അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്. നാലായിരത്തോളം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു. പ്രൈമറി മുതൽ ഹയർ സെക്കണ്ടറിതലം വരെ 569 കുട്ടികൾ പഠിക്കുന്നു. യു.പി. വിഭാഗത്തിൽ 4 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 7 ഡിവിഷനും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് (ബയോളജി), കൊമേഴ്സ് വിഭാഗങ്ങളിലായി ഓരോ ബാച്ചുകളും ഉ​ണ്ട്.

ഹൈസ്കൂൾ ബ്ലോക്ക്

 27 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി . പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും . ഹൈസ്കൂൾ യുപി സെക്ഷനുകൾക്കായി  വ്യത്യസ്ത മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ് സയൻസ് ലാബ് എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്

കളിസ്ഥലം

ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി  വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

നീന്തൽ പരിശീലന കേന്ദ്രം

കുട്ടികൾക്ക് സ്കൂൾ പഠനത്തോടൊപ്പം തന്നെ നീന്തൽ പരിശീലനം നൽകുക എന്ന വലിയ ഉദ്ദേശം മുന്നിൽ കണ്ടുകൊണ്ട് പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നിർമ്മിച്ച പുതിയ പരിശീലന കേന്ദ്രം 2023 മാർച്ച് 25ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി

ഉദ്ഘാടനം ചെയ്തു.സ്കൂളിൽ നടത്തിയ സർവ്വേയിൽ നിന്നും മനസ്സിലാക്കിയ 75% കുട്ടികൾക്കും നീന്തൽ അറിയില്ല എന്ന തിരിച്ചറിവിൻറെ ഭാഗമായാണ് ഇങ്ങനെ ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കാൻ പ്രചോദനമായത്.രാവിലെയും വൈകുന്നേരവും അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം ഭംഗിയായി നടന്നുവരുന്നു

കുടിവെള്ള സൗകര്യം 

കുടിവെള്ളം
കുടിവെള്ളം

വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന രണ്ട് കിണറുകളും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും സ്കൂളിനായി ഉണ്ട്. രണ്ട് പമ്പ് സെറ്റുകൾ ആണ് എച്ച്.എസ്, ഹയർ സെക്കണ്ടറി  വിഭാഗങ്ങളിലായി പ്രവർത്തിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ജലസേചനത്തിനായി അധികം ഒരു പമ്പ്സെറ്റ് കൂടി ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. എറണാകുളത്തെ സ്വകാര്യ ലാബിൽ നിന്നുമാണ്  ജല പരിശോധന നടത്തുന്നത്. കുട്ടികളുടെ ആവശ്യത്തിനായി 40 വാഷ്ബേസിൻ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു വാട്ടർ പ്യൂരിഫൈർ സജ്ജീകരിച്ചിരിക്കുന്നു

ചേരാനെല്ലൂർ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി സ്ഥാപിച്ച കുടിവെള്ള പദ്ധതി ഔപചാരിക ഉദ്ഘാടനം മർകസ് അസോസിയേറ്റ് ഡയറക്ടർ  ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി നിർവഹിക്കുന്നു ...

കിച്ചൺ കോംപ്ലക്സ്

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്.  എച്ച്.എസ്, ,എച്ച്.എസ്.എസ് കെട്ടിടത്തിൽ നിന്നും മാറിയാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പാചകപ്പുരയിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് റഫ്രിജറേറ്റർ, ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും എൽപിജിയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആവശ്യാനുസരണമുള്ള അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ  വിതരണത്തിനുള്ള ഗ്ലാസ്സ് വരെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. കഴിഞ്ഞ 27 വർഷമായി പത്മിനി എന്ന പാചക തൊഴിലാളിയുടെ സേവനവും സ്കൂളിന് ലഭ്യമാണ്

