ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പ്രവേശനോത്സവം 2023 നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ പ്രവേശനോത്സവം ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ ഫാ മാത്യു ഓലിക്കൽ അധ്യക്ഷനായിരുന്നു. എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ Adarsh സമിതി അധ്യക്ഷ ശ്രീമതി മിനി ഷൈബി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു കുറുമുട്ടം, മുൻ ഹെഡ്‌മിസ്ട്രസ് ശ്രീമതി മേഴ്‌സി തോമസ്, ശ്രീ ടോമി ചാമക്കാലാ, ശ്രീ മാത്തുകുട്ടി, പി ടി എ പ്രസിഡന്റ് ശ്രീ സൈജു ഇലവുങ്കൽ, വെൽഫയർ കമ്മിറ്റി പ്രസിഡണ്ട്‌ ശ്രീ ജോസ് അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. ചെമ്പേരി ജേസീസ് കുട്ടികളുമായി സംഭാവന ചെയ്ത പഠന ഉപകരണങ്ങൾ ജേസീസ് പ്രസിഡണ്ട്‌ ശ്രീ സുനിൽ കെ പീറ്റർ വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അഗസ്റ്റിൻ സൈജുവിന് കൈമാറി. നേരത്തെ സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ ഫാ മാത്യു ഓലിക്കൽ നേതൃത്വം നൽകി.

നെല്ലിക്കുറ്റി സ്കൂളിൽ കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്‌ക്കൂളിൽ കേന്ദ്ര സംസ്ഥാന ഫണ്ട്‌ ഉപയോഗിച്ച് പുതുതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എം എൽ എ നിർവ്വഹിച്ചു. എരുവേശ്ശി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടെസ്സി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ എ ഇ ഒ ഗിരീഷ് മോഹൻ കെ, നൂൺ മീൽ ഓഫീസർ രാജേഷ് ബാബു, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ, എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സമിതി അധ്യക്ഷ മിനി ഷൈബി, ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു കുറുമുട്ടം, മുൻ ഹെഡ്‌മിസ്ട്രസ് മേഴ്‌സി തോമസ്, പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ,നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട്‌ ജോസ് അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

പരിസ്ഥിതി ദിനാചാരണം

നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനാചാരണം സമുചിതമായി ആചരിച്ചു. പോസ്റ്റർ പ്രകാശനം, പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ, കോളാഷ് നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ സ്കൂൾ അങ്കണത്തിൽ മാവിൻ തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം നൽകി. എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി 50 ഫല വൃക്ഷതൈകൾ കുട്ടികൾക്ക് വിതരണം ചെയ്ത് പരിസ്ഥിതി ദിനാചാരണം ഉദ്ഘാടനം ചെയ്തു. ലിയ മരിയ സണ്ണി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി സന്ദേശം നൽകി.പേപ്പർ ബാഗ് നിർമ്മാണം, പേപ്പർ പേന നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ആവേശം പൂർവ്വം പങ്കെടുത്തു. ഉൽപ്പന്നങ്ങളുടെ പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.പരിപാടി പി ടി എ പ്രസിഡണ്ട്‌ സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു.സയൻസ് ക്ലബ് കൺവീനർ സനീഷ് ജോസഫ് , മജി മാത്യു സോഷ്യൽ സയൻസ് കൺവീനർ ഗിരീഷ് കെ, സ്റ്റാഫ്‌ സെക്രട്ടറി ജോയ്സ് സഖറിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.

വായനാ ദിനം

നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ വായനാദിനം വിപുലമായി ആചരിച്ചു. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ കൈമാറി ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് വായനാ മാസാചാരണം ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികളും വായന ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് അർപ്പിത അൽഫോൻസാ വായനാദിന സന്ദേശം നൽകി. ആർദ്ര മരിയ ഡാനിഷ് ബെന്യാമിന്റെ ആടു ജീവിതത്തിന്റെ പുസ്തക നിരൂപണം നടത്തി. കുമാരി ലിയ റോയിയുടെ വായനാദിന കവിത, അലൻ ബാബുവിന്റെ വായനാദിന പോസ്റ്റർ പ്രകാശനം തുടങ്ങിയവ നടന്നു. മാസം മുഴുവൻ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളും, സാഹിത്യ ക്വിസ്, പുസ്തക നിരൂപണം തുടങ്ങിയവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഹെഡ്മാസ്സ്റ്റർ സിബി ഫ്രാൻസിസ് "വായനയുടെ വഴികളിൽ" എന്ന വായാനാ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സുമിത മാത്യു, ലിസ്സി കെ സി തുടങ്ങിയവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ ദിനാചാരണവും വിദ്യാരംഗം ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.

നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങ് എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസർ രഞ്ജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത ചിത്രകലാ അധ്യാപകനായ തോമസ് കാളിയാനി വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.തോമസ് കാളിയാനിയുടെ പെയിന്റ്റിംഗുകളുടെ പ്രദർശനവും നടന്നു. പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ലഹരിവിരുദ്ധ ദിന പോസ്റ്റർ പ്രകാശനം ചെയ്തു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസർ രഞ്ജിത് കുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലബ് ബാഡ്ജുകൾ കൈമാറി. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കുമാരി അർപ്പിത അൽഫോൻസയുടെ ലഹരി വിരുദ്ധ കവിത, കുമാരി ലിയ മരിയ സണ്ണിയുടെ ലഹരി വിരുദ്ധ സന്ദേശം, ആർദ്ര മരിയ ഡാനിഷിന്റെ ലഹരി വിരുദ്ധ കാവ്യശിൽപ്പം, ലഹരി വിരുദ്ധ മുദ്രാവാക്യ രചനാ മത്സരം, ലഹരി വിരുദ്ധ റാലി തുടങ്ങിയവ നടന്നു. ലിസ്സി കെ സി, സുമിത മാത്യു, ബിജു എം ദേവസ്യ, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.

രക്ഷാകർത്തൃശാക്തീകരണ ക്ലാസും പി ടി എ ജനറൽ ബോഡി യോഗവും.

നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലെ 2023-24 വർഷത്തെ പി ടി എ ജനറൽ ബോഡി യോഗവും രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ അധ്യക്ഷനായിരുന്നു. പ്രശസ്ത ട്രെയിനറും അധ്യാപകനുമായ ആയ ജോജോ മൈലാടൂർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് പ്രവർത്തന പദ്ധതി വിശദീകരിച്ചു. പുതിയ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.പുതിയ പി ടി എ പ്രസിഡന്റ് ആയി സൈജു ഇലവുങ്കലനെയും മദർ പി ടി എ പ്രസിഡണ്ട്‌ ആയി സാലി ജോർജ് മാണിക്യത്തിനെയും തെരഞ്ഞെടുത്തു. രക്ഷാകർത്തൃ ശാക്തീകരണ ക്ലാസ്സിൽ നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു. മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.

ബഷീർ അനുസ്മരണം

ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ദിന സന്ദേശം, പോസ്റ്റർ പ്രകാശനം, ബഷീർദിന ക്വിസ് മത്സരം, പുസ്തക നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു. തൃദിന ബഷീർ ആഘോഷ പരിപാടികൾ പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.കുമാരി അർപ്പിത അൽഫോൻസ 'പാത്തുമ്മയുടെ ആട് ' കാവ്യശിൽപ്പമായി അവതരിപ്പിച്ചു. മാസ്റ്റർ അലൻ ബാബുവിന്റെ ബഷീർ കാരിക്കേച്ചർ പ്രദർശിപ്പിച്ചു.ബഷീറിന്റെ കൃതികൾ വായിച്ചു ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, 'ബാല്യകാലസഖി'യുടെ നാടകാവിഷ്കാരം തുടങ്ങിയവ ഈ മൂന്ന് ദിനങ്ങളിലായി നടക്കും. പരിപാടികൾക്ക് ശ്രീമതി സുമിത മാത്യു, ശ്രീമതി ലിസ്സി കെ സി തുടങ്ങിയവർ നേതൃത്വം നൽകി.

