മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/ചരിത്രം
Bold text ചരിത്രം
ഭാരതം സ്വതന്ത്രയാകുന്നതിനും മു൯പ് സ്‍ഥാപിതമായ കണിയാപുരം മുസ്‍ലീംഹൈസ്‍കൂൾ,ചരിത്ര ഏടുകളിൽ അടയാളപ്പെടുത്താവുന്ന പാരമ്പര്യത്തിന് ഉടമയാകുന്ന വിദ്യാലയമാണ്.കണിയാപുരം എന്ന ഗ്രാമത്തിലെ സാധാരണക്കാരായവർക്കും ദരിദ്രജനങ്ങൾക്കും വിദ്യാഭ്യാസം അന്യമായിരുന്ന ഒരു കാലമായിരുന്നു അത്.ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ മാത്രം അവരുടെ കുട്ടികളെ പട്ടണത്തിൽ അയച്ചു പഠിപ്പിച്ചിരുന്നു.ഇവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്രേകിച്ച് മുസ്ലീം സമുദായത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തികച്ചും ബാലികേറാമല തന്നെയായിരുന്നു.
കണിയാപുരം എന്ന പ്രദേശത്തെ പ്രമുഖനായ സാമൂഹ്യപ്രവർത്തകനും വ്യാപാരിയും ആയിരുന്ന ശ്രീ.എസ്.അഹമ്മദ് കുഞ്ഞ് ലബ്ബയാണ് മുസ്ലീം ഹൈസ്‍കൂൾ എന്ന മഹത്തായ വിദ്യാലയം സ്ഥാപിച്ചത്.അക്കാലത്ത് തിരുവിതാംകൂർ മഹാരാജാവ് ശ്രീ.ചിത്തിര തിരുന്നാൾ ബാലരാമവർമ്മ ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിരുവാറാട്ട് നടത്തിയിരുന്നത് പാർവ്വതിപുത്തനാറിലൂടെയായിരുന്നു.യാത്രാമധ്യേയുള്ള വിശ്രമതാവളമൊരുക്കുന്നതിൽ കണിയാപുരം പ്രദേശത്ത് ഉൗർജ്ജ്വസ്വലതയോടെ നേതൃസ്ഥാനത്ത് നിന്ന് പ്രവർത്തിച്ചത് ശ്രീ.അഹമ്മദ് കുഞ്ഞ് ലബ്ബയായിരുന്നു.കൊട്ടാരം ഉദ്യോഗസ്ഥരുമായും രാജാവുമായും ഇത്തരത്തിൽ അടുപ്പമുണ്ടാക്കാ൯ കഴിഞ്ഞ അദ്ദേഹത്തിന് പ്രദേശവാസികളുടെ വിദ്യാഭ്യാസ അലഭ്യതാ പ്രശ്നം നന്നായി ബോധ്യപ്പെടുത്തുവാ൯ കഴിഞ്ഞു.നാട്ടിലെ സാധാരണക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനാവാത്ത പ്രശ്‍നവും പെൺകുട്ടികൾക്ക് വിശിഷ്യാ മുസ്ലീം പെൺകുട്ടികൾക്ക് എല്ലാ അവസരങ്ങളും കിട്ടാക്കനി തന്നെയാവുകയും ചെയ്യുന്ന അവസ്ഥ ബോധ്യപ്പെടുത്തി മഹാരാജാവിന് അദ്ദേഹം ഒരു നിവേദനം സമർപ്പിച്ചു.ഉദ്യോഗസ്ഥരുടേയും ദിവാനായിരുന്ന ശ്രീ.രാമസ്വാമി അയ്യരുടേയും ഇടപെടലിലൂടെ സ്‍കൂൾ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 1945-ൽശ്രീ.എസ്.അഹമ്മദ് കുഞ്ഞ് ലബ്ബ,മുസ്ലീം പെൺകുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ലക്ഷ്യമാക്കി മുസ്ലീം ഇംഗ്ലീഷ് സ്‍കൂൾ സ്ഥാപിച്ചു. ശ്രീ.മുഹമ്മദ് കൗസ് ആയിരുന്നു ആദ്യത്തെ ഹെഡ്‍മാസ്‍റ്റർ.വിദ്യാലയത്തിൽ ചേർന്ന ആദ്യ വിദ്യാർത്ഥിനി ശ്രീമതി.അബുസാ ബീവി ആയിരുന്നു.1946-ൽ 5 മുതൽ 7 വരെയുള്ള പഠനത്തിന് പെൺകുട്ടികൾക്ക് സൗകര്യം ഒരുക്കി .മുസ്ലീം പെൺകുട്ടികളുടെ പഠനത്തിന് മാത്രമായിരുന്ന സ്‍കൂൾ തുടർന്ന് നാനമത വിഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള വിദ്യാലയമായി മാറുകയും ചെയ്‍തു.
