മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ മർകസ്!!!

'എൽ' ആകൃതിയിൽ മൂന്നു നിലകളുള്ള, വലിയൊരു ഗ്രൗണ്ടും അതിന്റെയൊരറ്റത്ത് ഒരു പടുകൂറ്റൻ പുളിമരവുമുള്ള, അലോസലപ്പെടുത്തുന്ന ശബ്ദങ്ങളൊന്നുമില്ലാത്ത ഒരു സ്കൂളിലേക്കായിരുന്നു ഒട്ടുമിഷ്ടമില്ലാതെ ഞാൻ എന്റെ 5 ആം ക്ലാസിൽ പറിച്ചു നടപ്പെട്ടത്..മർക്കസ് ഗേൾസ് ഹൈ സ്കൂൾ...!!അന്ന് തുടങ്ങി 6 വർഷങ്ങൾ...!! എന്റെ സ്കൂൾ എന്ന് പറയുന്നതിന് പകരം ഉമ്മയുടെ സ്കൂൾ എന്ന് പറഞ്ഞ് തുടങ്ങിയ എനിക്ക്, എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഇവിടെ മാറിയത് വളരെ പെട്ടന്നായിരുന്നു..

ഇന്നിവിടെ 16 വർഷങ്ങൾക്ക് ശേഷം ഒരു പൂർവ്വ വിദ്യാർഥിയായി ഞാൻ നിൽക്കുമ്പോൾ സ്കൂളിന്റെ മറുഭാഗത്ത് മറ്റൊരു 'എൽ' കൂടി വന്ന് ഒരു പെർഫെക്റ്റ് സ്‌ക്വർ ആകൃതിയും ഹയർ സെക്കന്ററി എന്നൊരു പേര് മാറ്റവും വന്നിരിക്കുന്നു...

പുളിമരം ഞാൻ 6 ആം ക്ലാസ്സിലെത്തുമ്പോഴേക്ക് തന്നെ ആർത്തലച്ച മഴയിലും കാറ്റിലും കാതടിപ്പിക്കുന്ന ശബ്ദത്തോടെ   നിലം പൊത്തിയിരുന്നു...

ഒരു വലിയ സ്കൂൾ ഗ്രൗണ്ട് ഒറ്റയടിക്കങ്ങ്  ശൂന്യമായ ഒട്ടും ഓർക്കാനിഷ്ടമില്ലാത്ത ഒരു മഴയോർമ്മയാണെനിക്കത്..

അന്തരീക്ഷവും ചുറ്റുപാടും ക്ലാസുകളും സ്മാർട്ട് ആയി മാറിയെങ്കിലും, ഓരോ ക്ലാസ് മുറിയും തരുന്ന ഓർമ്മകൾക്കെല്ലാം തന്നെ ഇന്നും ആ പഴയ മണവും ആവേശവും..

അന്നൊക്കെ മിക്കവാറും എല്ലാ ദിവസവും കുന്നമംഗലത്ത് നിന്ന് നടന്ന് അസീനടീച്ചറുടെ വീടിനരികിലൂടെ സ്കൂളിലെത്തുമ്പോഴേക്കും  പ്രാർത്ഥനയ്ക്കുള്ള സമയമാകാറുണ്ടായിരുന്നു..

അങ്ങനെയൊരു രാവിലെയാണ് ഗ്രൗണ്ട് ഫ്ലോറിലായിരുന്ന ക്ലാസ് മുറിയിലേക്ക് ബെല്ലടിക്കുന്നതിന് മുമ്പ് എത്താൻ ഓടിയ ഓട്ടത്തിൽ, ഹെഡ്മാസ്റ്റർ കാദർ മാസ്റ്റരുടെ മുറിയുടെ നേരെ മുന്നിലെ വരാന്തയിൽ മഴവെള്ളത്തിൽ  വഴുതി, മുഖമടിച്ച് വീണത്. നനഞ്ഞൊട്ടി,ചളിയിൽ പുരണ്ട, കാൽ മുട്ടു കീറിയ യൂണിഫോമും പിടിച്ച്, സ്കൂൾ ലീഡർ പബ്ലിക് ആയി കരഞ്ഞാലുണ്ടാകുന്ന നാണക്കേടോർത്ത് കരയാതെ കരഞ്ഞ് ഏന്തി വലിഞ്ഞ് വീണ്ടുമെണീറ്റ് ക്ലാസ്സിലേക്കോടിയ ഞാൻ, ഫസ്റ്റ് പീരിയഡ്, അസ്മാബി ടീച്ചറുടെ മാത്‍സ് ക്ലാസ് മുഴുവൻ ഓർത്തു വേദനിച്ചത്, ഉരഞ്ഞ് പൊട്ടിയ കാൽ മുട്ടിന്റെ വേദന കൊണ്ടോ, കീറിപ്പോയ യൂണിഫോമിനെക്കുറിച്ചോർത്തോ ആയിരുന്നില്ല... വീണതും, ഞാനറിയാതെ കരഞ്ഞു പോയതും എത്ര പേർ കണ്ടു എന്നോർത്തായിരുന്നു... ഒന്നു കരഞ്ഞ് പോയാൽ, ഒന്ന് തോറ്റുപോയാൽ, എന്റെ ലോകമവിടെ തീർന്നു എന്ന് പേടിച്ച പഴയ ഞാനുള്ള, ഒരുപാട് മഴ മണങ്ങളുള്ള, ഒരുപാട് പ്രിയപ്പെട്ട വൈകുന്നേരങ്ങളുള്ള  എത്രയധികം സ്കൂളോർമ്മകളാണിവിടെ..

ജില്ലാ ശിശു ക്ഷേമ സമിതിയുടെ എസ് എ റൈറ്റിങ് മത്സരത്തിന്  പോയ എന്നെക്കൊണ്ട് നമ്മുടെ സ്കൂളിൽ നിന്ന് യു പിയിൽ നിന്ന്  പ്രസംഗ മത്സരത്തിന് പാർട്ടിസിപ്പന്റ് ഇല്ലാ എന്നും പറഞ്ഞ്  കയറ്റി സമ്മാനം വാങ്ങിത്തന്നത് മർകസിലെ എന്റെ പ്രിയപ്പെട്ട ടീച്ചേഴ്സ് ആയിരുന്നു.. അന്നാണ് ഞാനാദ്യമായൊരു പ്രസംഗമത്സരത്തിന് കയറിയത്..ഇന്ന്, ഒരു വേദിയിൽ, അല്ലെങ്കിലൊരു മീറ്റിംഗ് ഹാളിൽ അല്ലെങ്കിലൊരു ഒരു മൈക്കിന് മുന്നിൽ നിന്ന് ഞാൻ സംസാരിക്കുമ്പോഴൊക്കെയും പതറാതിരിക്കാൻ എനിക്കാവുന്നുണ്ടെങ്കിൽ, ഉറച്ച ശബ്ദത്തോടെ എനിക്കെന്റെ കാഴ്ചപ്പാടുകൾ ചുറ്റുപാടിലുമുറപ്പിക്കാൻ ആവുന്നുണ്ടെങ്കിൽ,  തെറ്റുകളോട് ഉറക്കെ പ്രതികരിക്കാൻ എനിക്കാവുന്നുണ്ടെങ്കിൽ, ഞാൻ കടപ്പെട്ടിരിക്കുന്നത്, അന്നാ വേദി തൊട്ട് എന്നെ മുന്നോട്ട് നയിച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട മർകസിലെ ടീച്ചേഴ്സിനോടാണ്..