വാങ്മയം ഭാഷാ പ്രതിഭ (ജൂലൈ 27)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സെന്റ് അഗസ്റ്റിൻ ഹൈസ്ക്കൂൾ നെല്ലി ക്കുറ്റിയിൽ വാങ്മയം ഭാഷാ പ്രതിഭ നിർണ്ണയ പരീക്ഷ ജൂലൈ 27 ന് ഉച്ചക്ക് രണ്ട് മണിക്ക് നടത്തി. കുട്ടികളിൽ മലയാള ഭാഷാ അഭിരുചിയും പ്രയോഗ ശേഷിയും പദസമ്പത്തും വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന മത്സര പരീക്ഷയാണ് വാങ്മയo ഭാഷാ പ്രതിഭ. സെൻറ് അഗസ്റ്റിൻ ഹൈസ്ക്കൂളിൽ നിന്ന് പ്രതിഭകളായി തിരഞ്ഞെടുത്തത് അർപ്പിത അൽഫോൻസ 9 A, അനുകൃഷ്ണ എസ് 10 A. ഇവർ ഉപജില്ലാ മൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

Little Kite's ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കളർ ഇന്ത്യ 'ഡിസ്പ്ലേ സംഘടിപ്പിച്ചു.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 07, 2023

നെല്ലിക്കുറ്റി :സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ 'വി ആർ വൺ' ഡി സി എൽ കളർ ഇന്ത്യ ഡിസ്പ്ലേ നടത്തി. പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ത്രിവർണ്ണ ബലൂണുകൾ ഏന്തി കുട്ടികൾ അണിനിരന്നു. ത്രിവർണ്ണ പി റ്റി ഡിസ്പ്ലേയും നടന്നു.  ത്രിവർണ്ണ ബലൂണുകൾ വീശി നമ്മൾ ഒന്നാണ് എന്ന സന്ദേശം കുട്ടികൾ ഡിസ്പ്ലേ രൂപത്തിൽ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫ്രീഡം ഫെസ്റ്റ് പരിപാടികളും ഉദ്ഘാടനം ചെയ്തു. ദീപിക കോർഡിനേറ്റർ  സുനിൽ പീറ്റർ, ജോയ്സ് സഖറിയാസ് ഡി. സി. എൽ ആനിമേറ്റർ രമ്യ ജോർജ് ഡി സി എൽ ഭാരവാഹികളായഅർപ്പിത അൽഫോൻസ, ആർദ്ര മരിയ ഡാനിഷ്, ശ്രീനന്ദ സന്തോഷ്‌, ഗൗതം കൃഷ്ണ, അശ്വിൻ എം എസ്, അനുകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.

ഹിരോഷിമ നാഗസാക്കി ദിനാചരണം.

 ബുധനാഴ്‌ച, ഓഗസ്റ്റ് 09, 2023 നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാനുസ്മരണം നടത്തി. ക്ലാസ്സ്‌തല യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം , യുദ്ധവിരുദ്ധ മുദ്രാവാക്യ രചനാമത്സരം , യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണമത്സരം , ഹിരോഷിമദിന ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ യുദ്ധവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു.കുമാരി ലിയാ മരിയ സണ്ണി യുദ്ധവിരുദ്ധ സന്ദേശം നൽകി.കുമാരി ആർദ്ര മരിയ ഡാനിഷ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശിവാനി അനീഷിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ കാവ്യ ശിൽപ്പം അവതരിപ്പിച്ചു.കുമാരി റോസ്‌മേരി സന്തോഷ് ഹിബാക്കുഷകളുടെ ഓർമ്മക്കുറിപ്പായി സഡാക്കോ കൊക്കുകളുടെ ചരിത്രം വാങ്മയ ചിത്രമായി അവതരിപ്പിച്ചു. ഓഗസ്റ്റ് 5 മുതൽ ഒരാഴ്ചക്കാലം ആചരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം ശ്രീമതി മജി മാത്യു നൽകി. ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ വിജയികളായ റോസ് മരിയ, ദിയ റോബി, വിനിൽ വിനു, ലിയോൺ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.ശ്രീ ജോയ്‌സ് സഖറിയാസ് ,ശ്രീമതി ലിസ്സി കെ സി , ശ്രീ തോമസ് കെ ജെ ,ശ്രീ ജുബിൽ ബോസ് തുടങ്ങിയവർ സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് എക്സിബിഷൻ.

