Schoolwiki:എഴുത്തുകളരി/vimaldaz
പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനമെന്ന നിലയിൽ 'ഫോക് ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്. ഒരു പ്രദേശത്ത് പ്രചാരത്തിലുള്ള നാട്ടറിവുകളും നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നാടോടി വിജ്ഞാനം ആധുനികതയുടെ അതിപ്രസരത്തിൽ ഒലിച്ചില്ലാതായിപ്പോവുന്നതിൽ നിന്നും അവ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അവ കണ്ടെത്തി ശേഖരിച്ചു വെക്കാനായി ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനം ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. കൃഷിയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ, കൃഷിപ്പാട്ടുകൾ , കൃഷിയുപകരണങ്ങൾ, കൃഷിച്ചൊല്ലുകൾ എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ഒരു നാടോടി വിജ്ഞാന കോശമായി ഇവിടെ പങ്കുവെയ്ക്കുന്നു . കുമ്മാട്ടി കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. മകരം, കുംഭ മാസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാഗമായും, ഓണക്കാലത്തെ നാടൻ വിനോദങ്ങളിലൊന്നായും കുമ്മാട്ടിക്കളി അവതരിപ്പിച്ചു പോരുന്നു. കമ്മാട്ടിപ്പുല്ലോ, വാഴയിലയോ കൊണ്ട് ദേഹമാകെ മൂടി, വലിയ മുഖംമൂടികൾ വെച്ചാണ് നർത്തകർ ഒരുങ്ങുക. കമുകിൻപാളയിലോ മുരിക്കിലോ ആണ് മുഖംമൂടികൾ ഉണ്ടാക്കുക. ഈ മുഖം കൊണ്ടാണ് വേഷങ്ങളെ തിരിച്ചറിയുന്നത്. ശ്രീകൃഷ്ണൻ, മഹാബലി, നാരദൻ, ഹനുമാൻ, ശിവഭൂതഗണങ്ങളായ കുംഭൻ, കഭോദരൻ, തളള എന്നിങ്ങനെ നീളുന്നു വേഷങ്ങൾ. ഓണവില്ലിനൊപ്പമാണ് പാട്ട്. പുരാണകഥാസന്ദർഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങൾ. ഓരോ ചെറൂസംഘങ്ങളായി ആട്ടവും പാട്ടുമായാണ് കമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്. കമ്മാട്ടിക്കളിയ്ക്ക് നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാൽ കാണികളും ചിലപ്പോൾ സംഘത്തിനൊപ്പം നൃത്തം ചെയ്യാൻ കൂടാറുണ്ട്.