എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/കൊറോണഎന്നമഹാമാരി
കൊറോണഎന്നമഹാമാരി
ആദിമമനുഷ്യൻ സന്തോഷത്തോടെ പാർത്തിരുന്ന സ്നേഹഭവനമാണ് നമ്മുടെ ഭൂമി. ആവശ്യാനുസരണം കായ്കനികൾ കഴിച്ച്, നീരുറവകളിൽ നിന്ന് വേണ്ടുവോളം ദാഹജലം നുകർന്ന് അവർ അങ്ങനെ ഭൂമിദേവിയുടെ പൊന്നോമനകളായി ജീവിച്ചു. പക്ഷേ കാലം കഴിയുന്തോറും തലമുറകൾ മാറി വന്നു, കൂടെ അവരുടെ ചിന്താഗതിയും.സ്വന്തം താല്പര്യത്തിനും സുഖത്തിനും വേണ്ടി അവർ ഭൂമിയെ ചൂഷണം ചെയ്തു. പെറ്റമ്മയുടെ ഓരോ അവയവവും കീറിമുറിക്കുന്നതുപോലെ കുന്നുകൾ ഇടിച്ചു, കാടു വെട്ടി നശിപ്പിച്ചു, നീരുറവകൾ ഇല്ലാതാക്കി ശ്വസനവായുവിൽ വിഷം കലർത്തി, അങ്ങനെ എന്തെല്ലാം ചെയ്തു. മക്കളുടെ ഓരോ പ്രവർത്തിയിലും ഭൂമിദേവി വിഷമിച്ചു. അങ്ങനെ അമ്മയുടെ കണ്ണുനീർ വീണിട്ടാവാം നാശം സംഭവിക്കാൻ തുടങ്ങി. പ്ലേഗ്, വസൂരി ചിക്കൻഗുനിയ, സുനാമി ചുഴലിക്കാറ്റ്, മഹാപ്രളയം, നിപ്പ എന്നു തുടങ്ങി ഇന്ന് പകച്ചുനിൽക്കുന്ന കോവിഡ് 19 വരെ എത്തിയിരിക്കുന്നു. മറ്റുളളവയിൽനിന്ന് ഏറെക്കുറെ രക്ഷപ്പെട്ട നാം ഇന്ന് കൊറോണാ വൈറസിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. ഇതു വരെ പഠിച്ച നേടിയ അറിവുകൾ ഈ മഹാമാരിക്കു മുന്നിൽ മുട്ടുകുത്തുന്ന ദയനീയമായ അവസ്ഥ.അഹങ്കാരത്തിന് മുൾമുനയിൽനിന്ന മനുഷ്യരാശി ഇന്ന് ഇത്തിരി പോന്ന ഒരു കുഞ്ഞൻ വൈറസിനെ ഭയക്കുന്നു. ആത്മവിശ്വാസത്തോടെ മക്കളെ തഴുകി ഉറക്കാൻ പോലും പെറ്റമ്മയുടെ കൈകൾക്കാകുന്നില്ല. എവിടെനിന്നെങ്കിലും എന്റെ കൈയിൽ കൊറോണ ഏറ്റിട്ടുണ്ടെങ്കിലോ എന്ന പേടി, എന്തിനേറെ പറയുന്നു ശരിക്കൊന്ന് ശ്വസിക്കാൻ പോലും കഴിയുന്നില്ല. എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷയിൽ നമുക്ക് ഇനിയെങ്കിലും ഭൂമിയെ സംരക്ഷിച്ചു മുന്നേറാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |