സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2020-21 ലെ പ്രവർത്തനങ്ങൾ|== 2019-20 ലെ പ്രവർത്തനങ്ങൾ|

2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ

കോവിഡ് കാലത്തും അതിനു മുമ്പും വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ  നമ്മുടെ സ്കൂൾ ജനശ്രദ്ധ പിടിച്ചു പറ്റിയതിന്റെ ഫലമെന്നോണം ഈ വർഷം മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി മുഴുവൻ ക്ലാസുകളിലേക്കും അഡ്മിഷൻ വർധിക്കുകയാണുണ്ടായത് .ഈ ഒരു  അനുകൂല തരംഗം കൂടുതൽ  ഉപയോഗപ്പെടുത്തുന്നതിനായി ഈ വർഷം വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി നടപ്പിലാക്കിയ ചില പ്രവർത്തനങ്ങൾ

വേനൽ തുമ്പികൾ പാറി പറന്നപ്പോൾ

കോവിഡ് കാരണം ഒരു വർഷത്തോളം വീടുകളിൽ ഇരുന്ന വിദ്യാർഥികൾക്ക് കൂടുതൽ ഉണർവ്വ് നൽകുന്നതിനും സ്കൂളിനെ പരിചയപ്പെടുത്തുന്നതിനും ആയി ഈ വർഷം പുതിയതായി സ്കൂളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും  മറ്റു വിദ്യാർഥികൾക്കും  വേനൽത്തുമ്പികൾ എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പിൽ വിദ്യാർത്ഥികൾ വളരെ സജീവമായി പങ്കെടുത്തു. സയൻസും മാജിക്കും എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുൽ നാസർ മാസ്റ്റർ കോഴിക്കോട് വളരെ രസകരമായ പരീക്ഷണങ്ങളിലൂടെ വിദ്യാർത്ഥികളുടെ മനംകവർന്നു .വിദ്യാർഥികൾക്ക് വീട്ടിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആയതുകൊണ്ട് തന്നെ വിദ്യാർഥികൾ വളരെയധികം താല്പര്യത്തോടെ കൂടിയാണ് പരീക്ഷണങ്ങളെ നോക്കിക്കണ്ടതും  അതിൽ പങ്കെടുത്തതും .രണ്ടു സെഷനുകളിലായി ഏകദേശം 30  പരീക്ഷണങ്ങളും മാജിക്കുകളും വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. സയൻസിന്റെ അത്ഭുതലോകം കൂടുതൽ പരിചയപ്പെടാനും ,സയൻസിനോടുള്ള താല്പര്യം വർധിപ്പിക്കാനും ഈ ദിവസത്തെ  സെഷനുകൾ വിദ്യാർത്ഥികൾക്ക് സാധിച്ചു എന്നത്  ക്യാമ്പിന്റെ വിജയമായി വിലയിരുത്തുന്നു.അതോടു കൂടെ വിദ്യാർഥികൾക്ക് ചെയ്യാൻ പറ്റുന്ന ചില മാജിക്കുകളും പഠിപ്പിച്ചു കൊടുത്തതോടെ വളരെ ആവേശത്തോടെയാണ് ക്യാമ്പ് കഴിഞ്ഞ് അവർ പിരിഞ്ഞുപോയത്

ക്യാമ്പിലെ രണ്ടാം ദിവസം പ്രശസ്ത ബാലസാഹിത്യ രചയിതാവും സംസ്ഥാന സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം   ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.. കുട്ടികൾക്ക് താളത്തിൽ ചൊല്ലാൻ ഉതകുന്ന കവിതകളും ,വായ്ത്താരികളും നാടൻപാട്ടുകളും ഉൾപ്പെടുത്തി കൂടുതൽ ഉന്മേഷം നൽകുന്ന രൂപത്തിൽ ക്ലാസിനെ മുന്നോട്ടു കൊണ്ടുപോയത് കവിതകളോടും മറ്റും താൽപര്യം ജനിപ്പിക്കുന്നതിനും സാഹിത്യത്തോട് അഭിരുചി വളർത്താനും സാധിച്ചു

ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ സോപ്പ് നിർമ്മാണം ,ഫ്ലവർ മേക്കിങ് ,ഫെനോൾ നിർമ്മാണം തുടങ്ങിയവയും പരിചയപ്പെടുത്തി 4:00 മണിക്ക് ക്യാമ്പ്  അവസാനിപ്പിച്ചു

പ്രവേശനോത്സവം  

കോവിഡ് 19 ന്റെ ഭീതി നിറഞ്ഞ സാഹചര്യത്തിൽ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി വെർച്ച്വൽ  മീറ്റ് വഴി നടത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ആർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ   പ്രവേശനോത്സവ പരിപാടികൾക്ക് മിഴിവേകി വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി മുംതാസ് ടീച്ചർ യു പി എസ് ആർ ജി കൺവീനർ ശ്രീ നിയാസ് യൂഎ എന്നിവരാണ് പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകിയത് . യൂട്യൂബ് ലൈവ് വഴി സംഘടിപ്പിച്ച പരിപാടിയുടെ സാങ്കേതിക സഹായം നൽകിയത്  ഓഫീസ് സ്റ്റാഫ് ആയ ശ്രീ റഫീഖ് ആണ്.

പ്രവേശനോത്സവ പരിപാടികൾ ഏകദേശം നാലായിരത്തോളം ആളുകൾ വീക്ഷിച്ചു എന്നത് അത് പരിപാടിയുടെ ഇവിടെ നിലവാരം സൂചിപ്പിക്കുന്നതായിരുന്നു

യൂട്യൂബ് ലൈവ് പ്രവേശനോത്സവ പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

"മണ്ണിനെ തഴുകി വിണ്ണോളം ഉയരാം " -ജൂൺ 5 പരിസ്ഥിതി ദിനം

"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെ യും  സയൻസ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. മണ്ണിനെ തഴുകി വിണ്ണോളം ഉയരാം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടന്ന ചിത്രങ്ങളും, പരിസ്ഥിതി ദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത അറിയുന്നത് ആയിരുന്നു.

പരിസ്ഥിതിദിന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക || പരിസ്ഥിതിദിന ലൈവ് പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂൺ 19 വായന വാരം

ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ  ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്ക്‌വെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് യുപി തലത്തിൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി മുംതാസ് ടീച്ചർ, ശ്രീ സൂര്യ കേശവൻ സാർ , ആമിന ബീവി, നഫീസ ടീച്ചർ ജലീൽ സാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.