- ഓഗസ്റ്റ് 11, 2023 നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമിത ബുദ്ധി എക്സിബിഷൻ നടന്നു. ഒരാഴ്ചയായി നടന്നുവരുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രോഗ്രാം ചെയ്ത എട്ടോളം നിർമിത ബുദ്ധി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. ഡാൻസിങ് എൽ ഇ ഡി, റോബോട്ടിക് ഹെൻ, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ടിങ്കർ കാർഡ് സർക്യൂട്ട്, ചാറ്റ് ജി പി ടി, ഇലക്ട്രോണിക് ഡൈസ്, ലെമൺ സ്പൂൺ ഗെയിം, ഫേസ് ഡീറ്റെക്ടിങ് ഹാറ്റ് തുടങ്ങിയവ കുട്ടികൾ പ്രദർശനത്തിനെ ത്തിയവർക്ക് വിശദീകരിച്ചു. എരുവേശ്ശി ഗ്രാമ  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി റോബോട്ടിക് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ  സിബി മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു.സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ പ്രോഗ്രാമിങ് ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ പ്രധാനാധ്യാപകൻ ബിജു കുരുമുട്ടം, പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.  ഗാന്ധി മെമ്മോറിയൽ യു പി സ്കൂളിലെ കുട്ടികൾ പ്രദർശനം കാണാനെത്തി. രക്ഷിതാക്കൾക്കുള്ള സ്വാതന്ത്ര വിജ്ഞനോത്സവ സെമിനാർ പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ആർദ്ര മരിയ ഡാനിഷ് ,ആൻ റിനു ഷാജി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.  അലൻ ബാബു, റിഥ്വിക്, റോയ്സ് സന്തോഷ്‌, ലിയാ മരിയ, അവിധാൻ, അമൽ ടോം, അർപ്പിത, ആൻലിയ ഡെന്നി, ജോസ്ന ഡോമിനിക്, അനുകൃഷ്ണ, റോസ്മേരി, ശ്രീനന്ദ, അലൻ ജോജോ, അശ്വിൻ, ഗൗതം തുടങ്ങിയ കുട്ടികളാണ് പ്രൊജക്ടുകൾ തയ്യാറാക്കിയത്. മജി മാത്യു,  ജോയ്സ് സഖറിയാസ്,  ആൽബിൻ സ്കാറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മികച്ച സൃഷ്ടികൾ ആഗസ്റ്റ് 15 ന് തിരുവനന്തപുരത്തു വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റ് സമാപനത്തിൽ അവതരിപ്പിക്കും.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ചൊവ്വാഴ്ച, ഓഗസ്റ്റ് 15, 2023 പയ്യാവൂർ:നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.മാനേജർ റവ. ഫാദർ മാത്യു ഓലിക്കൽ പതാക ഉയർത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് സ്വാഗതവും, പിടിഎ പ്രസിഡൻറ് സൈജു ഇലവുംങ്കൽ ആശംസയും നേർന്നു. അധ്യാപകരായ ജൂബിൽ ബോസ്സ്, ജെന്നി ജോസഫ് , രമ്യാ ജോർജ് റീബ പി സെബാസ്റ്റ്യൻ, സനീഷ് ജോസഫ്, ആൽബിൻ സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്.

 വെള്ളിയാഴ്‌ച, സെപ്റ്റംബർ 01, 2023 പയ്യാവൂർ:നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ നൂതന ആശയങ്ങളിലൂടെ ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ ചെണ്ടമേളം, ഊഞ്ഞാലാട്ടം തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് പരിശീലകൻ  എം പി ശ്രീനി ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ ജോയ്സ് സഖറിയാസ്, മജി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ സബ്ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളെ പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് അനുമോദിച്ചു.ഓണസദ്യ,ഓണക്കളികൾ തുടങ്ങിയവയും ഒരുക്കിയിരുന്നു.

