എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം

നാടോടി വിജ്ഞാനകോശം

അർജ്ജുനൻമല

കൂത്താട്ടുകുളം പട്ടണത്തോട് അടുത്ത് അർജ്ജുനൻമല എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്. ഈ മലയുമായി ബന്ധപ്പെട്ടതാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമചരിത്രം പ്രചാരത്തിലുള്ളത്. തറനിരപ്പിൽ നിന്നും ഏകദേശം അഞ്ഞുറ് മീറ്റർ ഉയരമുള്ള ഒരു കുന്നാണ് അർജ്ജുനൻമല. ഉള്ളാട സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. മധ്യമപാണ്ഡവനായ അർജ്ജുനൻ പാശുപതാസ്ത്രം നേടുന്നതിനായി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. അർജ്ജുനൻ തപസ്സിരുന്ന സ്ഥലമായതിനാലാണത്രേ അർജ്ജുനൻമല എന്ന പേരുവന്നത്.

അർജ്ജുനൻമല ശിവക്ഷേത്രം

കൂത്താട്ടുകുളത്തെ അർജ്ജുനൻമല ശിവക്ഷേത്രം ആദിമ നിവാസികളായ ഉള്ളാരുടെതാണ്. ഗിരിജന വിഭാഗത്തിൽ പെട്ടവരാണ് ഇവിടത്തെ പൂജാരികൾ. ആദ്യകാലത്ത് ഈ ക്ഷേത്രഭരണം നടത്തിയിരുന്നവർ ‘ എട്ടുമുട്ടൻമാർ ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ആമ്പക്കാട്ട് കർത്താക്കൾ

കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് തെക്ക് ഭാഗത്ത്, വിശാലമായ നെൽവയലിന്റെ കരയിലായിരുന്നു ആമ്പക്കാട്ട് കർത്താക്കൾ താമസിച്ചിരുന്നത്. അവിടന്ന് അരകിലൊമീറ്റർ പടിഞ്ഞാറ് മാറി ഇന്ന് ശിർദ്ദിസായി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആമ്പക്കാട്ട് കർത്താക്കളുടെ കളരി. ആ സ്ഥലത്തുനിന്ന് ധാരാളം ആയുധങ്ങളും വിഗ്രഹങ്ങളും മറ്റും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഭരദേവതയായിരുന്നു ഓണംകുന്ന് ഭഗവതി. തന്റെ അധികാര അതിർത്തിയിൽ കുറ്റം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷകൾ നല്കിയിരുന്ന കർത്താക്കൾ വധശിക്ഷ നടപ്പാക്കിയിരുന്നത് കഴുവേറ്റിയായിരുന്നു. കൂത്താട്ടുകുളത്തുനിന്ന് കോഴിപ്പിള്ളിക്കുള്ള വഴിയിൽ ചാരഞ്ചിറ ഭാഗത്തുകൂടി അന്നുണ്ടായിരുന്ന നടപ്പ് വഴിയുടെ സമീപത്തായിരുന്നു കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. അന്ന് കഴുമരമായി ഉപയോഗിച്ചിരുന്ന രണ്ട് ഇലവു മരങ്ങൾ ഏതാനും കൊല്ലം മുൻപ് വരെ അവിടെ നിലനിന്നിരുന്നു.