വായന കുടിൽ

അൽഫാറൂഖ് ഹയർസെക്കൻണ്ടറി സ്കൂളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും വേണ്ടി കഴിഞ്ഞ അധ്യായന വർഷത്തിൽ നിർമ്മിച്ച വളരെ വിശാലമായ ഒന്നാണ് വായനകുടിൽ. എല്ലാദിവസത്തെയും ദിനപത്രത്തിന് പുറമേ വിവിധ ഭാഷകളും വിവിധതരത്തിലുള്ള മാഗസിനുകളും മറ്റു പുസ്തകങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട് ഒഴിവുസമയങ്ങൾ കുട്ടികൾക്ക് വായനക്കായി വിനിയോഗിക്കാൻ ഇത് കൂടുതൽ പ്രചോദനമായിട്ടുണ്ട്

ഓഡിറ്റോറിയം

സ്കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ വിശാലമായ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ കൂട്ടായ്മകൾക്കായി ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഒന്നാം നിലയിൽ മിനി ഓഡിറ്റോറിയവും സ്കൂളിനായി ഉണ്ട് . എൺപതിനായിരം രൂപ ചെലവിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വന്തമായി ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ എട്ട് ഹൈസ്പീഡ് ഫാനുകളും , വീഡിയോ പ്രദർശനത്തിനും മറ്റുമായി പോർട്ടബിൾ പ്രൊജക്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്, സ്ഥിരം സ്റ്റേജ് ഒരുക്കുന്നതിനുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുകയും സ്പോൺസർമാരെ കണ്ടെത്തി സ്റ്റേജ് നിർമ്മാണത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടുകൂടി 150 ഇരിപ്പിടങ്ങളും ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്.

ലൈബ്രറി

ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നാലായിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ഹൈസ്കൂൾ ലൈബ്രറിയുടെ നവീകരണത്തിന് 2021-22 അധ്യയനവർഷത്തിലെ പി ടി എയുടെ മുഖ്യ അജണ്ടകളിൽ ഒന്ന് ലൈബ്രറി നവീകരണത്തിനുള്ള ഫണ്ട് സമാഹരണം ആയിരുന്നു. അത് ഏറെക്കുറെ പൂർത്തീകരിക്കുകയും ചെയ്തു. ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക മുംതാസ് ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്. എച്ച്എസ്എസ് ലൈബ്രറി പ്രവർത്തിക്കുന്നതിനായി കെ.വി തോമസ് എംപിയുടെ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ലൈബ്രറി കോംപ്ലക്സ് നിലവിലുണ്ട്.

കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക് ടോപ്പുകളും 9 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത A3 മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക രഹന ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപിക ഫാരിഷ ബീവി ടീച്ചർക്കും ആണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതലയുള്ളത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

സയൻസ് ലാബുകൾ

പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി, ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് ഹൈസ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ് ലാബുകൾ സജ്ജമാണ്. സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, ശാസ്ത്ര ലാബുകളുടെ പർച്ചേസിംഗിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഗ്രാൻഡിന് പുറമേ പിടിഎ, മാനേജ്മെന്റ് എന്നിവരും എല്ലാവർഷവും ഫണ്ട് അനുവദിക്കാറുണ്ട്.

ഗതാഗത സൗകര്യം

യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ യാത്രാ വാൻ സ്കൂളിനു സ്പോൺസർ ചെയ്തിട്ടുണ്ട്. രണ്ടു സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത്. സീനിയർ അധ്യാപിക ആമിന ബീവി ടീച്ചർ കൺവീനറും, സൂര്യ കേശവൻ സാർ ചെയർമാനുമായ കമ്മിറ്റിയാണ് ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നത്. കുട്ടികളിൽ നിന്നും ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. അതേസമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും ഗതാഗത കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

സി സി ടിവി

ഹൈടെക് ക്ലാസ് മുറികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂളിൽ സി സി ടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും, മാനേജ്മെന്റും പരസ്പര സഹകരണത്തോടെയാണ് സി സി ടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ലൈബ്രറി വരാന്തകൾ, ഓഫീസ്, സ്റ്റാഫ് റൂം, മെയിൻ ഗേറ്റ്, ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സി സി ടിവി ക്യാമറ ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻണ്ടറി  കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സി സി ടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ ഹെഡ്മാസ്റ്റർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സി സി ടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ടോയ്‌ലറ്റ് കോംപ്ലക്സ്

