ഗവ .യു.പി.എസ് .ചിറയിൻകീഴ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ചിറയൻ‌കീഴ്. തിരുവനന്തപുരത്തുനിന്നും 33 കിലോമീറ്റർ അകലെയായാണ് ചിറയൻ‌കീഴ് സ്ഥിതിചെയ്യുന്നത്.

ചിറയിൻകീഴിനടുത്തു ‌ ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങു കോട്ട.(7 കി.മീ).മഹാകവി കുമാരനാശാൻ ജനിച്ച കായിക്കര, ചിറയൻകീഴിനും വർക്കലയ്‌ക്കും ഇടയിലാകുന്നു.വാമനപുരം നദി ചിറയൻകീഴു വച്ച്‌ അറബിക്കടലിൽ പതിയ്‌ക്കുന്നു.ശാർക്കരദേവി ക്ഷേത്രം ചിറയിൻ‌കീഴിന്റെ പ്രധാന ആകർഷണമാണ്.മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ശാർക്കര മീന ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകർഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രം നടന്നു വരുന്ന കാളിയൂട്ട് എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാർക്കരദേവീ ക്ഷേത്രത്തിലെ പ്രത്യേകതയായി ഏല്ലാ വർഷവും നടന്നുവരുന്നു.

അ.ഉ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം ആസ്ഥാനമാക്കി ചേരമാൻ പെരുമാൾ നയനാർ ഇവിടം ഭരിച്ചിരുന്നു. മാർത്താണ്ഡവർമ്മ കായംകുളം ആക്രമിക്കാൻ പോയപ്പോൾ വിശ്രമിച്ചിരുന്ന സ്ഥലം ഈ പ്രദേശമായിരുന്നു. തിരുവിതാംകൂർ രാജവംശത്തിന്റെ ഭരണത്തിൽ തുടർന്ന് ഈ പഞ്ചായത്ത് നിലനിന്നിരുന്നു. (ആയില്യം തിരുനാൾ മഹാരാജാവ്).

സ്ഥലനാമോൽപത്തി

ചിറയിൻകീഴ് സ്ഥലനാമ ചരിത്രം

സീതാപഹരണ സമയത്ത് രാവണനെ പിന്തുടർന്ന ജഡായുവിന്റെ  ചിറകിൻകീഴിലായിരുന്നു ഈ പ്രദേശമെന്നതാണ് ഒരു ഐതിഹ്യം. അതല്ലാ, ചിറകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിൻകീഴ് എന്നും വിശ്വാസമുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ഉൽപത്തിയ്ക്കും അപ്പുറത്താണ് ഈ കാർഷിക ഗ്രാമത്തിന്റെ ചരിത്രം. എ.ഡി 9-ം നൂറ്റാണ്ടു മുതൽ മഹോദയപുരം അഥവാ തിരുവഞ്ചിക്കുളം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരമാൻ പെരുമാൾ നായനാർ വാമനപുരം നദിക്ക് സമീപം തങ്ങിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചെക്കിഴാരുടെ പെരിയപുരാണത്തിൽ ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്തശേഷം അദ്ദേഹം തന്റെ സുഹൃത്തും സഹചാരിയുമായിരുന്ന സുന്ദരൻമൂർത്തി നായനാരെ കാണാൻ തിരുവാരൂർ വരെ പോകുകയുണ്ടായെന്നും വർഷങ്ങൾക്കു ശേഷമാണ് മടങ്ങിയെത്തിയതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന കൊട്ടാരവും കോടതിയും തികഞ്ഞ ശിവഭക്തനായിരുന്ന പെരുമാൾ തന്ന നിർമ്മിച്ച കേളേശ്വരം ശിവക്ഷേത്രവും രാജകീയപ്രൌഢിയുള്ള അനുബന്ധകെട്ടിടങ്ങളും ഒരു കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകളാണ്. ഈ ചരിത്രാവശിഷ്ടങ്ങൾക്ക് വളരെ അകലെയല്ലാതെ കാണുന്ന പ്രകൃതിരമണീയമായ സമുദ്രതീരം പെരുമാതുറയെന്നാണ് അറിയപ്പെടുന്നത്. പെരുമാൾതുറ ലോപിച്ചാണ് സ്ഥലത്തിന്  ഈ പേര്  സിദ്ധിച്ചതെന്ന വിശ്വാസം ചേരമാൻ പെരുമാളിനെ സംബന്ധിക്കുന്ന ഐതിഹ്യത്തിനു ബലം നൽകുന്നു.

