ജി. എച്ച്. എസ്. എസ്. ഉദിനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഉദിനൂർ ഗ്രാമചരിത്രം
(കടപ്പാട്:ഇ എം എസ്സ് പഠനകേന്ദ്രം പ്രസിദ്ദീകരിച്ച ഗ്രന്ഥം)


ആമുഖം

എൻ. എസ്. മാധവന്റെ ' മുംബയ് ' എന്ന ചെറുകഥയിൽ ഒരു വല്ലാത്ത സന്ദർഭമുണ്ട്. മുംബയിൽ ജോലിചെയ്യുന്ന അസീസ് എന്ന മലയാളി യുവാവിന് പാസ്പോർട്ട് കിട്ടണം. അതിനായി റേഷൻകാർ‍ഡ് വേണമെന്നുവരുന്നു. പ്രമീളഗോഖലെ എന്ന സപ്ലൈ ഓഫീസറുടെ മുന്നിലിരിക്കുകയാണ് അസീസ്. കഥയിൽ നിന്ന് പകർത്താം: “മിസ്റ്റർ അസീസ്, കുറേകൂടി കാര്യങ്ങൾ അറിയാനാണ് നിങ്ങളെ വിളിച്ചത്.” “എന്ത് കാര്യങ്ങൾ? ഒരു റേഷൻ കാർഡിന് ഇത്രപെരുത്ത് അന്വേഷണമോ? ഇതെന്താ കല്യാണാലോചനയോ?” “നിങ്ങൾ എവിടെയാണ് ജനിച്ചത്?” പ്രമീള കൂടുതൽ ക്ഷമയോടെ ചോദിച്ചു. “കേരളത്തിൽ” “കേരളത്തിൽ എവിടെയാ” “മലപ്പുറം ജില്ലയിൽ” “ആ ജില്ലയിൽ ഏതു ഗ്രാമം?” “പാങ്ങ്.” “പാങ്ങോ? എന്ത് പാങ്ങി?” പ്രമീളയുടെ ശബ്ദം ആദ്യമായി ഉയർന്നു. അരവാതിലിന്റെ താഴെ കാണാമായിരുന്ന കാലുകളിൽ ഒരു ഇരമ്പൽ ഉയർന്നു. “പാങ്ങ്- അതാണെന്റെ നാട്ടിൻപുറത്തിന്റെ പേര്” “അങ്ങനെ ഒരു പേരോ? എയ് ഇന്ത്യയിൽ ഈ പേരുള്ള ഒരു ഗ്രാമം ഉണ്ടാവാനിടയില്ല.” “മേഡം, ഞാൻ എന്തിന് നുണ പറയണം?” “ആവോ? അതിരിക്കട്ടെ, പാങ്ങ് എന്ന് പറഞ്ഞാൽ മലയാളത്തിൽ എന്താണ് അർത്ഥം?” “അർത്ഥം ഉള്ളതായി അറിയില്ല.” “അർത്ഥമില്ലാത്ത വാക്കോ? വാക്കുകളെ അപമാനിക്കാതെ. ഇപ്പോൾ ഉറപ്പായില്ലേ. പാങ്ങില്ല എന്ന്?” “പാങ്ങ‌് ഉണ്ട്. തീർച്ചയായും ഉണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ മലപ്പുറം കലക്ടർക്ക് കമ്പിയടിച്ചുനോക്കാം” “പാങ്ങിനെ ഇന്തയുടെ ഭൂപടത്തിൽ കാണിച്ചുതരാമോ?” “ഇല്ല” “കേരളത്തിന്റെ” “അതും സംശയമാണ്.” “എങ്കിൽ അങ്ങനെ ഒരു സ്ഥലം ഇന്ത്യയിൽ ഇല്ല. നിങ്ങൾക്ക് പോകാം. എന്റെ അന്വേഷണം ഇനി അധികം നീളില്ല. ” ഈ സർക്കാരുദ്യോഗസ്ഥയുടെ സമീപനമാണ് അടുത്തകാലം വരെ ചരിത്ര പഠനത്തിൽ നിലനിന്നിരുന്നത്- ചരിത്രമെന്നാൽ വലിയ സ്ഥലങ്ങളുടെ, ആളുകളുടെ, സംഭവങ്ങളുടെ ചരിത്രം. ഈ വലുപ്പത്തിന്റെ ഭാരത്തിൽ ചെറിയ ഗ്രാമങ്ങളുടെ സ്വന്തം വിശേഷങ്ങൾ അമർന്നുപോയി. വളരെ കുറച്ച് ഗ്രാമങ്ങൾ സാഹിത്യകൃതികളിലൂടെ- പ്രധാനമായും നോവലുകൾ- ലിഖിതപാഠമായിട്ടുണ്ട്. അധികം ഗ്രാമചരിത്രങ്ങളും വ്യക്തികളുടെ ഓർമ്മകളിൽ മാത്രം, അതും ശകലങ്ങളായി, നിലനിൽക്കും. ഒരു തലമുറ മൺമറയുന്നതോടെ ഒരട്ടിചിത്രവും മറഞ്ഞുപോകും. ഇതിന്റെ ഫലമായി അപൂർവ്വം ഗ്രാമങ്ങളൊഴിച്ച് സ്വന്തം ചരിത്രജ്ഞാനം തന്നെ ഇല്ലാതായി. “ഇവിടെയൊക്കെ എന്തുചരിത്രം?” എന്നതായി പൊതുവായ തോന്നൽ. ഈ അപകർഷതാബോധത്തിന്റെ ചെലവിലാണ് നാടിനു ചേരാത്ത ചില വികസനരീതികളും അധിനിവേശാനുഭവങ്ങളും ഗ്രാമങ്ങളിലെത്തിയത്. ആത്മബോധമില്ലാത്ത ഒരു ഗ്രാമത്തിന് അവകാശ ബോധത്തോടെ പ്രവർത്തിക്കാനാവുകയില്ല.