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി  വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 റൂമുകളും , ഹയർസെക്കണ്ടറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ്‌ റൂമുകളും ഹയർസെക്കണ്ടറി കെട്ടിടത്തിന് പിറകിലായി സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ പെൺകുട്ടികൾക്ക് വേണ്ടിയും, ഹയ സെക്കണ്ടറി പെൺകുട്ടികൾക്ക് വേണ്ടിയും സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്സ്  ഒരുക്കിയിട്ടുണ്ട്, ഇൻസിനറേറ്റർ, വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ അധ്യാപകർക്കായി 5 റൂമുകളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.

വികസന കാഴ്ചപ്പാട്

അടുത്ത 3 വർഷത്തിനുള്ളിൽ ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക. പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ ക്യാമ്പസ്  സൃഷ്ടിക്കുക. എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും എ+ ഗ്രേഡിനു താഴെയുള്ള കുട്ടികൾ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും. ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക. വിവര സാങ്കേതിക വിദ്യ ഉൾപ്പടെയുള്ള നവീനസാങ്കേതിക വിദ്യയുപയോഗിച്ച് കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക. കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. ആരോഗ്യം ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം ഉറപ്പ് വരുത്തുക, എന്നിവയാണ് ലക്ഷ്യം വെക്കുന്നത്.

ദീർഘകാലാടിസ്ഥാന പദ്ധതികൾ

1. പുതിയ ക്ലാസ്മുറികൾ.

നിലവിൽ സ്കൂളിൽ ഉള്ള കുട്ടികളുടെ എണ്ണത്തിനനുസൃതമായ ക്ലാസ്മുറികളും, ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ, വർക്ക്ഷാപ്പ്, സ്പോർട്സ്റൂം, സ്റ്റാഫ് റൂം, ഓഫീസ്, കൗൺസിലിങ് റൂം എന്നിവയും ആവശ്യമാണ്. നിലവിൽ 20x20 അടി അളവിൽ 27 റൂമുകളും 30x20 അടി അളവിൽ 4 റൂമുകളും 40x20 അളവുള്ള 2 റൂമകളും ആണ് ഉള്ളത്. താഴെ കൊടുത്ത എണ്ണം ക്ലാസ്മുറികൾകൂടി നിർമ്മിക്കണം. 20x20 -5 മുറികൾ 30x20 - 3 മുറികൾ

2. ഭക്ഷണശാല, സ്റ്റോർ മുറി

80x20 അടി അളവിൽ ഭക്ഷണശാലയും, 20x20 അടി അളവിൽ സ്റ്റോർ റൂമും നിർമ്മിക്കുക.

3. ഓഡിറ്റോറിയം

പ്രൈമറി വിഭാഗം കെട്ടിടത്തിനു മുൻവശത്ത് നിലിവുള്ള സ്റ്റേജിന് സ്ഥിര സ്വഭാവമുള്ള മേൽക്കൂരയും, അതിനു മുന്നിൽ 60x30 അടി അളവിൽ ഓഡിറ്റോറിയവും നിർമ്മിക്കുക.

4. ഓപ്പൺ ഓഡിറ്റോറിയം

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി , എന്നീ വിഭാഗങ്ങളിൽ ഓപ്പൺ ഓഡിറ്റോറിയങ്ങൾ. കുട്ടികൾക്ക് സിനിമാപ്രദർശനം ഉൾപ്പെടെയുള്ള പരിപാടികൾ നടത്താനും വൈകുന്നേരങ്ങളിൽ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒത്തുചേരുന്നതിനും ഈ ഓപ്പൺ എയർ സംവിധാനം ഉപയോഗിക്കാം.

5. മഴ വെള്ള സംഭരണി

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ കെട്ടിടങ്ങളിൽ മഴവെള്ളം സംഭരിച്ച് കിണറുകളെ റീ-ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനം നിർമ്മിക്കുക.