പ്രാദേശിക ചരിത്രം

ആധുനിക തിരുവിതാംകൂറിന്റെ ഉദയം ഈ ഗ്രാമത്തിന്റെ ചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ശാർക്കര ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ചമയവിളക്ക് തിരുവിതാംകൂർ മഹാരാജാവിന്റെ വഴിപാടാണ്. വഴിപാട് നടത്തിപ്പിനായി മഹാരാജാവിന്റെ പ്രതിനിധികൾ സർവ്വാഭരണ വിഭൂഷിതരായി സേവകരുടെ അകമ്പടിയോടെ എത്തിക്കഴിഞ്ഞാൽ ക്ഷേത്ര പരിസരത്തുള്ള കൊട്ടാരം വക കെട്ടിടത്തിലാണ് കഴിച്ചുകൂട്ടുന്നത്. ഭഗവതി കൊട്ടാരം എന്നു പേരുള്ള ഈ കെട്ടിടത്തിലാണ് ഇന്ന് ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുറേയധികം കുടംബങ്ങളും ഈ ഗ്രാമത്തിലുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ച് മഹാരാജാവ് എഴുന്നുള്ളുമ്പോൾ അദ്ദേഹത്തിന് മുന്നിലായി രാജകീയ ചിഹ്നമുള്ള കൊടിപിടിക്കുന്നത് ഈ ഗ്രാമത്തിലെ പ്രസിദ്ധനായ ആക്കോട്ട് ആശാനായിരുന്നു. ബോംബെ കഴിഞ്ഞാൽ  ഇംഗ്ലീഷുകാരുടെ പടിഞ്ഞാറേ തീരത്തെ ഏറ്റവും പ്രധാന നാവികകേന്ദ്രം അഞ്ചുതെങ്ങായിരുന്നു. ബ്രിട്ടീഷ്  അധീനതയിലുള്ള അഞ്ചുതെങ്ങിൽ പ്രവേശിക്കാൻ തിരുവിതാംകൂർ സൈന്യത്തിനു അധികാരമുണ്ടായിരുന്നില്ല. ഈ ഗ്രാമത്തെ അഞ്ചുതെങ്ങുമായി ബന്ധിക്കുന്ന കടത്തുകളിലെല്ലാം ചെക്ക് പോസ്റ്റുകളും സെക്യൂരിറ്റി ഗാർഡുകളും ഉണ്ടായിരുന്നു. തിരുവിതാംകൂറിൽ സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരായും ഉത്തരവാദിത്വ ഭരണത്തിനു വേണ്ടിയും പോരാട്ടം നടത്തിയ ഈ നാട്ടിലെയും മറുനാട്ടിലെയും നേതാക്കൾ സി.പി.യുടെ പോലീസിനെ ഭയന്ന് ബ്രീട്ടിഷ് താവളമായ അഞ്ചുതെങ്ങിൽ അഭയം തേടിയിരുന്നു.

