സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ,  തൃശ്ശൂർ താലൂക്കിൽ ഉൾപ്പെട്ട, പാറളം ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമീണ കാർഷിക മേഖലയാണ് അമ്മാടം. പരിഷ്‌കാരം ഒന്നും തന്നെ വന്നെത്തിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു അന്നത്തെ ഗ്രാമം. കാൽനടയായും കളവണ്ടിയിലുമായിരുന്നു അന്നത്തെ യാത്ര. റോഡുകളും നല്ലതായിരുന്നില്ല.  വിദ്യാഭ്യാസത്തിനായി വഞ്ചിയിൽ യാത്ര ചെയ്ത് അയൽഗ്രാമമായ ചേർപ്പ് പോകണമായിരുന്നു. സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കൂടുതൽ പേരും വിദ്യാഭ്യാസം ചെയ്യുമായിരുന്നില്ല. വളരെ അപൂർവമായി മാത്രം കുടിപ്പള്ളിക്കൂടങ്ങളും ആശാൻ കളരികളിൽ ഓലയിൽ എഴുതുന്ന പതിവും ഉണ്ടായിരുന്നു.

1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു പള്ളിയങ്കണത്തിൽ ആരംഭം കുറിച്ചു . അമ്മടത്തെ ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ആദ്യം.1963-ഇൽ ക്ലാസ് മുറികൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്കൂൾ ഓട് മേഞ്ഞു. 74.05 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാലയത്തിന് ചുറ്റുമതിലുകൾ ഉണ്ടായിരുന്നില്ല സ്കൂൾ ഗ്രൗണ്ടിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നു. ചുറ്റും പാറക്കൂട്ടങ്ങളും കശുമാവിൻ കൂട്ടങ്ങളും ധാരാളമുണ്ടായിരുന്നു. 1990-ഇൽ വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനു ചുറ്റും മതിലുകൾ പണിതുയർത്തി. 1988-ഇൽ പി.ടി.എ. നടത്തുന്ന നഴ്സറി ആരംഭിച്ചു. പ്രാഥമിക സൗകര്യത്തിനുവേണ്ടി അദ്ധ്യാപകരും വിദ്യാർഥികളും അടുത്തുള്ള വീടുകളെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. പിന്നീട്  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റുകൾ നിർമ്മിച്ചു. 1980-ഇൽ പി.സ് ജാനകി ടീച്ചർ സംഭാവനയായി വിദ്യാലയത്തിന് പാചകപ്പുര നിർമ്മിച്ചു നല്കി. 1994 -ഇൽ വിദ്യാലയത്തിൽ കുടിവെള്ളം ലഭ്യമാക്കുതിനുള്ള പദ്ധതികൾ പൂർത്തിയായി. 1994 -ഇൽ വി.ജി. മുരളീധരൻ മെമ്മോറിയൽ വകയായി ഇപ്പോൾ നിലവിലുള്ള സ്റ്റേജും നിർമ്മിച്ചു. 1958 വരെ ഈ വിദ്യാലയത്തിൽ 28 ഡിവിഷനുകൾ ഉണ്ടായിരുന്നു. ആരംഭത്തിൽ കുട്ടികൾക്കു യൂണിഫോം ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നില്ല.  ഇപ്പോൾ ഇവ നിലവിലുണ്ട്. മുൻപ് അധ്യാപകന്മാർ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ അധ്യാപികമാർ മാത്രമേ ഉള്ളു. കൂടുതൽ അദ്ധ്യാപകരും സ്കൂളിന്റെ സമീപപ്രദേശത്തുള്ളവരാണ്. 1996 നു ശേഷം എൻഡോവ്മെന്റുകൾ ഏർപ്പെടുത്തി. 2004-2005 അധ്യയന വർഷത്തിൽ സ്കൂളിൽ ഒന്നാം ക്ലാസ്സിലെ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിച്ചു. ഇപ്പോൾ ഓരോ ക്ലാസും 2 ഡിവിഷൻ വീതമുണ്ട്. 1992 മുതൽ സ്കൂൾ വാർഷികാഘോഷം , കലാ -സാഹിത്യ-കായിക മത്സരങ്ങൾ വിപുലമായി നടന്നുവരുന്നു.