ലോക്ക്ഡൗൺ....

മനുക്കുട്ടാ.... മോനേ..... എഴുന്നേൽക്ക്.. പതിവ് തെറ്റിച്ചില്ല കൃത്യം 6 മണിക്ക് തന്നെ അമ്മ മനുക്കുട്ടനെ എഴുന്നേൽപ്പിച്ചു. സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞ് മടി പിടിച്ചുറങ്ങാൻ അമ്മ അവനെ അനുവദിച്ചിട്ടില്ല.. അവൻ പതുക്കെ എഴുന്നേറ്റു വന്നു. അമ്മ മനുക്കുട്ടന് നേരെ ചായ നീട്ടി.അച്ഛൻ കൂലിപ്പണിക്കാരനാണ്. പത്രവായന അച്ഛന്റെ പതിവാണ്. അത് എന്നും രാവിലെ തന്നെ നടക്കാറുണ്ട്. ഇപ്പോൾ വീട്ടിൽ ആയതിനാൽ ദിവസം മൂന്ന് നാല് വട്ടം അച്ഛൻ പത്രം വായിക്കും. മനുക്കുട്ടനും അച്ഛന്റെ അടുത്തു പോയിരുന്നു പത്രം വായിക്കും.. ഈ ലോക്ക് ഡൌൺ കാലയളവിൽ വളരെ നടുക്കത്തോടെയാണ് അവർ പത്രത്തിൽ വരുന്ന ഓരോ വാർത്തകളെയും നോക്കിക്കണ്ടത്. പത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെയും കൊറോണ എന്ന വൈറസിനെ പറ്റിയാണ്. മനുക്കുട്ടന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ഒരു അപ്പൂപ്പനും നിരീക്ഷണത്തിലാണ്. ഇന്നത്തെ പത്ര വായന കഴിഞ്ഞപ്പോൾ മനുക്കുട്ടന് സങ്കടം സഹിക്കാനായില്ല. ആയിരക്കണക്കിന് ജനങ്ങൾ ഓരോ ദിവസവും മരണപ്പെട്ടു കൊണ്ടിരിക്കുന്നു. രോഗബാധിതരെ സഹായിക്കണമെന്നുണ്ട്. എന്നാൽ തനിക്ക് ഒറ്റയ്ക്ക് നേരിടാൻ പറ്റില്ല എന്ന് അച്ഛൻ അവനെ പറഞ്ഞു മനസ്സിലാക്കി. ദിവസങ്ങൾ കടന്നു പോയി. മനുക്കുട്ടന് വീട്ടിൽ ഇരുന്നു ബോറടിച്ചു. ഇതുവരെ അവൻ കഴിഞ്ഞ വർഷങ്ങളിൽ പഠിച്ചതൊക്കെ ഒന്നുകൂടി ഓർത്തും, ചെടികൾ സംരക്ഷിച്ചും ഒക്കെ സമയം ചെലവഴിച്ചു. എന്നാൽ ഇപ്പോൾ അവന് എങ്ങനെയും വെളിയിൽ ഇറങ്ങണം, അപ്പുറത്തെ വീട്ടിലെ കുട്ടികളുമൊത്ത് കളിക്കണം എന്നൊക്കെയായി. പക്ഷേ അച്ഛനുമമ്മയും മനുക്കുട്ടനെ എങ്ങോട്ടും വിട്ടില്ല. കഥാപുസ്തകങ്ങളോട് മനുക്കുട്ടനു നല്ല അടുപ്പം ഉണ്ടായിരുന്നു. പക്ഷേ 'ഇപ്പോൾ പുസ്തകം എങ്ങനെ കിട്ടും' എന്ന വിഷമത്തിലായി മനുക്കുട്ടൻ. പാവം..... എന്ത് ചെയ്യാൻ... അവൻ കഥ എഴുതാൻ തുടങ്ങി. ആദ്യമാദ്യം താൻ വായിച്ച കഥകളോട് സാമ്യപ്പെടുത്തി എഴുതി. പിന്നെ പിന്നെ കഥകൾ ഉണ്ടാക്കി എഴുതി. ഇപ്പോൾ അവൻ സ്വന്തം ജീവിതം കഥയിൽ അവതരിപ്പിച്ചു. കുറേ ദിവസങ്ങൾ പിന്നിട്ടു. മനുക്കുട്ടനെ പോലെ എല്ലാവരും ശുചിത്വം പാലിച്ചും, സമയം പാഴാക്കാതെ നല്ല കാര്യങ്ങൾ ചെയ്തും വീട്ടിലിരുന്നു. അങ്ങനെ എല്ലാവരും ഒരു കൊറോണകാലത്തെ അതിജീവിച്ചു. സ്കൂളുകൾ തുറന്നു. ഇനി ഒൻപതാം ക്ലാസ്സിൽ ആണ് മനുക്കുട്ടൻ. പുതിയ ക്ലാസ്സിലേക്ക് കയറിയതും ടീച്ചർ കൊറോണക്കാത്തെ കുറിച്ച് ചോദിച്ചു. എല്ലാവരും തങ്ങൾ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചു. പിന്നെ അവർ എഴുതിയ കഥകളും കവിതകളും വരച്ച ചിത്രങ്ങളും ഒക്കെ ടീച്ചറിന് കൊടുത്തു. മനുക്കുട്ടനും തന്റെ കഥകൾ ടീച്ചറെ ഏൽപ്പിച്ചു. ടീച്ചർ എല്ലാം വായിച്ചു നോക്കിയിട്ട് ഏറ്റവും നല്ല രചനയ്ക്ക് സമ്മാനം കൊടുക്കും എന്ന് പറഞ്ഞു. അടുത്ത ദിവസമായി. എല്ലാവരും സമ്മാനം തങ്ങൾക്ക് തന്നെ കിട്ടും എന്ന് വിചാരിച്ചു. നേരത്തെ തന്നെ എല്ലാവരും സ്കൂളിൽ എത്തി. ടീച്ചർ വലിയൊരു സമ്മാനപ്പൊതിയുമായി ക്ലാസ്സിൽ വന്നു. എല്ലാവർക്കും മിഠായി സമ്മാനിച്ചു. ഒപ്പം ഏറ്റവും നല്ല രചനയ്ക്കുള്ള സമ്മാനം മനുക്കുട്ടനു നൽകി. മനുക്കുട്ടന് സന്തോഷം അടക്കാനായില്ല. അങ്ങനെ എല്ലാവരുടെയും മുന്നിൽ മനുക്കുട്ടൻ സ്റ്റാറായി...

റോഷ്‌നി അനിൽ
8 H ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