എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/യാത്ര

12:29, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42032 (സംവാദം | സംഭാവനകൾ) (s)
യാത്ര

ഏതു ലോകത്ത മാഷേ ടിക്കറ്റെടുക്കാനായി വന്ന കണ്ടക്ടറിന്റെ പുറത്ത് തട്ടിയുള്ള ചോദ്യം കേട്ടപ്പോഴാണ് ഏതോ ലോകത്ത് നിന്നെന്നപോലെ രവി ഞെട്ടി ഉണർന്നത്. ഓരോ ഓർമ്മകൾ കൂരിരുട്ടുപോലെ തന്നെ ഇത്രയും നേരം മൂടി ഇരിക്കുകയായിരുന്നു എന്ന് രവിക്ക് തോന്നി. പുറത്തു നിന്നും ബസിനകത്തേക്ക് തണുത്ത കാറ്റടിച്ചു. പക്ഷെ രവിയുടെ മനസ് ആളിക്കത്തുകയായിരുന്നു. ഇന്റർവ്യൂ കാർഡ് വന്നത് മുതൽ ഇന്നുവരെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ അവൻ മറക്കാൻ ശ്രമിച്ചു. ജീവിത സത്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ മനസ്സിൽ ഇന്ന് തെളിയുന്നത് അവനെ കാത്തിരിക്കുന്ന മൂന്നു മുഖങ്ങളാണ്. ജോലി കിട്ടി തിരിച്ചു വരുന്ന മകനെ കാണാൻ കൊതിച്ചിരിക്കുന്ന അമ്മയുടെ മുഖം, വിവാഹപ്രായം ആയി നിൽക്കുന്ന തന്റെ സഹോദരിമാരുടെ മുഖം, പക്ഷെ അവരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും മുന്നിൽ ഇറ്റു വീഴുന്നത് തന്റെ കണ്ണുനീർത്തുള്ളികൾ മാത്രമാണല്ലോ എന്നവൻ ഓർത്തു. ഒരു കാലത്ത് സമ്പന്ന കുടുംബമായിരുന്നു. തന്റെ വീടിനെ ഇന്ന് ഈ കൊടും ദാരിദ്ര്യത്തിലേക്ക് താഴ്ത്തിയതും വരെയുള്ള ഓരോ ഓർമകളും രവിയുടെ മനസിലൂടെ മിന്നി മാഞ്ഞു കൊണ്ടിരുന്നു. തന്റെ അച്ഛൻ വരുത്തിവച്ച കടങ്ങളും അച്ഛന്റെ മദ്യപാനവും അവസാനം എല്ലാ ഭാരവും തന്റെ ചുമലിൽ വച്ചു തന്നിട്ട് ആറടി മണ്ണിൽ ലയിച്ചു തീർന്നപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന തന്നെ, മാറോടു അണച്ചു പൊട്ടിക്കരഞ്ഞ തന്റെ അമ്മയുടെയും സഹോദരിമാരുടെയും മുഖം രവിയുടെ മനസ്സിൽ നിറഞ്ഞു. എന്നിട്ടും അവൻ പഠിച്ചു. പഠനത്തിൽ എല്ലാം വിജയങ്ങൾ മാത്രമായിരുന്നു അവനെ തേടിയെത്തിയത്. എന്നിട്ടും വിധി വീണ്ടും അവനെ തോൽപ്പിച്ചു കൊണ്ടിരുന്നു. പഠിപ്പിന് ചേർന്ന ഒരു ജോലിയും അവനെ തുണച്ചില്ല. പണവും സ്വാധീനവും ഇല്ല എന്നതായിരുന്നു അതിനു കാരണം. അവസാനം കാത്തിരുന്നു കൈയിൽ കിട്ടിയ ഈ ഇന്റർവ്യൂ കാർഡും അവനെ തുണച്ചില്ല. പണത്തിന്റെ പേരിൽ ഇതും നഷ്ടമായി. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ മൂന്ന് മുഖങ്ങൾക്ക് മുന്നിൽ നിസഹായനായി ചെന്നു നിൽക്കുന്നതിനെ കുറിച്ച് ഓർത്തു അവന്റെ ഹൃദയം പിടഞ്ഞു.'കൊടകര എത്തി ഇറങ്ങാൻ ഉള്ളവർ വാ ', അവന്റെ ഏകാന്തതയെ മറികടന്നു എത്തിയ ഈ വാക്കുകൾ അവനെ വീണ്ടും ഓർമകളിൽ നിന്ന് പിടിച്ചു ഉയർത്തി. ഇറങ്ങാൻ ഉള്ള സ്ഥലം എത്തി കഴിഞ്ഞു എന്ന് മനസിലാക്കി അവൻ ചാടി എഴുന്നേറ്റു. ബസിൽ നിന്ന് ഇറങ്ങി പകലിനെ കാർന്നു തിന്നുന്ന ഇരുട്ടിനെ ഭേദിച്ചു ഒരു ദുർബലനെ പോലെ അവൻ എങ്ങോട്ട് എന്നില്ലാതെ നടന്നു നീങ്ങി.

ആദിത്യ . ബി
6A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത