എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/മഹാപ്രളയത്തിനന്റെ ബാക്കിപത്രം .

17:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാപ്രളയത്തിന്റെ ബാക്കിപത്രം.


പടിഞ്ഞാറൻ ചക്രവാളത്തിൽ തലചായ്ച് ഉറങ്ങും പോലെ സഹ്യന്റെ മടിത്തട്ട് അങ്ങ് ദൂരെ ദൃശ്യമായിരുന്നു. അതിന്റെ തുടർച്ചയെന്ന പോലെ ഒരു മലഞ്ചെരുവിന്റെ താഴ്തട്ടിലായിരുന്നു എന്റെ കൊച്ചു ഗ്രാമം. പ്രകൃതിരമണീയതയുടെ പാടവം വിളിച്ചോതുന്ന എന്റെ ഗ്രാമത്തിൽ ആയിരത്തിലേറെ വീടുകളുണ്ടായിരുന്നു. അതിലൊരു കൊച്ചു വീട്ടിലായിരുന്നു അച്ഛനും അമ്മയും കുഞ്ഞുപെങ്ങളുമുള്ള ഞങ്ങളുടെ കുടുംബത്തിന്റെ താമസം. ഗ്രാമീണ കേരളത്തിന്റെ ഹൃദയത്തുടിപ്പായ കാർഷികവൃത്തിയായിരുന്നു അവിടെ ഏറെപ്പേരുടെയും ഉപജീവനമാർഗ്ഗം. കാലം കടന്നുപോയി, കയ്യേറ്റങ്ങളും വർദ്ധിച്ചു. ക്വാറിമാഫിയകളുടെ പ്രവർത്തനം പ്രദേശത്ത് സജീവമായി. പാറകളും കയറ്റി തലങ്ങും വിലങ്ങും ഓടുന്ന ലോറികൾ നാട്ടിൽ നിത്യകാഴ്ചകളായി. ക്വാറിമാഫിയക്കൊപ്പം വനമേഖലയുടെ പച്ചപ്പ് നശിപ്പിക്കുന്ന വനനശീകരണവും പ്രദേശത്ത് സജീവമായി. പ്രദേശവാസികൾ ഇതിനെതിരെ തങ്ങളാലാവും വിധം പ്രതിഷേധവും ആരംഭിച്ചു. നിർഭാഗ്യമെന്ന് പറയട്ടെ, നിയമവും നീതിയുമൊക്ക കാറ്റിൽ പറത്തി പ്രകൃതി നശീകരണത്തിന് കുട പിടിച്ച് ഭരണവർഗ്ഗവും അവർക്കൊപ്പം നിന്നു. പ്രകൃതിക്ക് വന്ന മാറ്റങ്ങൾക്കൊപ്പം എന്റെ ജീവിതചക്രത്തിലും അനിവാര്യമായ മാറ്റങ്ങൾ വന്നു. കരസേനയിൽ നിയമനം ലഭിച്ച് ജമ്മുകാശ്മീരിലെ ഒരു വിദൂരഗ്രാമത്തിൽ ഞാൻ ജോലിയിൽ പ്രവേശിച്ചു. അവധിക്കാല ഇടവേളകളിലെ സന്ദർശനം മാത്രമായി എന്റെ നാട്ടിലേക്കുള്ള യാത്രകൾ. ഇതിനിടയിൽ ഞാൻ വിവാഹിതനായി. വൃദ്ധമാതാപിതാക്കളുടെ സംരക്ഷണത്തിനായി ഭാര്യ നാട്ടിൽതന്നെ താമസമാക്കി. നാടോടുമ്പോൾ നടുവെ ഓടുക എന്നതാണല്ലോ നമ്മുടെ പ്രമാണം. ജീവിതനിലവാരത്തിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി കൊച്ചുകുടിലുകൾ മാറി കോൺക്രീറ്റ് കെട്ടിടങ്ങളും ഗ്രാമത്തിൽ ഉയർന്നു. മാധ്യമങ്ങളിൽ ചർച്ചയായ കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളുടെയൊന്നും പ്രാധാന്യമോ സാരാംശമോ ഒന്നും സാധാരണക്കാരായ എന്റെ ഗ്രാമവാസികൾക്ക് മനസ്സിലായിരുന്നില്ല. അതിനാൽ തന്നെ പ്രകൃതിസംരക്ഷണത്തിന്റെ പാഠങ്ങളും അവർക്ക് ഉൾക്കൊള്ളാനായില്ല. ഗർഭിണിയായ ഭാര്യയെയും വൃദ്ധരായ രക്ഷിതാക്കളെയും കണ്ട് കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായി ഞാൻ നാട്ടിൽ നിന്നും