ഗവ. യു പി എസ് വിലങ്ങ്/പ്രവർത്തനങ്ങൾ
-
പ്രമാണം:25641 Pravesanolsavam 2026.jpg
2026 ജൂൺ 1-ന് ഗവ.യു.പി.സ്കൂൾ വിലങ്ങിൽ പ്രവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂൾ അങ്കണം വർണശബളമായ ബലൂണുകൾ, ആകർഷകമായ ചാർട്ടുകൾ, മനോഹരമായ തോരണങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ചിരുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിൽ ഒരുക്കിയ അലങ്കാരങ്ങൾ വിദ്യാലയത്തിന് ഉത്സവപ്രതീതി നൽകി. പ്രവേശന കവാടം മുതൽ വേദിവരെ ഒരുക്കിയ അലങ്കാരങ്ങൾ പുതുതായി എത്തിയ കുരുന്നുകൾക്കും രക്ഷിതാക്കൾക്കും ഹൃദ്യമായ സ്വീകരണം സമ്മാനിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജി കുര്യാക്കോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറും വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പെഴ്സണുമായ ശ്രീമതി അമ്പിളി വിജിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി സുമയ്യ റ്റി. എസ്. പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയും എം.ജി.എം. പുത്തൻകുരിശ് സ്കൂളിലെ വിരമിച്ച ഹെഡ്മാസ്റ്ററുമായ ശ്രീ. അജി നാരായണൻ ഹൃദയസ്പർശിയായ ഒരു കവിത ആലപിച്ച് പരിപാടിക്ക് പ്രത്യേക മിഴിവേകി. തുടർന്ന് പുതിയ പഠനക്രമങ്ങളെയും വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെയും കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. കുട്ടികളിൽ വായനാശീലവും സർഗാത്മകതയും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
കിഴക്കമ്പലം സർവീസ് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റ് ശ്രീ ചാക്കോ പി മാണി, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുജയ വി വി എന്നിവർ ആശംസകൾ അർപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ഷിഹാബ് പി.എം. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് സ്നേഹപൂർവമായ സ്വീകരണം ഒരുക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ പഠനോപകരണങ്ങളും വിതരണം ചെയ്തു വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. പായസത്തോടു കൂടിയ രുചികരമായ ഉച്ചഭക്ഷണവും കുട്ടികൾക്ക് നൽകുകയുണ്ടായി.
അധ്യാപകരുടെയും അനദ്ധ്യാപകരുടേയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു. പുതിയ അധ്യയന വർഷത്തിന് ഉത്സാഹവും ആത്മവിശ്വാസവും പകരുന്ന ഒരു തുടക്കമായി പ്രവേശനോത്സവം മാറി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൂൺ 5 - ലോക പരിസ്ഥിതി ദിനാചരണം റിപ്പോർട്ട്
-
പ്രമാണം:June 5 2026.jpg
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് ഗവ.യു പി സ്കൂൾ വിലങ്ങിൽ സ്കൂൾതല ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിസംരക്ഷണം, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം, മാലിന്യ സംസ്ക്കരണം എന്നിവയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ നടത്തിയത്.
സ്കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറും വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പെഴ്സണുമായ ശ്രീമതി അമ്പിളി വിജിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. കൃഷി ഓഫീസർ ശ്രീമതി സഫ്ന സലീം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയും ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ അരുൺ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടർന്ന് കൃഷി ഓഫീസർ , വാർഡ് മെമ്പർ , ഹെഡ്മിസ്ട്രസ്, കുട്ടികൾ, എന്നിവർ ചേർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ , അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഹരിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സമൂഹത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് ഹരിത സേന അംഗങ്ങളായ ശ്രീമതി കനക, ശ്രീമതി അമ്മിണി എന്നിവരെ അവരുടെ സേവനങ്ങളെ അനുമോദിച്ചു കൊണ്ട് പൊന്നാട അണിയിച്ച് ആദരവ് രേഖപ്പെടുത്തി. തുടർന്ന് ഹരിത സേന അംഗമായ ശ്രീമതി കനക മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് കുട്ടികൾക്ക് വിശദമായ ക്ലാസ്സു് നൽകുകയും അവരുടെ സംശയങ്ങൾ ദുരീകരിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം, പരിസ്ഥിതി ക്വിസ് മത്സരം, പ്രകൃതി നിരീക്ഷണ പാടവം എന്നീ ഇനങ്ങളിൽ മൽസരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ആവേശപൂർവം മത്സരങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം, ജലസംരക്ഷണം ഊർജ്ജ സംരക്ഷണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കിയ പോസ്റ്ററുകൾ ശ്രദ്ധേയമായി. തുടർന്ന് പോസ്റ്റർ നിർമ്മാണ മത്സരത്തിലും ക്വിസ് മത്സരത്തിലും പ്രകൃതി നിരീക്ഷണ പാടവത്തിലും വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ PTA പ്രസിഡന്റ് ശ്രീ ഷിഹാബ് പി എം സ്പോൺസർ ചെയ്തു. പരിപാടിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും മധുര പലഹാര വിതരണം ചെയ്തു.
കൂടാതെ കുട്ടികളിൽ കൃഷിയോടും പ്രകൃതിയോടും താൽപര്യം വളർത്തുന്നതിനായി വിവിധയിനം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ലഭിച്ച വിത്തുകൾ വീടുകളിലും സ്കൂൾ പരിസരത്തും നട്ടുവളർത്തി പരിപാലിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
പരിപാടിയുടെ സമാപന സമ്മേളനത്തിൽ PTA പ്രസിഡന്റ് ശ്രീ ഷിഹാബ് പി എം നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ തൊഴിലുറപ്പ് തൊഴിലാളികൾ , രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങ് പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം ഊർജ്ജ സംരക്ഷണം, മാലിന്യ സംസ്ക്കരണം, വൃക്ഷങ്ങളുടെ പ്രാധാന്യം, തുടങ്ങിയ സന്ദേശങ്ങൾ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് കൈകോർക്കാമെന്ന പ്രതിജ്ഞയോടെയാണ് പരിപാടികൾ സമാപിച്ചത്