ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

നാടോടി വിജ്ഞാന കോശംവീഡിയോ

സ്ഥലനാമ ചരിത്രം

ദേശ പ്രമാണിയും താന്ത്രിക കർമങ്ങളുടെ ആചാര്യനുമായ ഇരിവൽ വാഴുന്നവരിൽ നിന്ന് തുടങ്ങിയാണ് ഈ ദേശത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ കഴിയുക. പുൽക്കൂർ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള ഇരിവയൽ എന്ന സ്ഥലത്തുനിന്നും ഇങ്ങോട്ട് വന്നതിനാൽ ഇരിവൽ എന്നറിയപ്പെട്ടു എന്നും പിൽക്കാലത്ത് ഇരിയ എന്ന നാമം ആവുകയാണ് ഉണ്ടായതെന്നും പറയപ്പെടുന്നു.

ഇരിയ ബംഗ്ലാവ്

ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പാണ് ഇരിയ ബംഗ്ലാവ്. 1926ൽ ആണ് ബ്രിട്ടീഷ് സർക്കാർ ബംഗ്ലാവ് നിർമ്മിച്ചത്. ഇന്നത്തെ കോടോം-ബേളൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ചുങ്ക പിരിവും അത് സംബന്ധിച്ച ചർച്ചകളും നടത്തിയത് ഇവിടെ വച്ചായിരുന്നു. ബംഗ്ലാവിലെ കുതിരലായം,ശൗചാലയം, കിണർ ,തല ചുമടുതാങ്ങി എന്നിവ ചരിത്രത്തിന്റെ ശേഷിപ്പായി ഇന്നും നിലനിൽക്കുന്നു.

വാണിജ്യ പൈതൃകങ്ങൾ

ഇരിയ ബംഗ്ലാവിനെ ചുറ്റിപ്പറ്റിയാണ് ഇരിയയിൽ വാണിജ്യം രൂപപ്പെട്ടത്. വണ്ണാത്തൻ കുഞ്ഞിക്കണ്ണൻ, കല്ലിയോടൻ കറുത്തമ്പു, വേങ്ങര ആലാമി, ഉദുമ അന്ത്രുമാൻ, വാണിയൻ രാമൻ, ആലിക്കുട്ടി, ജാതിരിക്ക ആലാമി തുടങ്ങിയവരായിരുന്നു ആദ്യകാല വ്യാപാരികൾ.

അക്ഷര ചരിത്രം

ഈ നാടിൻറെ അക്ഷര ചരിത്രം തുടങ്ങുന്നത് എഴുത്തു കൂടുകളിൽ നിന്നും നാട്ടാശാൻമാരിൽ നിന്നും ആണ്. 1957 സെപ്റ്റംബർ രണ്ടിന് ഇരിവൽ വാഴുന്നവരുടെ അനുഗ്രഹാശിസ്സുകളോടെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം തുറന്നു. വണ്ണാത്തൻ കുഞ്ഞിക്കണ്ണൻ എന്ന കച്ചവടക്കാരന്റെ പീടികയിൽ ആരംഭിച്ച വിദ്യാലയം വാഴുന്നവരുടെ കവുങ്ങിൻ തോപ്പിലെ താൽക്കാലിക ഷെഡ്, ബംഗ്ലാവിലെ കുതിരലായം, പുളിക്കാൽ എന്നിവിടങ്ങളിലേക്ക് മാറുകയും 1975 ൽ സ്വന്തമായി ഒരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ഒന്നാം നമ്പർകാരനായി ചേർന്ന വിദ്യാർത്ഥി മാവുകണ്ടം കൃഷ്ണൻനായരായിരുന്നു. ആദ്യ അധ്യാപകൻ ശ്രീ. ശങ്കരൻ നായർ ആയിരുന്നു. ക്രമേണ ക്ലാസുകൾ ഉയർത്തിയ ഈ വിദ്യാലയം 1980ൽ അപ്ഗ്രേഡ് ചെയ്തു. 1983ൽ സിൽവർ ജൂബിലി ആഘോഷിച്ചു. തുടർന്നിങ്ങോട്ട് നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചം പകരുന്നു.

മതമൈത്രി

വ്യാപാരത്തിനും മറ്റുമായി വന്ന മുസ്ലിം സഹോദരന്മാർ ഇന്നാട്ടിലെ ജനങ്ങളുമായി വളരെ സാഹോദര്യത്തിൽ ആണ് കഴിഞ്ഞത്. 1960 ൽ പള്ളിക്കലിൽ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന അസൈനാർ ഹാജി, അന്ത്രുമാൻ ഹാജി എന്നിവരാണ് പള്ളി നിർമ്മാണത്തിനായി മുന്നിട്ടിറങ്ങിയത്. കൃസ്തീയ വിഭാഗത്തിലുള്ള കുടിയേറ്റ ജനതയും ആദ്യ കാലം മുതൽ ഈ നാട്ടിലുണ്ട്.