മനുഷ്യൻ പാർക്കുന്ന ഏതിടവും ചരിത്രവൽക്കരിക്കപ്പെടുന്നുണ്ട്. ഇടപെടലുകൾ വഴി ജീവിതം ചലനാത്മകമാവുമ്പോൾ ചരിത്രവും വലുതാകുന്നു. ൊരു ഗ്രാമത്തിന് ചരിത്രമുണ്ടാകാൻ വലിയ സംഭവങ്ങൾ വേണമെന്നില്ല. അവിടത്തെ പൊതുജീവിതത്തിന്റെ അനുഭവങ്ങൾ സൂക്ഷിച്ചുനോക്കാനുള്ള സൗകര്യമുണ്ടായാൽ തന്നെ, അവിടത്തെ ചരിത്രമെഴുതാനുള്ള പ്രാഥമിക വസ്തുതകൾ കണ്ടെടുക്കാനാവും. ശിലാസ്മാരകങ്ങളും മൺപാത്രങ്ങൾ പോലുള്ളവയും(കിണറിനോ മറ്റോ ആയി മണ്ണുനീക്കുമ്പോൾ പുറത്തുവരുന്നത്) കിട്ടുമ്പോൾ കാര്യങ്ങൾ ഒന്നുകൂടി തെളിയും. വിവിധ ആകൃതികളിലും വലുപ്പ്‍ങ്ങളിലുമുള്ള ആരാധനാലയങ്ങൾ-'പതി' തൊട്ടുള്ളവ-ശ്രദ്ധിക്കുമ്പോഴും ചരിത്രത്തിന്റെ വിലമതിക്കാനാവാത്ത ഖണ്ഡങ്ങൾ കിട്ടാതിരിക്കില്ല. റവന്യൂരേഖകൾ, വ്യക്തികൾ സൂക്ഷിക്കുന്ന രശീതികൾ, ക്ഷണക്കത്തുകൾ, പ്രാദേശികവാർത്തകൾ, ഫോട്ടോകൾ, നോട്ടൂസുകൾ, വ്യക്തികളുടെ ‍ഡയറികൾ, ഉത്സവച്ചെലവു പട്ടികകൾ, സാമൂഹ്യ-രാഷ്ടീയ സംഘടനകളുടെ പ്രവർത്തനരേഖകൾ, സ്കൂൾ പ്രമാണങ്ങൾ, ചുമരെഴുത്തുകൾ തുടങ്ങിയവയൊക്കെ നോക്കാനായാൽ സാമഗ്രുകൾ കുറേകൂടി കിട്ടും.