ആഴ്ചചന്ത

കൂത്താട്ടുകുളത്ത് ആദ്യകാലത്തുണ്ടായിരുന്ന അങ്ങാടിയുടെ സ്ഥാനത്താണ് ആഴ്ചചന്ത തുടങ്ങിയത്. ദിവാൻ പേഷ്കാർ നേരിട്ടെത്തിയാണ് ഇവിടെ ആഴ്ച ചന്ത തുടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അനേഷണം നടത്തിയത്. പരിശോധനക്കെത്തിയ അദ്ദേഹത്തെ അങ്ങാടിയുടെ വലിപ്പം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നാട്ടുകാർ ഏതാനും നെടുമ്പുരകൾകൂടി അവിടെ കൂടുതലായി കെട്ടിയുണ്ടാക്കിയിരുന്നു.അതെല്ലാം നേരത്തെതന്നെ അവിടെ ഉണ്ടായിരുന്നതായി തോന്നാൻ ഓല മേഞ്ഞ പഴയകെട്ടിടങ്ങൾ പൊളിച്ചുകൊണ്ടുവന്നാണ് അവിടെ സ്ഥാപിച്ചത്. തുരുത്തേൽ ഉതുപ്പ് തന്റെ വീട്ടിലെ തൊഴുത്തും ആട്ടിൻ കൂടും പൊളിച്ചുകൊണ്ടുവന്ന് അങ്ങാടിയിൽ സ്ഥാപിക്കുകയുണ്ടായി. അതിനുള്ളിൽ വിൽപ്പനക്കുള്ള കാർഷികോല്പന്നങ്ങൾ കൊണ്ടു വന്നു കൂട്ടി. ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെയും ചന്തയിൽ കൊണ്ടുവന്ന് കെട്ടി. ഇതെല്ലാം കണ്ട് തൃപ്തനായ ദിവാൻ പേഷ്ക്കാർ കൂത്താട്ടുകുളത്ത് ആഴ്ചചന്ത തുടങ്ങാൻ സർക്കാരിന് റിപ്പോർട്ടുനൽകുകയും ചെയ്തു. 1865-നോട് അടുത്ത്. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച ഈ ആഴ്ചചന്ത രാമവർമ്മപുരം മാർക്കറ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ സെൻട്രൽ ജംഗ്ഷന് സമീപം പോലീസ് സ്റ്റേഷന്റെ തെക്ക് ഭാഗത്തായിരുന്നു മാർക്കറ്റ് ആദ്യം തുടങ്ങിയത്. അവിടെ രാമവർമപുരം മാർക്കറ്റ് എന്നെഴുതിയ തിരുവിതാംകൂറിന്റെ മുദ്രയുള്ള വലിയ ശിലാഫലകം സ്ഥാപിച്ചിരുന്നു. കാലക്രമേണ മാർക്കറ്റ് വികസിച്ചപ്പോൾ കൂടുതൽ സൌകര്യത്തിനായി ടൌണിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് കാണുന്ന ആഴ്ചചന്ത.

ആടുമാടുകൾക്ക് പുറമെ, കോഴി, താറാവ്, പന്നി മുതലായ വളർത്തുമൃഗങ്ങളുടെയും, കാർഷികോല്പന്നങ്ങളുടെയും പ്രധാനവിപണന കേന്ദ്രമായിരുന്നു ഈ ആഴ്ചചന്ത. ബുധനാഴ്ചയാണ് ചന്തദിവസം. ചന്തയിൽ എത്തിച്ചേരുന്ന കാർഷികോൽപ്പന്നങ്ങൾ അധികവും അന്നത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ആലപ്പുഴയ്ക്കായിരുന്നു കയറ്റി അയച്ചിരുന്നത് . അവിടന്നു പായ, കരിപ്പട്ടി ശർക്കര, ഉപ്പ്, പുകയില , ഉണക്കമീൻ, ഇരുമ്പ് സാധനങ്ങൾ എന്നിവയൊക്കെ കച്ചവടക്കാർ ഇവിടെക്കൊണ്ടുവന്ന് വില്പന നടത്തിയിരുന്നു. ആലപ്പുഴയിൽ നിന്ന് വഞ്ചിയിൽ വെട്ടിയ്ക്കാട്ട് മുക്കിൽ എത്തിക്കുന്ന ചരക്കുകൾ തലച്ചുമടായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. പിന്നീട് കാളവണ്ടികളിലായി. അക്കാലത്ത് കുടമണികൾ കെട്ടിയ കാളകളും വണ്ടികളുമായി ദൂരെ ദിക്കുകളിൽ നിന്നു പോലും കച്ചവടക്കാർ ഇവിടെ വന്ന് ചരക്കുകൾ വില്ക്കുകയും, വാങ്ങുകയും ചെയ്തിരുന്നു. ടൌൺപാലത്തിനടുത്ത് ചന്ത തോടിന്റെ കരയിലായിരുന്നു പ്രധാന വണ്ടിപേട്ട. അവിടെ വണ്ടിക്കാളകൾക്ക് പുല്ലും വയ്ക്കോലും, വെള്ളവും ഒക്കെ എത്തിച്ച് കൊടുക്കാനും, ലാടം തറയ്ക്കുന്നതിനും തൊഴിലാളികളുണ്ടായിരുന്നു. വണ്ടിക്കാർക്ക് ചാട്ട പിരിച്ച് കൊടുത്ത് ഉപജീവനം നടത്തിയിരുന്നവരും അന്ന് ഉണ്ടായിരുന്നു

