2022-23 വരെ2023-242024-25


സ്കൂളിലെ ഈ വർഷത്തെ വായനദിനം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരുന്നു..

ഇത്തവണത്തെ വായനദിനം കുട്ടികൾ തന്നെ conduct ചെയ്തു. സ്വാഗതം മുതലിങ്ങോട്ട് നന്ദി പറച്ചിൽ വരെ അവര് വളരെ ഭംഗിയായി നിർവ്വഹിച്ചു. ഞങ്ങൾ വെറും കാഴ്ച്ചക്കാരായിരുന്നു'. അതുപോലെ തന്നെ വളരെ നാളത്തെ പിടി.എ ഉൾപ്പെടെയുള്ള അധ്യാപക സുഹൃത്തുക്കളുടെ "തുറന്ന ഒരു വായനമുറി " എന്ന സ്വപ്നവും സാക്ഷാത്ക്കരിക്കപ്പെട്ട ഒരു വിശേഷ ദിനം കൂടിയാണ്. മലയാളിയുടെ കാവ്യ മനസ്സിൽ അനിർവ്വചനീയമായ അനുഭൂതി നിറച്ച "പൂതപ്പാട്ട് "എന്ന കഥാകവിതയുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരവും നടന്നു. അതോടൊപ്പം നാടൻ പാട്ട് ആലാപനവും, മദ്യവും മയക്കുമരുന്നും വരുത്തുന്ന ദുരന്തങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട് എന്ന വലിയ സന്ദേശം നൽകുന്ന സ്കിറ്റും, മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ടു. നമ്മുടെ കുഞ്ഞുങ്ങൾ എന്തെല്ലാം കഴിവുകൾ ഉള്ളവരാണ് !. എന്താണ് കഴിവെന്ന് തിരിച്ചറിയുകയേ വേണ്ടൂ.കണ്ടെത്തിക്കഴിഞ്ഞ് അവർക്ക് ഒരു കൈത്താങ്ങ് കൊടുക്കുക. അവർ കൊടുമുടികൾ കീഴടക്കും. വായനദിനം ഉദ്ഘാടനം മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി.പി.വേണുഗോപാലൻ മാഷാണ് നിർവ്വഹിച്ചത്. സ്കൂളിൻ്റെ ചിത്രകലാ അധ്യാപകനായ ലെസിൻ മാഷ് വായനമുറിയുടെ ചുമരിൽ വരച്ച പി.എൻ പണിക്കരുടെ ചിത്രം മുഖ്യാതിഥി ശ്രീ. കോങ്കി രവി അനാച്ഛാദനം ചെയ്തു. പിണറായി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ.കെ.രാജീവൻ അദ്ധ്യക്ഷനും ആയിരുന്നു.പരിപാടി തീരുംവരെ ആഹ്ലാദത്തോടെ കുഞ്ഞുങ്ങളോടൊപ്പം ചേർന്നു നിന്ന പി.ടി എ പ്രസിഡൻ്റ് കോമത്ത് രാജൻ മാഷ് ,മികച്ച നാടക കലാകാരൻ കൂടിയായ ശ്രീ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.