ജീവനാണ്... ജീവതാളമാണ്.
1972 ജൂൺ 5 മുതൽ 16 വരെയാണ് ഐക്യരാഷ്ട്ര സഭയുടെ ആദ്യ പരിസ്ഥിതി കോൺഫറൻസ് സ്റ്റോക്ക്ഹോമിൽ നടന്നത്. ആഗോള തലത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തിയ ഈ സമ്മേളനത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ കൊല്ലവും ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. യു.എൻ. പൊതുസഭയുടെ തീരുമാന പ്രകാരം UNEP (United Nations Environment Program) നിലവിൽ വന്നതും ജൂൺ 5 നായിരുന്നു.
പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും ഉള്ള ശ്രമങ്ങൾ ലോകത്ത് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. കഴിഞ്ഞ 50 വർഷത്തിനപ്പുറതാണ് പല രാജ്യങ്ങളിലും ഇത്തരം നീക്കങ്ങൾ തുടങ്ങിയിട്ടുള്ളത്. എന്നാൽ ഭാരതത്തിനു സ്വന്തമായ ഒരു പാരമ്പര്യം പ്രകൃതി സംരക്ഷണതിനുണ്ട്. നമ്മുടെ ഇതിഹാസങ്ങളിലും മത ഗ്രന്ഥങ്ങളിലും പ്രകൃതി സംരക്ഷണത്തെകുറിച്ചുള്ള ധാരാളം ഉദാഹരണങ്ങൾ കാണാം. പ്രകൃതി ശക്തികളെ ആരാധിക്കുന്ന പതിവ് ഭാരതീയർക്കുണ്ടായിരുന്നു. വീട്ടു പറമ്പിന്റെ ഒരു മൂലയിൽ വിശ്വാസത്തിന്റെ പേരിൽ കാവുകളായി മരങ്ങൾ സംരക്ഷിക്കുന്ന പതിവും അത് വഴി ചുറ്റുവട്ടത്തുള്ള ജന്തുക്കൾക്ക് അഭയകേന്ദ്രമൊരുക്കുവാനും പ്രകൃതി സന്തുലനം ഉറപ്പിക്കാനും കഴിയുമായിരുന്നു.
"പത്തു കിണറിനു തുല്യം ഒരു കുളം, പത്തു കുളത്തിനു തുല്യം ഒരു തടാകം, പത്തു തടാകത്തിനു തുല്യം ഒരു പുത്രൻ, പത്തു പുത്രന് തുല്യം ഒരു വൃക്ഷം". മരങ്ങളുടെ പ്രാധാന്യം വിലയിരുത്തുമ്പോൾ വൃക്ഷായുർവേദത്തിൽ പറഞ്ഞിരിക്കുന്ന ഇക്കാര്യം അക്ഷരം പ്രതി ശെരിയാണെന്ന് കാണാം. 'ആഗോളതാപനത്തി നു മരമാണ് മറുപടി' എന്നതും അർത്ഥവത്തായതാണ്. ചുട്ടു പൊള്ളുന്ന ഭൂമിയെ തണുപ്പിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ഹരിത യോദ്ധാക്കളാണ് മരങ്ങൾ.
മനുഷ്യർക്ക് ശുദ്ധമായ ആഹാരം, വെള്ളം, വായു എന്നിവ അത്യന്താപേക്ഷിതമാണ്. വമ്പിച്ച പരിസ്ഥിതി വിഷയങ്ങൾ ലക്ഷ്യം വെക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കായാണ് പരിസ്ഥിതി ദിനാചരണം തുടങ്ങിയത്. ഭക്ഷ്യ മലിനീകരണവും നശിപ്പിക്കലും, വനനശീകരണം, ആഗോള താപനം തുടങ്ങിയവയാണ് പൊതു വിഷയങ്ങൾ.
1970 കളിൽ സൈലന്റ് വാലി സമര കാലത്താണ് പ്രകൃതി സംരക്ഷണവും പ്രകൃതിയെ അറിയാനുള്ള ത്വരയും നമ്മുടെ നാട്ടിൽ സാധാരണ ജനങ്ങളിലേക്കെത്തിച്ചത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോളേജിൽ 1973-ൽ പ്രൊഫ. ജോൺസി ജേക്കബ് തുടങ്ങി വെച്ച സൂവോളജിക്കൽ ക്ലബ് നേച്ചർ ക്ലബ്ബുകളൊക്കെ കുട്ടികളെ പ്രകൃതിയുമായി ബന്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളായിരുന്നു.
പ്രകൃതിയെ അറിഞ്ഞു തുടങ്ങിയാലെ അവയെ സ്നേഹിക്കാൻ കഴിയു എന്നും സ്നേഹിക്കുന്നതിനെ മാത്രമേ സംരക്ഷിക്കു കയുള്ളൂവെന്ന ഒരൊറ്റ ചിന്താധാരയായിരുന്നു ജോൺസി മാഷിന്റെ ആദ്യകാല പ്രകൃതി സംരക്ഷണപ്രവർത്തനങ്ങൾ.
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ ചെയ്യാവുന്ന പ്രവർത്തനങ്ങൾ.
1. സ്കൂളും പരിസരവും.
സ്കൂളിനുള്ളിലും പരിസരത്തുമായി ചിതറികിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാം. ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് കുഴികളിലും ജൈവ വിഖടനം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ദൂരെ മാറി മറ്റൊരിടത്തു നിക്ഷേപിക്കാം.
2. കടലാസ് ബാഗ് / തുണി സഞ്ചി നിർമാണ പരിശീലനം.