വായനാദിന ലൈവ് പ്രോഗ്രാം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂൺ 26 - ലഹരി വിരുദ്ധ ദിനം

"നാടിനും വീടിനും നാശം വിതയ്ക്കുന്ന ലഹരിക്കടിമയായ് തീർന്നിടല്ലേ" എന്ന സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി  ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരം  പ്രസംഗ മത്സരം എന്നിവ നടന്നു. കേരള സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ വകുപ്പിനു കീഴിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കുവയ്ക്കുകയും വിദ്യാർത്ഥികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൽത്ത് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെ യും സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിച്ചത്. ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ അധ്യാപിക ശ്രീമതി ബിന്ദുമതി  ടീച്ചറും യുപി തലത്തിൽ ശ്രീമതി സിന്ധു ടീച്ചറും ചൊല്ലിക്കൊടുത്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ പരിപാടികൾ ഔദ്യോഗികമായി

ലഹരി വിമുക്ത കാമ്പയിൻ

ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിൽ അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പെയിൻ നടത്തി.ലഹരി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പയിൻ നടന്നത്.ഹൈസ്കൂൾ അറബിക് ടീച്ചറായ അമീന ബീവിയുടെ അധ്യക്ഷതയിൽ നടന്ന ക്യാംപെയിൻ സ്കൂൾ ഹെഡ്മാസ്റ്റർ  പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.ഭാവിതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ പരിപൂർണമായും നിരോധിക്കുന്ന അതിനായി അധികാരികൾ രംഗത്തിറങ്ങണമെന്ന്   അദ്ദേഹം ആവശ്യപ്പെട്ടു.നിയാസ്, ശരീഫ്, അബ്ദുൽ ജലീൽ, ഫാരിഷ ബീവി, നഫീസ എന്നീ അധ്യാപകർ സംബന്ധിച്ചു.

ഡിവൈസ് ലൈബ്രറി

കൊറോണ പ്രതിസന്ധി കാരണം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കടന്നു പോയ വിദ്യാഭ്യാസവർഷത്തിൽ പഠിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാതെ പ്രയാസപ്പെട്ട വിദ്യാർഥികൾക്ക് ആശ്വാസമായി വിദ്യാർത്ഥികൾക്ക് നൽകിയ പദ്ധതിയാണ്.20 സ്മാർട്ട് ഫോണുകൾ വിദാർത്ഥികൾക്ക് കൈമാറി കൊണ്ട് ആശ്വാസവഹമായി. പ്രസ്തുത പരിപാടി ടി.ജെ വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, പ്രഥമദ്ധ്യാപകൻ ബഷീർ സന്നഹിതരായിരുന്നു

ജൂലൈ 5- ബഷീർ ദിനം

കുട്ടികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിപുലമായിത്തന്നെ സ്കൂളിൽ നടന്നു. വെർച്ച്വൽ മീറ്റ് വഴി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് യുപി തലത്തിൽ നടന്ന അനുസ്മരണ പരിപാടി വേറിട്ടുനിന്നു. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ , വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ എഴുത്തും ഭാഷാ വൈവിധ്യവും എന്ന വിഷയത്തിൽ സെമിനാർ , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ഏകാഭിനയം തുടങ്ങി വിവിധ മത്സര പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ ശ്രീമതി ശ്രീദേവി ടീച്ചർ ഫാത്തിമ സുൽത്താന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്

വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി  ആശ്വാസമേകി. യുപി ഹൈസ്കൂൾ എസ് ആർ ജി സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു ആവിഷ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ്യ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു.

റീചാർജ് ചലഞ്ച്

ഓൺലൈൻ പഠനകാലത്ത്  മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഇല്ലാത്തത് കാരണം ക്ലാസ്സിൽ കയറാത്ത കുട്ടികളെ തിരിച്ചറിയുകയും ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന ചർച്ചയിൽ നിന്നും റീചാർജ് ചലഞ്ച് എന്ന ഒരു പദ്ധതി ആവിഷ്കരിച്ചു.ഇതിനായിഅദ്ധ്യാപകരിൽ നിന്നും സമൂഹത്തിലെ വിവിധ  ആളുകളെയും , പൂർവ്വ വിദ്യാർത്ഥികളെയും  സന്ദർശിക്കുകയും ഇതിനുള്ള ഫണ്ട് സമാഹരിക്കുകയും ചെയ്തു.ഇതിൻറെ കീഴിൽ എല്ലാ മാസവും മുപ്പതോളം കുട്ടികൾക്ക് റീചാർജ് ചെയ്തു കൊടുക്കാൻ സാധിച്ചു

പ്രേംചന്ദ് ജയന്തി

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ[1] ജന്മവാർഷിക ദിനമായ ജൂലായ് 31 പ്രേംചന്ദ് ജയന്തി ആയി സ്കൂളിൽ ആചരിച്ചു .തൂലിക കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമര പോരാട്ടത്തിന് ഇന്ധനമേകിയ വിഖ്യാത  എഴുത്തുകാരനെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനാചരണം നടത്തിയത്. ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങ്  ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ ഹിന്ദി അധ്യാപിക ശ്രീമതി നഫീസ ടീച്ചർ സ്വാഗതവും യുപി വിഭാഗം അധ്യാപകൻ അബ്ദുൽ ജലീൽ സർ നന്ദിയും പ്രകാശിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പ്രശ്നോത്തരി പ്രേംചന്ദ് പുസ്തകപരിചയം ഗാനാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമായി എല്ലാ വർഷവും ഓഗസ്റ്റ് 15 ആഘോഷിക്കപ്പെടുന്നു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചെങ്കോട്ടയിൽ ഇന്ത്യൻ പതാക അണിയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും.'വർഷങ്ങൾക്ക് മുൻപ് വിധിയുമായ് നാമൊരു കരാറിലേർപ്പെട്ടിരുന്നു. അത് നിറവേറ്റാനുളള സമയം എത്തിയിരിക്കുന്നു. ഈ അർധരാത്രിയിൽ, ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്'75-ാം സ്വാതന്ത്ര ദിനത്തേടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ബഷീർ സാർ പതാക ഉയർത്തി ക്കൊണ്ട് ഈ വർഷത്തെ സ്വാതന്ത്ര ദിനത്തിന് തുടക്കം കുറിച്ച് . എസ് പി സി   കേഡറ്റുകളുടെ പരേഡ് നടക്കുകയും സർക്കിൾ ഇൻസ്പെക്ടർ വിപിൻ സാർ സല്യൂട്ട് സ്വീകരിക്കുകയും  ചെയ്തു. തുടർന്ന് സ്വതന്ത്ര ദിന ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, എന്നിവ നടന്നു