ഓണംകുന്ന് ഭഗവതി ക്ഷേത്രം

ജൈനപാരമ്പര്യം വിളിച്ചോതുന്ന കൂത്താട്ടുകുളത്തെ ഓണംകുന്ന് ഭഗവതിക്ഷേത്രവും ചിരപുരാതനമാണ്. ഇവിടെ അധിവസിച്ചിരുന്ന ജൈനവിശ്വാസികളുടെ ആരാധനാലയമായിരുന്നു ഒരുകാലത്ത് ഓണംകുന്ന് ഭഗവതിക്ഷേത്രം. കൂത്താട്ടുകുളത്ത്നിന്നും അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഓണക്കൂർ എന്ന സ്ഥലവും ജൈനരുടെ അധിവാസത്തെയാണ് സൂചിപ്പിക്കുന്നത്. ജൈനസംസ്കാരത്തോട് ബന്ധപ്പെട്ട ശ്രാവണ ശബ്ദത്തിന്റെ പരിണാമമാണ് ഓണം. കാഞ്ചിപുരത്തുള്ള ഓണകാന്തൻ തളിപോലെ, ഓണംകുന്നും, ഓണക്കൂറും ജൈനപാരമ്പര്യം പേറുന്നുണ്ടെന്നാണ് സ്ഥലനാമചരിത്രകാരനായ വി.വി.കെ വാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കൂത്താട്ടുകുളത്തെ നെല്ല്യക്കാട്ട് ഭഗവതീ ക്ഷേത്രവും ജൈനരുടേതായിരുന്നു എന്നാണ് വാലത്തിന്റെ അഭിപ്രായം. പില്കാലത്ത് ബുദ്ധ-ജൈനമതങ്ങൾ ക്ഷയിക്കുകയും, ആര്യബ്രാഹ്മണർ ശക്തരാകുകയും ചെയ്തതോടെ ഇത് ഹിന്ദുക്ഷേത്രങ്ങളായി തീരുകയാണുണ്ടായത്.

കിഴകൊമ്പ് കാവ്

ദ്രാവിഡകാലഘട്ടത്തോളം പഴക്കമുള്ളതാണ് കൂത്താട്ടുകുളത്തെ കിഴകൊമ്പ് ഭഗവതി ക്ഷേത്രം. വൻവൃക്ഷങ്ങളും വള്ളിപടർപ്പികളും കൊണ്ട് നിബിഡമായ കാവിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വന ദുർഗ്ഗയാണ്.

കുഴിമാടം

കിഴകൊമ്പ് കാവിൽ നിന്നും ഒരു വിളിപ്പാടകലെയാണ് കുഴിമാടം സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത കേരളത്തിലെ എല്ലാ ക്രൈസ്തവകേന്ദ്രങ്ങളിലും ഇത്തരം കുഴിമാടങ്ങളുണ്ടായിരുന്നു. കിഴകൊമ്പിലെ കാക്കനാട്ട്പറമ്പേൽ കുടുംബത്തിലെ കാരമവന്മാരെ സംസ്കരിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് പിൽക്കാലത്ത് നിർമ്മിച്ച ഒരു ചെറിയ കുഴിമാടപ്പള്ളിയാണ്. ഇവിടെ എല്ലാദിവസവും സന്ധ്യയ്ക്ക് വിളക്കുവയ്ക്കുകയും വർഷംതോറും കുടുംബാംഗങ്ങൾ ഒത്തുകൂടി ആണ്ട് നേർച്ച നടത്തിവരികയും ചെയ്യുന്നു.

കൂത്താട്ടുകുളം

കേരളത്തിലെ പഴയ സ്ഥലനാമങ്ങൾക്കെല്ലാം ആ പേരിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. സത്യവും സങ്കല്പവും ഇടകലർന്നുകിടക്കുന്ന ഇത്തരം ഐതിഹ്യങ്ങൾ പലതും ഏറെ രസാവഹങ്ങളാണ്. അത്തരം ഒരൈതിഹ്യം 'കൂത്താട്ടുകുളം' എന്ന പേരിനു പിന്നിലുമുണ്ട്.