സംസ്ക്കാരികചരിത്രം

ഗ്രാമത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന ശാർക്കര ദേവീക്ഷേത്രം ദക്ഷിണ കേരളത്തിലെ എണ്ണപ്പെട്ട പൌരാണിക ദേവീക്ഷേത്രങ്ങളിലൊന്നാണ്. പൌരാണിക കാലത്ത് കലയുടെയും സാഹിത്യത്തിന്റേയും സംഗമസ്ഥാനം കൂടിയായിരുന്ന ഈ ക്ഷേത്രം കൊല്ലവർഷം 70-ാം ആണ്ടിൽ സ്ഥാപിതമായതാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രോൽപ്പത്തി മുതൽക്കുതന്നെ ഉത്സവങ്ങൾ പതിവായിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് കായംകുളം ആക്രമിക്കാൻ പോകുമ്പോൾ വിശ്രമിക്കാൻ തെരഞ്ഞെടുത്തത് ഈ പ്രദേശമായിരുന്നു. ക്ഷേത്രത്തിനു പുറത്തുള്ള പ്രധാന റോഡിനു ഇരുവശവും കാണുന്ന കടകൾ ഉൾപ്പെട്ട പ്രദേശം പാളയം (പടയാളികൾ തമ്പടിച്ച സ്ഥലം) എന്നാണ് ഇന്നും അറിയപ്പെടുന്നത്. മഹാരാജാവിന് വളരെയധികം പ്രയാസങ്ങളുണ്ടാക്കിയ ഈ യുദ്ധത്തിൽ വിജയിച്ചാൽ ഈ ദേവിക്ഷേത്രത്തിൽ വർഷാവർഷം കാളിയൂട്ട് നടത്തിക്കൊള്ളാമെന്ന് രാജാവ് നേർന്നിരുന്നതായി ഐതിഹ്യമുണ്ട്. ഉജ്ജ്വലമായൊരു സാംസ്കാരിക പൈതൃകത്തിനും മത മൈത്രിക്കും പ്രസിദ്ധമാണീ ഗ്രാമം. ശാർക്കര ദേവീക്ഷേത്രത്തിനും അതിനടുത്ത പ്രദേശമായ കാട്ടുമുറാക്കൽ മുസ്ലീം ദേവാലയത്തിനും വസ്തുക്കൾ ദാനം ചെയ്തത് ഒരേ കുടംബക്കാരാണ്. ഇംഗ്ളീഷുകാർ ഈ ഗ്രാമത്തിൽ അരയ തുരുത്തിയിൽ നടത്തിയ മിഷണറി പ്രവർത്തനങ്ങൾക്കും അവർ സ്ഥാപിച്ച ദേവാലയത്തിനും ഈ ഗ്രാമീണർ സർവ്വവിധ പിന്തുണയും നൽകി. ഇങ്ങനെ മതമൈത്രിയും, സഹോദര്യവും ഒത്തുചേർന്ന സാംസ്കാരിക പൈതൃകം ഈ ഗ്രാമത്തിന്റെ ഉദാത്ത വീക്ഷണത്തിന്റെ തെളിവാണ്. ഗ്രാമീണർ ദക്ഷിണ കേരളത്തിലേയും, തമിഴ്നാട്ടിലേയും എണ്ണപ്പെട്ട നാടക കമ്പനികളെ വരുത്തി നാടകം ആസ്വദിക്കുക പതിവായിരുന്നു. അക്കാലത്ത് പ്രസിദ്ധമായിരുന്ന കാക്കരശ്ശി നാടകം ക്ഷേത്രോത്സവങ്ങൾ കലാസംഗമത്തിന്റ വേദികളായിരുന്നു. അയിത്തവും തീണ്ടലും നിലനിന്നിരുന്ന കാലത്തു പോലും ക്ഷേത്രോത്സവം ഗ്രാമത്തിന് ലഹരിയായിരുന്നു. ഈഴവർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും ക്ഷേത്ര പ്രവേശനം ഈ ഗ്രാമത്തിലും നിഷിദ്ധമായിരുന്നു. ശാർക്കര ദേവീക്ഷേത്രത്തിനും കുറേയധികം അകലെ നിന്ന് തൊഴുതു മടങ്ങുകയായിരുന്നു പതിവ്. ഈ അനാചാരങ്ങൾക്ക് മാറ്റം വരുത്തുവാൻ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ അലയടിച്ചുയർന്ന മുന്നേറ്റങ്ങൾ ഈ ഗ്രാമത്തെ വളരെയധികം സ്വാധീനിച്ചു. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി അയിത്തത്തിനെതിരായ പ്രക്ഷോഭങ്ങൾക്കും ക്ഷേത്ര പ്രവേശനത്തിനും സാമുഹ്യ സമത്വത്തിന് വേണ്ടിയുണ്ടായ ചായക്കട വഴക്ക് പോലുള്ള സമരങ്ങൾക്കും ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. സാമൂഹ്യ നീതിക്കുവേണ്ടി തിരുവിതാംകൂറിൽ നടന്ന പ്രഥമ മുന്നേറ്റങ്ങളിലൊന്നായിരുന്നു ശീലവഴക്ക് (നാടാർ ലഹള). താഴ്ന്ന ജാതിക്കാർക്ക് സവർണ്ണ സ്ത്രീകൾ ധരിക്കുന്നതുപോലെ മേൽവസ്ത്രം ധരിക്കാൻ അക്കാലത്ത് അനുവാദമുണ്ടായിരുന്നില്ല. വസ്ത്ര ധാരണത്തിനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ദക്ഷിണ തിരുവിതാംകൂറിലുണ്ടായ അതിശക്തമായ ബഹുജന പ്രക്ഷോഭത്തിന്റെ അലകൾ ഈ ഗ്രാമീണരേയും സ്വാധീനിച്ചു. 