ചൊല്ലുകൾ, കഥകൾ, പാട്ടുകൾ, കുറ്റപ്പേരുകൾ, സ്ഥലപ്പേരുകൾ, മുദ്രാവാക്യങ്ങൾ തുടങ്ങിയ നാട്ടറിവുകൾ സ്വാഭാവികമായ ജീവിതാനുഭവങ്ങളുടെ അടയാളങ്ങളാണ് . ഇവയെപ്പോലെ പ്രധാനമാണ് പല തലമുറകളിൽ പെടുന്ന വ്യക്തികളുടെ പാമൊഴികളിൽ നിന്നുള്ള വിവരശേഖരണം. എല്ലാ വീടുകളും കയറിയിറങ്ങിക്കൊണ്ടുള്ള സർവ്വേയും ഗ്രാമചരിത്രത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. മണ്ണിന്റെ ഘടനയറിയാൻ ഗ്രാമമെങ്ങും ആ ഉദ്ദേശ്യം വെച്ചു കൊണ്ടു തന്നെ നടന്നു നോക്കുന്നതും പ്രധാനമാണ്.

ഒരു ഗ്രാമചരിത്രം മെലിഞ്ഞു പോകുന്നുണ്ടെങ്കിൽ അതിനു കാരണം അവിടെ അങ്ങനെയൊരു ആഖ്യാന സ പ്രദായം നിലനിൽക്കാത്തതാണ്. ഗ്രാമ ചരിത്രരചന നടന്ന ഇടങ്ങളിലെ ആളുകൾ ചരിത്ര ലേഖനം തുടരണമെന്ന് താൽപര്യപ്പെടുന്നതായും അരുടെ പൊതുവായ ഓർമ്മയുടെ സ്വഭാവത്തിൽ തന്നെ മാറ്റം വരുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .

പ്രാഫഷണൽ ചരിത്രകാരൻമാരുടെ സഹായം തേടാമെങ്കിലും അവരല്ല ഗ്രാമ ചരിത്രരചനയിൽ പങ്കെടുക്കുന്നത്. പല ജീവിത രംഗങ്ങളിൽ കഴിയുന്നവരുടെ കൂട്ടായ പ്രയത്നത്തിന്റെ കനിയാണ് ഒരു ഗ്രാമചരിത്രം. അങ്ങനെ വരുമ്പോൾ മർദ്ദന സ്വഭാവമുള്ള ഒറ്റ വീക്ഷണത്തിനു പകരം പല വീക്ഷണങ്ങളുടെ സാമ്മളനം നടക്കും. ഗ്രാമത്തിന്‌ ബഹുസ്വരതയ്ക്ക് അങ്ങനെ പാഠ രൂപമുണ്ടാകും . ഒരു ചെറിയ സ്ഥലത്തെ, തമ്മിൽ തമ്മിൽ അറിയാവുന്ന ജനങ്ങൾ ജനങ്ങൾക്കു വേണ്ടിയുണ്ടാക്കുന്ന ജനങ്ങളുടെ ചരിത്രം എന്ന താണ് ഗ്രാമ ചരിത്രത്തെപ്പറ്റി പറയാവുന്ന ഒന്നാമത്തെ കാര്യം.

