സംരക്ഷിക്കുക, പരിപാലിക്കുക എന്നിവ ഭൂമിയിലെ പൗരന്മാരായ നമ്മുടെ കടമയാണ്. നാമിന്ന് വസിക്കുന്ന ഭൂമി നമുക്ക് മാത്രമുള്ളതല്ല, വരുംതലമുറകൾക്കും ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്കും കൂടി ഉള്ളതാണ്..
ഇന്ന് നമ്മളിൽ പലരും ഭൂമിക്ക് വിരുദ്ധമായി ചില പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ ഇനിമുതൽ വിരുദ്ധ പ്രവർത്തികൾ മാറ്റി നിർത്തി ഭൂമിക്കും പരിസ്ഥിതിക്കും അനുകൂലമായ ചെയ്ത് ഭൂമിയെ വൃക്ഷലതാദികളുടെ കലവറയാക്കി മാറ്റണം. വ്യക്തി ശുചിത്വത്തിൽ മുന്നിൽ നിൽക്കുന്ന മലയാളികൾ പരിസര ശുചിത്വത്തിൽ ഏറെ പിന്നിലാണ്. റോഡരികിൽ അലക്ഷ്യമായി മാലിന്യങ്ങൾ തള്ളുന്നത് നമ്മുടെ നാട്ടിലെ തന്നെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. ഇവിടെയാണ് Plogging എന്ന സ്വീഡിഷ് വ്യായാമമുറ യുടെ പ്രാധാന്യം എടുത്തു പറയേണ്ടത്. രാവിലെ ജോഗ്ഗിങ്ങിന് ഇറങ്ങുമ്പോൾ കയ്യിൽ ഒരു സഞ്ചി കരുതുക, എന്നിട്ട് ജോഗിങ് ചെയ്യുന്ന വഴിയിൽ കാണുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഈ സഞ്ചിയിൽ ഇടുക. വീട്ടിലെത്തിയ ശേഷം ഇത് സംസ്കരിക്കുക. ഇതാണ് Plogging. ഇതുവഴി പരിസരം ശുചിത്വം ഉള്ളതാക്കാൻ കഴിയും..
ഡൽഹി പോലെയുള്ള വൻനഗരങ്ങൾ ഇന്ന് മലിനീകരിക്കപ്പെടുന്ന യാണ്. നാം നമ്മുടെ പരിസരം ശുചിത്വം ഉള്ളതാകണം. ഡ്രൈ ഡേ യുടെ പ്രാധാന്യവും വലുതാണ്. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. ഭൂമിയെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പ്ലാസ്റ്റിക് എന്ന മനുഷ്യനിർമ്മിത വസ്തുവാണ് . അലക്ഷ്യമായി പ്ലാസ്റ്റിക് മണ്ണിലേക്ക് എറിയപ്പെടുമ്പോൾ ഇല്ലാതാവുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത യാണ്. 2020 ജനുവരി ഒന്നുമുതൽ കേരള സർക്കാർ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനം ആശ്വാസമേകുന്ന താണ്. ഇതുവഴി പ്ലാസ്റ്റിക് ഉപയോഗം ക്രമാതീതമായി കുറയ്ക്കാം..
ചരിത്ര കാലത്തോ ചരിത്രാതീതകാലത്തോ സാക്ഷ്യം വഹിക്കാൻ കഴിയാത്ത മഹാമാരികളായ രോഗങ്ങൾക്ക് ഇടയിലൂടെയാണ് നാം ഇന്ന് സഞ്ചരിക്കുന്നത്.
ലോകത്തെ മനുഷ്യരുടെ ജീവിത ക്രമം മാറ്റാൻ കെൽപ്പുള്ള പ്ലേഗും കോളറയും സ്പാനിഷ് ഫ്ലൂവും എത്തിയെങ്കിലും ലോകം അന്ന് ആധുനികമായിട്ടില്ല. എന്നാൽ ആധുനികമായ ഈ കാലഘട്ടത്തിന് വെല്ലുവിളി ഉയർത്തി കോവിഡ് 19 എത്തി. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെയും നവോത്ഥാനത്തിന്റെ നാടുമായഇറ്റലിയെയും കോവിഡ് 19 തളച്ചിട്ടു. ചൈനയിലെ വുഹാൻ ആണ് ഇതിന്റെ പ്രഭവകേന്ദ്രം എങ്കിലും ലോകരാജ്യങ്ങളെ തന്റെ കാൽക്കീഴിലാക്കി ഈ വൈറസ് മുന്നേറുന്നു. .
ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഈ രോഗം ബാധിച്ചു നിസ്സഹായകരായി മരിച്ചു വീഴുന്നത്. രാവിലെ ഉറ്റവരോ ടൊപ്പം പ്രാതൽ കഴിച്ചു രാത്രി പരലോകത്തു പൂർവികരോടൊപ്പം അത്താഴം കഴിക്കേണ്ടി വരുന്ന എത്രയെത്ര മനുഷ്യർ !..
ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം പറയേണ്ടത് . രോഗപ്രതിരോധശേഷി ഇല്ലെങ്കിൽ എല്ലാ രോഗങ്ങൾക്കും മുന്നിൽ നമുക്ക് മുട്ടുകുത്തേണ്ടിവരും. രോഗപ്രതിരോധശേഷി നേടണമെങ്കിൽ സമീകൃതാഹാരം കഴിക്കണം ,ധാരാളം വെള്ളം കുടിക്കണം, വ്യായാമത്തിൽ ഏർപ്പെടണം. ഇതൊക്കെ ചെയ്താൽ മാത്രമേ നമുക്ക് രോഗങ്ങളെ പ്രതിരോധിച്ചു മുന്നോട്ടുപോകാൻ കഴിയൂ..
പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക, ശുചിത്വം ശീലമാക്കുക അതോടൊപ്പം ആധുനിക ലോകത്തിന് വെല്ലുവിളി ഉയർത്തുന്ന മഹാമാരികളെ തടയാൻ ജാഗ്രത പുലർത്തി ഉറച്ച ചുവടുകളോടെ മുന്നോട്ട് കുതിക്കുക.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|