1829-ൽ അന്നത്തെ തിരുവിതാംകൂർ റാണി പാർവ്വതീഭായി തമ്പുരാട്ടിയുടെ വിളംബരത്തെതുടർന്ന് സ്ത്രീകൾക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം ലഭ്യമായി. എന്നാൽ മേൽമുണ്ടു ധരിക്കാനുള്ള അവകാശം 1859-ലാണ് ഉണ്ടായത്. നൂറ്റാണ്ടുകളുടെ പഴമയും പേറിനിൽക്കുന്ന ക്ഷേത്രങ്ങളും, പള്ളികളും പുരാതന പാശ്ചാത്യ-പൌരസ്ത്യ നിർമ്മാണ കലയുടെ സമന്വയം സൂചിപ്പിക്കുന്നവയാണ്. ഒട്ടനവധി ഐതിഹ്യങ്ങളുടെ കലവറയായ ഈ ആരാധനാലയങ്ങളിൽ ചിലത് കൊല്ലവർഷാരംഭത്തിലും, മറ്റു ചിലത് യുറോപ്യന്മാരുടെ ആഗമനത്തിന് ശേഷമുള്ളവയുമാണ്. ശാർക്കര ദേവീക്ഷേത്രം, കേളേശ്വരം ശിവക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, കടകം സെന്റ് ജെയിംസ് ദേവാലയം, ആൾസെയിൻസ് ചർച്ച് അരയാതുരുത്തി, മിയാപള്ളി, പണ്ടകശാല തുടങ്ങിയവ പൌരാണിക നിർമ്മിതിക്കുദാഹരണങ്ങളാണ്. ആധുനിക തിരുവിതാംകൂറിലുണ്ടായ സാമൂഹ്യവും, സാംസ്കാരികവുമായ പുരോഗതി ഈ ഗ്രാമത്തേയും സ്വാധീനിച്ചിട്ടുണ്ട്. കലാ-സംസ്ക്കാരിക മേഖലകളിൽ ഗ്രാമത്തിനാകെ സഹായകമായ ഭഗവതിവിലാസം ഗ്രന്ഥശാല ഈ പ്രദേശത്തിലെ ഗ്രന്ഥശാലകളുടെ മുത്തശ്ശിയായി ഇന്നും തുടരുന്നു. ആയോധന കലകളും ക്ഷേത്ര പരിസരത്ത് വികാസം പ്രാപിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആക്കോട്ട് ആശാന്മാരുടെ കളരി ഇന്നും നിലനിൽക്കുന്നു. ഈ ക്ഷേത്ര പരിസരത്തും ഗ്രന്ഥശാലയിലും ഹരിശ്രീ കുറിച്ച കലാകാരന്മാർ നിരവധിയാണ്. 1940-കളിൽ ശാർക്കരയിൽ ചിറയിൻകീഴ് താലൂക്കിലെ പ്രഥമ സാംസ്കാരിക സമ്മേളനം നടന്നിരുന്നു. കേശവദേവ്, പ്രൊ:ജോസഫ് മുണ്ടശ്ശേരി, തകഴി ശിവശങ്കരപിള്ള, പ്രൊ.എം.എൻ കുറുപ്പ് തുടങ്ങിയ മഹാപ്രതിഭകൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. 1968-ൽ ദക്ഷിണ തിരുവിതാംകൂറിലെ ആദ്യത്തെ ജലോത്സവം ഇവിടെ സംഘടിപ്പിക്കപ്പെട്ടു. ജലഘോഷയാത്രയ്ക്ക് അമിത പ്രാധാന്യമുണ്ടായിരുന്ന ഈ ജലോത്സവം ചൂണ്ടവള്ളങ്ങളുടെ വരവ് നിലച്ചതോടെ അപ്രത്യക്ഷമായി. 1950-കൾക്ക് ശേഷമാണ് ഈ പ്രദേശത്ത് തൊഴിൽസമരങ്ങളുണ്ടാകുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി കയർ - കാർഷിക മേഖലകളിൽ തൊഴിലാളികൾ സംഘടിപ്പിക്കപ്പെട്ടതോടുകൂടി അവരുടെ അടിസ്ഥാനം ശക്തിപ്പെടുകയും തുടർന്ന് 1950-കളിൽ ആദ്യമായി ഈ ഗ്രാമത്തിൽ കയർതൊഴിലാളികൾ കൂലിവർദ്ധനവിനായുള്ള പ്രക്ഷോഭത്തിനായി മുന്നോട്ട് വരികയും ചെയ്തു. 20 ദിവസം നീണ്ടുനിന്ന സമരം വിജയിക്കുകയും എട്ടണക്കൂലി നിലവിൽ വരുകയും ചെയ്തു. കൈത്തറി, ബീഡി, എന്നീ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കുവാനും അക്കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. ജന്മിസമ്പ്രദായമായിരുന്നു അക്കാലത്ത്  നിലനിന്നിരുന്നത്. ഓരോ ജന്മിത്തറവാടുകളേയും കേന്ദ്രീകരിച്ച് കുറെയധികം കാർഷിക തൊഴിലാളികളുമുണ്ടായിരുന്നു. കാക്കരശ്ശിനാടകരംഗത്ത് പുകൾപെറ്റ ഗോവിന്ദനാശാൻ , സിനിമാരംഗത്ത് തിളങ്ങിയ പ്രേംനസീർ , പ്രേംനവാസ്, ഭാരത് ഗോപി, ചിറയിൻകീഴ് രാമകൃഷ്ണൻ, ജി.കെ.പിള്ള തുടങ്ങിയവരും ആധുനിക നാടകരംഗത്തെ ആചാര്യനായ ജി.ശിവശങ്കരപിള്ള ശോഭനാ പരമേശ്വരൻനായർ, പ്രശസ്ത കലാകാരൻ ശ്രീകണ്ഠൻനായർ തുടങ്ങിയവർ ഈ പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ്.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

ദേശീയപ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ബ്രിട്ടീഷ് ആസ്ഥാനമായ അഞ്ചുതെങ്ങിലേക്ക് ഒരു മാർച്ച് നടത്തുകയുണ്ടായി. റ്റി.കെ. വാസുദേവൻ, കുഞ്ചുവീട്ടിൽ രാഘവൻ, കെ.പി. കൊച്ചുകൃഷ്ണൻ, തുïിൽ പാച്ചുപിള്ള, കെ.പി. നീലകണ്ഠപിള്ള തുടങ്ങിയവർ സ്വാതന്ത്യ്രസമരസേനാനികളായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിനെതിരെ 1939-ൽ ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലിലേക്ക് പോയ ജാഥയ്ക്കെതിരെ പോലീസ് മർദനവും വെടിവയ്പ്പും നടത്തി. മർദനത്തിൻഫലമായി സ്വാതന്ത്ര്യസമര സേനാനി എൻ.എസ്. പിള്ള മരണമടഞ്ഞു.

1835-ൽ സ്ഥാപിച്ച പെൺപള്ളിക്കൂടം ഇന്ന് ഗവ യു പി. സ്കൂളായി പ്രവർത്തിക്കുന്നു.

ഗതാഗതം

തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഠ.ട. കനാൽ മാർഗ്ഗം ജലഗതാഗതയോഗ്യമായിരുനനു. ഈ കാലയളവിൽ ചിറയിൻകീഴ് പ്രധാനമായ വാണിജ്യകേന്ദ്രമായിരുന്നു. രാജഭരണകാലത്ത് കൊല്ലം, കായംകുളം, കൊച്ചി എന്നിവടങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്നും പോകാവുന്ന രാജപാത ഉണ്ടായി. ചിറയിൻകീഴ് റെയിൽവേ ലൈനും, റെയിൽവേസ്റേഷനും ഉണ്ട്. കടയ്ക്കാവൂർ-ചിറയിൻകീഴ്-ആറ്റിങ്ങൽ റോഡ് പ്രധാന ഗതാഗത മാർഗ്ഗമാണ്.

ഭൂപ്രകൃതി

കുന്നിൻപ്രദേശം, താഴ്വര, സമതലം, തീരസമതലം, കുന്നിൻ ചരിവ്, ചതുപ്പ് (നീർക്കെട്ടു പ്രദേശം) എന്നിങ്ങനെയാണ ഭൂപ്രകൃതി. ചരൽ മണ്ണ് കലർന്ന ചെമ്മണ്ണ്, മണ്ണു കലർന്ന ചെമ്മണ്ണ്, മണലു കലർന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ്, പൂഴിമണ്ണഅ, ജൈവാംശമുള്ള കളിമണ്ണ്, നീർവാർച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മൺതരങ്ങൾ.

ജലപ്രകൃതി

കഠിനകുളം, അഞ്ചുതെങ്ങ് കായലുകൾ, ഠ.ട. കനാലിന്റെ ഭാഗങ്ങൾ, വാമനപുരം ആറിന്റെ ഭാഗം, ശാർക്കര ആറിന്റെ ഭാഗം, തുറയ്ക്കൽ തോടിന്റെ ഭാഗം, നാറാങ്ങൾ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങൾ എന്നിവയാണ് ജലസ്രോതസ്സുകൾ.