Https://schoolwiki.in/സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മിൻ്റിയുടെ അവധിക്കാലം
മിന്റിയുടെ അവധിക്കാലം
കിളികളുടെ കലപില ശബ്ദങ്ങൾ നീണ്ട ഉറക്കത്തിൽ നിന്ന് അവളെ ഉണർത്തി. സൂര്യന്റെ അതിതീവ്ര രശ്മികൾ ഇനിയും തന്നെ ഉറങ്ങുവാൻ അനുവദിക്കില്ല എന്ന് മനസ്സിലായപ്പോൾ അവൾ തന്റെ കിടക്ക വിട്ടു.പ്രഭാതകർമ്മങ്ങൾക്കു ശേഷം ജനാലയ്ക്കരികിൽ ഗ്രാമത്തിലെ വർണ്ണ ശോഭിതമായ കാഴ്ചകൾ കണ്ട് കണ്ണിമകൾ ചലിപ്പിക്കാനാകാതെ നിശ്ചലമായി നിന്ന അവളെ ഉണർത്തിയത് ഗ്രാന്റ്മാ ആയിരുന്നു. "മോളേ മിൻ്റീ, നീ എന്ത് ആലോചിച്ചു നില്ക്കുവാ? ഇങ്ങു വന്നീ ചായ കുടിച്ചേ. "താങ്ക് യൂ ഗ്രാൻ്റ്മാ "എന്ന് പറഞ്ഞു കൊണ്ട് ചായക്കപ്പ് വാങ്ങി ചുണ്ടോടു ചേർത്തു പിടിച്ചു. ഏലയ്ക്കയുടെ സ്വാദേറിയ ആവി പറക്കുന്ന ചായ അവൾ ആസ്വദിച്ചു കുടിച്ചു. മിൻ്റിയുടെ മുഴുവൻ പേര് മെലീന ആൻ ബെഞ്ചമിൻ എന്നാണ്. ആറാം ക്ലാസ്സിലാ ണവൾ പഠിക്കുന്നത്. തൻ്റെ അവധിക്കാലം ചെലവഴിക്കാനായി ന്യൂയോർക്കിൽ നിന്ന് അച്ഛൻ്റെ ഗ്രാമത്തിലെത്തിയതായിരുന്നു.മിൻ്റിയുടെ മാതാപിതാക്കൾ മൗണ്ട്സിനായി ഹോസ്പിറ്റലിലെ ഡോക്ടേഴ്സാണ്. ഗ്രാൻ്റപ്പാ റിട്ട. ഹെഡ്മാസ്റ്ററും, ഗ്രാൻ്റ്മാ റിട്ട. ഹെഡ് മിസ്ട്രസ്സുമാണ്. വിദേശത്തെ തിരക്കിട്ട അവളുടെ ജീവിതം എന്നും മടിപ്പുളവാക്കുന്നവയായിരുന്നു. ചൂടേറിയ സായാഹ്നങ്ങളും, അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളും എങ്ങോട്ടെന്നില്ലാതെ പായുന്ന വാഹനങ്ങളും മാത്രം. നാട്ടിൽ വരുക എന്നത് 'അവളുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹമാണ് ഇപ്പോൾ സഫലമായത്. ചായ കുടിച്ചു കൊണ്ട് ഗോവണിപ്പടികൾ ഇറങ്ങുമ്പോൾ നാടിനെക്കുറിച്ച് പപ്പാ പറഞ്ഞു കൊടുത്ത പല കഥകളും അവൾക്കോർമ്മ വന്നു. മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയെങ്കിലും അടുക്കളയിൽ നിന്നെത്തിയ നെയ്യൊഴിച്ച ദോശയുടെ മണം അവളറിയാതെ അവളെ അങ്ങോട്ടേക്കു നയിച്ചു. " ഗ്രാൻ്റ്മാ, പപ്പ പറയാറുള്ള മഞ്ചാടിക്കുളം എവിടെയാ?"ആകാംക്ഷാപൂർ വ്വം അവൾ ചോദിച്ചു. "മോളേ, അതാ മലഞ്ചെരുവിലാ. വേനലായതുകൊണ്ട് നിറയെ കുട്ടികൾ അവിടെ കാണും. മീൻ പിടിക്കാനും, നീന്തിക്കളിക്കാനും, കൊതിയൂറും മാമ്പഴം നുണയാനും." " മാമ്പഴമോ?" "അതെ. കുളക്കരയിൽ ഒരു വലിയ മാവുണ്ട്. എല്ലാ കൊല്ലവും അത് ഇല കാണാതെ കായ്ക്കും. നല്ല തേനൂറും മാമ്പഴം." "ശരിക്കും?" "അതേന്ന് " അന്നേരം മുതൽ അവൾക്ക് അങ്ങോട്ടേക്ക് പോകണമെന്നുണ്ട് .പക്ഷേ എങ്ങനെ പോകും? അതിനുത്തരം എന്ന പോൽ ഗ്രാൻ്റ്പായുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു. ആ നാട്ടിലെ വളരെ ആദരണീയനായ വ്യക്തിയായിരുന്നു അദ്ദേഹം. റിട്ട. അധ്യാപകരായ ആൽവാ ബെഞ്ചമിൻ തോമസിനേയും സാറാ തോമസിനേയും അറിയാത്തവരായി ആ നാട്ടിൽ ആരുമില്ല. മികച്ചൊരു കർഷകൻ കൂടിയാണദ്ദേഹം. മഞ്ചാടിക്കുളത്തിലേക്കു പോകുവാനുള്ള ആഗ്രഹം അവൾ ഗ്രാൻ്റ് പായെ അറിയിച്ചു.ഞായറാഴ്ച കൊണ്ടു പോകാമെന്ന് ഗ്രാൻ്റ് പാ പറഞ്ഞു. മുറിയിലിരുന്ന് പെയിൻ്റ് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്നൊരു കുളിർക്കാറ്റ് അവളെ മെല്ലെ തലോടിയത്.അന്തരീക്ഷത്തെ ആവരണം ചെയ്യുന്ന കാർ മേഘത്തിൻ്റെ വരവ് അവളെ ആനന്ദിപ്പിച്ചു. കൈകൾ ജനാലയിലൂടെ പുറത്തേക്കു നീട്ടി മഴത്തുള്ളികളുടെ സ്നേ ഹ സ്പർശം അവൾ അനുഭവിച്ചു. മുറ്റത്തിറങ്ങി മഴവെള്ളം കാലുകൾ കൊണ്ട് തട്ടിത്തെറിപ്പിച്ചു.ഈ വേനൽക്കാലത്ത് ചൂടേറിയ ഭൂമിയെ തണുപ്പിക്കാൻ ആദ്യം പെയ്ത മഴ.മഴയിൽ കുതിർന്ന മണ്ണിൻ്റെ പുതുമണം അവളെ ആകർഷിച്ചു.കാരണം അതത്ര വേറിട്ടതായിരുന്നു. മയിലുകളുടെ ആനന്ദനടനം പോലെ അവളും ഏതോ ആനന്ദ സാഗരത്തിൽ അലിഞ്ഞു ചേർന്നു. പെട്ടെന്ന് ഉമ്മറത്തു നിന്ന് ഒരു വിളി വന്നു."മിൻ്റീ കളിച്ചതു മതി. അകത്തു കേറി വാ. " ഗ്രാൻ്റ്മാ ഉച്ചത്തിൽ പറഞ്ഞു. പെട്ടെന്ന് മിന്നലിനൊപ്പം ഇടി വെട്ടി. തീർത്തും അപ്രതീക്ഷമായി എത്തിയ ആ അതിഥി അവളെ ശരിക്കും പേടിപ്പിച്ചു അവൾ അകത്തേക്കോടി. വൈകുന്നേരമായപ്പോൾ പതിവുപോലെ തീൻമേശയ്ക്കരികിൽ എത്തി.ഗ്രാൻ്റ്പാ പതിവു സ്ഥാനത്തിരിപ്പുണ്ട്. അദ്ദേഹത്തിനടുത്ത് അവളും സ്ഥാനം പിടിച്ചു.ഗ്രാൻ്റ്മാ ചായയും വാഴയില കൊണ്ട് മൂടിയ ഒരു പ്ലേറ്റും മേശപ്പുറത്തു വെച്ചു. എന്നിട്ട് ഇല മാറ്റി. നല്ല കൊതിയൂറും ഏത്തയ്ക്കാപ്പം. മിൻ്റിക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണത്. അവൾ അത് കഴിക്കുന്നതിനൊപ്പം ഗ്രാൻ്റ് പായുടെ നാട്ടുവർത്തമാനങ്ങൾ ആസ്വദിച്ചു.പുറമേ ഗൗരവക്കാരനാണെങ്കിലും ഗ്രാൻ്റ്പാ ഒരു ഫലിത പ്രിയനാണെന്ന് അവൾക്കന്ന് മനസ്സിലായി . നാളെയാണ് അവൾ ആഗ്രഹിച്ച ദിവസം.രാവിലെത്തന്നെ എഴുന്നേറ്റ് പള്ളിയിൽ പോയി. പള്ളിയിൽ വെച്ച് ഒത്തിരി പേരെ പരിചയപ്പെട്ടു.ആലീസ് ആൻ്റി, ജോ അങ്കിൾ, സെലിൻ ആൻ്റി, ഫ്രെഡ്ഡി അങ്കിൾ, എബിൻ ചേട്ടൻ പിന്നെ അലൻ .അലനും മിൻ്റിയും സമപ്രായക്കാരും, അടുത്ത ബന്ധുക്കളുമാണ്. അവൻ ഇടക്കയ്ക്കിടെ വീട്ടിൽ വരുമെന്ന് ഗ്രാൻ്റ് പാ പറഞ്ഞിട്ടുണ്ട്. ആലീസ് ആൻ്റിയുടേയും ഫ്രെഡ്ഡി അങ്കിളിൻ്റേയും മകനാണ് അലൻ .കുർബ്ബാന കഴിഞ്ഞ് അവനും അവരുടെ കൂടെ വീട്ടിൽ വന്നു. ആ ചുരുങ്ങിയ സമയം കൊണ്ട് അവർ ചങ്ങാതികളായി. " അലൻ, ഞങ്ങളിന്ന് കളത്തിലേക്ക് പോകും." മിൻ്റി പറഞ്ഞു. " കുളത്തിലേക്കോ?". " ഏത് മഞ്ചാടിക്കുളത്തിലേക്കാണോ?"' അതെ .മിൻ്റിപറഞ്ഞു. "നിനക്കറിയാമോ ആ കുളം നിറയെ വെള്ളാരം കല്ലുകളാ. പിന്നെ അതിനടുത്തൊരു മാവുണ്ട്. അതിലെ മാങ്ങയുടെ രുചി എത്ര പറഞ്ഞാലും മതിവരില്ല." " മതി .... മതി കൊതിപ്പിക്കാതെ".മിൻ്റി ഇടയ്ക്കു കയറി പറഞ്ഞു. ഉച്ചയൂണു കഴിഞ്ഞ് മൂവരും വെയിൽ താണിട്ട് യാത്ര ആരംഭിച്ചു. അലനും മിൻ്റിയും ഗ്രാൻ്റ് പായും വഴിയോര കാഴ്ചകൾ അവളെ ത്രസിപ്പിച്ചു അലൻ പറഞ്ഞു - "മിൻ്റി നിനക്കറിയാമോ, മഞ്ചാടിക്കുളത്തിനടുത്ത് മാവു മാത്രമല്ല, മഞ്ചാടിമരവും, രുദ്രാക്ഷമരവും, കുന്നിക്കുരുവുമെല്ലാം ഉണ്ട്. അതിൻ്റെ കായകൾ മിക്കമാറും വീഴുന്നത് കുളത്തിലാണ്." നടപ്പാതയുടെ ഇരുവശവും വൃക്ഷലതാതികളാൽ നിറഞ്ഞുനില്ക്കുന്നു.തെങ്ങിൻ തോപ്പുകളിൽ പറന്നുല്ലസിക്കുകയാണ് തത്തകൾ .അവർ പരസ്പരം എന്തോ പറയുന്നതായി മിൻ്റിക്കു തോന്നി. "തന്നെപ്പറ്റിയാണോ!"- അവൾ ചിരിച്ചു. കുറച്ചു നടന്നപ്പോൾ അതിവിശാലമായ നെൽപ്പാടം അവൾ കണ്ടു. പഴുത്തു വിളഞ്ഞ് ചാഞ്ഞു കിടക്കുന്ന നെൽക്കതിരുകൾ. കാറ്റിൻ്റെ ഗതിവേഗത്തിനനുസരിച്ച് അവ ആടി ഉല്ലസിക്കുന്നു. പാടവരമ്പത്തൂടെ അവൾ ഓടിക്കളിച്ചു. പാടത്തിൻ്റെ നടുവിൽ ഒരു നീർച്ചാലുണ്ട്. അതിൽ നിന്നാണ് വിളകൾക്കാവശ്യമായ വെള്ളമെടുക്കുന്നത്. അവിടെ ഒത്തിരി ജോലിക്കാരുണ്ട്. അവർ തങ്ങളുടെ ജോലിയിൽ മുഴുകിയിരിക്കുകയാണ്. അവിടെ അല്പം വിശ്രമിച്ചതിനു ശേഷം അവർ മലഞ്ചെരുവിലേക്ക് പോയി. ഒരു ചെറു കാടിൻ്റെ അന്തരീക്ഷമായിരുന്നു മലഞ്ചെരുവിൽ. അവിടേക്കുള്ള പാതയിൽ നിറയെ കിളികളും, മുയലുകളും, വാനരന്മാരും, മയിലുകളും, വലിയ മരങ്ങളുമായിരുന്നു. ഒരു ഹോളിഡേ ട്രിപ്പിനു പോകുന്നഅനുഭവമായിരുന്നു മിൻ്റിക്ക്. പെട്ടെന്ന് അവളുടെ ശ്രദ്ധ മറ്റാെരു ദൃശ്യത്തിലായി. പാറയിടുക്കുകളിൽ നിന്ന് ഒഴുകി എത്തിയ തെളിനീര് ഭൂമിയുടെ മടിത്തട്ടിലേക്ക് എടുത്ത് ചാടുന്ന കാഴ്ച. "അതൊരു വെള്ളച്ചാട്ടമാമോളേ.വേനലിനു പോലും അത് വറ്റാറില്ല. ഇവിടെയുള്ള ജീവികളെല്ലാം അതിൽ നിന്നാ വെള്ളം കുടിക്കുന്നത്. " ഗ്രാൻ്റ്പാ തുട- ർന്നു. നടന്നു.... നടന്ന് അവർ കൃത്യസ്ഥലത്ത് എത്തിച്ചേർ- ന്നു.കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്ന കുളം. കുളത്തിലേക്കിറങ്ങാൻ പാറകൾക്കു നടുവിൽ രണ്ടു കൽപ്പടവുകളുണ്ട്. കുളത്തിലേക്ക് അവൾ തൻ്റെ കാലുകൾഇറക്കി.