6. സൗരോർജ്ജ പാനൽ

ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിനു മുകളിൽ സ്കൂളിലെ ദൈനം ദിനാവശ്യത്തിനു പര്യാപ്തമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ഊർജ്ജാവശ്യങ്ങൾ തടസ്സമില്ലാതെ നടക്കുമെന്ന് ഉറപ്പു വരുത്തുക, ഊർജ്ജലഭ്യതയിലും ഉപയോഗത്തിലും സ്വയംപര്യാപ്തത കൈവരിക്കുക.

7. ഇന്ററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനമുള്ള സ്മാർട്ട് ക്ലാസ്സ് റൂമുകൾ

ആദ്യവർഷം 8-ാം ക്ലാസിലും തുടർന്നുള്ള വർഷങ്ങളിൽ 9, 10,11,12 ക്ലാസുകളിലും എല്ലാ ക്ലാസ് മുറികളും ഇന്ററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനമുള്ളതായി മാറ്റുക. സ്വതന്ത്ര സോഫ്റ്റ്വെയർ അടിസ്ഥാനമാക്കിയ പഠന പാക്കേജുകൾ ആവിഷ്കരിച്ച് സ്മാർട്ട് ക്ലാസ്റൂം എന്ന സങ്കല്പം പൂർണ്ണമായി നടപ്പാക്കുക.

8. കമ്പ്യൂട്ടർ ലാബ്-മൾട്ടി മീഡിയ സംവിധാനങ്ങൾ

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി , വിഭാഗങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു പുറമേ 30 കമ്പ്യൂട്ടറുകൾ കൂടി വേണം. പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ, എൽ.സി.ഡി.പ്രൊജക്ടർ, ഇന്ററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനങ്ങളുള്ള ഒരു മൾടി മീഡിയ റൂം. ലൈബ്രറിയിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ലബോറട്ടറികളിലും എൽ.സി..ഡി.പ്രൊജക്ടർ സഹിതം മൾട്ടി മീഡിയാ സംവിധാനം.

9. ഫർണിച്ചർ

ഫലപ്രദമായ ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ക്ലാസ്മുറിയിലെ ഇന്നത്തെ ബെഞ്ച്, ഡസ്ക് സംവിധാനങ്ങൾക്ക് മാറ്റം വരുത്തണം. രണ്ടു പേർക്ക് ഉപയോഗിക്കാവുന്ന മേശ, കസേരകൾ, പഠനസാമഗ്രികളും പുസ്തകങ്ങളും ടീച്ചർക്ക് ആവശ്യമായ ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയ സംവിധാനങ്ങളുള്ള ക്ലാസ്മുറികൾ ഉണ്ടാകേണ്ടതുണ്ട്. ഈ കാഴ്ച്ചപ്പാടിൻറെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴുവൻ ക്ലാസ്റൂം ഫർണീച്ചറുകളും പടിപടിയായി പരിഷ്കരിക്കുക. സ്റ്റാഫ് റൂം, ഓഫീസ് ഫർണീച്ചറുകൾ പുന:സംവിധാനം ചെയ്യുക. ഭക്ഷണശാലയിൽ നീളത്തിലുള്ള മേശയും സ്റ്റൂളും ഒഴിവാക്കി കുട്ടികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഫ്ളക്സിബിൾ ഫർണീച്ചർ സംവിധാനം ഏർപ്പെടുത്തുക.

10. കുടിവെള്ളം

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ കുടിവെള്ളം ക്ലാസ്മുറികൾക്ക് പരമാവധി സമീപത്തുതന്നെ ലഭ്യമാക്കുക. ഉച്ചഭക്ഷണശാലയോടു ചേർന്നും ടോയ്‌ലറ്റുകളിലും , കൈ കഴുകുന്നതിനും, ശുചീകരണത്തിനുമുള്ള വാട്ടർ ടാപ്പുകൾ കുട്ടികളുടെ ആവശ്യാനുസരണം ലഭ്യമാക്കുക.

