ഒരു വേനലിൻ ചൂടിൽ
എൻ നാളുകൾ പൊഴിഞ്ഞു
ജലമെന്ന നിധിയെ തേടി
ഒരു വേനലിൽ ഞാൻ നടന്നലഞ്ഞു
എൻ വയ്യാത്ത അമ്മതൻ ദാഹമടക്കാൻ.
ഒരു തുള്ളി വെള്ളത്തിനായി
പിടയുന്ന അമ്മതൻ മുഖം
എൻ നേത്രങ്ങളെ അശ്രുവിനാൽ ആഴ്ത്തി
വേനലിന്റെ ചൂടോ മനസ്സിന്റെ വിങ്ങലോ
എൻ നടത്തത്തിന്റെ വേഗത കുറച്ചു.
ഞാൻ കാതോർത്തു,
ഒരു വർഷം മുൻപുള്ള വേനലിലെ കളിയും ചിരിയും
സമൃദ്ധമായി ഒഴുകിയിരുന്ന
മഞ്ഞണി പുഴ
അതിന്നില്ല
മണ്ണിട്ട് മൂടി കഴിഞ്ഞിരിക്കുന്നു ആ പുഴ
എന്നാലും ആ പുഴയുടെ ശബ്ദം
ഇപ്പോഴും എനിക്ക് കേൾക്കാമായിരുന്നു.
എത്ര നടന്നിട്ടും കിട്ടിയില്ല
എൻ അമ്മക്ക് വേണ്ടിയുള്ള ജീവൻ
വേനലിന്റെ ചൂടോ മനസ്സിന്റെ വിങ്ങലോ
എൻ നടത്തത്തിൻ വേഗത കുറച്ചു
ഞാൻ തിരിച്ചു നടന്ന് വീട്ടെത്തി
എന്നാൽ എന്നേ കാത്തു
അവിടെ എന്റെ അമ്മ ഉണ്ടായിരുന്നില്ല
ഒരാൾക്കൂട്ടം മാത്രം
ആ വേനലിൻ ചൂടിൽ
എൻ നാളുകൾ പൊഴിഞ്ഞു