വനനശീകരണം
കാറ്റായും, മഴയായും, കുളിരായും, ഉയിരിന്
മരുന്നായും കളിപ്പാട്ടമായും ,
ഊന്നുവടിയായിയും , തൊട്ടിലായിയും ശവക്കട്ടിലായിയും നമ്മോടൊപ്പമെത്തുന്ന ഒന്നാണ് മരം . വനം കനിയുന്ന ഏറ്റവും വലിയ ധനവുമാണിത് .വൃക്ഷസമ്പത്ത് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അത് നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ധനക്ഷാമമാണ് വനനശീകരണം സൃഷ്ടിക്കുന്ന പ്രത്യക്ഷമായ ആപത്ത് . ഇത് പരോക്ഷമായി മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് മണ്ണൊലിപ്പ് വർദ്ധിപ്പിക്കുന്നതിനും മഴയെ പ്രതികൂലമായി ബാധിക്കന്നതിനും വരൾച്ചയ്ക്കും കാരണമാകുന്നു. ക്രമാതീതമായ വനനശീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. ഇത് ജീവിതം ദുരിതപൂർണ്ണമാക്കുന്നു. വനനശീകരണത്തിനെതിരെ കർശനമായ നിയമങ്ങൾ ഇല്ല എന്നുള്ളതാണ് സത്യം . വനപാലകരുടെ എണ്ണം കൂടുന്നതല്ലാതെ വനത്തിന്റെ വിസ്തൃതി കുറയുന്നത് തടയാൻ നമുക്കു കഴിയുന്നില്ല.
വർഷങ്ങളായി എല്ലാ ഒക്ടോബറിലും നാം കൊണ്ടാടുന്ന വനമഹോത്സവം യുവതലമുറയിൽ വനസംരക്ഷണത്തിന്റെ ആവശ്യകത പകർന്ന് കൊടുക്കുവാനുള്ളതാണ്. വനങ്ങളുടെ പ്രാധാന്യം , അവ പരിപാലിക്കേണ്ട ആവശ്യകത , നശീകരണം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവ വ്യക്തമാക്കുന്ന സെമിനാറുകളും പ്രദർശനങ്ങലും ഈ അവസരത്തിൽ സംഘടിപ്പിക്കാറുണ്ട്.
പക്ഷേ നിറപ്പകിട്ടാർന്ന ചടങ്ങുകളും
ആഘോഷങ്ങളുമല്ല, നിശബ്ദമായ വിപ്ലവമാണ്
ഈ രംഗത്താവശ്യം.
ലോകത്തിൽ തന്നെ
ഏറ്റവും കൂടുതൽ വന മേഖലയുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ തന്നെ കേരളം വന മേഖലയിൽ മുന്നിൽ നിൽക്കുന്നു. എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ ഈ മാസം തുടക്കംവരെ കേരളത്തിൽ മാത്രം 1717 ഹെക്ടർ കാടു കത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ.
ആവശ്യങ്ങൾക്കായി മരം മുറിക്കാതിരാക്കാനാവില്ല . പക്ഷേ അതിന് പകരം മറ്റൊരു മരം നടേണ്ടതാണ്. കാടും പുഴയും കാട്ടുപൂഞ്ചോലയുടെ കുളിരും നമുക്ക് തിരിച്ച് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒലിച്ചു പോകാത്ത മണ്ണും , പ്രവാഹം നിലയ്ക്കാത്ത പുഴയും കാലം തെറ്റാത്ത മഴയും നമുക്ക് വീണ്ടും കെെക്കലാക്കേണ്ടിയിരിക്കുന്നു. കാട് നാം സംരക്ഷിച്ചേ തീരൂ.
|