തിരിച്ചെത്തിയത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഫോൺ വന്നു. ഭാര്യ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയ സന്തോഷവാർത്തയായിരുന്നു അതിലെ സന്ദേശം. ജോലിത്തിരക്കുകൾ കാരണം ഉടനെ നാട്ടിലേക്ക് പോകാൻ സാധിച്ചില്ല. തിരക്കുകൾക്കിടയിൽ പൊൻകുഞ്ഞിനായി കഴിയുന്നത്ര സമ്മാനങ്ങൾ ശേഖരിച്ചു. അങ്ങനെ കാത്തിരുന്ന ആ സുദിനമെത്തി. നാട്ടിലേക്ക് പോകാൻ അവധി ലഭിച്ചു. എന്റെ കൺമണിയെ ഓമനിക്കാൻ, നെഞ്ചോട് ചേർത്തൊന്ന് ലാളിക്കാൻ സർവ്വോപരി കൺകുളിർക്കെ ഒന്ന് കാണാനുള്ള മോഹവുമായി ഞാൻ നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. ഇതിനോടകം നാട്ടിൽ കാലവർഷം ആരംഭിച്ചിരുന്നു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രകൃതി സംഹാര രുദ്രയെപ്പോലെ തകർത്താടുകയാണെന്ന് വാർത്താമാധ്യമങ്ങളിൽ കൂടി അറിഞ്ഞു. തന്റെ പ്രദേശത്തിന്റെ പരിസ്ഥിതി ലോലത വിളിച്ചോതുന്ന കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾ എന്റെ മനസ്സിനെ അസ്വസ്ഥമാക്കാതിരുന്നില്ല. അരുതാത്തതൊന്നും സംഭവിക്കരുതെ എന്ന് മനമുരുകി പ്രാർത്ഥിച്ചു. പക്ഷേ ......... നാട്ടിൽ കാല് കുത്തുന്നതിന് തൊട്ട് മുൻപ് അറിഞ്ഞ വാർത്ത കേട്ട് ഞാൻ ഞെട്ടിത്തരിച്ചുപോയി. തലേരാത്രിയിലെ ശക്തമായ ഉരുൾപൊട്ടലിൽ എന്റെ കൊച്ചു ഗ്രാമം പൂർണ്ണമായും ഒലിച്ചു പോയി. അങ്ങ് ദൂരെ നിന്ന് ഗ്രാമത്തെ കണ്ട ഞാൻ ഞെട്ടിപ്പോയി. കലികയറിയ പ്രകൃതി ജീവന്റെ തുടിപ്പുകളൊന്നും അവിടെ അവശേഷിപ്പിച്ചില്ല. വെറും ഒരു മൺകൂന മാത്രം. എവിടെയും മരിച്ചവരുടെ ഉറ്റവരുടെ ദീനരോധനങ്ങൾ, അത്രയും കാലം ഉറങ്ങുകയായിരുന്ന അധികാരവർഗ്ഗം, മൺകൂനകളിൽ എവിടെയെങ്കിലും ഏതെങ്കിലും ജീവന്റെ അവശേഷിപ്പുണ്ടോ എന്നതിനായുള്ള തെരച്ചിലുമായി സജീവമായി രംഗത്തുണ്ട്. പ്രകൃതി ചൂഷകരുടെയും അവർക്ക് എല്ലാവിധ ഒത്താശകളും നൽകിയ അധികാരവർഗ്ഗത്തിന്റെയും നിന്ദ്യമായ പ്രവർത്തികൾക്ക് പ്രതിഫലമായി നൽകേണ്ടി വന്നത് നിഷ്കളങ്കരായ ഒരുകൂട്ടം മനുഷ്യരുടെ ജീവനുകളാണ്. എല്ലാമെല്ലാെം നഷ്ടപ്പെട്ട എന്റെ കയ്യിൽ നിന്നും ഒരുനോക്ക് കാണാൻ കാത്തുനിൽക്കാതെ എന്നെ വിട്ടുപോയ പൊന്നുവാവക്കായി കരുതിയ എല്ലാ സമ്മാനങ്ങളും ഊർന്നുപോയി..... .ഈ ഭൂമിയിൽ ഏകാകിയായി മാറിയ എന്റെ ഓർമ്മയിൽ വന്ന ഏതാനും വരികൾ ഇവിടെ കുറിക്കട്ട. ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാദ്ധ്യമോ മലിനമായൊരു ജലാശയം അതി മലിനമായൊരു ഭൂമിയും........ പ്രകൃതിമാതാവേ നമിക്കുന്നു.

പത്മ.ആർ
9.C എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