സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/കാത്തിരിപ്പ്...........
കാത്തിരിപ്പ്...........
നിശയുടെ ഇരുളിമയിൽ എത്തിനോക്കുന്ന നിലാവിന്റെ നുറുങ്ങുവെട്ടത്തെ കണ്ണിമ ചിമ്മാതെ നോക്കി അനിത അങ്ങനെ കിടന്നു. നിദ്ര അവളെ തേടിയെത്തിയിട്ടു ദിവസങ്ങൾ ഏഴായി. മനസ്സിന്റെ വീർപ്പുമുട്ടൽ അവളുടെ മുഖത്തും നിഴലിച്ചിരുന്നു. പുറത്തു നല്ല കാറ്റുവീശുന്നുണ്ട്. മഴ പെയ്യാൻ സാധ്യത ഉണ്ട്. ലച്ചുമോളുടെ കരച്ചിൽ ഇപ്പോഴും ചെവികളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. "അമ്മേ.. എന്താ മോളെ കാണാൻ വരാത്തെ.. " മോൾക്ക് അടുത്ത ആഴ്ച മൂന്ന് വയസ്സുതികയും. അവൾ ഉറങ്ങിക്കിടക്കുമ്പോൾ നെറ്റിയിൽ ഒരു ചക്കരയുമ്മയും നൽകി വീട് വിട്ടിറങ്ങിയ നിമിഷം അനിതയുടെ കണ്ണിൽ നനവ് പടർത്തി. മൊബൈൽ ഫോണിലെ കുഞ്ഞിന്റെ ഫോട്ടോ മാറോടു ചേർത്തുപിടിച്ചു. പതിവുപോലെ അനിത നല്ല പ്രസരിപ്പോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. ഈ ഡ്രസ്സ് അണിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒറ്റ ലക്ഷ്യമേ ഉള്ളു. ഒരാഴ്ചയായി ഐസൊലേഷൻ വാർഡിലാണ് ജോലി. രോഗം കറുപ്പിച്ച കുറെമുഖങ്ങളാണ് അവളെ എന്നും എതിരേറ്റിരുന്നത്. സ്വസ്ഥമായി ഒന്ന് ശ്വസിക്കാനോ ഇത്തിരി വെള്ളം കുടിക്കാനോ കഴിയണമെങ്കിൽ ഇനി ആറു മണിക്കൂർ കഴിയണം. രോഗികളുടെ എണ്ണം ഓരോദിവസവും കൂടിക്കൂടി വരുകയാണ്. വീട്ടിലേക്കു എന്ന് തിരിച്ചു പോകുമെന്നറിയാതെ അവളുടെ മനസ്സ് തേങ്ങിക്കൊണ്ടിരിന്നു. "ഇന്ന് രണ്ടുപേർ നെഗറ്റീവ് ആണുട്ടോ "... നേഴ്സിങ് സൂപ്രണ്ട് ലാലി സിസ്റ്ററിന്റെ മുഖം സൂര്യനുദിച്ചപോലെ. സ്വർഗ്ഗം കിട്ടിയ സന്തോഴത്തിലായി എല്ലാവർക്കും. "ഒന്നും വെറുതെയാവില്ല ഒന്നും "..
ലച്ചു മോൾ അന്ന് വൈകിയാണ് ഉണർന്നത്. അവൾ നേരെ അടുക്കളയിലേക്കു പോയി. അമ്മ അവിടെയില്ല. അച്ഛൻ അടുക്കളയിൽ എന്തോ പണിയിലാണ്. അവൾ വീട് മുഴുവൻ പരതി. അമ്മയെ കണ്ടില്ല. "അച്ഛാ... അമ്മ ഇന്നും പറ്റിച്ചോ?.. 'അമ്മ എന്താ വരാത്തെ അച്ഛാ...? അച്ഛൻ അവളെ എടുത്തുയർത്തി. കവിളിലൊരു മുത്തം നൽകി. 'അമ്മ പെട്ടെന്ന് വരുംട്ടോ.. ' അവൾ തന്റെ കുഞ്ഞികൊലുസും കിലുക്കി തിണ്ണയിൽ പോയിരുന്നു. " ഇന്നലെ എന്നാ ഇടിയും മഴയുമായിരുന്നു.മോള് പേടിച്ചു കരഞ്ഞില്ലേ.. " ആരോടെന്നില്ലാതെ അവൾ പുലമ്പി. ഈയാംപാറ്റകൾ വീണുകിടക്കുന്നതു തട്ടിമാറ്റി.
അനിതേ... നിന്റ ഫോൺ കുറെ നേരമായല്ലോ ബെല്ലടിക്കുന്നു... ആരോ വിളിച്ചു പറഞ്ഞു. അനിത അപ്പോഴാണ് സമയത്തെ കുറിച്ച് ബോധവതി ആയത്. അജിത്തേട്ടനായിരിക്കും. അവൾ ഓടിച്ചെന്നു ഫോൺ എടുത്തു. "ഹലോ.. അനിതേ.. മോള് വല്ലാത്ത കരച്ചിലാണ്. നിന്നെ കാണണമെന്ന്. ഇന്ന് ഒന്നും കഴിച്ചിട്ടില്ല. ആകെ ക്ഷീണിച്ചുപോയി. ഉറങ്ങുന്നില്ല... ഞാനെന്താ ചെയ്യണ്ടേ..? അനിതയ്ക്കു ഒന്നും മിണ്ടാനാകാത്ത അവസ്ഥ. ഇട്ടെറിഞ്ഞു പോകാൻ പറ്റിയ ജോലിയല്ലല്ലോ തന്റേത്. "എന്തായാലും മോളെയും കൊണ്ട് ഞാൻ നാളെ വരും.. " അനിതയുടെ കവിളിൽ കണ്ണീർ ചാലൊഴുകി.
ഇന്ന് ലച്ചുമോൾ സന്തോഷത്തിലാണ്. അമ്മയെകാണാൻ പുത്തനുടുപ്പും മാസ്കുമിട്ടു അവൾ അച്ഛനൊപ്പം യാത്രയായി. അവർ ആശുപത്രി ഗേറ്റിനു മുൻപിലെത്തി. ആശുപത്രി മുറ്റത്തെ മാവിൻചുവട്ടിൽ നിന്ന് അനിത കൈ കാണിച്ചു. വാവിട്ടുകരയുന്ന കുഞ്ഞിനെയൊന്നു വാരിപ്പുണരാൻ കഴിയാത്തതിന്റെ വിഷമം അടക്കിപ്പിടിച്ചു കൈ വീശികാണിച്ചുകൊണ്ടിരുന്നു. അവർ ദൂരങ്ങളിലേക്കു മറയുന്നതും നോക്കി നിന്ന അവളുടെ കണ്ണുകൾ പുഴയായി ഒഴുകാൻ തുടങ്ങിയിരുന്നു. ഈ കാത്തിരിപ്പ്.. പ്രതീക്ഷയുടെ കാത്തിരിപ്പ്... അവസാനിക്കുന്നില്ല... ലോകം മുഴുവൻ കാത്തിരിക്കുന്നു.. Break the chain.. Break the circle.... അനിതയുടെ ചുണ്ടുകൾ ഉരുവിട്ടുകൊണ്ടു വീണ്ടും ജോലിയുടെ തിരക്കുകളിലേക്ക്......
സാങ്കേതിക പരിശോധന - muhammadali തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