വിദ്യാലയ വാർത്തകൾ/അറിയിപ്പുകൾ
ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ
മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്കുള്ള ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടുത്താൻ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല ഹൈസ്‌കൂൾ പ്രഥമാധ്യാപക ശില്പശാലയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.
അക്കാദമിക് മാസ്റ്റർ പ്ലാനുകൾ മോണിറ്റർ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള ‘ സമഗ്ര പ്ലസ് ’ പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ വിശദീകരിച്ചു. താഴെത്തട്ട് മുതൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങളാണ് സമഗ്ര പ്ലസ് പോർട്ടലിൽ ഉള്ളത്.
പോർട്ടലിലൂടെ ടീച്ചർക്ക് ഡിജിറ്റൽ പ്ലാനുകൾ തയ്യാറാക്കി സൂക്ഷിക്കാനും പ്രഥമാധ്യാപകർക്ക് സമർപ്പിക്കാനും കഴിയും. പോർട്ടലിലെ ഡിജിറ്റൽ റിസോഴ്‌സുകൾ 'ലേണിംഗ് റൂം' സംവിധാനം വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. സ്‌കീം ഓഫ് വർക്കിനനുസരിച്ചാണോ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്ന് ടീച്ചർക്ക് സ്വയം വിലയിരുത്താം. നേരത്തെ വിദ്യാഭ്യാസ ഓഫീസർമാർ, പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകർ, ഐ ടി കോർഡിനേറ്റർമാർ, എസ്.ആർ.ജി കൺവീനർമാർ തുടങ്ങിയവർക്ക് കൈറ്റ് പരിശീലനം നൽകിയിരുന്നു.
ശില്പശാലയിൽ ജില്ലയിലെ 230 ഹൈസ്‌കൂൾ പ്രഥമാധ്യാപകർ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗം ഐടി കോർഡിനേറ്റർമാർക്കും എസ്.ആർ.ജി കൺവീനർമാർക്കും വരും ദിവസങ്ങളിൽ പരിശീലനം നൽകും. ജൂലൈ മാസം തന്നെ സംസ്ഥാന തലത്തിൽ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകി അക്കാദമിക മോണിറ്ററിംഗിനും കുട്ടികളുടെ മെന്ററിംഗിനും ഉള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം രക്ഷിതാക്കൾക്കു കൂടി കാണുന്ന വിധം സജ്ജീകരിക്കുമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു.
തിരുവനന്തപുരം ഡി.ഡി.ഇ ശ്രീജ ഗോപിനാഥ്, കൈറ്റ് ജില്ലാ കോർഡിനേറ്റർ ബിന്ദു. ജി.എസ്, സെന്റ് മേരിസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ.നെൽസൺ. പി തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി
കൂൾ പരിശീലനം - ജൂലൈ 2025
- അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനാവശ്യമായ KOOL ഓൺലൈൻ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 03.07.2025 മുതൽ 07.07.2025 വരെ രജിസ്ട്രേഷൻ നടത്തോം.
- വിശദവിവരങ്ങൾക്ക് സർക്കുലർ കാണുക
അധ്യാപകർക്ക് കൈറ്റിൽ മാസ്റ്റർട്രെയിനർമാരായി അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷനിലേയ്ക്ക് (കൈറ്റ്) മാസ്റ്റർട്രെയിനർമാരെ തെരഞ്ഞെടുക്കുന്നു. ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർസെക്കന്ററി/ഹൈസ്കൂൾ/പ്രൈമറി സ്കൂൾ അധ്യാപകർക്ക് അപേക്ഷിക്കാവുന്നതാണ്.
സ്കൂൾ ഐ.ടി കോ-ഓർഡിനേറ്റർ, കൈറ്റ് മെന്റർ (കൈറ്റ് മാസ്റ്റർ/മിസ്ട്രസ്‍) എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേയ്ക്കുള്ള ഡിജിറ്റൽ പഠന വിഭവ നിർമാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങി കൈറ്റ് നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്.
www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ 2025 ജൂലൈ 8 വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ നൽകേണ്ടതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയത്തിന്റേയോ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലോ ആയിരിക്കും അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. പ്രായോഗിക പരീക്ഷ ജൂലൈ 12-ന് ആയിരിക്കും. കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിലാണ് അധ്യാപകരെ മാസ്റ്റർ ട്രെയിനർമാരായി നിയോഗിക്കുന്നത്.
കെ. അൻവർ സാദത്ത്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
02/07/2025
അക്കാദമിക മാസ്റ്റർപ്ലാൻ 2025-26
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കാം. വീഡിയോ സഹായി ഉൾപ്പെടെയുള്ള വിശദവിരങ്ങൾ കാണുക.