ഗവ. യു.പി.ജി.എസ്. തിരുവല്ല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മതിൽഭാഗം, കിഴക്കുംമുറി , വെൺപാല ,കല്ലുങ്കൽ, പാലിയേക്കര , തുകലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനതയുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ആശ്രയമായ ഒരേയൊരു വിദ്യാലയമായിരുന്നു മതിൽഭാഗത്തിന്റെ തിലക സ്ഥാനത്തുള്ള ഈ സ്കൂൾ.

സ്കൂളിന്റെ തുടക്കം , വളർച്ച മുതലായവയുടെ കാര്യത്തിലും പരമ്പരാഗതമായി കൈമാറിക്കിട്ടിയ അറിവുകളാണ് അടിസ്ഥാനമായിരിക്കുന്നത്. വിദ്യാഭ്യാസം സാർവ്വത്രികമാ ക്കുന്നതിനായി വിദ്യാലയങ്ങൾ ആരംഭിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങൾ ആ സമുദായത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന വിധത്തിലായിരുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമോ എന്ന് ഭയന്ന യാഥാസ്ഥിതികർ ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടികൾക്കു മാത്രമായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. അന്നത്തെ തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ ഈ രീതിയിൽ ആരംഭിച്ച വിദ്യാലയങ്ങളിലൊന്നാണ് ആണ് മതിൽ ഭാഗത്തെ ഈ സ്കൂളും.

ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമായി തുടങ്ങിയ മലയാളം പ്രൈമറി വിദ്യാലയം ക്രമേണ നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾആകുന്നതിനൊപ്പം മറ്റ് സവർണ്ണ സമുദായത്തിലെ പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകിത്തുടങ്ങി. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾ കൊണ്ട് ഈ വിദ്യാലയത്തിന്റെ ചിട്ടകളിലും മാറ്റങ്ങളുണ്ടാക്കി. അഞ്ചാം ക്ലാസ് വരെയുള്ള പൂർണമായ പ്രൈമറി സ്കൂൾ , സമുദായം നോക്കാതെയുള്ള പ്രവേശനം , വ്യക്തികളുടെ ഉടമസ്ഥാവകാശത്തിൽ നിന്ന് സർക്കാർ സ്കൂൾ എന്ന പദവിയിലേക്കുള്ള മാറ്റം മുതലായവയായിരുന്നു വളർച്ചയുടെ നാഴികക്കല്ലുകൾ.

പ്രദേശനിവാസികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ വളർന്നുവന്നതിനൊപ്പം നിന്ന നാട്ടുകാരായ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരുടെസഹായത്താൽ കാലക്രമേണ ഫസ്റ്റ് ഫോം ,സെക്കൻഡ് ഫോം എന്നീ ക്ലാസ്സുകൾ ഉള്ള മിഡിൽ സ്കൂളായിമാറി .അപ്പോഴും ഇതൊരു ഒരു ഗേൾസ് സ്കൂളായി നിലനിന്നു .നാലാംക്ലാസ് വരെ ആൺകുട്ടികളെ പഠിപ്പിക്കുന്ന ഒരു സംവിധാനത്തോടെ കുറച്ചു കാലം മുന്നോട്ടു പോയി .പിന്നീട് അതും മാറി. തേർഡ് ഫോം വരെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാം എന്ന സ്ഥിതി വന്നു. പക്ഷേ നേരത്തെ കിട്ടിയ ഗേൾസ് സ്കൂൾ എന്ന പേര് ഒരു ഓർമ്മ പുതുക്കൽ പോലെ പോലെ ഇന്നും നിലനിൽക്കുന്നു.

1960-കളിൽ സംസ്ഥാനത്ത് ചില സ്കൂളുകൾ മോഡൽ സ്കൂൾ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ ഈ സ്കൂളും ആ പദവി കരസ്ഥമാക്കി.1970കളിൽ ഇതൊരു ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യം പൂർവ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും മുന്നോട്ടു വെച്ചെങ്കിലും അത് ഒരു കിട്ടാക്കനിയായി ഇന്നും നിലനിൽക്കുന്നു.

1970-കളുടെ അവസാനം ആരംഭിച്ച സ്വതന്ത്ര സ്കൂളുകളുടെ എണ്ണത്തിലുള്ള വളർച്ച ക്രമേണ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായി. എന്നാൽ ഈ സ്കൂളിലെ അധ്യാപകരുടെയും സ്കൂളിന്റെ അഭ്യുദയ കാംക്ഷികളുടെയും തീവശ്രമം ഇന്നും ഈ സ്കൂളിനെ ശക്തമായി നിലനിർത്തിപ്പോരുന്നു.വളർച്ചയുടെ നിമ്നോന്നതികളിലൂടെ കടന്നു വന്നപ്പോഴെല്ലാം വിദ്യാർത്ഥികളുടെ സാംസ്കാരിക നിലവാരം ഉയർത്തുന്നതിനും ,ജ്ഞാനസമ്പാദനം മെച്ചപ്പെടുത്തുന്നതിനും ,പഠനനിലവാര വളർച്ചയിലൂടെ കുട്ടികൾക്ക് സ്കൂളു മായുള്ള ബന്ധം ദൃഢമാക്കുന്നതിനും, തുടരുന്നതിനും ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് .ഐഎഎസ് ഉൾപ്പെടെയുള്ള ഉന്നത മേഖലയിലെത്തിയ വലിയ ഒരു പൂർവ്വ വിദ്യാർത്ഥി നിരതന്നെ സ്കൂളിൻറെ സാംസ്കാരിക പാരമ്പര്യത്തിന് തെളിവാർന്ന ഉദാഹരണമായി കാണാവുന്നതാണ്.