‘പൂവിളി 2023’ ഓണാഘോഷം

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 25, 2023 നെല്ലിക്കുറ്റി :സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു.  ക്ലാസ്സ്‌ തല പൂക്കളമത്സരം 'പൂവിളി 2023' സ്ക്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഹൗസ് തല വടം വലി മത്സരം പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. 'ആർപ്പോ 2023 ' ഓണക്കളികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ  സിബി ഫ്രാൻസിസ് നിർവ്വഹിച്ചു. പഴയകാല ഓണക്കളികളായ കുറ്റിപ്പന്ത്കളി, എണ്ണ തേച്ചു മരം കയറ്റം തുടങ്ങിയവ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. കുട്ടികൾക്കായി കുപ്പിയിൽ വെള്ളം നിറക്കൽ, ബലൂൺ പൊട്ടിക്കൽ, മ്യൂസിക്കൽ ചെയർ, ബോൾ പാസ്‌, ഷൂട്ട് ഔട്ട്‌, സൈക്കിൾ സ്ലോ റേസ്, തുടങ്ങിയവ നടന്നു. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നടന്ന ആവേശകരമായ വടം വലിയിൽ രക്ഷിതാക്കൾ വിജയികളായി. ഉച്ചക്ക് പി ടി എ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും പായസവും ഇലയിട്ട് വിളമ്പി.സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ  സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  മിനി ഷൈബി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.മജി മാത്യു,ലിസി കെ സി  ബിജു എം ദേവസ്യ, സനീഷ് ജോസഫ്, ആൽബിൻ സ്‌കറിയ, സാവിയോ ഇടയാടിയിൽ, ബെന്നി പരിന്തിരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

നെല്ലിക്കുറ്റി ഹൈസ്‌കൂളിൽ 'ഗുരുവന്ദനം' ആചരിച്ചു.

ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2023

നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ അധ്യാപകദിനാഘോഷം 'ഗുരുവന്ദനം' പി ടി എ യുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു.  മുൻകാല അധ്യാപകരുമായുള്ള അഭിമുഖ പരിപാടി 'സ്മൃതിപഥം' പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു.മുൻ പ്രധാനാധ്യാപകരായ അബ്രഹാം സി എസ്, ജോർജ് ഇമ്മാനുവൽ , ടോമി മാത്യു തുടങ്ങിയവരെ പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് പൊന്നാടയണിയിച്ച് ആദരിച്ചു.പി ടി എ അംഗങ്ങളായ അജി കരിയിൽ, ബിനോയ്‌ തെറ്റാലിക്കൽ, ജോർജ് മുണ്ടക്കൽ, കുഞ്ഞമ്പു മല്ലിശ്ശേരി, ജെസ്സി വലിയപറമ്പിൽ ഷിനോ വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. പ്രത്യേക അധ്യാപകദിന അസംബ്ലി, ആശംസാഗാനം, അധ്യാപകദിന കവിതാ പാരായണം തുടങ്ങിയവയും സംഘടിപ്പിച്ചു.  ലിസ്സി കെ സി, മജി മാത്യു,  ജോയ്സ് സഖറിയാസ്,  റോസ് മേരി ജോസഫ്,  ലിയ മരിയ സണ്ണി, കുമാരി ആർദ്ര മരിയ ഡാനിഷ്,  ആൽബിൻ സ്‌കറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി ടി എ യുടെ വക കേക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

'ഹിന്ദി ദിവസ്'ആചരിച്ചു.

വ്യാഴാഴ്‌ച, സെപ്റ്റംബർ 14, 2023 നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ' ഹിന്ദി ദിവസ് ' ആചരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹിന്ദി വാരാചരണം പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഹിന്ദി അസംബ്ലി, ഹിന്ദി പോസ്റ്റർ രചനാ മത്സരം,  കവിതാലാപന മത്സരം, പ്രസംഗമത്സരം, കാർട്ടൂൺ രചന, സെമിനാർ, പഴയകാല ഹിന്ദി പാട്ടുകളുടെ മ്യൂസിക് സ്റ്റുഡിയോ നിർമ്മാണം, ഹിന്ദി നാടകാവതരണം, ദേശീയ നേതാക്കളുടെ പ്രസംഗത്തിന്റെ പ്രദർശനം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചാരണത്തിൽ ഉണ്ടാവും. ജെന്നി ജോസഫ്,  ആർദ്ര മരിയ , റോസ് മേരി ജോസഫ്, ശ്രീനന്ദ സന്തോഷ്‌ ,റോസ് മേരി സന്തോഷ് , സാന്ത്വന മാത്യു,  അഗസ്റ്റിൻ തുടങ്ങിയവർ ഹിന്ദി അസംബ്ലിക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.  ലിസ്സി കെ സി, മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.