ഉദിനൂർ ഗ്രാമത്തിന്റെ ചരിത്രരചനയിലും പിൻതുടരാൻ നോക്കിയത് ഇപ്പറഞ്ഞ കാഴ്ചപ്പാടുകളാണ്. വലിയ സംഭവങ്ങളുണ്ടായ ഗ്രാമമല്ല ഉദിനൂർ ഭൂമി ശാസ്ത്രപരമായ വൈസിദ്ധ്യമുണ്ട് - സാംസ്കാരിക രംഗം സജീവമാണ് രാഷ്ട്രീയ പ്രവർത്തനം ചിട്ടയായി നടക്കുന്നു - ഉപജീവനത്തിന്റേയും അതിജീവനത്തിന്റെയും പൊതുശീലങ്ങൾ ഇവിടെയും പുലരുന്നു -സ് ത്രീ സമൂഹത്തിനും കീഴാള സമുഹങ്ങൾക്കും നല്ല പുരോഗതി ഉണ്ടായിട്ടുമുണ്ട്. ഈ അനുഭവങ്ങളെ ഒന്നിച്ചു ചേർത്തുകൊണ്ട് ഒരാഖ്യാന മുണ്ടാക്കാനാണ് ഈ ഗ്രാമപുസ്തകത്തിൽ ശ്രമിച്ചിരിക്കുന്നത്. വിലയിരുത്തലുകളേക്കാളും വസ്തുതകളുടെ പ്രദർശനമാണ് ഇതിലുള്ള ത്. വസ്തുതകൾ കൃത്യമായില്ലാതെ വിശകലനം സാധ്യമല്ല എന്നും ഏതൊക്കെ വസ്തുതകളാണ് അണിനിരത്തിയിരിക്കുന്നത് എന്നതിൽ തന്നെ ഒരു തരം വിലയിരുത്തലുണ്ടെന്നും ഞങ്ങൾ കരുതുന്നു.

വസ്തുതകളുടെ പാരസ്പര്യത്തിലാണ് ശ്രദ്ധിച്ചിരിക്കുന്നത്. ഒന്നും യാദ്യശ്ചികമെല്ല എന്ന തിരിച്ചറിവ് ഇവിടെ വിട്ടവിളക്കാണ് ' . അസാധാരണമായി ഏറെയൊന്നുമില്ലെങ്കിലും ഒരു ഗ്രാമം ജീവിക്കുന്നത് ഇങ്ങനെയാണ് എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്. ഗ്രാമത്തിൽ തന്നെ ഒടുങ്ങുന്ന സംഭവങ്ങളാണ് പഴയകാലത്ത് ഏറെയും ഉണ്ടായിരുന്നതെങ്കിലും ആധുനികത ഗ്രാമത്തെ ദേശീയ - അന്തർദേശീയ തലങ്ങളുമായി ഇണക്കുന്ന പ്രതിഭാസമായി പ്രവർത്തിച്ചുവെന്ന് ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യർ റെയിൽവെയുടെ ചരിത്രത്തിൽ ഇടയിലെക്കാട് ദ്വീപിന്റെ സ്ഥാനമെന്ത് എന്ന് ഇവിടെ വിശദമാക്കുന്നത് ഇതിന്റെ ഒരു സൂചനയായി എടുക്കുക. പ്രാദേശിക സ്ഥലങ്ങൾ ഇല്ലാതാക്കുകയും ലോകത്തെ മൊത്തത്തിൽ ഒരേ പോലെയാക്കി, ചൂഷണ പ്രക്രിയ അനായാസമാക്കുകയും ചെയ്യാൻ നവ മുതലാളിത്തം തിടുക്കം കാട്ടുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു എഴുത്തിന് പ്രതിരോധ മൂല്യമുണ്ടെന്നു കൂടി ഇതിനായി മെനക്കെട്ടവർ അറിയുന്നുണ്ട്.

വിവരങ്ങളുടെ ശേഖരണത്തിലും ക്രമീകരണത്തിലുമെല്ലാം സഹായിച്ച നിരവധി ആളുകൾ ഉണ്ട്. അവരെല്ലാം തങ്ങളുടെ സാമൂഹ്യ മായ ഒരു ഉത്തരവാദിത്തം എന്ന നിലയിലാണ് അത് ഏറ്റെടുത്തത് . മനുഷ്യർ ഉടലുകൾ മാത്രമായി ചുരുങ്ങുന്ന ഒരു കാലത്ത് ഇത്തര രാമാ രനുഭവം തീവ്രമായ ഒന്നാണ്. അക്കാര്യം കൂടി സന്തോഷത്തോടെ ഓർമ്മിച്ചു കൊണ്ട് ഈ പുസ്തകം ഉദിനൂർ ഗ്രാമത്തിനും മറ്റു ഗ്രാമങ്ങൾക്കും സമർപ്പിക്കുന്നു.

