നന്നംമുക്ക്
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പെരുമ്പടപ്പ് ബ്ളോക്കിലാണ് 19.36 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ൽ ആണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്. ഇവിടുത്തെ കായലോരങ്ങളിലെ പൂക്കൈതക്കാടുകളിലെ സുഗന്ധം പേറിവരുന്ന ഇളംകാറ്റ് നാടൊട്ടുക്കും നറുമണം പരത്തിയിരുന്നതിനാല്‍, “സുഗന്ധമൂല” എന്നര്‍ത്ഥത്തില്‍ “നന്നംമുക്ക് എന്ന പേര് കൈവന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്. കോലത്തിരിയുടെ ഭരണത്തിന്‍കീഴിലുണ്ടായിരുന്ന ഊരുകളിലൊന്നിന്റെ കേന്ദ്രമായിരുന്നു ഈ പ്രദേശം. സാമൂതിരിയുടെ പ്രതിപുരുഷന്മാരായ പൊഴിയൂര്‍ നന്നാട്ടുനായന്മാരായിരുന്നു ഈ പ്രദേശം ഭരിച്ചിരുന്നത്. നന്നാട്ടുനായന്മാര് ഭരിച്ചിരുന്ന പ്രദേശമായിരുന്നതുകൊണ്ടാവാം നന്നംമുക്ക് എന്ന പേരു ലഭിച്ചതെന്നു കരുതുന്നവരുമുണ്ട്.അദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്ന ആദിശങ്കരന്റെ പാദസ്പര്ശമേറ്റതെന്നു കരുതപ്പെടുന്ന നാടാണിത്.1962 ജനുവരി ഒന്നിനു കേരള സംസ്ഥാനാടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ ഏകീകരിച്ചപ്പോള്‍ നന്നംമുക്ക്, പള്ളിക്കര അംശങ്ങള്‍ ചേര്‍ന്ന്, ഇന്നുള്ള നന്നംമുക്ക് പഞ്ചായത്ത് രൂപീകരക്കപ്പെട്ടു. അറബിക്കടലില്‍ നിന്നും ഉദ്ദേശം എട്ടു കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മൂന്നു ഭാഗവും കായല്നിലങ്ങളാല് ചുറ്റപ്പെട്ടതാണ്.ഐതിഹ്യപ്രസിദ്ധമായ ഒട്ടനവധി മുസ്ളീം പള്ളികളും,പ്രസിദ്ധമായ മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രവും പഴമയും പ്രശസ്തിയുമുള്ള മൂക്കുതല മാര്‍ത്തോമ്മാ പള്ളിയുമാണ് ഇവിടുത്തെ മറ്റു പ്രധാന ദേവാലയങ്ങള്‍.സാംസ്കാരികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും മറ്റു പ്രദേശങ്ങളെ പോലെ തന്നെ ഈ പ്രദേശവും മുന്നറ്റം നടത്തിയിട്ടുണ്ട്.