മലയാളം വിഷയത്തിന്റെ വർക്കുകൾക്കുമപ്പുറം ഇടക്കൊന്ന് എഴുതി നോക്കുന്നതിൽ തെറ്റില്ലായെന്ന് എന്നെ ഓർമ്മിപ്പിച്ചത്

മത്സരിക്കാൻ ആളില്ലാത്തതിനാൽ ഗ്രൂപ്പ് ലീഡർ ആയതുകൊണ്ട് മാത്രം, ഞാൻ പങ്കെടുക്കേണ്ടി വന്ന അക്കാലത്തെ ഒരു സ്കൂൾ യുവജനോത്സവ കവിതാരചന മത്സര വേദി യായിരുന്നു..

ഒട്ടും പ്രതീക്ഷിക്കാതെ അന്നെഴുതിയ ആ കവിതക്കായിരുന്നു അപ്രാവശ്യം ഒന്നാം സ്ഥാനം.. 'കഴുത ' എന്ന എന്റെ ആദ്യത്തെ കവിത..!! അമ്മയായിരുന്നു വിഷയം... റിസൾട്ട് ജലീൽ മാഷ് പ്രഖ്യാപിക്കുമ്പോൾ സമ്മാനം ലഭിച്ച കവിതയെക്കുറിച്ച് മൈക്കിലൂടെ പറഞ്ഞതും, സ്കൂളിലെ അദ്ധ്യാപികയായ ഉമ്മ വീട്ടിൽ വന്ന് വാ തൊരാതെ മാഷെന്റെ കവിതയെക്കുറിച്ചും അതിന്റെ തലക്കെട്ടിനെക്കുറിച്ചും സംസാരിച്ചുവെന്നും പറഞ്ഞതും, സ്കൂളിലെ ആദ്യത്തെ ആഴ്‌ചപ്പത്രത്തിൽ ഞാനറിയാതെ അത് പ്രസിദ്ധീകരിക്കപ്പെട്ടതും എനിക്ക് തന്ന ഒരു ആത്മവിശ്വാസമുണ്ട്...വീണ്ടും വീണ്ടും എഴുതാനും... വായിക്കാനും...

അഞ്ചാം ക്ലാസ്സിൽ നിന്ന് ഷബീന ടീച്ചർ പൂതപ്പാട്ടും മാമ്പഴവും വാഴക്കുലയും ചന്ദനക്കട്ടിലും വായിച്ച് ആസ്വാധനകുറിപ്പെഴുതി വരാൻ പറഞ്ഞ ഒരു റമളാൻ വെക്കേഷൻ ടൈമിലാണ് ഞാൻ വായനയുടെ വലിയ ക്യാൻവാസിലേക്ക് ആദ്യമായി ചുവടെടുത്ത് വെക്കുന്നത്.

അവിടെന്നു തുടങ്ങി ദസ്ഥയെവിസ്കിയെയും വിക്ടർ ഹുഗോയെയും ഗബ്രിയേൽ ഗാർസിയെയും  ഹെമിംഗ് വേയെയും ഒ എൻ വിയെയും ബഷീറിനെയും എം ടിയെയും പെരുമ്പടവത്തിനെയും എന്റെ പ്രിയപ്പെട്ടവരാക്കിയയിടമാണെനിക്കെന്റെ മർക്കസ്!! ഞാൻ ലോകത്തെ വിശാലമായി കാണാൻ തുടങ്ങിയയിടം..   എന്നെ ഞാനാക്കി, എനിക്കെന്തൊക്കെയാവുമെന്ന് എന്നെയറിയിച്ച് തന്നയിടം!! ഇവിടെയെത്ര ആയിരങ്ങൾ എന്നെപ്പോലെ വന്നുപോയാലും ഇതെന്റെതാണെന്ന് ഉറക്കെ ഞാൻ പറയുന്ന ഇടം..

എന്റെ മർകസ്!!!

ഡോ: ഷാന ഫാത്തിമ

ഫാം ഡി

എം വി ആർ ഹോസ്പിറ്റൽ