പേരുകളും വേരുകളും

സ്ഥലപുരാണങ്ങളെ സംബന്ധിച്ച അന്വേഷണം സവിശേഷമായ പo നശാഖയാണ്. ചരിത്രത്തിലേക്കും ഭാഷാശാസ് ത്രത്തിലേക്കും സംസ്കാരത്തിലേക്കും അത് വെളിച്ചം വീശുന്നു . ജനങ്ങളുടെ മതവിശ്വാസം, ആരാധന, മുതലായവയിലേക്കും സ്ഥലത്തിന്റെ ഭൂമിശാ സ്ത്രപരമായ സവിശേഷതകളിലേക്കും മറ്റും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നവയാണ് സ്ഥലനാമങ്ങൾ'

ഉദിനൂർ സെൻട്രൽ (നട)

ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും 300 മീറ്റർ കിഴക്ക് ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ ഉദിനൂർ സെൻട്രൽ യു.പി സ്കൂളും പരിസരവും ഉൾപ്പെടുന്ന സ്ഥലം.

കാപ്പ്

നടക്കാസിനും തീവണ്ടിപ്പാതക്കും ഇടയിൽ ഉദിനൂർ നടക്കാവ് റോഡിന് തെക്ക് വശത്താണ് കാപ്പ് . കാപ്പ് എന്നാൽ ചുറ്റും കരയോ വയലോ ഉള്ള ജലാശയം. കാപ്പ് കൈവളയാണ്.

പോട്ടക്കാപ്പ്

പായയുണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്ന പൊള്ളയായ ഒരിനം പുല്ലാണ് പോട്ട . കാപ്പിനു ചുറ്റുമുള്ള പ്രദേശത്ത് പോട്ടപ്പുല്ല് ധാരാളമായി വളർന്നു വന്നിരുന്നു.

നടക്കാവ്

ഉദിനൂർ സെൻട്രലിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കു മാറി സ്ഥിതി ചെയ്യുന്നു. ഉദിനൂർ ഗ്രാമത്തിന്റെ കിഴക്കെ അതിരാണിത്.

പരത്തിച്ചാൽ

ഉദിനൂർ സെൻട്രലിൽ എ.കെ.ജി റോഡിന് കിഴക്ക് റെയിൽപ്പാതക്ക് പടിഞ്ഞാറ് കിഴക്കെ കൊവ്വലിന് തെക്ക് സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം.

വള്ളിക്കുതിര്

കുറ്റിത്താറിന് പടിഞ്ഞാറ് വയലിൽ മണ്ണിട്ടുയർത്തി തയ്യാറാക്കിയ കുതിര്

പതിനാലിൽ

അടിച്ചാറിനും കുറ്റിത്താറ്റിനും ഇടയിലുള്ള വിസ്തൃതി കുറഞ്ഞ വയൽ.

പൊള്ള

വള്ളിക്കു തിരിന് പടിഞ്ഞാറു ഭാഗത്തുള്ള വയൽ.

ആയിറ്റി

ആയ് = തായ് - അമ്മ, ഉറ്റ = സംഭവിച്ച, ആയ് ഉറ്റ = അമ്മയോടു കൂടിയ . ഇത് ആയിറ്റി ആയി മാറി. ഇവിടെ ആയിറ്റിക്കാവുണ്ട്.

ആറ്റീപ്പ്

ആറ്റീപ്പ് = ആറ് + ഈപ്പ്: ഈർപ്പത്തിൽ നിന്ന് ഈപ്പ് ' . നദിയുടെ നനവുള്ള ഭാഗം എന്ന് ശബ്ദാർത്ഥം.

എടച്ചാക്കൈ

നടക്കാവ് -പടന്ന റോഡിൽ ഉദിനൂർ ഗ്രാമീൺ ബാങ്കിനും എടച്ചാക്കൈ യു.പി സ്കൂളിനും ചുറ്റുമുള്ള പ്രദേശം

കി നാത്തിൽ

കാന - വെള്ളം ഒഴുകിപ്പോകുന്ന ചാൽ.പുഴ

തടിയൻ കൊവ്വൽ

ഉദിനൂർ വില്ലേജിലെ ഏറ്റവും വലിയ കൊവ്വലാണ് തടിയൻകൊവ്വൽ . മൈതാനങ്ങളെ പഴയ കാലത്ത് 'കൊവ്വൽ ' എന്നാണ് വിളിച്ചിരുന്നത്.

ഇടയിലെക്കാട്

കവ്വായി കായലിന് നടുവിൽ മാടക്കാൽ ദ്വീപിന് തെക്ക് നീണ്ടു കിടക്കുന്ന വിസ് ത്യതമായ ദ്വീപ്.

സമൂഹം - ഒറ്റനോട്ടത്തിൽ

ഇവിടത്തെ ജനങ്ങൾ കന്നുകാലി വളർത്തലിനും, മേച്ചിൽപ്പുറം തേടിയും, കാർഷികവൃത്തിയിൽ വ്യാപൃതരായിരുന്നവർ നീർവാഴ്ചയുള്ള സമതലപ്രദേശങ്ങളും നദീതീരങ്ങളും തേടി അന്യദേശങ്ങളിൽ നിന്ന് ഇവിടെ എത്തിപ്പെട്ടതാണ് എന്നു കരുതുന്നു.ജാതി വ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന പ്രദേശമാണ് ഉദിനൂർ. ജന്മിമാരും അവരുടെ ബന്ധുക്കളും എന്ന നിലയിൽ നായന്മാർക്കായിരുന്നു മുന്തിയ പരിഗണന. മറ്റിടങ്ങളിലെ പോലെ ബ്രാഹ്മിണൻമാർക്ക് മേധാവിത്വം കുറവായിരുന്നു. മിക്ക സമുദായങ്ങളും കൃഷിപ്പണിയിൽ വ്യാപൃതരായിരുന്നു. തെങ്ങുകയറ്റം, ചെത്ത്, മറ്റ് കാർഷികജോലികൾ എന്നിവയിൽ തീയ്യസമുദായക്കാരും, എണ്ണയാട്ടൽ, കച്ചവടം എന്നിവയിൽ വാണ്യരും, കള പറിക്കൽ, നിലമൊരുക്കൽ, ഞാറു നടൽ എന്നിവയിൽ പുലയരും വ്യാപൃതരായിരുന്നു. അത്തരത്തിൽ ഓരോ സമുദായത്തിനും കുത്തകയായി ഓരോ തൊഴിലുകൾ വിഭജിച്ചിട്ടുണ്ടായിരുന്നു. ഉദിനൂരിന്റെ സാമ്പത്തിക ഘടനയെ നിയന്ത്രിക്കുന്നതിൽ ബീഡിമേഖല വഹിച്ച പങ്ക് നിർണ്ണായകമാണ്. കേരള ദിനേശ് ബീഡിയുടെ ഉൽഭവത്തോടെ തൊഴിൽരംഗത്ത് കൂട്ടായ്മ വന്നു. തൊഴിൽമേഖലയിലെ ഈ കൂട്ടായ്മ ജനങ്ങളുടെ സാസ്ക്കാരിക ജീവിതത്തിലും പ്രതിഫലിച്ചു. കൂട്ടായ വായനയും, ചർച്ചയും ഔപചാരിക വിദ്യാഭ്യാസം നേടാത്ത ഇവരെ വിദ്യാസമ്പന്നരാക്കി.

ഭൂമി ശാസത്രം

ഉദിനൂർ വില്ലേജ് പൂർണ്ണമായും തീരപ്രദേശത്ത് ഉൾപ്പെടുന്നു. Northern Midland zone 'എന്ന ഭൂ മേഖലയിലാണ് ഈ പ്രദേശം. സംസ്ഥാന പുനഃസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽ പെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. പൂഴിമണ്ണ്, പൂഴി മണൽ കലർന്ന കളിമണ്ണ്, ചെമ്മണ്ണ്, എക്കൽ മണ്ണ്, പശിമരാശി മണ്ണ് എ്നനീയിനങ്ങൾ നമ്മുടെ പ്രദേശത്ത് കാണാം. മഴ, വേനൽ, ശൈത്യം എന്നീ കാലഭേദങ്ങൾ കൃത്യമായി അനുഭവപ്പെടുന്നു. ഏഴിമലയുടെ വടക്കേ ചരിവിലുള്ള കവ്വായിക്കായലും ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ മറ്റൊരു സവശേഷതയാണ്. മൽസ്യങ്ങളുടെ കലവറ തന്നെയായിരുന്ന കവ്വായിക്കായൽ ജനങ്ങളുടെ തൊഴിൽകേന്ദ്രമായും വർത്തിച്ചിരുന്നു. ഉദിനൂരിന്റെ ഭാഗമായ ഇടയിലെക്കാട് പ്രകൃതിരമണീയത കൊണ്ട് മനം കുളിർപ്പിക്കുന്നു. ജൈവവൈവിധ്യക്കലവറയായ ഇടയിലെക്കാട് കാവും അവിടത്തെ വാനരൻമാരും ഗ്രാമത്തിന്റെ പ്രത്യേകതകളാണ്.