പ്ലാസ്റ്റിക് ക്യാരി ബാഗുകളെ ഒഴിവാക്കാനുള്ള ഏകമാർഗമാണ് കടലാസ് ബാഗുകളും തുണി സഞ്ചികളും നിർമിക്കൽ.
3.വൃക്ഷതൈ വിതരണവും നടലും.
സ്കൂൾ പരിസരത്ത് തണൽ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും ഔഷധ വൃക്ഷങ്ങളും വെച്ച് പിടിപ്പിക്കുക, വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയുക.
പരിസ്ഥിതി ദിന സന്ദേശങ്ങൾ.
1. 2000 - ഇതാണ് പ്രവർത്തിക്കേണ്ട സമയം.
2. 2001 - ജീവിതത്തിനായ് ലോകത്തെ തമ്മിൽ ബന്ധിപ്പിക്കുക.
3. 2002 - ഭൂമിക്ക് ഒരു അവസരം നൽകുക.
4. 2003 - വെള്ളം, അതിനു വേണ്ടി 200 കോടി ജനങ്ങൾ കേഴുന്നു.
5. 2004 - അവശ്യമുണ്ട് മഹാ സമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ.
6. 2005 - നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കു വേണ്ടി ഒരു ആസൂത്രണ പദ്ധതി.
7. 2006 - കരഭൂമിയെ മരുഭൂമിയാക്കരുതേ.
9. 2008 - ശീലത്തെ തൊഴിച്ചു മാറ്റുക, കാർബൺ രഹിത സമൂഹത്തിനു.
10. 2009 - നിങ്ങളുടെ ഗ്രഹത്തിനു നിങ്ങളെ വേണം, കാലാവസ്ഥ മാറ്റത്തിനു എതിരെ ഒന്നിക്കാൻ.
11. 2010 - അനേകം ജീവ ജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി.
12. 2011 - വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്.
13. 2012 - ഹരിത മിതവ്യയത്വം : താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ?
14. 2013 - ചിന്തിക്കുക, തിന്നുക, സംരക്ഷിക്കുക, നിങ്ങളുടെ തീറ്റപ്പാട് കുറക്കുക.
15. 2014 - നിങ്ങളുടെ ശബ്ദമാണ് ഉയർത്തെണ്ടത്, സമുദ്ര നിരപ്പല്ല.
16. 2015 - 700 കോടി സ്വപ്‌നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ.
17. 2016 - ജീവിതത്തിനായി വന്യമായ് പൊകൂ. നിയമവിരുദ്ധ വന്യ ജീവി കടത്തിനെതിരെ അസഹിഷ്ണരാവു.
18. 2017 - ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപെടുത്തുക.
19. 2018 - പ്ലാസ്റ്റിക് മലിനീകരണം തടയുക.
20. 2019 - വായു മലിനീകരണം തടയുക.
പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് എന്തെല്ലാം പാലിക്കാം..
1. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത ഹരിതജീവനരീതി സ്വീകരിക്കുക.
2.ജൈവ ഉത്പന്നങ്ങൾ ഉപയോഗിക്കുക.
3. വെള്ളവും ഭക്ഷണവും പാഴാക്കാതിരിക്കുക.
4. സസ്യങ്ങൾ നട്ടു വളർത്തി സംരക്ഷിക്കുക.
5. ഉറവിട മാലിന്യ സംസ്കരണ രീതി നടപ്പിലാക്കുക.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
നമുക്ക് കഴിയും..... ഇല്ലെങ്കിൽ നമ്മൾ കഴിയും
ആരോഗ്യമുള്ള സമൂഹത്തിനടിസ്ഥാനം വൃത്തിയും ശുചിത്വവുമുള്ള വീടും പരിസരവുമാണ്. നാടെങ്ങും മാലിന്യ കൂമ്പാരങ്ങളാണ്. എവിടെ നോക്കിയാലും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹ്യ മായും നമ്മൾ ഉയർന്നെങ്കിലും പരിസര ശുചിത്വത്തിൻ്റെ കാര്യത്തിൽ നാമിപ്പോഴും പിന്നിലാണ്.
സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പലതും പൊതു സ്ഥലത്തേക്ക് വലിച്ചെറിയുന്നു.ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. മിക്ക രോഗങ്ങളും പരത്തുന്നത് ഈച്ചയും കൊതുകുമാണ്. പരിസരം മലിനമായി കിടന്നാൽ ഈച്ചയും കൊതുകും പെരുകും.പല പകർച്ച രോഗങ്ങളും ഇതുകൊണ്ട് ഉണ്ടാകുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും മണ്ണിൽ നശിക്കാതെ കിടക്കും തോടുകളുടേയും നദികളുടേയും ഒഴുക്ക് നിലക്കുകയും മണ്ണിൻ്റെ ഫലപുഷ്ഠി നഷ്ടപ്പെടുകയും ചെയ്യുന്നു.
പരിസര ശുചീകരണത്തിന് നമ്മളെല്ലാവരും തയ്യാറായെങ്കിൽ മാത്രമേ ഈ വിപത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ കഴിയൂ. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് നമ്മളെല്ലാവരും മുൻകൈ എടുക്കണം. പരിസര ശുചിത്വം പാലിക്കുന്നത് വഴി നമ്മുടെ ആരോഗ്യവും നാടിൻ്റെ ഫലപുഷ്ഠിയും സംരക്ഷിക്കാൻ കഴിയും. അതു കൊണ്ട് എല്ലാവരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|
|