കൂത്താട്ടുകുളം പട്ടണത്തോട് അടുത്ത് അർജ്ജുനൻമല എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്. ഈ മലയുമായി ബന്ധപ്പെട്ടതാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമചരിത്രം പ്രചാരത്തിലുള്ളത്. തറനിരപ്പിൽ നിന്നും ഏകദേശം അഞ്ഞുറ് മീറ്റർ ഉയരമുള്ള ഒരു കുന്നാണ് അർജ്ജുനൻമല. ഉള്ളാട സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. മധ്യമപാണ്ഡവനായ അർജ്ജുനൻ പാശുപതാസ്ത്രം നേടുന്നതിനായി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. അർജ്ജുനൻ തപസ്സിരുന്ന സ്ഥലമായതിനാലാണത്രേ അർജ്ജുനൻമല എന്ന പേരുവന്നത്. കുറെ കാലത്തിനുശേഷം ഒരു ആദിവാസിസ്ത്രീ കിഴങ്ങും കായ്കനികളും തേടി ഈ കുന്നിൽമുകളിലെത്തി. അവർ കയ്യിലിരുന്ന പാരക്കോലുകൊണ്ട് ഒരു വൃക്ഷച്ചുവട്ടിൽ കുത്തി നോക്കിയപ്പോൾ കണ്ടത് കിഴങ്ങിനുപകരം രക്തമായിരുന്നുവത്രേ! അവിടെ പുതഞ്ഞുകിടന്നിരുന്ന ശിവലിംഗത്തിലായിരുന്നു ആ പാര കൊണ്ടത്. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം കണ്ട ആ സ്ത്രീ കുന്നിറങ്ങിയോടി. ഒരു ഉന്മാദിനിയെപ്പോലെ അവർ താഴ്വരയിലൂടെ കൂത്താടി നടന്നു. അങ്ങനെ ആ സ്ത്രീ കൂത്താടി നടന്ന സ്ഥലമാണ് കൂത്താട്ടുകളവും പിന്നീട് കൂത്താട്ടുകുളവുമായി മാറിയത് എന്നാണ് ഐതിഹ്യം.

ചോരക്കുഴി

വർഷങ്ങൾക്കുമുമ്പ് ഒരു ആദിവാസിസ്ത്രീ കിഴങ്ങും കായ്കനികളും തേടി അർജ്ജുനമല എന്ന കുന്നിൽമുകളിലെത്തി. അവർ കയ്യിലിരുന്ന പാരക്കോലുകൊണ്ട് ഒരു വൃക്ഷച്ചുവട്ടിൽ കുത്തി നോക്കിയപ്പോൾ കണ്ടത് കിഴങ്ങിനുപകരം രക്തമായിരുന്നുവത്രേ! അവിടെ പുതഞ്ഞുകിടന്നിരുന്ന ശിവലിംഗത്തിലായിരുന്നു ആ പാര കൊണ്ടത്. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം കണ്ട ആ സ്ത്രീ കുന്നിറങ്ങിയോടി. ഒരു ഉന്മാദിനിയെപ്പോലെ അവർ താഴ്വരയിലൂടെ കൂത്താടി നടന്നു. അങ്ങനെ ആ സ്ത്രീ കൂത്താടി നടന്ന സ്ഥലമാണ് കൂത്താട്ടുകളവും പിന്നീട് കൂത്താട്ടുകുളവുമായി മാറിയത് എന്നാണ് ഐതിഹ്യം. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം വന്നു ചേർന്ന സ്ഥലം 'ചോരക്കുഴി'യായി മാറി. അർജ്ജുനമലയുടെ തെക്കേ ചരുവിലാണ് ചോരക്കുഴി.