ഉദിനൂർ-പേരിന് പിന്നിൽ...

ഉദിനൂർ എന്ന പേരിന്റെ പൊരുളിയാൻ വാമൊഴിക്കഥകളും തോറ്റംപാട്ടുകളും പൂരക്കളിപ്പാട്ടുകളുമാണ് നമ്മെ സഹായിക്കുന്നത്. ഉദിനൂരിന്റെ സ്ഥലനാമചരിതവുമായി ബന്ധപ്പെട്ട് ഒനിനലേറെ ഐതിഹ്യങ്ങൾ നിലവിലുണ്ട്. കോലത്തിരി രാജാവിന്റെ ഉത്തരഊരാണ് ഉദിനൂർ ആയി മാറിയതെന്നും കോലത്തിരി രാജാവിന്റെ മകൻ ഉദയാദിത്യന്റെ ഊര് ഉദയാദത്യന്നൂർ ആണ് ഉദിനൂർ ആയതെന്നും ക്ഷേത്രപാലകൻ ഉദയം ചെന്ന നാട് ഉദിനൂരായി മാറിയതെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്.

കലാ-സാസ്ക്കാരികരംഗം'

ഭാവിയെക്കുറിച്ചുള്ള ഒരു സമൂഹത്തിന്റെ കാഴ്ചപ്പാട് നിഴലിച്ചു കാണുന്നത് അവിടെ നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലാണ്.ഉദിനൂരിൽ ആറിലധികം കുട്ടിപ്പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു. വായനശാലകൾ, ഗ്രന്ഥാലയങ്ങൾ, ക്ലബ്ബുകൾ, കലാസമിതികൾ എന്നിവയൊക്കെ ഉദിനൂരിന്റെ അനൗപചാരികവിദ്യാഭ്യാസത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. രണ്ട് സർക്കാർ വിദ്യാലയങ്ങളടക്കം ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഉദിനൂർ ഗ്രാമത്തിലുള്ളത്. കല എന്ന് വേറിട്ടു വിളിക്കാൻ കഴിയാത്ത വിധം അധ്വാനത്തോടും വിശ്വാസത്തോടും ചേർന്നു കിടക്കുന്ന പാരമ്പര്യ രൂപങ്ങലിൽ തന്നെയാണ്ഉദിനൂർ ഗ്രാമത്തിന്റെ യും കലാചരിത്രത്തിന്റെ വേരുകൾ. തുള്ളലും പൂരക്കളിയും പോലെ കോൽക്കളിയും ആശയപ്രചാരണത്തിനായി ഞങ്ങളുടെ നാട്ടിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഉദിനൂർ കൂലോത്തെ ദാരു ശിൽപ്പങ്ങളും ചുമർ ചിത്രങ്ങളും കളമെഴുത്തും പരമ്പരാഗത കേരളീയ ചിത്ര കലയുടെ ഗംഭീര മാതൃകകളാണ്. വാദ്യകലയോടും ഉദിനൂരിന് ഒഴിച്ചു കൂടാനാവാത്ത ബന്ധമാണുള്ളത്. കൂടാതെ കഥ-കവിത, നാടകം, കായികം വായനശാലക, കളരിപ്പയറ്റ്, തുടങ്ങി കലാ- സാസ്ക്കാരിക രംഗങ്ങളിൽ "ഉദിച്ചുയർന്ന ഊരാണ് ഉദിനൂർ."