മെറ്റാഡാറ്റ
![](/images/thumb/5/56/METADATA-PHOTO.png/300px-METADATA-PHOTO.png)
കമ്പ്യൂട്ടിങ്ങ് ഡാറ്റയെപ്പറ്റിയുള്ള ഡാറ്റയാണ് മെറ്റാഡാറ്റ എന്ന് ലളിതമായി പറയാം. ഒരു പ്രമാണത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ മെറ്റാഡാറ്റ നൽകുന്നു. അവയിൽ പ്രധാനപ്പെട്ട ചിലതു താഴെ കൊടുത്തിരിക്കുന്നു.
- എന്തിനുവേണ്ടിയുണ്ടാക്കി
- എങ്ങനെ ഉണ്ടാക്കി
- എവിടെ ഉണ്ടാക്കി
- ഉണ്ടാക്കിയ സമയവും തീയതിയും
- ഉണ്ടാക്കിയ വ്യക്തിയുടെ വിവരങ്ങൾ
- ഉണ്ടാക്കിയ ഉപകരണത്തിന്റെ വിവരങ്ങൾ
- എന്തിന്റെ അടിസ്ഥാനത്തിലാണുണ്ടാക്കിയത് മുതലായവ
ഉദാഹരണത്തിനു്, ഒരു ഡിജിറ്റൽ ചിത്രത്തിൽ, പ്രസ്തുത ചിത്രത്തിന്റെ പേരു്, ചിത്രമെടുത്ത തിയതി, ഛായാഗ്രഹിയുടെ വിവരങ്ങൾ, ലെൻസ് തുറന്നടയുന്ന സമയം മുതലായവ ആലേഖനം ചെയ്യാറുണ്ടു്. ഇതാണു് ആ ചിത്രത്തിന്റെ മെറ്റാഡാറ്റ. പ്രഥമ ദൃഷ്‌ടിയാൽ ഇവ ചിത്രത്തിൽ കാണാൻ പറ്റുന്നതല്ല. മെറ്റഡാറ്റ മുഴുവനായും വായിക്കുവാൻ ചില സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിക്കുന്നു.
ഡിജിറ്റൽ ചിത്രത്തിന്റെ മെറ്റാഡാറ്റയുടെ ചില സാങ്കേതിക വശങ്ങൾ
'PropertyItems' എന്നു പറയുന്ന ഒരു അറയ്ക്കകത്താണ് മെറ്റാഡാറ്റയിലെ വിലകൾ ശേഖരിച്ചു വെക്കുന്നത്. ഇതിനു പ്രധാനമായും നാലു ഉപ വിഭാഗങ്ങളുണ്ട്. അതിന്റെ ഐഡി, വില, വലിപ്പം, ടൈപ്പ് എന്നിവ.
സ്കൂൾവിക്കിയിൽ മെറ്റാഡാറ്റ നിർബന്ധമാണോ?
പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് സ്കൂൾവിക്കിയിലെ നയം. അവാർഡ്നിർണ്ണയത്തിനും മറ്റുമായി സ്കൂൾവിക്കിയിലെ ചിത്രഫയലുകൾ വിലയിരുത്തുമ്പോൾ, മെറ്റാഡാറ്റ പ്രധാന ഘടകമാണ്. കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന തെളിവുകൾ തടയുന്നതിനും മികവുള്ള ചിത്രങ്ങൾ പൊതുസഞ്ചയത്തിൽ ലഭിക്കുന്നതിനും മെറ്റാഡാറ്റയുള്ള യഥാർത്ഥ ചിത്രങ്ങൾ ആവശ്യമാണ്.