മഹാദേവക്ഷേത്രം, കൂത്താട്ടുകുളം

ജീർണ്ണ പ്രായമായിക്കോണ്ടിരിക്കുന്ന കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം രാമയ്യൻ ദളവയാൽ പുതുക്കി പണിയിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ദാരുശിൽപ്പങ്ങളും മറ്റു നിർമ്മാണങ്ങളും ആകർഷണീയങ്ങളും പഠനാർഹങ്ങളുമാണ്. ഇവിടെ രാമായണ കഥ തടിയിൽ കൊത്തിവച്ചിട്ടുള്ളത് കാലപ്പഴക്കത്താലും സംരക്ഷണക്കുറവുകൊണ്ടും നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് കൂത്താട്ടുകുളത്തെയും സമീപ പ്രദേശങ്ങളിലേയും ഭൂസ്വത്തുക്കളുടെ നല്ലൊരുഭാഗം ഈ ക്ഷേത്രം വകയായിരുന്നു എന്നാണ് പഴയരേഖകൾ കാണിക്കുന്നത്.

മുത്തലപുരം

കൂത്താട്ടുകുളത്തിന്റെ സമീപസ്ഥലമാണ് മുത്തലപുരം. മുത്തൻ, മുത്തളൻ തുടങ്ങിയ ജൈനരുടെ ദേവസങ്കല്പങ്ങളുമായി ബന്ധപ്പെട്ടാണ് മുത്തലപുരം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് കരുതുന്നു.

മോനിപ്പള്ളി

കൂത്താട്ടുകുളത്തിന്റെ സമീപസ്ഥലമാണ് മോനിപ്പള്ളി. മോനിപ്പള്ളിയും ബുദ്ധസംസ്കാരത്തോട് ബന്ധപ്പെട്ടതാണ്. നാനം മോനം നടന്നിരുന്ന, അതായത് ബൌദ്ധരുടെ എഴുത്തുപള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെയാണ് മോനിപ്പള്ളിയെന്ന സ്ഥലനാമം സൂചിപ്പിക്കുന്നത്.

രാമായണ ശില്പങ്ങൾ

കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ നൂറ്റാണ്ടുകൾ പഴക്കുമുള്ള ബലിക്കൽപുരയുടെ മേൽമച്ചിലും വശങ്ങളിലുമായി കൊത്തിവച്ചിട്ടുള്ളവയാണ് രാമായണകഥാ ശില്പങ്ങൾ.

വടകര

നൂറ്റാണ്ടുകൾക്ക് മുമ്പ് മലബാറിലെ വടകരയിൽ നിന്നുള്ള കൃസ്ത്യൻ തീർത്ഥാടകർ വിശ്രമിച്ച സ്ഥലം വടകരയും അവിടെ അവർ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകരപ്പള്ളിയുമായി.

വടകരപ്പള്ളി

കൂത്താട്ടുകുളത്തെ ചിരപുരാതനവും, പ്രശസ്തവുമായ ക്രിസ്ത്യൻ ദേവാലയമാണ് വടകരപ്പള്ളി. പത്താംനൂറ്റാണ്ടിന്റെ പൂർവ്വാർത്ഥത്തിലാണ് ഇവിടെ ആദ്യത്തെ പള്ളി സ്ഥാപിച്ചതെന്നാണ് വിശ്വാസം. വടകര എന്ന സ്ഥലപ്പേരിനെക്കുറിച്ചും വടകരപ്പള്ളിയുടെ സ്ഥാപനത്തെക്കുറിച്ചും പല ഐതീഹ്യങ്ങളും നിലവിലുണ്ട്. 1653 ലെ കൂനൻകുരിശ് സത്യത്തെതുടർന്ന് കേരളത്തിലെ ക്യസ്ത്യാനികൾ പുത്തൻ കൂറെന്നും, പഴയകൂറെന്നും വേർപിരിഞ്ഞെങ്കിലും ഇവിടെ ഇരുവിഭാഗവും നൂറ്റി ഇരുപത്തിയഞ്ച് വർക്ഷം മാതൃ ദേവാലയത്തിൽ തന്നെയാണ് ആരാധന നടത്തിയിരുന്നത്. പേർഷ്യൻ വാസ്തുശില്പമാതൃകയിൽ നിർമ്മിച്ചിട്ടുള്ള പുരാതന ദേവാലയം പുത്തൻകൂർവിഭാഗത്തിന്റെ കൈവശമാണ്.