അമൃത മഹോത്സവം

എഴുപത്തിയഞ്ചാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്  ദേശീയതലത്തിൽ നടന്ന അമൃത മഹോത്സവം മത്സര പരിപാടിയിൽ എറണാകുളം സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ സ്കൂളിന് ആയി. ഓൺലൈനായി സംഘടിപ്പിച്ച മത്സര പരിപാടികളുടെ സ്കൂൾതല കോഡിനേറ്റർസ് ആയി അബ്ദുൽജലീൽ സ്മിത പി ഐ എന്നിവരെ തിരഞ്ഞെടുത്തു. യുപി ഹൈസ്കൂൾ തലത്തിൽ നിന്നായി രണ്ട് വ്യത്യസ്ത ടീമുകളെ കണ്ടെത്തി സ്കൂളിലേക്ക് വിളിച്ചുവരുത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കൃത്യമായി പരിശീലനം നൽകി. യുപി ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിനുള്ള ഉപഹാരം കൺവീനർ ശ്രീ അബ്ദുൽ ജലീൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും ഏറ്റുവാങ്ങി

അധ്യാപക ദിനം

'കുട്ടി മാഷും കുട്ടികളും'. സെപ്തംബർ 5 അധ്യാപക ദിനം വിപുലമായി തന്നെ സ്കൂളിൽ നടന്നു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന അധ്യാപക ദിന ആഘോഷങ്ങൾക്കു ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ നേതൃത്വം നൽകി. അധ്യാപക ദിനാഘോഷം എസ്.എസ്.കെ സംസ്ഥാന പ്രോജക്ട് ഓഫീസർ ഷൂജ എസ് വൈ ഉദ്ഘാടനം ചെയ്തു.അധ്യാപക ദിനത്തിൽ  വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ പൂർവ്വ അധ്യാപകരുടെ സംഗമം ഓൺലൈനായി നടന്നു. വർഷങ്ങൾക്കിപ്പുറം പരസ്പരം കാണുന്നതിനും സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും കിട്ടിയ അവസരം എല്ലാം അധ്യാപകർക്കും സന്തോഷം ഏകിയ കാഴ്ചയായി അതോടൊപ്പം തന്നെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടി മാഷും കുട്ടികളും എന്ന പേരിൽ കുട്ടി ടീച്ചർമാർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു അതോടൊപ്പം തന്നെ എന്നെ ഉപരാഷ്ട്രപതിയും തത്വചിന്തകനും ആയിട്ടുള്ള ഡോക്ടർ എസ് രാധാകൃഷ്ണൻ ജീവിതം വിശദമാക്കുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി പ്രദർശിപ്പിച്ചു. അധ്യാപക ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി സതീദേവി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ നവാസ് യു സ്വാഗതവും സീനിയർ അധ്യാപിക ആമിനബീവി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു

ദേശീയ കായിക ദിനം

"ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ.". ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി . വീടുകളിൽ പഠനം തുടരുന്ന അവസരങ്ങളിൽ  പുതിയ വ്യായാമ മുറകൾ പരിചയപ്പെടുത്തിയത് കുട്ടികളുടെ കായിക ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായകമായി.കായിക അദ്ധ്യാപകൻ സുമേഷ് സർ  കുട്ടികൾക്ക് കായിക ദിന സന്ദേശം നൽകി.

പൂവേ..പൊലി..... പൂവേ.....പൊലി.........

വ്യത്യസ്ത പുലർത്തുന്ന വിവിധ പരിപാടികളോടെ ഓണക്കാലം വരവേറ്റു. വീടുകളിൽ സദ്യവട്ടം ഒരുക്കി കൊണ്ടും, ഓണപ്പാട്ടുകൾ പാടി കൊണ്ടും പൂക്കളം തീർത്തു കൊണ്ടും ഓണാഘോഷം ഗംഭീരമാക്കി. കേരള മങ്ക, കേരള ശ്രീമാൻ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികൾക്ക് സുമേഷ് സാർ ജലീൽസർ നഫീസ ടീച്ചർ നേതൃത്വം കൊടുത്തു. മാവേലിമന്നനെ വരവേൽക്കുന്ന ഈ ഓണക്കാലം കാലം കേരളീയ മനസ്സുകളിലേക്ക് എത്തിക്കുന്നതിന് ശ്രീ. റഫീഖിന്റെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി.

പരിപാടികളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഒക്ടോബർ 2 ഗാന്ധി ജയന്തി

എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി. ഗാന്ധിജിയും കുട്ടികളും - ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.

സ്പെഷ്യൽ കെയർ സെന്റർ

ചേരാനല്ലൂർ പഞ്ചായത്തിലെ മുഴുവൻ  വിദ്യാലയങ്ങളിലെയും ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കോവി ഡ് സമയത്ത് പഠന പിന്തുണ നൽകുന്നതിന് സ്പെഷ്യൽ കെയർ സെന്റർ നമ്മുടെ സ്കൂളിൽ അനുവദിക്കുകയുണ്ടായി. അതിന്റെ ഉദ്ഘാടനം 07-10 -2021 വ്യാഴം11 മണിക്ക് ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ആരിഫ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ അധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർ നിഷ ടീച്ചർ ഇതിന്റെ പദ്ധതികൾ വിശദീകരിച്ചു .ഗവൺമെന്റ് എൽപി സ്കൂൾ ഹെഡ് ടീച്ചർ  ബീന ടീച്ചർ , ബി ആർസി ട്രെയിനർ ഷീന ടീച്ചർ  എന്നിവർ സംസാരിച്ചു

ശിശുദിനം

നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സമുചിതമായി യുപി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. വിവിധ കലാപരിപാടികളും ടാബ്ലോയും നാടകവും നടത്തി. പഞ്ചായത്ത് തലത്തിൽ നടത്തിയ മത്സരത്തിൽ സ്കൂൾ ഒന്നാമതെത്തി. വളരെ വർണ്ണപ്പകിട്ടാർന്ന മത്സരം കുട്ടികൾക്ക് പുത്തൻ അനുഭവം നൽകി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രയത്നം പരിപാടിയെ മികവുറ്റതാക്കി. നിറപ്പകിട്ടാർന്ന് ഘോഷയാത്ര സംഘടിപ്പിക്കുവാൻ സ്കൂളിനായി. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചു.

എസ് പി സി  യൂണിറ്റ് ഉദ്‌ഘാടനം

കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ചേരാനെല്ലൂർ അൽ -ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു.യൂണിറ്റുകളുടെ സംസ്ഥാനതല ഉത്ഘാടനം സെപ്റ്റംബർ 17 ഉച്ചക്ക് മൂന്ന് മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വെർച്യുൽ പ്ലാറ്റ്ഫോം വഴി നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ കെ സി ഫസലുൽ ഹഖ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സ്വാഗതവും കൺവീനർ നിയാസ് യു എ നന്ദിയും അറിയിച്ചു. ചടങ്ങിലെ മുഖ്യ അതിഥിയായ ബഹു. എറണാകുളം എം എൽ എ ശ്രീ ടി ജെ വിനോദിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്ററും അസ്സിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ചേർന്ന് എസ് പി സി അംഗീകാരപത്രം സ്വീകരിച്ചു.തുടർന്ന് സ്കൂൾ എസ് പി സി ഓഫീസ് ഉത്ഘാടനം ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ. കെ ജി രാജേഷ് നിർവഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ്, ചേരാനെല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സന്തോഷ് കുമാർ, എ ഇ ഓ ശ്രീ അൻസലാം എൻ എക്സ്, പി ടി എ പ്രസിഡണ്ട് ശ്രീ പോൾ വി എ, ജാമിഅ അശ്അരിയ്യ സെക്രട്ടറി ജനാബ് വി എച്ച് അലി ദാരിമി, സ്കൂൾ ഡെവെലപ്മെന്റ് കമ്മറ്റി കൺവീനർ ശ്രീ അബ്ദുൽ ജബ്ബാർ സഖാഫി,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ അറിയിച്ചു.

ഉത്സവമായി പ്രവേശനം........

ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക്..................ഒന്നരക്കൊല്ലം കാവിഡ് അവധിക്ക് ശേഷം ഒരു വട്ടം കൂടിയാ പഴയ വിദ്യാലയത്തിരുമുറ്റത്തേക്ക് എത്തിയ കുട്ടികൾക്ക് സ്നേഹപൂർണമായ വരവേൽപ്പാണ് ലഭിച്ചത്. കോവിഡ് മഹാമാരികാലത്തെ ആശങ്കകൾക്കിടയിലും വിദ്യാർത്ഥികളുടെ വരവ് സ്കൂളിന് പുത്തനുണർവേകി . കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികളെ വരവേൽക്കാൻ പി.ടി.എ പ്രസിഡന്റ് ശ്രീ സാലു കെ എസ് നേതൃത്വം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ ചേരാനല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ .കെ ജി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് പ്രവേശനോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻസ്ലാവോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സിജി വിദ്യാർത്ഥിക്കായി കോവിഡ് പ്രതിരോധ ബോധവൽക്കരണം നടത്തി. കോവിഡ് പ്രതിരോധ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി നവാസ്. യു ചൊല്ലി കൊടുത്തു. പഞ്ചായത്ത് ജനപ്രതിനിധികളായ റിനീഷ് ഒ ബി, ബിൻസി ഡേവിഡ്, ജി.എൽ പി എസ് ഹെഡ്മിസ്ട്രസ് ബീന ടീച്ചർ , പി ടി എ കമ്മറ്റി അംഗം അബ്ദുൽ ജലീൽ , സ്കൂൾ വിജയോത്സവം കൺവീനർ മുഹമ്മദ് അസ്‌ലം എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഗിന്നസ് റെക്കോർഡ് ജേതാവും പ്രശസ്ത പിന്നണി ഗായകനുമായ കൊച്ചിൻ മൻസൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും നിയാസ് യു.എ നന്ദിയും പറഞ്ഞു

'എന്റെ കേരളം'

നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച്  'എന്റെ കേരളം' പരിപാടി സംഘടിപ്പിച്ചു. കേരളത്തെ കൂടുതൽ അറിയുന്നതിനു സംസ്ഥാനങ്ങളും പ്രാദേശിക സവിശേഷതകളും മനസ്സിലാക്കുന്ന വർണ്ണചിത്രങ്ങൾ പ്രദർശിപ്പിക്കുകയും .മാതൃഭാഷദിന മത്സരങ്ങളും നടത്തി . പത്താം ക്ലാസിന് സ്കൂൾ തുറക്കുന്നത് പ്രമാണിച്ച്  മാനസിക പിന്തുണ നൽകുന്നതിന് പ്രവേശനോത്സവം വിവിധപരിപാടികളോടെ നടത്തി

പരിപാടികളുടെ വീഡിയോ കാണാൻ https://fb.watch/aTxGxqIGwS/

ഗൃഹസന്ദർശനം

നവംബർ ഒന്നിന് സ്കൂളുകൾ തുറന്ന ശേഷം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അനുഭവപ്പെട്ട കോവി ഡ് ഭീതിയും , സ്കൂളിൽ വരുന്നതിനുള്ള മാനസിക പ്രയാസവും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയും , ഓൺലൈൻ ക്ലാസിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും , പഠന സൗകര്യങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടി അധ്യാപകർ വിവിധ ഗ്രൂപ്പുകളായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകൾ സന്ദർശിച്ചു. സന്ദർശനത്തിനിടയിൽ വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് അവർക്കുവേണ്ട പഠന പിന്തുണ നൽകുന്നതിനും ,  മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭവനസന്ദർശനം വളരെയധികം പ്രയോജനപ്പെട്ടു . ഗ്യഹസന്ദർശനത്തിന് ഹെഡ്മാസ്റ്റർ ബഷീർ സർ സ്റ്റാഫ് സെക്രട്ടറി നവാസ് ബിന്ദുമതി  ടീച്ചർ  എന്നിവർ നേതൃത്വം നൽകി

വിജയാമൃതം

വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തന്നത് പദ്ധതിയാണ് വിജയാമൃതം പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് .തുടർ പരീക്ഷകൾ  എക്സ്പേർട്ട് ക്ലാസുകൾ  റിവിഷൻ ക്ലാസുകൾ പരീക്ഷാ പരിശീലനങ്ങൾ  സംശയ ദൂരീകരണം  എ പ്ലസ് ക്ലബ്ബ് രൂപീകരണം ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ അവധിക്കാല ക്യാമ്പുകൾ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്.വിജയാമൃതം പദ്ധതിയുടെ കൺവീനറായി  പിടിഎ ഭാരവാഹി കൂടിയിട്ടുള്ള ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി ഋഷിരാജ് സിംഗ് സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്