11. ടോയ്‌ലറ്റുകൾ

ഇപ്പോൾ ഉള്ളതിനു പുറമേ ഹൈസ്കൂൾ വിഭാഗത്തിന് 28 യൂണിറ്റും, ഹയർ സെക്കണ്ടറിക്ക് 10 യൂണിറ്റും ടോയ്‌ലറ്റ് നിർമ്മിക്കുക. നിലവിലുള്ള ടോയ്‌ലറ്റുകൾ ജല ലഭ്യത ഉറപ്പുവരുത്തുക, ഡ്രൈനേജ് സംവിധാനം കുറ്റമറ്റതാക്കുക.

12. കായിക പരിശീലനവും സ്പോർട്സും

നിലവിൽ ഒരു ചെറിയ ഗ്രൗണ്ട് മാത്രമേ സ്കൂളിനുള്ളൂ. 400 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ ഒരു വലിയ ഗ്രൗണ്ട് ആവശ്യമാണ്. മൾട്ടി പർപസ് ജിംനേഷ്യം, ലോങ് ജമ്പ് പിറ്റ്, വോളിബോൾ-ഷട്ടിൽ കോർട്ടുകൾ എന്നിവ നിർമ്മിക്കണം. ഹൈജമ്പിനുള്ള ഫോം ബെഡ്, റെസലിങ് മാറ്റ്, ക്രിക്കറ്റ് മാറ്റും ഉപകരണങ്ങളും, ഹഡിൽസ്, ജിംനേഷ്യത്തിനുള്ള ഉപകരണങ്ങൾ - ഇവ ആവശ്യമാണ്. നിലവിലുള്ള കളിസ്ഥലത്തിനു ചുറ്റും സ്ഥിരം ഗാലറി നിർമ്മാണം.

13. കൃഷി-ശുചീകരണ ഉപകരണങ്ങൾ

കുടുംബശ്രീയുടെ സഹകരണത്തോടെ സ്കൂൾ കാർഷിക ക്ലബ്ബ് ഉച്ചഭക്ഷണ പരിപാടിക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കൃഷിക്കും സ്കൂൾ ശുചീകരണത്തിനും ആവശ്യമായ കോൺക്രീറ്റ് വെയ്സ്റ്റ് ബിൻ, ഡസ്റ്റ് ബിന്നുകൾ, വിവിധ കാർഷിക-ശുചീകരണ ഉപകരണങ്ങൾ, സാമഗ്രികൾ തുടങ്ങിയവ ആവശ്യമാണ്.

14. സ്കൂൾ ക്യാമ്പസ് സൗന്ദര്യവത്കരണം

കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, വയറിങ്-പ്ലംബിങ്, പെയിൻറിങ്, പൂന്തോട്ടം, സ്കൂൾ ക്യാമ്പസ്സിലെ വൃക്ഷങ്ങളുടെ സംരക്ഷണം, കെട്ടിടങ്ങളുടെ പിന്നിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളെ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പഠിക്കാനും കളിക്കാനും സൗകര്യപ്രദമായ വിധത്തിൽ പുന:സംവിധാനം ചെയ്യൽ, ചുറ്റുമതിൽ, സ്വാഭാവികസസ്യജാലങ്ങളുടെ സംരക്ഷണം, ചുരുങ്ങിയത് 5 സെൻറ് സ്ഥലം സ്വാഭാവികവനം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുക.

15. സ്കൂൾ ലൈബ്രറി

രണ്ടു ക്ലാസ് മുറികൾ ഒന്നിച്ചുചേർത്ത് സ്കൂൾ ലൈബ്രറി സജ്ജീകരിക്കുന്നു. ലൈബ്രറി കൂടുതൽ ഇരിപ്പിട സൗകര്യങ്ങളോടെ പുതുക്കിയെടുക്കുന്നു. ഡിജിറ്റൽ ലൈബ്രറി സംവിധാനം നടപ്പാക്കുന്നു. സ്കൂളിലെ ലഭ്യമായ എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുന്നു. ചേരാനല്ലൂരിലെ പൊതുജനങ്ങൾക്ക് ലൈബ്രറിയുടെ പ്രയോജനം ലഭിക്കുന്നവിധത്തിൽ പ്രവർത്തനം പരിഷ്കരിക്കുന്നു.

അക്കാദമിക ഗുണമേന്മാപദ്ധതികൾ

1. മിനിമം സി പ്ലസ് - എസ്.എസ്.എൽ.സി. ടാർജറ്റ് 2022

2022 മാർച്ച് എസ്.എസ്.എൽ.സി. ബാച്ചിലെ എല്ലാ കുട്ടികളും ഏറ്റവും ചുരുങ്ങിയത് സി+ ഗ്രേഡ് നേടുമെന്ന് ഉറപ്പു വരുത്തുന്ന വിധത്തിൽ പത്താം ക്ലാസ്സിലെ പഠനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. സ്കൂൾ തുറന്ന് ആദ്യ ആഴ്ചയിൽത്തന്നെ നിലനിർണ്ണയ പ്രവർത്തനങ്ങളിലൂടെ ഓരോ കുട്ടിയുടെയും പഠനനിലവാരം കണ്ടെത്തി ഗ്രേഡനുസരിച്ച് ഓരോ വിഭാഗത്തെയും കൂടുതൽ മികച്ച നിലവാരം കൈവരിക്കാനുള്ള പ്രവർത്തന പാക്കേജ് ആസൂത്രണം ചെയ്യുക. പ്രതിമാസ വിലയിരുത്തലുകൾ, രക്ഷാകർതൃയോഗങ്ങൾ, പി ടി എ രൂപീകരണം, ഗൃഹസന്ദർശനം, കൗൺസിലിങ്, വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ എന്നിവയിലൂടെ പടിപടിയായി പഠനനിലവാരം മെച്ചപ്പെടുത്തുന്നു. യൂ .പി. വിഭാഗത്തിൽ എല്ലാ കുട്ടികൾക്കും ഏറ്റവും ചുരുങ്ങിയത് എ ഗ്രേഡ്, , 8,9 ക്ലാസുകളിൽ എ+ ഗ്രേഡ് ഉറപ്പാക്കുന്ന വിധത്തിൽ പഠനപ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുന്നു.

2. ആക്റ്റീവ് ഹയർ സെക്കണ്ടറി

ഹയർ സെക്കണ്ടറി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഐച്ഛികവിഷയങ്ങളിൽ ആഴത്തിലുള്ള ജ്ഞാനം ഉറപ്പു വരുത്തുന്നതിനും അവരവരുടെ അഭിരുചിക്കിണങ്ങിയ മത്സരപരീക്ഷകളിൽ മികവു പുലർത്തുന്നതിനും വേണ്ടി സമഗ്രപരിശീലനം.

3. സംരംഭക പരിശീലനം

സ്കൂൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഓരോ കുട്ടിക്കും സ്വയം ഒരു തൊഴിൽ തിരഞ്ഞെടുത്തു ചെയ്യാനുള്ള ശേഷി വളർത്തുക. ഈ വിഭാഗത്തിലെ കുട്ടികളുടെ കഴിവ് പ്രയോജനപ്പെടുത്തി സമൂഹത്തിൽ അത്യാവശ്യമുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിർമ്മാണവും വിപണനവും.

4. അക്ഷരവെളിച്ചം-സമഗ്ര വായനാ പരിശീലനം

സ്കൂളിലെ മുഴുവൻ കുട്ടികളെയും വായനയുടെ ലോകത്തേയ്ക്ക് പ്രവേശിപ്പിക്കാനുള്ള പ്രവർത്തനപരിപാടി. ഓരോ ക്ലാസും ഒരു വർഷം വായിക്കേണ്ട പുസ്തകങ്ങൾ, രചനകൾ, പരിശോധിക്കേണ്ട റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവയും ഏറ്റെടുക്കേണ്ട വായനാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. വായനാ ദിനത്തിൽ ആരംഭിച്ച് ഡിസംബർ അവധിക്കാലത്തോടെ പൂർത്തിയാക്കുന്ന വിധം അക്ഷരവെളിച്ചം പരിപാടി.