വെർണാകുലർ സ്കൂൾ

കൂത്താട്ടുകുളത്തെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം വെർണാകുലർ മലയാളം സ്കൂളാണ്. 1875 കാലത്താണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അതിന് മുൻപ് അക്ഷരാഭ്യാസത്തിന് ഇവിടെയുണ്ടായിരുന്നത് കളരികളായിരുന്നു. തുരുത്തേൽ ആശാന്റേയും, പടിഞ്ഞാറേൽ ആശാന്റേയും കളരികളായിരുന്നു പ്രധാനപ്പെട്ട രണ്ട് കളരികൾ. കൂത്താട്ടുകുളത്ത് ആരംഭിച്ച വെർണാകുലർ സ്കൂൾ ഉത്തരതിരുവിതാംകൂറിലെതന്നെ ആദ്യത്തെ പൊതുവിദ്യാലയമായിരുന്നു. അക്കാലത്ത് വടക്കൻപറവൂരും , കോട്ടയത്തും മാത്രമേ വേറേ സ്കൂളുകൾ ഉണ്ടായിരുന്നുള്ളു എന്നാണ്, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ വിദ്യാർത്ഥിയായിരുന്ന റവ ഡോ. എബ്രഹാം വടക്കേൽ ഒരു ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇന്നത്തെ ട്രഷറി റോഡിനും, മാർക്കറ്റ് റോഡിനും ഇടയിൽ ആദ്യത്തെ അങ്ങാടിയോട് ചേർന്നായിരുന്നു ആ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ ടൌൺഹാളിന് തെക്ക് ഭാഗത്ത് ഉണ്ടായിരുന്ന വടകരപള്ളിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ആ സ്കൂൾ എതാനും വർഷങ്ങൾക്ക് ശേഷം ടൌൺസ്കൂളിൽ ലയിപ്പിക്കുകയാണുണ്ടായത്. ഹൈസ്കൂൾ റോഡിൽ പള്ളിവക സ്ഥലത്ത് പുതിയ ഷോപ്പിംഗ് സെന്റർ നിർമ്മിക്കുന്നതുവരെ ആ സ്കൂൾ കെട്ടിടം അവിടെ നിലനിന്നിരുന്നു.

സി.എസ്സ്.ഐ. ദേവാലയം

ഓണംകുന്ന് ക്ഷേത്രത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന സി.എസ്സ്.ഐ. ദേവാലയം ബ്രീട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണ്.

സി. ജെ. തോമസ്

മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (നവംബർ 14, 1918 - ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

1918–ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്ന് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർ‍ന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർ‍ത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർ‍ത്തിച്ചു.

സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്ക് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു്.

പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണ് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.

പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മൂത്ത സഹോദരിയായിരൂന്നു. കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ മുൻ‍നിരയിൽ സ്ഥാനമുറപ്പിച്ചിരുന്ന ധിഷണയുടെ ഹിമഗിരിശൃംഗമായിരു‍ന്നു സിജെയെന്നാണു് സുകുമാർ അഴീക്കോടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്.1960 ജൂലൈ 14-ന്‌ 42-ആം വയസ്സിൽ സി.ജെ. അന്തരിച്ചു.

ഹൈസ്ക്കൂൾ, കൂത്താട്ടുകുളം

1938-ൽ ആരംഭിച്ച ഹിന്ദു മിഷൻ മിഡിൽസ്കൂളാണ് ഇന്നത്തെ കൂത്താട്ടുകുളം ഹൈസ്കൂൾ. ആദ്യം അയ്യംപറമ്പ് ചാവടിയിലും പിന്നീട് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ ഊട്ട്പുരയിലുമായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പില്കാലത്ത് കൂത്താട്ടുകുളം വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന അത്തിമണ്ണില്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷവും ഊരാണ്മക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് തന്റെ അധീനതയിലുള്ള ക്ഷേത്രത്തിൽ അധസ്ഥിതർക്ക് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയ പരിഷ്കരണവാദിയായിരുന്നു കേശവൻ നമ്പൂതിരി. ആഗമാനന്ദ സ്വാമികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഊട്ട്പുരയിൽ ആരംഭിച്ച സ്കൂളിൽ നാനാ ജാതികളിലും പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു.