ഉദിനൂര്‍

വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമം.പൊതുജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും ഉള്‍ക്കൊള്ളുന്ന, സമാനതകള്‍ക്കെന്ന പോലെ വ്യത്യസ്തതകള്‍ക്കും സ്വന്തമായി കണ്ടെത്തുന്ന തെളിവുകള്‍, ഗ്രാമീണമായ ജനജീവതത്തിന്റെ നേര്‍ച്ചിത്രം രേഖപ്പെടുത്തുകയാണിവിടെ....

ഉദിനൂര്‍: പേരിനു പിന്നില്‍....

ഉദിനൂര്‍ എന്ന പേരിന്റെ പൊരുളിയാന്‍ വാമൊഴിക്കഥകളും തോറ്റംപാട്ടുകളും പൂരക്കളിപ്പാട്ടുകളുമാണ് നമ്മെ സഹായിക്കുന്നത്. ഉദിനൂരിന്റെ സ്ഥലനാമചരിതവുമായി ബന്ധപ്പെട്ട് ഒനിനലേറെ ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. കോലത്തിരി രാജാവിന്റെ ഉത്തരഊരാണ് ഉദിനൂര്‍ ആയി മാറിയതെന്നും കോലത്തിരി രാജാവിന്റെ മകന്‍ ഉദയാദിത്യന്റെ ഊര് ഉദയാദത്യന്നൂര്‍ ആണ് ഉദിനൂര്‍ ആയതെന്നും ക്ഷേത്രപാലകന്‍ ഉദയം ചെന്ന നാട് ഉദിനൂരായി മാറിയതെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്. ഉദിനൂരിന്റെ ഭൂമിശാസ്ത്രം ഉദിനൂര്‍ ഗ്രാമം പൂര്‍ണ്ണമായും തീരപ്രദേശത്ത് ഉള്‍പ്പെടുന്നു. സംസ്ഥാന പുനഃസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തില്‍ പെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂര്‍. പൂഴിമണ്ണ്, പൂഴി മണല്‍ കലര്‍ന്ന കളിമണ്ണ്, ചെമ്മണ്ണ്, എക്കല്‍ മണ്ണ്, പശിമരാശി മണ്ണ് എ്നനീയിനങ്ങള്‍ നമ്മുടെ പ്രദേശത്ത് കാണാം. മഴ, വേനല്‍, ശൈത്യം എന്നീ കാലഭേദങ്ങള്‍ കൃത്യമായി അനുഭവപ്പെടുന്നു. ഏഴിമലയുടെ വടക്കേ ചരിവിലുള്ള കവ്വായിക്കായലും ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ മറ്റൊരു സവശേഷതയാണ്. മല്‍സ്യങ്ങളുടെ കലവറ തന്നെയായിരുന്ന കവ്വായിക്കായല്‍ ജനങ്ങളുടെ തൊഴില്‍കേന്ദ്രമായും വര്‍ത്തിച്ചിരുന്നു. ഉദിനൂരിന്റെ ഭാഗമായ ഇടയിലെക്കാട് പ്രകൃതിരമണീയത കൊണ്ട് മനം കുളിര്‍പ്പിക്കുന്നു. ജൈവവൈവിധ്യക്കലവറയായ ഇടയിലെക്കാട് കാവും അവിടത്തെ വാനരന്‍മാരും ഗ്രാമത്തിന്റെ പ്രത്യേകതകളാണ്. ഉദിനൂരിന്റെ സമൂഹം:ഒറ്റനോട്ടത്തില്‍ ഇവിടത്തെ ജനങ്ങള്‍ കന്നുകാലി വളര്‍ത്തലിനും, മേച്ചില്‍പ്പുറം തേടിയും, കാര്‍ഷികവൃത്തിയില്‍ വ്യാപൃതരായിരുന്നവര്‍ നീര്‍വാഴ്ചയുള്ള സമതലപ്രദേശങ്ങളും നദീതീരങ്ങളും തേടി അന്യദേശങ്ങളില്‍ നിന്ന് ഇവിടെ എത്തിപ്പെട്ടതാണ് എന്നു കരുതുന്നു.ജാതി വ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന പ്രദേശമാണ് ഉദിനൂര്‍. ജന്മിമാരും അവരുടെ ബന്ധുക്കളും എന്ന നിലയില്‍ നായന്മാര്‍ക്കായിരുന്നു മുന്തിയ പരിഗണന. മറ്റിടങ്ങളിലെ പോലെ ബ്രാഹ്മിണന്‍മാര്‍ക്ക് മേധാവിത്വം കുറവായിരുന്നു. മിക്ക സമുദായങ്ങളും കൃഷിപ്പണിയില്‍ വ്യാപൃതരായിരുന്നു. തെങ്ങുകയറ്റം, ചെത്ത്, മറ്റ് കാര്‍ഷികജോലികള്‍ എന്നിവയില്‍ തീയ്യസമുദായക്കാരും, എണ്ണയാട്ടല്‍, കച്ചവടം എന്നിവയില്‍ വാണ്യരും, കള പറിക്കല്‍, നിലമൊരുക്കല്‍, ഞാറു നടല്‍ എന്നിവയില്‍ പുലയരും വ്യാപൃതരായിരുന്നു. അത്തരത്തില്‍ ഓരോ സമുദായത്തിനും കുത്തകയായി ഓരോ തൊഴിലുകള്‍ വിഭജിച്ചിട്ടുണ്ടായിരുന്നു. ഉദിനൂരിന്റെ സാമ്പത്തിക ഘടനയെ നിയന്ത്രിക്കുന്നതില്‍ ബീഡിമേഖല വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. കേരള ദിനേശ് ബീഡിയുടെ ഉല്‍ഭവത്തോടെ തൊഴില്‍രംഗത്ത് കൂട്ടായ്മ വന്നു. തൊഴില്‍മേഖലയിലെ ഈ കൂട്ടായ്മ ജനങ്ങളുടെ സാസ്ക്കാരിക ജീവിതത്തിലും പ്രതിഫലിച്ചു. കൂട്ടായ വായനയും, ചര്‍ച്ചയും ഔപചാരിക വിദ്യാഭ്യാസം നേടാത്ത ഇവരെ വിദ്യാസമ്പന്നരാക്കി.