കണിയാപുരത്ത് നിന്ന് മാത്രമല്ല സ്‍കൂൾ നിലവിലില്ലാതിരുന്ന സമീപദേശങ്ങളിലെ കുട്ടികൾ മൈലുകൾ താണ്ടി ഇവിടേയ്ക്ക് പഠിക്കാ൯ എത്തിയിരുന്നു. ശ്രീകാര്യം,കഴക്കൂട്ടം,പോത്ത൯കോട്,മുരുക്കുംപുഴ,പെരുമാതുറ,പുത്ത൯തോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കാൽനടയായിട്ടായിരുന്നു അക്കാലത്ത് കുട്ടികൾ പഠിക്കാനായി ഇവിടെ എത്തിയിരുന്നത്.1948 മുതൽ 1972 വരെ പ്രഗല്ഭ പണ്ഡിതനും അദ്ധ്യാപക ശ്രേഷ്‍ഠനുമായ ശ്രീ.എം.ആർ.ശിവശങ്കര൯ നായരായിരുന്നു പ്രഥമാദ്ധ്യാപക൯ . വിദൂര സ്ഥലവാസികളായ പ്രഗല്ഭരായ അദ്ധ്യാപകരെപോലും കണ്ടെത്തിക്കൊണ്ട് വന്ന് ഇൗ സ്‍കൂളിൽ നീയമിക്കാ൯ മാനേജർമാർ നിഷ്‍കർഷ പുലർത്തിപോന്നു. പിൽക്കാലത്ത് തിരുവനന്തപുരം നഗരപിതാവായിരുന്ന ശ്രീ.കോസല രാമദാസും,ജില്ലാ ജഡ്ജിയായിരുന്ന ശ്രീ.കൃഷ്‍ണമൂർത്തിയും, ഹിന്ദി പ്രചാരസഭ അദ്ധ്യക്ഷനായിരുന്ന ശ്രീ.രാജപ്പ൯ നായരും,ചെന്നൈ ആശാ൯ മെമ്മോറിയൽ സ്‍കൂൾ പ്രി൯സിപ്പാളായിരുന്ന ശ്രീ.പുരുഷോത്തമ൯സാറുമെല്ലാം ഇൗ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരായിരുന്നു.ശ്രീ.രാമലിംഗം,ശ്രീ.തോമസ് മാഷ്,ശ്രീ.മാധവ൯ നായർ,ശ്രീ.ഭാസ്കര൯ നായർ,ശ്രീ.കുട്ടികൃഷ്ണ൯ നായർ,ശ്രീ.പരമേശ്വര൯ നായർ,ശ്രീ.കുഞ്ഞിരാമ൯ നായർ,ശ്രീ സുകുമാര൯ നായർ,ശ്രീ.ശിവരാമ൯ നായർ,ശ്രീമതി.സരസ്വതി,ശ്രീമതി.മീനാക്ഷി അമ്മ,ശ്രീ.റോഡ്റിഗ്‍സ്,ശ്രീമതി.സരോജിനീ അമ്മ,ശ്രീമതി.ആനന്ദവല്ലി,ശ്രീ.കെ.ശ്രീധര൯നായ,ശ്രീമതി.പത്‍മാവതി അമ്മ,ശ്രീ.രാഘവ൯ നായർ,ശ്രീമതി.സുധാഭായി,ശ്രീ.ഷാഹുൽ ഹമീദ്,ശ്രീ.അബ്ദുൽ ഖരീം, തുടങ്ങി ശ്രേഷ്‍ഠമതികളായ വലിയനിര അദ്ധ്യാപകരുടെ ശിഷ്യത്വം നേടിയെടുക്കാ൯ വേണ്ടി ഇൗ വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുടെ അണമുറിയാപ്രവാഹം തന്നെയുണ്ടായി.