സ്കൂൾ പ്രവേശനോത്സവം 2022-23 - ജൂൺ 1

പുത്തൻകൂട്ടുകാരെ വരവേറ്റ് പ്രവേശനോത്സവം ആഘോഷമാക്കിയപ്പോൾ ഒപ്പം പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട സഹപാഠി രോഗാതുരഭീഷണിയിലാണ്. എട്ടാംക്ലാസ് വിദ്യാർത്ഥിനി മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുമ്പോൾ ഞങ്ങൾ ഒപ്പമുണ്ടെന്ന കരുത്തുനൽകി സഹജീവിസ്നേഹത്തിന്റെ ഉദാത്തമാതൃക തീർക്കാനൊരുങ്ങുകയാണ് അയ്യൻകോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ. ചവറ പട്ടത്താനം സ്വദേശിയായ വിദ്യാർത്ഥിനിയ്ക്കാണ് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ ഭീമമായ ഒരു തുക ആവശ്യമായി വന്നിരിക്കുന്നത് . വെല്ലൂരിലെ ആശുപത്രിയിൽ ഓപ്പറേഷന് വിധേയയാകാനൊരുങ്ങുന്ന കൂട്ടുകാരിയ്ക്ക് പരമാവധി സാമ്പത്തികസഹായം നൽകാനുള്ള വിദ്യാർത്ഥികളുടെ പരിശ്രമം സ്കൂൾ പിറ്റിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. സഹപാഠിക്കൊരു സ്നേഹവീട് പൂർത്തിയാക്കി അഭിമാനമായ വിദ്യാലയം പുതിയ ദൗത്യം ഏറ്റെടുക്കുകയാണ്. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവത്തിൽ ജനപ്രതിനിധികളും രക്ഷകർത്താക്കളും "സഹപാഠിക്കൊരു സ്നേഹഹസ്തം" പദ്ധയിയുടെ പ്രഖ്യാപനത്തിനും ആദ്യ ഫണ്ട് കളക്ഷനും സാക്ഷികളായി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനെ ധന്യമാക്കി...