ISTRUIRE 2K21

ദേശീയതലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഉയരപരീക്ഷയുടെ  തീവ്ര പരിശീലനത്തിനായി ഡിസ്ട്രോയർ എയർ എന്നപേരിൽ പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായ റഷീദ് സാറാണ് കൺവീനർ എട്ടാംക്ലാസിലെ എൻ എം എം എസ് പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾക്കായി സിലബസ് പ്രകാരം ഉള്ള മുഴുവൻ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധ ക്ലാസ്സുകൾക്ക് പുറമേ മാതൃകാ പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷ പേപ്പർ അവലോകനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ആണ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാംകുളം ഡി ഇ ഒ ശ്രീമതി ഒമന എംപി നിർവഹിച്ചു. ബിഗ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീ റഷീദ് സർ  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി മുംതസ് ടീച്ചർ നന്ദിയും പറഞ്ഞു. ഓൺലൈനായും ഓഫ്‌ലൈനായും വളരെ മികച്ച രീതിയിലാണ് പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് മത്സരം

സമഗ്രശിക്ഷാ കേരളം രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻശീർഷകത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഹൈസ്കൂൾ,UP വിഭാഗത്തിലെ കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു.ശാസ്ത്രം ,സാമൂഹ്യ ശാസ്ത്രം, ഗണിതംഎന്നീ വിഷയങ്ങളിൽ ആയിരുന്നു സ്കൂൾതല മത്സരം സംഘടിപ്പിച്ചിരുന്നത്.ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ജാസിം വി ഒന്നാം സ്ഥാനവും അബ്ദുൽ ജബ്ബാർ. പി എ രണ്ടാം സ്ഥാനവും മുഹമ്മദ് യാസീൻ മൂന്നാം സ്ഥാനവും നേടി.യുപി വിഭാഗത്തിൽ *അഞ്ചു. VR ഒന്നാം സ്ഥാനവും നിവേദ് ടിസ് രണ്ടാം സ്ഥാനവും ലുത്ഫി ജമാൽ മൂന്നാം സ്ഥാനവുo നേടി.

അറബിക് ദിനം

ലോക അറബി ദിനാചരണത്തിന്റെ ഭാഗമായി അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക് ഡേ സംഘടിപ്പിച്ചു . പ്രമുഖ അറബിക് പണ്ഡിതനും എസ് വൈ എസ് എറണാകുളം ജില്ലാ സെക്രട്ടറി കൂടിയിട്ടുള്ള ശ്രീ ജബ്ബാർ സഖാഫി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ P മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് കൺവീനർ ആമിന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും പോസ്റ്റർ പ്രദർശനവും നടന്നു

പാസ്‌വേഡ് ക്യാമ്പ്

കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന്റെ കീഴിൽ സ്കൂൾ വിദ്യാർത്ഥികളിൽ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ ന്യൂനപക്ഷ സെൽ നടത്തിവരുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ചേരാനെല്ലൂർ മർകസ് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ എറണാകുളം എം . പി ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ശ്രീമതി വൃന്ദാദേവി അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി സി.സി വൈ.എം പ്രിൻസിപ്പൽ ഡോ: ഹസീന പദ്ധതി വിശദീകരിച്ചു വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത് . ചടങ്ങിൽ ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. ജി രാജേഷ് മുഖ്യ അഥിതി ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ് ,സ്കൂൾ പി .ടി .എ പ്രസിഡണ്ട് ശ്രീ ഷാലു .കെ.എസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ ജബ്ബാർ സഖാഫി , പി .ടി. എ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ, ശ്രീ ലത്തീഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു .ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും ക്യാമ്പ് ഓർഡിനേറ്റർ നവാസ്. യു നന്ദിയും പറഞ്ഞു .

ക്രിസ്തുമസ് ആഘോഷം

മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി അൽ ഫാറൂഖൃ സ്കൂൾ. ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം  സുന്ദരമാക്കി .പപ്പാഞ്ഞി. തൊപ്പി മത്സരം,ക്രിസ്തുമസ് നക്ഷത്രം നിർമിക്കൽ , കരോൾ ഗാനാലാപന മത്സരം എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു. ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം  ഫാദർ ഷാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു.

പുതുവത്സരാഘോഷം

ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തിയ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പുതുവത്സരസമ്മാനം നൽകിക്കൊണ്ടാണ് കുട്ടികളെ വരവേറ്റത് സ്കൂൾ അധ്യാപകർ സ്പോൺസർ ചെയ്ത പുതുവത്സരസമ്മാനം ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാർ സ്കൂൾ ലീഡർ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

റിപ്പബ്ലിക് ദിനം

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും തമ്മിലുള്ള വ്യത്യാസം

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഒരു ഭരണ ഘടന നിലവിൽ വന്നിരുന്നില്ല. കൊളോണിയൽ കാലഘട്ടത്തിലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് (1935) അനുസരിച്ച് തന്നെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങൾ. പിന്നീട് സ്വന്തമായി ഭരണ ഘടന തയ്യാറാക്കി പരമോന്നത റിപ്പബ്ലിക് ആയി മാറിയത് 1950 ജനുവരി 26നാണ്. സ്വാതന്ത്ര്യ നേടിയ ദിവസം സാതന്ത്ര്യദിനമായും ഭരണഘടന നിലവിൽ വന്ന ദിവസം റിപ്പബ്ലിക് ദിനമായും ആഘോഷിക്കുന്നു.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ

എസ് പി സി കേഡറ്റ് അംഗങ്ങളുടെ സാനിദ്ധ്യത്തിൽ  ഗംഭീരമായി നടന്നു. എസ് പി സി കേഡറ്റ് അംഗങ്ങൾ റിപ്പബ്ലിക് ദിനത്തിൽ മനുഷ്യ ഇന്ത്യ നിർമിച്ചു. റിപ്പബ്ലിക് ദിന ക്വിസ്, അംബേദ്‌കറോട് ചോദിക്കാം , പ്രസംഗ മത്സരം എന്നിവ നടന്നു.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്യാൻസർ ദിനം

ഫെബ്രുവരി 4 ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച്  സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'എന്റെ  വീട്ടിലേക്ക് ക്യാൻസർ കടന്ന് വരാൻ അനുവദിക്കില്ല 'എന്ന വാക്യംഉയർത്തിപ്പിടിച്ചുകൊണ്ട്  കാൻസറിനെതിരെ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.ക്യാൻസർ ബോധവൽക്കരണ വീഡിയോ തയ്യാറാക്കൽ ക്യാൻസർ  പോസ്റ്റർ രചന , വീട്ടിൽ ക്യാൻസറിനെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകതുടങ്ങി വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി

മെൻലോ പാർക്കിലെ മന്ത്രികൻ

edison day

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ മെൻലോ പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

മാഗസിൻ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

International Day of Women and Girls in Science

    "ലോകത്തിന് ശാസ്ത്രം ആവശ്യമാണ്, ശാസ്ത്രത്തിന് സ്ത്രീകളും പെൺകുട്ടികളും ആവശ്യമാണ്."

 ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സ്ത്രീകളും പെൺകുട്ടികളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ലിംഗസമത്വം ഉറപ്പാക്കാനും വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.2015 ഡിസംബർ 22-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ പ്രമേയത്തിലൂടെ ഫെബ്രുവരി 11-ാം തീയതിയാണ് ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്‌ട്ര ദിനം. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സ്ത്രീകളും പെൺകുട്ടികളും വഹിക്കുന്ന നിർണായക പങ്ക് ഈ ദിനം അംഗീകരിക്കുന്നു.  ശാസ്ത്രത്തിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്തർദേശീയ ദിനം യുനെസ്കോയും യുഎൻ വനിതകളും, അന്തർഗവൺമെന്റ് ഏജൻസികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച്, സ്ത്രീകളെയും പെൺകുട്ടികളെയും ശാസ്ത്രത്തിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ സൊസൈറ്റി പങ്കാളികളുമായും സഹകരിച്ച് നടപ്പിലാക്കുന്നു.  സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശാസ്ത്രത്തിൽ സമ്പൂർണ്ണവും തുല്യവുമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനത്തിന്റെ ലക്ഷ്യം.   സ്ത്രീകളും ഡിജിറ്റൽ വിപ്ലവവും         2018-ൽ മൂന്നിൽ ഒരാൾ (33%) ഗവേഷകരാണ് സ്ത്രീകൾ. അവർ പല രാജ്യങ്ങളിലും ലൈഫ് സയൻസസിൽ തുല്യത (എണ്ണത്തിൽ) കൈവരിക്കുകയും ചില സന്ദർഭങ്ങളിൽ ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.  എന്നിരുന്നാലും, ഡിജിറ്റൽ ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടിംഗ്, ഫിസിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ് എന്നിവയിൽ സ്ത്രീകൾ ന്യൂനപക്ഷമായി തുടരുന്നു.  ഡിജിറ്റൽ വിപ്ലവം നയിക്കുന്ന മേഖലകളാണിത്, അതിനാൽ നാളത്തെ പല ജോലികളും. ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനം -"TEAM ALFAROOKHIA"യോടൊപ്പം...  ബഹിരാകാശ പര്യവേഷണത്തിലെ ഇന്നിന്റെ ഇന്ത്യൻ സാനിദ്ധ്യമായ വനിതാ രതനങ്ങളെ പരിചയപെടുത്താൻ ........പെൺകുട്ടികളുടെ ശാസ്ത്രീയ ചിന്തകൾക്ക് പ്രചോദനമേകാൻ ............അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വെൺതാരകങ്ങൾ... അവതരിപ്പിച്ച വിവിധ പരിപാടികൾ.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ഡാർവിൻ ഡേ-FEB 12

ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് റോബർട്ട് ഡാർവിന്റെ ഓർമക്കായി ഡാർവിൻ ഡേ അതിവിപുലമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ ഗംഭീരമായി നടന്നു.സംഭാഷണ രൂപേന അൽഫാറൂഖിയ്യ വിദ്യാർത്ഥികൾ ചാർസ് ഡാർവിന്റെ ഓർമകൾ പുതുക്കി. ജീവശാസ്ത്രത്തിനു അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ഓർമ്മകൾക്കായി നിർമിച്ച ഡോക്യുമെന്ററിയും ശ്രദ്ദേയമായി.ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം,ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടിത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.

ഡാർവിൻ ഡേ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പറവകൾക്കൊരു 'തണ്ണീർ കുടം പദ്ധതി'   

പൊള്ളുന്ന വേനലിൽ പക്ഷികൾക്കു ദാഹമകറ്റാൻ തണ്ണീർ കുടം പദ്ധതിയുമായി അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി  സ്കൂൾ ആനിമൽ  ക്ലബ്ബിലെയും എസ് പി സി വിദ്യാർത്ഥികളും രംഗത്ത്. മനുഷ്യരെ പോലെ എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിനായി രംഗത്തിറങ്ങണമെന്ന സന്ദേശമാണ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾ പങ്കുവക്കുന്നത്. വേനൽകാലത്തെ വെയിൽ ചൂടിൽ ഉരുകുന്ന ശരീരങ്ങൾക്ക് സാന്ത്വനത്തിന്റെ കുളിർമ പകരാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ആനിമൽ ക്ലബിന്റെ കീഴിൽ ഒരുക്കിയ തണ്ണീർ കുടം ശ്രദ്ധേയമായി.സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ  വൃക്ഷങ്ങളിൽ   എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക്  ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മരങ്ങളിൽ  പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി  ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ്

അതുപോലെ വിദ്യാർഥികൾക്കായി വീടുകളിൽപക്ഷികൾ സ്ഥിരമായി ഇരിക്കുന്ന മരങ്ങളിലും വീടിന്റെ പരിസരങ്ങളിലും ഒഴിവാക്കിയ പാത്രങ്ങളിലും, മൺചട്ടികളിലും, ചിരട്ടകളിലും പക്ഷികൾക്ക് ലഭിക്കുന്ന രൂപത്തിൽ വെള്ളമൊഴിച്ചു വെക്കുവാനും ആവശ്യപ്പെട്ടു . പക്ഷികൾ വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോയെടുത്ത് അയച്ചു തരാനും പ്രത്യേകം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു .മിക്ക വിദ്യാർഥികളുടെ വീടുകളിലും പക്ഷികൾ ഈ വെള്ളം ഉപയോഗിക്കുന്നതായി ഫോട്ടോകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.പ്രവർത്തനങ്ങൾക്ക് റഫീഖ് ചേന്ദാം പള്ളി , സുമേഷ് സാർ  എന്നിവർ നേതൃത്വം നൽകി

ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനം

FIGHT AGAINST INJUSTICE

എല്ലാ വർഷവും ഫെബ്രുവരി 20 ന് ലോക സാമൂഹിക നീതി ദിനം ആചരിക്കുന്നു. സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുക, ദാരിദ്ര്യം, ലിംഗഭേദം, ശാരീരിക വിവേചനം, നിരക്ഷരത, മതപരമായ വിവേചനം എന്നിവ ഇല്ലാതാക്കാൻ അന്താരാഷ്ട്രതലത്തിൽ വിവിധ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി 21 തിങ്കളാഴ്ച അൽ ഫാറൂഖിയ ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും SPC യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ "LET'S JOIN HAND TOGETHER  TO FIGHT AGAINST INJUSTICE " campaign നടത്തി.ബഹുമാനപ്പെട്ട HM പി. മുഹമ്മദ്‌ ബഷീർ സർ campaign ഉൽഘാടനം ചെയ്തു സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുന്നതിനും ലിംഗഭേദം, പ്രായം, വംശം, മതം, സംസ്കാരം   എന്നീ വേർതിരിവ് നീക്കുന്നതിനും സ്കൂളിലെ എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആചരിച്ചതിന്റെ ലക്ഷ്യം .എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും വർണ്ണക്കടലാസിൽ കൈപ്പത്തി വെട്ടിയെടുത്ത്, "I WILL FLIGHT AGAINST INJUSTICE", "STOP INJUSTICE " എന്നെഴുതി ബോർഡിൽ ഒട്ടിച്ചു. സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും വിവേചനങ്ങൾക്കും നേരെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടാണ് എല്ലാവരും പരിപാടിയിൽ പങ്കെടുത്തത് . സ്കൂളിലെ എല്ലാവരെയും ഉൾപ്പെടുത്തി പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. സമൂഹത്തിൽ കാണുന്ന അനീതിക്കെതിരെ പ്രതികരിക്കുന്നതിനുള്ള ഊർജ്ജം ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും എന്നത് ഉറപ്പാണ്.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക് ചെയ്യുക

ദേശീയ ശാസ്ത്ര ദിന വാരാചരണം -ഫെബ്രുവരി 22 - 28

ഏഷ്യയിലെ തന്നെ ഭൗതിക ശാസ്ത്രത്തിലെ ആദ്യ നോബൽ സമ്മാന  നേതാവായ  സി വി രാമന്റെ ജന്മദിനം സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി സംഘടിപ്പിച്ചു.

ശാസ്ത്ര പരീക്ഷണ മത്സരം

ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്ര പരീക്ഷണ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ ശാസ്ത്രപഠനത്തിന്റെ ഭാഗമായി അവരവരുടെ ക്ലാസിൽ പഠിച്ച ശാസ്ത്രപരീക്ഷണങ്ങൾ ആണ്  മറ്റു കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചത്. പരമാവധി പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കാണും മുൻതൂക്കം നൽകിയത്. ഏറെ കൗതുകവും അതിലുപരി അമ്പരപ്പുമുണ്ടാക്കിയ  മത്സരമായിരുന്നു ശാസ്ത്ര പരീക്ഷണ മത്സരം. ലളിതമായ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങൾ ആണ് കുട്ടികൾ അവതരിപ്പിച്ചത് വൈദ്യുതി,  സാന്ദ്രത, അന്തരീക്ഷ മർദ്ദം , മർദ്ദവും വ്യാപകമർദ്ദവും തുടങ്ങി വിവിധ മേഖലകളെ പ്രതിപാദിക്കുന്ന പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. യുപി വിഭാഗം ശാസ്ത്ര അധ്യാപിക ശ്രീദേവി ടീച്ചർ ഹൈസ്കൂൾ വിഭാഗം കെമിസ്ട്രി അധ്യാപകൻ ഷെരീഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

ലോക വനിതാ ദിനം-മാർച്ച് 8

ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടിയാണ് സ്കൂളിൽ ക്രമീകരിച്ചത്. ദിനാചരണം വനിത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സാമൂഹിക ചരിത്ര മേഖലയിൽ തങ്ങളുടേതായ ഇടം സൃഷ്ടിച്ച വനിതകളുടെ വേഷവിധാനത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾ അണിനിരന്നത് ശ്രദ്ധേയമായി. ആധുനിക സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ പശ്ചാത്തലമാക്കി യുപി വിഭാഗം പെൺകുട്ടികൾ അണിയിച്ചൊരുക്കിയ നൃത്തശില്പവും കാവ്യശിൽപും  മികച്ച അഭിപ്രായം നേടി. വനിതാ അസംബ്ലിയിൽ എഴുപത്തിരണ്ടാം വയസ്സിലും ഊർജ്ജസ്വലമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണം തയ്യാറാക്കുന്ന പത്മിനി ചേച്ചിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹൈസ്കൂൾ അധ്യാപകരായ മുംതസ് ടീച്ചറും ബിന്ദുമതി ടീച്ചറും യുപി വിഭാഗത്തിൽ ഫാത്തിമ ടീച്ചറും ജലീൽ സാറും പരിപാടികൾക്ക് നേതൃത്വം നൽകി.

ഈ ദിനത്തോടനു ബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച വിവിധ പരിപാടികളുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക

വീഡിയോ 1

വീഡിയോ2

വീഡിയോ3

ആവോ ചലേം സ്കൂൾ മേം

AAO CHALE SCHOOL MEM
AAO CHALE SCHOOL MEM

ചേരാനല്ലൂർ - പോണേക്കര - ഇടപ്പള്ളി ഭാഗങ്ങളിലെ അഥിതി തൊഴിലാളികളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിൻറെ ഭാഗമായി ആവോ ചലേം സ്കൂൾ മേം  പധ്യതിക്ക് അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമിട്ടു. കുട്ടികളുടെ ഭാഷാപരമായ പരിമിതികൾ പഠന തുടർച്ചയെ ബാധിക്കാതിരിക്കുന്നതിന് അധ്യാപകർക്ക് സ്പെഷൽ ട്രൈനിംഗ് നൽകി വരുന്നുണ്ട്. കൂടാതെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പാഠ്യേതര പ്രവർത്തനങ്ങൾക്ക്  പ്രോത്സാഹനവും നൽകിവരുന്നു.ഭാഷാ വ്യത്യാസം കുട്ടികളിൽ ഉണ്ടാക്കുന്ന പഠന വിടവ് നികത്തുന്നതിനായി അന്യ സംസ്ഥാന വിദ്യാർത്ഥി കൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു. 5 മുതൽ 10 വരെ ക്ലാസുകളിലായി  21 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു എന്നത് പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.

ലോക റേഡിയോ ദിനം

ഫെബ്രുവരി 13 - ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് അൽഫാറൂഖിയ  ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ രൂപത്തിൽ ഈ ദിനം ആചരിച്ചു റേഡിയോയുടെ പ്രാധാന്യം വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനും വിവിധ പരിപാടികൾ പരിചയപ്പെടുത്തുന്നതിനു മായി റേഡിയോയിൽ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത് മുതലുള്ള മ്യൂസിക്കിൽ തുടങ്ങി ഓരോ ദിവസത്തെ വാർത്തകൾ യുവവാണി ചിത്രഗീതം ഇംഗ്ലീഷ് വാർത്തകൾ ഹിന്ദി വാർത്തകൾ സംസ്കൃത വാർത്തകൾ തുടങ്ങി എല്ലാ പരിപാടികളും വിദ്യാർത്ഥികൾ വേറിട്ട രൂപത്തിൽ അവതരിപ്പിച്ചത് വളരെയധികം ശ്രദ്ധേയമായി കൊച്ചി എഫ് എം ൽ പ്രോഗ്രാമിനെ കുറിച്ച് വിവിധ സമയങ്ങളിൽ പറഞ്ഞത് ഈ  പരിപാടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിച്ചു. യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ നിരവധി ആളുകളാണ് വീക്ഷിച്ചത് . പരിപാടികൾക്ക് വിവിധ രക്ഷിതാക്കൾ ഇതിൽ പങ്കെടുത്തവരെ പ്രത്യേകം പ്രശംസിച്ചു പ്രോഗ്രാമുകൾക്ക് സബിത ടീച്ചർ മുംതാസ് ടീച്ചർ ബിന്ദു ടീച്ചർഎന്നിവർ നേതൃത്വം നൽകി. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അൽ ഫാറൂഖിയ സൂപ്പർ ലീഗ്

ഒന്നര വർഷത്തോളം കാലം കോവിഡിന്റെ പിടിയിലമർന്ന് മാനസികമായി  പിരിമുറുക്കം അനുഭവപ്പെട്ട വിദ്യാർത്ഥികളിൽ  മാനസിക ഊർജ്ജം വളർത്തിയെടുക്കുന്നതിനും മാനസികോല്ലാസം ഉണ്ടാക്കുന്നതിനുമായി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അൽഫാറൂഖിയസൂപ്പർ ലീഗ് സംഘടിപ്പിച്ചു (ASL)എട്ട് ദിവസങ്ങളിലായി നടന്ന ഫുട്ബോൾ ടൂർണമെന്റി ൽ  ക്ലാസുകൾ തിരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത് . ഓരോ ദിവസത്തെയും പ്ലെയർ ഓഫ് ദി മാച്ച്  തിരഞ്ഞെടുക്കുകയുണ്ടായി.വിവിധ ദിവസങ്ങളിൽ കളികൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിച്ചേരുക യുണ്ടായി .ചേരാനല്ലൂർ പ്രദേശം വളരെയധികം ആവേശത്തോട് കൂടിയാണ് ഈ ടൂർണമെന്റിനെ വരവേറ്റത്  ഫൈനൽ മത്സരത്തിൽ ടൈറ്റാൻസ് എഫ് സി ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജേഷ് വിതരണം ചെയ്തു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ആരിഫ മുഹമ്മദ് , പിടിഎ പ്രസിഡണ്ട്ഷാലു KS എന്നിവർ സംബന്ധിച്ചു

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യു

വർക്ക് എക്സ്പീരിയൻസ് ലാബ്

സംസ്ഥാന ഗവൺമെൻറിന്റെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച  'സ്കൂളുകളിൽ വർക്ക് എക്സ്പീരിയൻസ്  ലാബ് ' എന്ന പദ്ധതി യിലേക്ക് എറണാകുളം ജില്ലയിലെ ഏക സ്കൂളായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെ ആണെന്നത് അഭിമാനാർഹമാണ്.മുൻവർഷങ്ങളിൽ സ്കൂളിൽ നടത്തിയ പ്രവർത്തിപരിചയ പരിപാടികളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിനെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത് . സംസ്ഥാനതലത്തിൽ ആകെ 11 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്നായി നമ്മുടെ സ്കൂൾ മാറിയത് സ്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കാഴ്ചവെക്കുന്ന മികവിനുള്ള അംഗീകാരമായി മാറി. നാല്പതിനായിരം രൂപയുടെ പദ്ധതിയാണ് സ്കൂളിന് അനുവദിച്ചത്.ഇതിന്റെ കീഴിൽ സ്വയംതൊഴിൽ പരിശീലനം ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ഒരു വരുമാനമുണ്ടാക്കുന്ന രൂപത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്.ഇതിനായി പ്രത്യേകം ഒരു റൂമും മറ്റു സൗകര്യങ്ങളും ആളും ഒഴുകിക്കൊണ്ടിരിക്കുന്നു ഇതിന്റെ ഉദ്ഘാടനം മാർച്ച് 31നു മുമ്പ് നടത്താൻ പറ്റുന്ന രൂപത്തിലുള ഒരുക്കങ്ങളാണ് ദ്രുതഗതിയിൽ നടക്കുന്നത്

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ

കേരള പാഠ്യപദ്ധതി പരിഷ്കരണം : സ്കൂൾ തല ചർച്ച ശ്രദ്ധേയമായി.

സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ നടന്ന സ്കൂൾ തല ജനകീയ ചർച്ച ശ്രദ്ധേയമായി.കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കണമെന്നും  സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി മുന്നോട്ട് വെച്ച 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും ചർച്ച ചെയ്യുകയും ചെയ്തു. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന്  വിപുലമായ ജനകീയ ചർച്ചകൾ ആണ് നടന്നത്.സ്‌കൂൾതല ജനകീയ ചർച്ചയിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ ആണ് സംഘടിപ്പിച്ചത്.