ഐസുപോലെ തണുത്ത വെള്ളം. അടിത്തട്ടിൽ കിടക്കുന്ന മണൽത്തരി പോലും കാണാം, അത്രയേറെ ശുദ്ധമായ തെളിഞ്ഞ വെള്ളം. പല നിറത്തിലുള്ള കല്ലുകൾ, നീന്തിത്തുടിക്കുന്ന മീനുകൾ, പൂത്തു നില്ക്കുന്ന ആമ്പലുകൾ, അവയ്ക്കു ചുറ്റും പാറുന്ന തുമ്പികൾ അങ്ങനെ അവൾ മനസ്സിൽ സ്വപ്നം കണ്ടതിനേക്കാൾ അപ്പുറമായിരുന്നു അവിടം .അവൾക്കവിടം പറുദീസാ തോട്ടം പോലെ തോന്നി. കാരണം ഇത്രയേറെ പ്രകൃതി സൗന്ദര്യം മറ്റെവിടെയുണ്ട്? ഒത്തിരി നേരം അവളും അലനും കുളത്തിൽ കളിച്ചു. ഗ്രാൻ്റ് പാ കുളത്തിനടുത്തള്ള പാറപ്പുറത്തിരുന്ന് അവരുടെ കളി ചിരികൾ ആസ്വദിച്ചു. കളിക്കന്നതിനിടയിൽ അലൻ നീന്തിപ്പോയി ഒരാമ്പൽ പറിച്ച് മിൻ്റിക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു - "നിനക്ക് മാമ്പഴം വേണ്ടേ?." " പിന്നെ വേണ്ടേ " മിൻ്റി തല - യാട്ടി. എങ്കിൽ വാ നമുക്ക് അങ്ങോട്ടേക്കു പോകാം. അവർ ഇരുവരും മാവിൻ ചുവട്ടിലേക്കു പോയി. അലൻ മാവിൽ കയറി ഒരു ചില്ല ആഞ്ഞു കുലുക്കി. മാങ്ങകൾ കുലയായി വീണു. അവൾ ഓടിച്ചെന്ന് അതിലൊരെണ്ണം കൈയ്യിലെടുത്തു. അതിൻ്റെ മണമടിച്ചപ്പോൾ തന്നെ അവളുടെ വായിൽ വെള്ളമൂറി. കൊതിയോടെ അവളതു കടിച്ചു വലിച്ചു.അവളുടെ വായിലൂടെ മാങ്ങയുടെ ചാറ് ഒലിച്ചിറങ്ങിയത് കണ്ട് അലൻ ചിരിച്ചു. സന്ധ്യക്കു മുമ്പ് അവർ തിരിച്ച് വീട്ടിലെത്തി.മിൻ്റി മുറിയിലേക്കു പോയി അന്നത്തെ അനുഭവം ഡയറിയിലെഴുതി. ആദിവസം അവൾക്ക് മറക്കാൻ കഴിയാത്തതായിരുന്നു. ഒരു മാസത്തെ അവധി ആഘോഷങ്ങൾക്കു ശേഷം അവൾക്ക് തിരിച്ചു പോകാനുള്ള സമയമായി. എല്ലാവരോടും യാത്ര പറഞ്ഞ് ന്യൂയോർക്കിലേക്കവൾ പറന്നുയർന്നു. അവിടം വിട്ടു വെങ്കിലും അവളുടെ മനസ്സുനിറയെ ഗ്രാൻ്റമയും, ഗ്രാൻ്റ്പയും, അലനും ആ നാടും അവിടുത്തെ ആളുകളും, കാടും, പുഴയും, പക്ഷികളും, മഞ്ചാടിക്കളവും, മൃഗങ്ങളും ഒക്കെ ആയിരുന്നു.ഇനിയും പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ അവൾ ആഗ്രഹിച്ചു. പക്ഷേ.... അതിനിനി എത്രനാൾ കാത്തിരിക്കണമെന്ന് അവൾക്ക് അറിയില്ല.'
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |