ജി.എം.യു.പി.സ്കൂൾ കക്കാട്/സാംസ്കാരിക പ്രത്യേകത
വൈജ്ഞാനിക മേഖലയിൽ സുവർണ്ണ ശോഭയോടെ ദശാബ്ദങ്ങളായി തലയെടുപ്പോടെ ദേശീയപാതയോരത്ത് ഏവർക്കും സ്വാഗതമോതി നിലയുറപ്പിച്ച ഈ വിദ്യാലയം വിവിധ മേഖലകളിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കുകയും അനവധി പേർക്ക് അക്ഷരവെളിച്ചം നൽകുകയും ചെയ്തിട്ടുണ്ട്, ഈ പ്രവർത്തനങ്ങൾ അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇന്ന് സ്കൂൾ ദേശീയപാതയോരത്ത് നിന്നും വിളിപ്പാടകലെ എട്ടു വീട്ടിൽ മൂസകുട്ടിയുടെ കുടുംബം സൗജന്യമായി നൽകിയ 55 സെന്റ് സ്ഥലത്ത് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബിന്റെ ശ്രമഫലമായി എം.എൽ.എ ആസ്തി വികസന ഫണ്ട് രണ്ടരക്കോടി രൂപ ഉപയോഗിച്ച് ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ യുടെയും സഹകരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും മറ്റും നിർമ്മിച്ച് ഭൗതിക വികസനരംഗത്ത് മികച്ച നിലവാരത്തിൽ എത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്. വടക്ക് കടലുണ്ടി പുഴയ്ക്കും തെക്ക് കക്കാട് വയലിനും മധ്യത്തിലായാണ് നിലവിലെ സ്കൂൾ കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്. മുസ്ലിം സാംസ്കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ മമ്പുറം പള്ളിയും ഹൈന്ദവ സാംസ്കാരിക തനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ ത്രിപുരാന്തക ക്ഷേത്രവും ഈ പ്രദേശത്തിന്റെ ആരാധന ഭൂപടത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ആണ്.
ഗ്രാമീണ വായനശാലകളും നിരവധി സാംസ്കാരിക കൂട്ടായ്മകളും ക്ലബ്ബുകളും തുടങ്ങി സായി മഠവും മിഫ്താഹുൽ ഉലും മദ്രസയും ഈ പ്രദേശത്തെ സാംസ്കാരിക തനിമ വാനോളം ഉയർത്തുന്നു. കക്കാട് നിന്ന് ഏറെ അകലെയല്ലാത്ത തിരൂരങ്ങാടി, ഖുർആൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങളുടെ അച്ചടിക്ക് കേരളത്തിനകത്തും പുറത്തും വിദേശത്തും ഏറെ പേരുകേട്ട സ്ഥലം ആണ്, കൂടാതെ അറബി കാലിഗ്രാഫിയിലും മലയാള സാഹിത്യത്തിനും ഒട്ടേറെ സംഭാവന നൽകിയ സാംസ്കാരിക നവോത്ഥാനനായകർ എക്കാലവും കക്കാടിന് അഭിമാനിക്കാവുന്ന സാംസ്കാരിക പാരമ്പര്യത്തിന്റെ വക്താക്കളാണ്. ഉത്സവങ്ങളും കൊടിയേറ്റങ്ങളും പെരുന്നാളും ഓണവും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന മതേതര മൂല്യങ്ങൾക്ക് ഭാരതീയ സംസ്കാരത്തോളം പ്രാധാന്യം നൽകുന്ന ജനകീയ പാരമ്പര്യത്തിന് ഈ പ്രദേശത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്