കലാ സാംസ്കാരിക പൈതൃകം

''''അനുഷ്ഠാന കലയായ തെയ്യത്തിന് ഇവിടെ അതിന്റേതായ പ്രാധാന്യമുണ്ട്. പത്താമുദയത്തിന് ശേഷമുള്ള നാളുകൾ കളിയാട്ടത്തിന്റെതാണ്. 1965ൽ ആദ്യത്തെ നെഹ്റു സ്മാരക വായനശാല ബംഗ്ലാവിന് അടുത്ത് രൂപംകൊണ്ടു. ആണ്ടി, ഗോപാലകൃഷ്ണൻ ,വണ്ണാത്തൻ നാരായണൻ, കെ പി കൃഷ്ണൻ, പാറ പെരുതടി കുഞ്ഞികൃഷ്ണൻ, ചോക്കളം കുഞ്ഞമ്പു, ആശാരി നാരായണൻ, എരോൽ കർത്തമ്പു തുടങ്ങിയവരൊക്കെയും വായനശാലയും അതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാണി വിലാസം കലാസമിതി ,നിർമ്മല കലാസമിതി എന്നിവയിലൊക്കെയും പ്രവർത്തിക്കുകയും നിരവധി നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 1987 ൽ പണികഴിപ്പിച്ച ഭജനമന്ദിരം ഹൈന്ദവ ആരാധനയുടെ മറ്റൊരു കേന്ദ്രമാണ്. .പൂണൂർ ഇരിയ അയ്യപ്പക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം ഇന്ന് നാടിന്റെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്നു.'

ഇരിയ അരയാൽ

ഇരിയയെ ചുറ്റിപ്പറ്റിയുള്ള വ്യാപാരം പടർന്നുപന്തലിച്ചത് ബംഗ്ലാവിന് അടുത്തുള്ള അരയാലിൻ ചുവട്ടിലാണ്. വഴിയാത്രക്കാർക്കും കാളവണ്ടിക്കാർക്കുമായി ധർമ്മ കഞ്ഞി വിതരണം നടത്തിയത് ഈ അരയാലിൻ ചുവട്ടിലാണ്. സംഭാര വിതരണത്തിനും പഴുത്ത മാങ്ങ കൊണ്ട് തയ്യാറാക്കിയ ദാഹജല വിതരണത്തിനും മുൻപന്തിയിൽ ഉണ്ടായിരുന്നത് മുത്തു ,കർത്തമ്പു, ആണ്ടി ,ഗോപാലകൃഷ്ണൻ, പച്ചിക്കാരൻ അമ്പു തുടങ്ങിയവരാണ്.

ആദ്യ ഭിഷഗ്വരൻ

ഇരിയയിലെ ആദ്യ ഡോക്ടർ കെദില്ലായ ആയിരുന്നു. നിരവധി പേരെ അദ്ദേഹം ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിയിട്ടുണ്ട്. അദ്ദേഹമാണ് 22/5/1960ൽ ഇരിയയിൽ ഒരു ചുമടുതാങ്ങി സ്ഥാപിച്ചത്. കൃഷ്ണൻ ശില്പിയാണ് ഇത് കൃഷ്ണശിലയിൽ കൊത്തിയെടുത്തത്.

ഭാഷാ പൈതൃകം

കൊറഗരുൾപ്പെടെയുള്ള  ആദിവാസികൾ മറാത്തിയും തുളുവും കന്നഡയും മർക്കടയും കലർന്ന ഭാഷകൾ സംസാരിക്കുന്നു. ഒരു ഭാഷയിൽ മറ്റു ഭാഷകൾ ഏതളവിൽ ചേരന്നുവോ, അതിനനുസരിച്ച് അത് വേറൊരു ഭാഷയായി മാറുന്നു. ചുരുക്കത്തിൽ ഭാഷയുടെ ഒരു മായാജാലം ഈ തുളുനാട്ടിൽ കാണാം.ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സംസാരിക്കുന്ന മലയാളവും വ്യത്യാസമുണ്ട്. ലിംഗപരവും തൊഴിൽപരവും വർഗപരവുമായ  വ്യത്യാസവും ഭാഷയ്ക്കുണ്ട്. എന്നിരുന്നാലും കാഞ്ഞങ്ങാട് സംസാരിക്കുന്ന മലയാളവുമായി ഈ നാട്ടിലെ ഭാഷയ്ക്കു കൂടുതൽ ബന്ധമുണ്ട്. പണ്ട് കാലങ്ങളിൽ പ്രധാനവാണിജ്യ കേന്ദ്രം കാഞ്ഞങ്ങാട് ആയതിനാൽ ആവാം ഇത്.