4. ക്ലബ്ബിങ് ദ ക്ലബ്സ് ഫോർ എക്സലൻസ്

സ്കൂളിലെ വിദ്യാരംഗം കലാ-സാഹിത്യവേദി, ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, പ്രവൃത്തി പരിചയ ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങൾ പരസ്പര ബന്ധിതമായി നടപ്പാക്കുന്നു. ക്ലാസ്, സ്കൂൾ തലങ്ങളിൽ ചിത്രം, സംഗീതം, അഭിനയം, നിർമ്മാണം, ശാസ്ത്രപരീക്ഷണങ്ങൾ, കളികൾ (കായികം), തുടങ്ങിയ 10 ഗ്രൂപ്പുകൾ രൂപീകരിച്ച് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ക്ലാസ്റൂം പഠനവുമായി ഒത്തിണക്കി ഏകോപനത്തോടെ നടപ്പാക്കുന്നു. സ്കൂൾ ജനാധിപത്യവേദി കുട്ടികളെ സ്കൂളിൻറെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ, ക്ലാസ്, സ്കൂൾ തലങ്ങളിൽ രൂപീകരിക്കുന്ന കൂട്ടായ്മ, വാർഷികപ്ലാൻ തയ്യാറാക്കൽ, ദിനാചരണങ്ങൾ, മേളകൾ, പഠനയാത്രകൾ, ഉച്ചഭക്ഷണപരിപാടി, സ്കൂൾ അസംബ്ലി, നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കാൻ സാധിക്കുന്ന തരത്തിൽ സ്കൂൾ ജനാധിപത്യവേദി പ്രവർത്തിക്കുന്നു. ഘടന, പ്രവർത്തനരീതി, ചുതലകൾ എന്നിവയ്ക്ക് തെരഞ്ഞെടുത്ത അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന ഒരു ഏകദിന ശില്പശാലയിലൂടെ രൂപം നൽകുന്നു.

5. സ്കൂൾ സമൂഹത്തിലേയ്ക്ക്

പത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ നിർമ്മാണപരമായ കഴിവുകൾ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഗുണകരമായ ചില വസ്തുക്കളുടെയും സാമഗ്രികളുടെയും ഉത്പാദനം, കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ ഉച്ചഭക്ഷണപരിപാടിക്കുള്ള പച്ചക്കറികളുടെ ഉല്പാദനം, സ്കൂളിൻറെ ഐ.ടി.ഉൾപ്പെടെയുള്ള ഭൗതികസൗകര്യങ്ങളും അക്കാദമിക് വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സമീപത്തെ എൽ.പി.-യു.പി.സ്കൂളുകളിലെ കുട്ടികൾക്കും, പൊതുജനങ്ങൾക്കും ആവശ്യമായ സേവനങ്ങളും പരിശീലനങ്ങളും നൽകൽ.

6. ഭിന്ന ശേഷിയുള്ള കുട്ടികൾക്കു പഠന പരിശീലന കേന്ദ്രം.

ഭിന്ന ശേഷിയുള്ള കുട്ടികളുടെ പഠന പരിശീലനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ, കളിയുപകരണങ്ങൾ, സവിശേഷ പഠനത്തിനുള്ള ഭൗതിക സൗകര്യങ്ങൾ എന്നിവ ഒരുക്കിയ ഒരു കേന്ദ്രം. കെട്ടിടം, സൗകര്യങ്ങൾ, റിസോഴ്സ് അധ്യാപക ഗ്രൂപ്പ്, വാർഷികപ്രവർത്തന പദ്ധതി എന്നിവ തയ്യാറാക്കുന്നു. 25. പെൻസിൽ - സ്കൂൾ തല അധ്യാപക പരിശീലനം

പൊതുവായ അധ്യാപക പരിശീലനത്തിനു പുറമേ, സ്കൂളിൻറെ സവിശേഷമായ സാഹചര്യങ്ങൾ, ആവശ്യങ്ങൾ, വാർഷികപദ്ധതി ഇവ പരിഗണിച്ച് വ്യത്യസ്ത ചുമതലകൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ഓരോ ടേമിലും ഏകദിന പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു.

7. ഹെറിറ്റേജ് മ്യൂസിയം

പ്രാദേശികമായ സാംസ്കാരിക സവിശേഷതകൾ, ഉപകരണങ്ങൾ, സാമഗ്രികൾ, നാട്ടറിവുകൾ, കലാരൂപങ്ങൾ എന്നിവയുടെ സംരക്ഷണത്തിനും പുനരുപയോഗത്തിനും സാധ്യമാകുന്ന വിധത്തിൽ ഹെറിറ്റേജ് മ്യൂസിയം. ആദ്യഘട്ടത്തിൽ ഒഴിവുള്ള ഒരു ക്ലാസ്മുറിയും, തുടർന്ന് പ്രത്യേകമായി നിർമ്മിക്കുന്ന കെട്ടിടവും പ്രയോജനപ്പെടുത്തുന്നു. നാട്ടറിവുകളുടെ സംരക്ഷണത്തിന് ഐ.സി.ടി.-മൾടി മീഡിയ സാധ്യതകൾ ഉപയോഗിക്കുന്നു.

നിർമ്മാണപ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ അക്കാദമിക് പദ്ധതി പ്രവർത്തനങ്ങളും 2021 ജൂണിൽത്തന്നെ ആരംഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയുടെ ആസൂത്രണം, നടത്തിപ്പ്, വിലയിരുത്തൽ, മെച്ചപ്പെടുത്തൽ എന്നീ ഘട്ടങ്ങൾ സബ്ജക്റ്റ് കൗൺസിലുകൾ, എസ്.ആർ.ജി., സ്റ്റാഫ് കൗൺസിൽ, പി.ടി.എ., സ്കൂൾ ജനാധിപത്യവേദി, എസ്.എം.സി.എന്നീ 6 ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനാവശ്യമായ കൂടിച്ചേരലുകൾ അടക്കം പ്രതിപാദിക്കുന്ന സ്കൂളിൻറെ വാർഷിക പ്രവർത്തനകലണ്ടർ ജൂൺമാസം ആദ്യവാരം തന്നെ തയ്യാറാക്കണം. എസ്.ആർ.ജി.ക്ക് ചുമതല. ഫണ്ട് ലഭ്യത, ശാസ്ത്രീയമായ രൂപകല്പന, ടെൻഡർ ജോലികൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ പുതിയ കെട്ടിടങ്ങൾ, നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾ, വയറിങ്, സോളാർ പാനൽ തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ, ഐ.സി.ടി.ഉപകരണങ്ങൾ, ഫർണീച്ചർ, പഠന-കളിയുപകരണങ്ങളുടെ ശേഖരണം തുടങ്ങിയവ ആരംഭിക്കുന്നതിന് കഴിയൂ.

മോണിറ്ററിങ്ങ്

വിദ്യാലയ പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ് സമിതിയുടെയും, വിദ്യാഭ്യാസവകുപ്പിൻറെയും നിർദ്ദേശങ്ങൾക്ക് വിധേയമായി സ്കൂൾതല മോണിറ്ററിങ് സമിതി പദ്ധതിപ്രവർത്തനങ്ങൾ സമയബന്ധിതമായി വിലയിരുത്തും. സ്കൂൾ മോണിറ്ററിങ് ഗ്രൂപ്പിൽ പ്രിൻസിപ്പാൾ, വി.എച്ച്.എസ്.ഇ.പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ, പി.ടി.എ.പ്രസിഡൻറ്, എൽ.എസ്.ജി.അസി.എൻജിനീയർ, സ്കൂൾ കോ-ഓർഡിനേറ്റർ തുടങ്ങിയവർ അംഗങ്ങളായിരിക്കും.